പഞ്ചാഗ്നി 25
ശകുനി
പശുക്കളില്‍ നിന്ന് രക്ഷിക്കും
പശുക്കളെ സംരക്ഷിക്കുമെന്ന് ഉത്തര്‍പ്രദേശില്‍ ഇലക്ഷന്‍ പ്രചരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രഖ്യാപനം. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ അലഞ്ഞു തിരിയുന്ന പശുക്കളെ കൊണ്ട് വലയുകയാണ്. അവരുടെ കൃഷി ഭൂമിയില്‍ കയറി വന്‍ നാശങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോഴാണ് കര്‍ഷകര്‍ അലയുന്ന കന്നുകാലികളെ കൊണ്ട് സമരം തുടങ്ങിയത്. ബി.ജെ.പി. നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിസരത്ത് വന്‍തോതില്‍ അലയുന്ന കന്നുകാലികളെ എത്തിച്ചും സമരം നടത്തി. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ യോഗസ്ഥലത്തിന് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നൂറ് കണക്കിന് കന്നുകാലികളെ കര്‍ഷകര്‍ എത്തിച്ചതിന്‍റെ വീഡിയോ വയറലായിരുന്നു. അലയുന്ന കന്നുകാലികളില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി അടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ വ്യാപകമായി പ്രസംഗിക്കുന്നുണ്ട്. ഗോ സംരക്ഷണവും, ഗോക്കളില്‍ നിന്ന് സംരക്ഷണവും ഉറപ്പ് നല്‍കിയാണ് ബി.ജെ.പി. വോട്ടു പിടുത്തം.
റായ്ബറേലി സദറിലെ തിരഞ്ഞെടുപ്പ്
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് 80 സീറ്റുകളുള്ള പാര്‍ലമെന്‍റില്‍ ജയിക്കാന്‍ കഴിഞ്ഞത്. റായ്ബറേലി സദര്‍ നിയോജക മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് ഉത്തര്‍ പ്രദേശിലെ പ്രധാനപ്പെട്ടതാണ്. കുടുംബാധിപത്യം എന്ന് ബി.ജെ.പി. നേതൃത്ത്വം ഈ മണ്ഡലത്തില്‍ പറഞ്ഞിരുന്നില്ല. അതിന് കാരണമുണ്ട്. അഞ്ച് തവണ അവിടെ നിന്ന് ജയിച്ച് എം.എല്‍.എ. ആയ അഖിലേഷ് സിംഗിന്‍റെ മകള്‍ അതിഥി സിംഗാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി . 2017 ല്‍ അതിഥി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച് എം.എല്‍.എ. ആയിരുന്നു. 2021 ല്‍ ബി.ജെ.പി. അംഗമായി. 1993, 1996, 2002 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി അഖിലേഷ് സിംഗ് ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഉണ്ടായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഖിലേഷ് സിംഗിനെ കോണ്‍ഗ്രസ് പുറത്താക്കി. 2007 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായും, 2012 ല്‍ പീസ് പാര്‍ട്ടിയില്‍ നിന്നും ജയിച്ച് നിയമസഭാ അംഗമായി. അഖിലേഷ് സിംഗിന്‍റെ മകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും, ഇക്കുറി ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി വോട്ട് തേടിയത് വാര്‍ത്തയായിരുന്നു.
മണിപ്പൂര്‍ തിരഞ്ഞെടുപ്പിന്‍റെ സുരക്ഷ
രാജ്യത്ത് ഏറ്റവും കൂടുതല്‍ സുരക്ഷ വേണ്ട സ്ഥലമാണ് മണിപ്പൂര്‍. ഒരു രാഷ്ട്രീയ ഉന്നം നേടാന്‍ വേണ്ടി നിരപരാധികളായ സിവിലിയന്‍ ജനതകള്‍ക്ക് നേരെ മാരകമായ ആക്രമണം നടത്തുകയും, പൊതുവെ ഭീതി പരത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും, ആ ഭീകര അന്തരീക്ഷത്തെ ഒരു സമ്മര്‍ദ്ദ തന്ത്രമായി ഭരണകൂടങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെയാണ് ഭീകരവാദം അഥവാ ടെററിസം എന്നു പറയുന്നത്. ഇത് കൂടുതലുള്ള രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഒന്നാണ് മണിപ്പൂര്‍. ഇത്തവണ മണിപ്പൂര്‍ സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ സുരക്ഷയ്ക്ക് വന്‍ സൈനിക വ്യൂഹം തന്നെ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. സമാധാനപരമായ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുവാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതുവരെ സാധിച്ചത് അതുകൊണ്ട് തന്നെയാണ്. മണിപ്പൂരില്‍ ഇതിനിടയില്‍ ഒട്ടേറെ അട്ടിമറി ശ്രമങ്ങള്‍ പട്ടാളം നിര്‍വീര്യമാക്കിയ റിപ്പോട്ടുകളും ഉണ്ട്.