പഞ്ചാഗ്നി 23
ശകുനി
മണിപ്പൂരിലെ ഒറ്റയ്ക്കുള്ള പോരാട്ടത്തിന്‍റെ ഫലം
മണിപ്പൂരിലെ അറുപത് സീറ്റിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും ബി.ജെ.പി. ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഘടക കക്ഷികള്‍ക്ക് ഒറ്റ സീറ്റും നല്‍കിയിട്ടില്ല. അതിന്‍റെ പ്രത്യാഘാതം ഇലക്ഷന്‍ ഫലം കഴിഞ്ഞാല്‍ ബീഹാറില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്. ആഘാതം മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഉണ്ടാകുമെന്നും അവര്‍ പറയുന്നുണ്ട്. ബീഹാര്‍ സര്‍ക്കാരിന് നല്‍കി വരുന്ന പിന്തുണ ബി.ജെ.പി. പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതായി സംസാരമുണ്ട്. അത് മുന്നില്‍ കണ്ടുകൊണ്ട് തന്നെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചരട് വലികള്‍ നടത്തി കഴിഞ്ഞു. ലാലു പ്രസാദ് യാദവിനെ കാലിതീറ്റ കുംഭകോണത്തിന് സി.ബി.ഐ. ശിക്ഷ വിധിച്ചതിന് പിന്നാലെ മകന്‍ തേജസ്വി യാദവ് പറഞ്ഞത് ശ്രദ്ധേയമാണ്. "ബിജെപിയുമായി കൈകോര്‍ത്തിരുന്നെങ്കില്‍ ലാലുവിനെ അവര്‍ രാജാ ഹരിശ്ചന്ദ്രനെന്ന് വിളിക്കുമായിരുന്നു. പക്ഷെ അദ്ദേഹം ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പോരാടിയതുകൊണ്ടാണ് ജയിലില്‍ പോവേണ്ടി വന്നത്. ഇതുകൊണ്ടൊന്നും ഞങ്ങള്‍ ഭയപ്പെടില്ല"-തേജസ്വി യാദവ് പറഞ്ഞു. ബി.ജെ.പിക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് ലാലുവും പ്രഖ്യാപിച്ചു. ശത്രുവിന്‍റെ ശത്രു മിത്രമെന്നാണല്ലോ...
ഇത് 2024 തിരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍
ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് 2024ല്‍ നടക്കുവാന്‍ ഒരുങ്ങുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാണെന്നാണ് പറയുന്നത്. അതിന് തക്കതായ കാരണവുമുണ്ട്. ഉത്തര്‍പ്രദേശില്‍ ആര് ഭരിക്കുന്നുവോ അവരായിരിക്കും രാജ്യം ഭരിക്കുക എന്ന കീഴ്വഴക്കം പോലൊന്ന് രാഷ്ട്രീയ ചരിത്രത്തിലുണ്ട്. ഉത്തര്‍പ്രദേശില്‍ ശക്തിയുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. എന്ന് പറയുമ്പോള്‍ തന്നെ പഞ്ചാബില്‍ ശക്തിയില്ലാത്ത പാര്‍ട്ടി എന്നതും ഒപ്പം പറയാം. മണിപ്പൂരും, ഗോവയും 2017ല്‍ കുതിരക്കച്ചവടം നടന്ന പ്രദേശമാണ്. അത് ഇത്തവണ നടക്കുവാനുള്ള സാഹചര്യമില്ല. കോണ്‍ഗ്രസിന്‍റെ പടലപിണക്കം ഉത്തരാഖണ്ഡിലെ ബി.ജെ.പിയുടെ കരുത്താണ്. എല്ലാം കൂട്ടി കുറച്ച് മാര്‍ച്ച് പത്തിന് നടക്കുന്ന സെമി ഫൈനല്‍ ഫലം കാത്തിരിക്കുകയാണ് രാഷ്ട്രം.
ഉത്തര്‍പ്രദേശിലെ തീവ്ര വാദം
ഉത്തര്‍പ്രദേശ് ഭരിച്ച സമാജ്വാദി പാര്‍ട്ടിയുടേയും, ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടേയും മുന്‍ സര്‍ക്കാരുകള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണെന്നാണ് അമീത്ത് ഷാ തീവ്രമായി വാദിക്കുന്നത്. അവസാന ലാപ്പില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഓടി കയറാനുള്ള ശ്രമമാണ് ബി.ജെ.പി. കേന്ദ്ര നേത്യത്ത്വത്തില്‍ നടക്കുന്നുണ്ട്. ജനങ്ങള്‍ക്ക് മുന്‍പ് നീതി ലഭിച്ചിരുന്നിലെന്നും, യോഗി വന്നപ്പോള്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ തുടങ്ങിയെന്നും അമീത്ത് ഷാ പറഞ്ഞു. നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.