പഞ്ചാഗ്നി 24

പഞ്ചാഗ്നി 24

ശകുനി  

ദളിത് കാര്‍ഡിന്‍റെ വില 

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ വ്യാപകമായി ദളിത് കാര്‍ഡ് ഉപയോഗിക്കുന്നതില്‍ എല്ലാ പാര്‍ട്ടികളും, അഞ്ച് സംസ്ഥാനങ്ങളിലും ശ്രദ്ധിച്ചിരുന്നു. ദളിത് വോട്ടുകള്‍ ഭൂരിപക്ഷവും പോള്‍ ചെയ്യുന്നുണ്ട് എന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള തിരഞ്ഞെടുപ്പ് കണക്കുകള്‍ സൂചന നല്‍കുന്നു. പോള്‍ ചെയ്യപ്പെടുന്ന വോട്ടുകള്‍ക്കാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് എല്ലാ പാര്‍ട്ടികളും ദളിത് കാര്‍ഡ് തിരഞ്ഞെടുപ്പ് സമയത്ത് പുറത്തെടുക്കുന്നത്. ദളിത് വിഭാഗത്തിലെ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വലിയ പ്രാധാന്യം തന്നെ ലഭിക്കുകയുണ്ടായി. 

പശു കുരിശാകുമോ...? 

പശു സംരക്ഷണം ശക്തമായി നടപ്പിലാക്കിയ ഉത്തര്‍പ്രദേശിലെ പശുക്കള്‍ കുരിശാകുമോ എന്നാണ് ബി.ജെ.പിക്ക് ഇപ്പോള്‍ ഭയം. ഉത്തര്‍പ്രദേശില്‍ കറവ വറ്റിയ പശുക്കളെ കര്‍ഷകര്‍ കൂട്ടത്തോടെ ഉപേക്ഷിക്കുകയാണ്. പശുക്കളെ കശാപ്പ് ചെയ്യുന്നത് നിയമപരമായി വിലക്കിയപ്പോഴാണ് ക്ഷീര കര്‍ഷകര്‍ പശുക്കളെ ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കാന്‍ തുങ്ങെിയത്. ഉത്തര്‍പ്രദേശില്‍ ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ലക്ഷകണക്കിന് പശുക്കളുണ്ട്. എല്ലാ ഗ്രാമങ്ങളിലും, പട്ടണങ്ങളിലും ഇങ്ങനെ അലഞ്ഞ് തിരിയുന്ന പശുക്കളെ കാണുവാന്‍ സാധിക്കും. അലയുന്ന പശുക്കള്‍ ഭക്ഷണത്തിനായി ക്യഷിയിടങ്ങളില്‍ കയറുന്നത് വലിയ വിപത്തായിരിക്കുകയാണ് കര്‍ഷകര്‍ക്ക് തന്നെ. പശു കാര്‍ഷിക ഭൂമിയില്‍ കയറാതെ കാവലിരിക്കേണ്ട സ്ഥിതിയിലാണ് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ബാരാബാങ്കിലെ തിരഞ്ഞെടുപ്പ്  പ്രചരണയോഗ സ്ഥലത്തിന് സമീപമുള്ള മൈതാനത്ത് ആയിരകണക്കിന് അലഞ്ഞു തിരിയുന്ന കന്നുകാലികളെ കര്‍ഷകര്‍ എത്തിച്ചത് വാര്‍ത്തയാണ്. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പറക്കുകയാണ്...

ഭരിക്കാന്‍ വേണ്ടത് ഭൂരിപക്ഷമോ...? 

അഞ്ച് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി മാര്‍ച്ച് പത്തിന് ഫലം വരുമ്പോള്‍ മാത്രമേ ആര്‍ക്കാണ് ഭരിക്കാനുള്ള യോഗ്യത എന്നറിയൂ. ഭരിക്കണമെങ്കില്‍ ഭൂരിപക്ഷം വേണം എന്നത് മുന്‍പൊക്കെ ഉണ്ടായിരുന്ന വിശ്വാസമായിരുന്നു. കുറച്ച് വര്‍ഷങ്ങളായി ഭൂരിപക്ഷമില്ലാതെയും ഭരിക്കാമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പഴങ്കഥ മറക്കാം. 403 നിയമസഭാ മണ്ഡലത്തില്‍ 202 സീറ്റില്‍ വിജയിച്ചാല്‍ ഉത്തര്‍ പ്രദേശ് സംസ്ഥാനം ഭരിക്കാം. പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലത്തില്‍ 59 സീറ്റില്‍ ജയിക്കണം. ഉത്തരാഖണ്ഡില്‍ 70 നിയമസഭാ മണ്ഡലത്തില്‍ 36 സീറ്റില്‍ ജയിച്ചു വന്നാല്‍ ഭരിക്കാം. ഗോവയില്‍ 40 സീറ്റില്‍ 21 സീറ്റില്‍ ജയിക്കണം. മണിപ്പൂരില്‍ 60 തില്‍ 31 മണ്ഡലത്തില്‍ ജയിക്കണം. മണിപ്പൂരിലും , ഗോവയിലും 2017 ല്‍ സംഭവിച്ചത് ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ല എന്നതായിരുന്നു. ഇത്തവണ കണ്ടറിയാം...