പഞ്ചാഗ്നി 19

പഞ്ചാഗ്നി 19

ശകുനി 

ആപ്പിന്‍റെ വിജയം, ബി.ജെ.പി. ലക്ഷ്യം...? 

പഞ്ചാബിലെ ആപ്പിന്‍റെ വിജയമാണ് ബി.ജെ.പിയുടെ ലക്ഷ്യം എന്നാണ് സംസാരം. 2017ലെ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ സാധ്യതകള്‍ ഏറെ ഉണ്ടായിട്ടും 117 സീറ്റില്‍ മൂന്ന് സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാന്‍ സാധിച്ചത്. ഘടകകക്ഷിയായിരുന്ന ശിരോമണി അകാലി ദള്‍ 15 സീറ്റിലും വിജയിച്ചു. പക്ഷെ ആംആദ്മി പാര്‍ട്ടി 20 സീറ്റിലാണ് വിജയിച്ചത്. അതില്‍ ഒരാളെ പോലും അടര്‍ത്തി മാറ്റാനും സാധിച്ചില്ല. ഇത്തവണ രാഷ്ട്രീയ കാലാവസ്ഥ മാറിയിട്ടുണ്ട്. കര്‍ഷക സമരവും ആംആദ്മി പാര്‍ട്ടിയുടെ ശക്തമായ പ്രചരണവും പഞ്ചാബിലെ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് വലിയ മങ്ങലാണ് ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിലുള്ള പലരും ആംആദ്മിയിലേയ്ക്കാണ് പോയിരിക്കുന്നത്. 2017ല്‍ ആംആദ്മി ജയിപ്പിച്ചവരില്‍ മിക്കവരും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ആപ്പിന്‍റെ മേല്‍ക്കോയ്മ ദളിത് മേഖലയിലുമായിരുന്നു എന്ന് മനസിലാക്കിയ കോണ്‍ഗ്രസ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ചന്നിയെ മുന്നില്‍ നിര്‍ത്തി. കോണ്‍ഗ്രസിന്‍റെ ഭാഗമാണ് ആപ്പെന്ന ബി.ജെ.പി പ്രചരണം പഞ്ചാബില്‍ വ്യാപകമാണ്. കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ആപ്പിനെ ജയിപ്പിക്കുവാനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ബി.ജെ.പി. നീക്കങ്ങളെ വിലയിരുത്തുന്നത്.

കര്‍ഷകര്‍ വിഷയമാണ്, അനുനയിപ്പിക്കേണ്ടതാണ് 

രാജ്യത്തെ കര്‍ഷകര്‍ നിസാരരല്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരിച്ചറിഞ്ഞു. കര്‍ഷകരെ ഒരു വര്‍ഷത്തോളം അതിര്‍ത്തിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിച്ചത് വേണ്ടിയിരുന്നില്ല എന്ന് ഇലക്ഷന് അഞ്ച് സംസ്ഥാനങ്ങളല്‍ പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ ബി.ജെ.പിയും തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശിലും, പഞ്ചാബിലുമാണ് കര്‍ഷകര്‍ കൂടുതലും പ്രകോപിതരാകുന്നത്. പഞ്ചാബില്‍ ഒരു രക്ഷയുമില്ലെന്ന് തിരിച്ചറിഞ്ഞ് ബി.ജെ.പി. നേതാക്കള്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വരുന്ന അഞ്ച് വര്‍ഷം ബി.ജെ.പി. സര്‍ക്കാര്‍ വന്നാല്‍ വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് അമിത്ത് ഷാ ഒടുവില്‍ നല്‍കുന്ന ഓഫര്‍. സൗജന്യ ഗ്യാസ് സിലിണ്ടര്‍ ഓഫര്‍ കുറച്ച് ദിവസങ്ങളായി പല വേദികളിലും പറയുന്നുണ്ട്. കര്‍ഷകരെ അനുനയിപ്പിക്കുന്ന തിരക്കിലാണ് ഷാ...

മണിപ്പൂരിലെ പെണ്‍ സിംഹങ്ങള്‍ 

മണിപ്പൂരിലെ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 വര്‍ഷം ഉപവാസസമരം ചെയ്ത ഉരുക്കു വനിത എന്ന് ലോകം വാഴ്ത്തിയ ഇറോം ശ്യാമള ചാനു മത്സരിച്ചിരുന്നു. 2022ല്‍ മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു വനിത ശ്രദ്ധേയമാകുന്നു. മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥയും, മണിപ്പൂരിലെ യുവജനതയുടെ ഹരവുമായ ബ്രിന്ദാ തൊവ്നോജം ഉദ്യോഗം രാജിവെച്ച് ജനതാദള്‍ യുണയ്റ്റഡ് അംഗമായി. അവര്‍ ഇത്തവണ ജെഡിയുവിന് വേണ്ടി യെസ്കുല്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. മണിപ്പൂരിലെ ലഹരി മാഫിയയ്ക്കെതിരെയും, ഗുണ്ടകള്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിച്ച് വന്‍ ജനപിന്തുണ നേടിയ പോലീസ് ഉദ്യോഗസ്ഥയാണ് മണിപ്പൂര്‍ ലേഡി സിംഹം എന്ന വിളിപ്പേരുള്ള ബ്രിന്ദ. നാല് കുട്ടികളുടെ മാതാവായ ബ്രിന്ദയുടെ ഭര്‍ത്താവ് രാജ്കുമാര്‍ ചിങ്ങ്ലണ്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ്. ഭര്‍ത്താവിന്‍റെ പിതാവ് ആര്‍.കെ. മേഘന്‍ മണിപ്പൂരിലെ പ്രശസ്തമായ തീവ്രവാദ സ്വഭാവമുള്ള യുണയ്റ്റഡ് നാഷ്ണല്‍ ലിബറേഷന്‍ ഫ്രെന്‍ഡ് നേതാവാണ്.