പഞ്ചാഗ്നി 4
ശകുനി
പ്രാദേശിക പാര്‍ട്ടി കരുത്ത്
നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു കാര്യത്തില്‍ ഒരേ തന്ത്രം പയറ്റുന്നത് കാണാം. പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുവാന്‍ എല്ലാവരും ശ്രമിക്കുന്നു എന്നതാണ് കാണുന്നത്. തൊട്ടടുത്ത സംസ്ഥാനത്തെ പ്രദേശിക പാര്‍ട്ടികളുടെ പിന്തുണ പ്രഖ്യാപിച്ച ദേശിയ പാര്‍ട്ടികളേയും കാണാം. ഉത്തര്‍പ്രദേശിലാണ് ഇത്തരത്തില്‍ കൂട്ടുകെട്ടുകള്‍ കാര്യമായി കാണുന്നത്. ഗോവയിലും, പഞ്ചാബിലും കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍ മാറി പ്രവര്‍ത്തിക്കുന്ന കൊച്ച് പാര്‍ട്ടികളേയും വണ്ടിയില്‍ കയറ്റിയിട്ടുണ്ട്. രണ്ടോട്ടെങ്കില്‍ രണ്ടോട്ട്, കൊട്ടയില്‍ വീഴണമെന്നാണല്ലോ തിരഞ്ഞെടുപ്പ് രാഷ്ട്രീയ തത്വം.
മണിപ്പൂരിലെ പൊട്ടിത്തെറി
മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 60 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ജെ.പി. തീരുമാനിക്കുകയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ഉണ്ടായി. 2017ല്‍ 21 സീറ്റില്‍ മാത്രം ജയിച്ച ബി.ജെ.പി. അധികാരം പിടിച്ചടക്കുകയായിരുന്നു. ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. പക്ഷെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്ത് വിട്ടതിന്‍റെ പിന്നാലെ വ്യാപകമായി കലാപം തുടങ്ങി. ഒട്ടേറെ നേതാക്കള്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി ഓഫീസ് ക്കൈയ്യേറിയും, അടിച്ച് തകര്‍ത്തും അണികള്‍ പരസ്പരം ഏറ്റുമുട്ടുന്ന വാര്‍ത്തകളാണ് വരുന്നത്. ഇതൊക്കെ കണ്ട് പ്രതീക്ഷകളോടെ കാഴ്ച്ചക്കാരാകുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. മുട്ടനാടുകള്‍ തമ്മില്‍ ഇടി കൂടുന്ന കഥ വളരെ പ്രശസ്തമാണല്ലോ.
ഒ മിത്രോം.. പിന്നെ ഒമിക്രോണും
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രസംഗം ആരംഭിക്കുന്നത് ഒ മിത്രോം എന്ന് പറഞ്ഞു കൊണ്ടാണെന്നാണ് ശശി തരൂര്‍ പറയുന്നത്. കോവിഡ് വൈറസിന്‍റെ പുതിയ രൂപമായ ഒമിക്രോണിനേക്കാളും അപകടകാരിയാണത് എന്ന് ശശി തരൂര്‍ അഭിപ്രായപ്പെടുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രമുഖരായ നേതാക്കള്‍ ഇങ്ങനെ അവരുടെ മൂര്‍ച്ചയേറിയ ആക്ഷേപഹാസ്യ ട്രോളുകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ചുരുങ്ങിയ പക്ഷം ഇലക്ഷന്‍ കഴിയുന്നത് വരെ ഇത്തരത്തില്‍ രസകരമായ കുറിപ്പുകള്‍ നേതാക്കളില്‍ നിന്ന് വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.