പഞ്ചാഗ്നി 5
ശകുനി
ലഹരിയുടെ ശക്തി ഭയങ്കരം
രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത 25,000 എഫ്.ഐ.ആറില്‍ 17,000 എണ്ണം മദ്യവും, മയക്കുമരുന്നുമായി ബന്ധപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. ഇലക്ഷന് മദ്യത്തിന്‍റെ ശക്തി എത്രത്തോളമാണെന്ന് വെളിവാക്കുന്നതാണ് ഇത്. വെറും 260 എഫ്.ഐ.ആര്‍ മാത്രമാണ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമായി ബന്ധപ്പെട്ടിട്ടുള്ളത്. 650 എഫ്.ഐ.ആറെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ടതാണ്. ഇലക്ഷന്‍ കമ്മിഷന്‍റെ ഇവിജില്‍ ആപ്പുവഴി 25,365 പരാതികള്‍ ലഭിച്ചു. ഇതില്‍ 22,257 പരാതികളില്‍ മാത്രമേ കഴമ്പുള്ളതുള്ളൂ. ചെറിയ വിഷയം പോലും പരാതിയായി ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്‍റ് വകുപ്പ് ദിവസവും കോടി കണക്കിന് കണക്കില്ലാത്ത പണം പിടികൂടുന്നുമുണ്ട്.
പനജിയിലെ ജൂനിയര്‍ പരീക്കര്‍
ഗോവയിലെ ബി.ജെ.പിയുടെ മുഖമായിരുന്നു മനോഹര്‍ ലാല്‍ പരീക്കര്‍. നരേന്ദ്ര മോദിയുടെ ആദ്യ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരിക്കെയാണ് പരീക്കര്‍ ഗോവയിലെ മുഖ്യമന്ത്രിയായി എത്തുന്നത്. അതിന് മുന്‍പ് 2000ത്തിലും, 2012ലും പരീക്കര്‍ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നു. പരീക്കറുടെ മരണത്തെ തുടര്‍ന്ന് മണ്ഡലമായ പനജിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജൂനിയര്‍ പരീക്കറായ ഉത്ത്പലിന് ബി.ജെ.പി. സീറ്റ് നിഷേധിച്ചിരുന്നു. ഇത്തവണയും ബി.ജെ.പി. ഉത്ത്പലിന് സ്ഥാനാര്‍ത്ഥിത്ത്വം നിഷേധിച്ചു. ഉത്ത്പല്‍ ബി.ജെ.പിയില്‍ നിന്ന് രാജ്വെച്ച് സ്വതന്ത്രനായി പനജിയില്‍ മത്സരിക്കാന്‍ ഇറങ്ങിയിരിക്കയാണ്. ഉത്ത്പലിനെ പിന്തുണച്ച് ശിവസേന സ്ഥാനാര്‍ത്ഥിയെ തന്നെ പിന്‍വലിച്ചു. ഉത്ത്പലിന് ബി.ജെ.പിയിലെ തന്നെ അണികളുടെ പിന്തുണ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.
പഞ്ചാബിലെ കോടിപതികള്‍
പഞ്ചാബിലെ സ്ഥാനാര്‍ത്ഥികള്‍ ഭൂരിപക്ഷവും കോടിപതികള്‍ തന്നെ. അത് ഏത് പാര്‍ട്ടിയായാലും സാരമില്ലെന്നാണ് തോനുന്നത്. ഇലക്ഷന് മത്സരിക്കുന്നതില്‍ ഭൂരിപക്ഷവും കര്‍ഷക ബന്ധമുള്ളവരാണെന്നത് മറ്റൊരു സത്യം. പഞ്ചാബിലെ കര്‍ഷകര്‍ സമ്പന്നരാണ് എന്നത് മറച്ചു വെയ്ക്കേണ്ട കാര്യവുമല്ല. കര്‍ഷക സമരം വിജയിക്കാനുള്ള കാരണവും പഞ്ചാബിലെ കര്‍ഷകര്‍ ഒറ്റകെട്ടായി നിന്നതാണ്. അത് ഹരിയാനയിലേയും, ഉത്തര്‍പ്രദേശിലേയും കര്‍ഷകരെ ആവേശത്തിലാക്കി. സര്‍ക്കാര്‍ കര്‍ഷക നിയമത്തില്‍ മുട്ട് മടക്കിയത് പോലെ തിരഞ്ഞെടുപ്പില്‍ മുട്ട് മടക്കുമോ എന്ന് കണ്ടറിയാം...