പഞ്ചാഗ്നി 21

പഞ്ചാഗ്നി 21

ശകുനി  

നെഞ്ചിടിപ്പ് കോണ്‍ഗ്രസിന്, പ്രതീക്ഷയില്‍ ആപ്പ് 

പഞ്ചാബില്‍ നടന്ന നിയമസഭയിലേയ്ക്കുള്ള 117 മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നെഞ്ചിടുപ്പുണ്ടാക്കും. തുടര്‍ഭരണം പ്രതീക്ഷിച്ചാണ് അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അവര്‍ക്ക് വലിയ പ്രതിരോധം തീര്‍ത്തത് ആംആദ്മി പാര്‍ട്ടി നടത്തിയ ശക്തമായ പ്രചരണം നിസാരവത്ക്കരിക്കാന്‍ സാധിക്കില്ല. കേജരിവാള്‍ നേത്യത്ത്വം നല്‍കുന്ന ആംആദ്മി കഴിഞ്ഞ അഞ്ച് വര്‍ഷമായി പഞ്ചാബ് കേന്ദ്രീകരിച്ച് 2022ലെ ഇലക്ഷന് പ്രവര്‍ത്തിക്കുകയാണ്. കര്‍ഷകസമരം ആപ്പിന്‍റെ പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശക്തി കൂട്ടി. ദളിത് മേഖലയില്‍ ആംആദ്മി പാര്‍ട്ടിക്ക് ഉണ്ടായ മേല്‍ക്കെ 2017 തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. അത് ശക്തി പ്രാപിക്കുന്നതിന് തടയിടാനാണ് കോണ്‍ഗ്രസ് ദളിത് വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയിലേയ്ക്ക് അവസാന നിമിഷം മാറ്റിയത്. സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ മുന്നില്‍ നിര്‍ത്തി ഭരണത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍റെ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ബിജെപി മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും മൂന്ന് സീറ്റുകളിലാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. 

പ്രകാശ് കിഷോറെന്ന രാഷ്ട്രീയ ചാണക്യന്‍... 

ബി.ജെ.പിക്ക് വന്‍ വെല്ലുവിളിയായി പ്രതിപക്ഷ ഐക്യം രൂപം കൊള്ളുന്നു എന്ന വാര്‍ത്ത പുറത്ത് വന്നു തുടങ്ങിയതിന് പിന്നാലെ പ്രശാന്ത് കിഷോര്‍ എന്ന വ്യക്തിയുടെ ചലനങ്ങള്‍ രാജ്യം ശ്രദ്ധിക്കുന്നു. അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. ഇതേ പ്രശാന്ത് കിഷോറാണ് മമത ബാനര്‍ജിയുടെ വിജയ തന്ത്രം മെനഞ്ഞത്. 2017ലെ പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ ജയിപ്പിക്കാനും,  അരവിന്ദ് കേജരിവാളിന്‍റെ 2020ലെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനും പ്രശാന്ത് കിഷോറുണ്ടായിരുന്നു. 2011ല്‍ നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുന്നതിനും, 2014ല്‍ മോദിയെ പ്രധാനമന്ത്രിയാക്കുന്നതിനും തന്ത്രം മെനഞ്ഞ വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. അദ്ദേഹത്തിന്‍റെ നേത്യത്ത്വത്തിലാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ 2024 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രകാശ് കിഷോറെന്നത് രാഷ്ട്രീയ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചയുമാണ്. 

മണിപ്പൂരിലെ സ്മ്യതി വചനങ്ങള്‍ 

മണിപ്പൂരിനെ രാഹുല്‍ ഗാന്ധിയും കുടുംബവും എ.റ്റി.എമ്മായാണ് കണ്ടെതെന്ന് സ്മ്യതി ഇറാനി പറഞ്ഞു. ബി.ജെ.പിയുടെ ഇലക്ഷന്‍ പ്രചരണത്തിന് മണിപ്പൂരിലെത്തിയ അവര്‍ വോട്ടര്‍മാര്‍ക്ക് കോടികളുടെ സൗജന്യങ്ങള്‍ ഉറപ്പ് നല്‍കി. ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ 100 കോടിയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുമെന്നാണ് ഒരു ഓഫര്‍. ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ മണിപ്പൂരിലെ കര്‍ഷകര്‍ക്ക് 2000 രൂപ അധികം നല്‍കുമെന്നും പ്രഖ്യാപിച്ചു. നിലവില്‍ കര്‍ഷകര്‍ക്ക് എല്ലാ വര്‍ഷവും 6000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നാണ് സ്മ്യതി ഇറാനിയുടെ അവകാശവാദം. 18 വയസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലാപ്ടോപ്പുകളും, ഉന്നത പഠനത്തിന് പോകുന്ന പെണ്‍കുട്ടികള്‍ക്ക് സ്കൂട്ടിയും സൗജന്യമായി നല്‍കുമെന്ന് സ്മ്യതി ഇറാനി മണിപ്പൂരിലെ വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രഖ്യാപിച്ചിരിക്കയാണ്.