പഞ്ചാഗ്നി 20
ശകുനി
പൗരത്ത്വ സമരവും തിരഞ്ഞെടുപ്പും
ഉത്തര്‍പ്രദേശിലെ പൗരത്ത്വ നിയമ ഭേദഗതി സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത സ്വത്ത് കണ്ടുകെട്ടുന്നതിനായി നല്‍കിയ 274 നോട്ടീസുകള്‍ പിന്‍വലിച്ചു. സമരത്തില്‍ പങ്കെടുത്തവര്‍ക്കാണ് സ്വത്ത് കണ്ടുകെട്ടുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. അത് ഏറെ ഒച്ചപ്പാടുണ്ടാക്കുകയും ദേശിയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയും ഉണ്ടായ സംഭവമാണ്. സി.എ.എ. വിരുദ്ധ പ്രക്ഷോപത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് 106 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 833 പേര്‍ പ്രതികളാണ്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് സ്വത്ത് കണ്ടുകെട്ടുന്ന നോട്ടീസ് പിന്‍വലിച്ചതെങ്കിലും ഇലക്ഷന് ശേഷം പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപം കൊടുത്ത ട്രിബ്യൂണലാകും കേസുകളുടെ തുടര്‍ നടപടി സ്വീകരിക്കുക. തിരഞ്ഞെടുപ്പിനിടയില്‍ സംഭവിച്ച ഈ നിയമനടപടികള്‍ ദോഷമാകില്ലെന്നാണ് ബി.ജെ.പി. വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബുള്‍ഡോസറുകള്‍ വിശ്രമത്തിലാണെന്നും, ഇലക്ഷന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ അധോലോകത്തെ തകര്‍ക്കാന്‍ അത് ഉരുണ്ട് തുടങ്ങുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒവൈസിക്കും അണികളുണ്ട്
ഉത്തര്‍പ്രദേശില്‍ മുസ്ലീം സമുദായ അംഗങ്ങള്‍ കൂടുതലായുണ്ട്. ഹൈദരബാദ് ആസ്ഥാനമായുള്ള ഓള്‍ ഇന്‍ഡ്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായ അസദുദ്ദിന്‍ ഒവൈസിക്ക് മറ്റ് മുസ്ലീം സംഘടനകളേക്കാള്‍ സ്വാധീനമുണ്ട്. ഹൈദരബാദില്‍ നിന്നുള്ള ലോക് സഭാ മെമ്പറുമാണ് അദ്ദേഹം. ഒവൈസിയുടെ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണം മറ്റ് പാര്‍ട്ടികള്‍ക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. മുസ്ലീം വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാകുമെന്നാണ് എല്ലാവരും വിലയിരുത്തുന്നത്. ഒവൈസി രാമന്‍റെ പിന്‍ഗാമിയെന്നാണ് ബി.ജെ.പി. നേതാവ് വിശേഷിപ്പിച്ചത്. ഒരുനാള്‍ ഹിജാബ് ധരിച്ച സ്ത്രീ ഇന്ത്യ ഭരിക്കുമെന്ന് ഒവൈസി പറഞ്ഞത് വലിയ ചര്‍ച്ചയാണ്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഒവൈസി സഞ്ചരിച്ച വാഹനത്തിന് നേരെ മീററ്റില്‍ വെച്ച് വെടിഉതിര്‍ത്ത് അക്രമണം നടത്തിയിരുന്നു. പരിക്കില്ലാതെ രക്ഷപെട്ട ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. ഒവൈസിയുടെ ആരോഗ്യത്തിനായി ഉത്തര്‍പ്രദേശില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നപ്പോള്‍ ഹൈദ്രബാദില്‍ 101 ആടുകളെ ബലി നല്‍കി പ്രാര്‍ത്ഥന നടന്നത് വാര്‍ത്തയായി.
മണിപ്പൂരിലെ വിമത ഐക്യം
വിമതരുടെ ഐക്യമുന്നണിയുമായി ജെ.ഡി.യു. മണിപ്പൂരിലെ തിരഞ്ഞെടുപ്പിന് ബി.ജെ.പിക്കെതിരെ നേരിടുകയാണ്. അതുകൊണ്ട് തന്നെ ഇലക്ഷന് ശേഷം ബീഹാറിലെ ജെ.ഡി.യുവിനുള്ള പിന്തുണ ബി.ജെ.പി. പിന്‍വലിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ മുന്‍കൂട്ടി മറ്റ് പാര്‍ട്ടികളുമായി ധാരണയിലെത്തിയെന്ന് അറിയുന്നു. മണിപ്പൂരില്‍ ഫെബ്രുവരി 28, മാര്‍ച്ച് 5 തിയതികളില്‍ 60 മണ്ഡലങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 39 സീറ്റുകളിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കുന്നത്. ബി.ജെ.പിയും, കോണ്‍ഗ്രസും സീറ്റു നല്‍കാത്ത സ്ഥാനാര്‍ത്ഥികളാണ് ജെ.ഡി.യുവിന്‍റെ സ്ഥാനാര്‍ത്ഥികളാകുന്നത്. മറ്റ് സീറ്റുകളില്‍ സ്വതന്ത്രരായി പല വിമതരും പ്രമുഖരും ഉണ്ട്. 2017ല്‍ ജയിച്ചവരും, മണിപ്പൂരിലെ വിവിധ പാര്‍ട്ടികളിലെ മുന്‍ നേതാക്കള്‍ക്കും ജെ.ഡി.യു. ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 2017ന് മുന്‍പ് വരെ ബി.ജെ.പി. നേതാവും, 2017ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച കുമുക്ചം ജോയ്കിസാന്‍ ഇക്കുറി ജെ.ഡി.യു. സ്ഥാനാര്‍ത്ഥിയാണ്. മുന്‍ മണിപ്പൂര്‍ ചീഫ് സെക്രട്ടറിയും, മുന്‍ പോലീസ് ഉദ്യോഗസ്ഥയും അടക്കം ജനപ്രീയരായ പലരും ജെ.ഡി.യു. ടിക്കറ്റില്‍ മത്സരിക്കുന്നു.