പഞ്ചാഗ്നി 18

പഞ്ചാഗ്നി 18

ശകുനി  

ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് പ്രചരണം  

പഞ്ചാബിലെ ഇലക്ഷന് അഞ്ച് വര്‍ഷം മുന്‍പ് തന്നെ ആംആദ്മി പാര്‍ട്ടി പ്രചരണം തുടങ്ങിയിരുന്നെന്ന് വളരെ വൈകി മാത്രമാണ് കോണ്‍ഗ്രസും ബി.ജെ.പിയും തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ പഞ്ചാബിലെ റാലികളില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ശക്തമായ പ്രചരണമാണ് ഇരു പാര്‍ട്ടികളും അഴിച്ചു വിടുന്നത്. കോണ്‍ഗ്രസിന്‍റെ ഫോട്ടോകോപ്പിയാണ് ആംആദ്മി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറയുന്നത്. ബി.ജെ.പിയുടെ ബി ടീമാണ് ആംആദ്മി പാര്‍ട്ടി എന്ന ആരോപണമാണ് കോണ്‍ഗ്രസിനുള്ളത്. ഒരു കാര്യത്തില്‍ സംശയലേശമില്ലാതെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് പഞ്ചാബിലെ കര്‍ഷകരുടേയും, ഗ്രാമീണരുടേയും പിന്തുണവോടെ മോശമല്ലാത്ത വോട്ടിങ്ങ് ശതമാനം ആംആദ്മി പാര്‍ട്ടി നേടും. ഗോവയില്‍ ഇലക്ഷന് ശേഷം രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപം കൊണ്ടു തുടങ്ങിയത് പഞ്ചാബില്‍ ചര്‍ച്ചയാണ്. ഗോവയിലെ പോലെ ആര്‍ക്കും പഞ്ചാബില്‍ പിന്തുണയ്ക്കില്ലെന്നാണ് ആംആദ്മി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇലക്ഷന്‍ വരെ കേന്ദ്ര സേനാ സുരക്ഷ  

പഞ്ചാബിലേയും ഉത്തര്‍പ്രദേശിലേയും 24 രാഷ്ട്രീയ നേതാക്കള്‍ക്ക് കേന്ദ്ര അഭ്യന്തിര മന്ത്രാലയം ഇലക്ഷന്‍ കഴിയും വരെ സുരക്ഷ നല്‍കാന്‍ ഉത്തരവിട്ടിരിക്കയാണ്. ഇവരുടെ ജീവന് ഭീഷണിയാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സുരക്ഷ നേതാക്കള്‍ക്ക് നല്‍കുന്ന പതിവുണ്ട്. പക്ഷെ ഇത്തവണ എണ്ണത്തില്‍ കൂടുതലുണ്ട് എന്നതാണ് പ്രത്യേകത. ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്.പി.എസ്. ബാഗല്‍, ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി. പാര്‍ലമെന്‍റ് അംഗം ഹന്‍സ് രാജ് എന്നിവര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ്. രമേശ് ചന്ദ്, നിമിഷ മേത്ത, അവതാര്‍ സിംഗ് സീറ, സര്‍ദാര്‍ ദീദാര്‍ സിംഗ് ബാട്ടി, സര്‍ദാര്‍ കന്‍വാര്‍ വീര്‍ സിംഗ് തോറ, തുടങ്ങിയവര്‍ക്കാണ് ഇലക്ഷന്‍ കഴിയുന്നത് വരെ കേന്ദ്ര സേനയുടെ സുരക്ഷ. 

കോണ്‍ഗ്രസിലെ കൊഴിഞ്ഞ് പോക്ക്  

കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി അംഗത്ത്വം ഉപേക്ഷിച്ച് പോകുന്നത് തിരഞ്ഞെടുപ്പ് ഗോദയില്‍ ചര്‍ച്ചയാണ്. കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം തകര്‍ന്നതായി മുതിര്‍ന്ന നേതാവും പ്രവര്‍ത്തകസമിതി അംഗവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് പറഞ്ഞതിന് പ്രത്യുപകാരമായി പത്മാ പുരസ്കാരം ലഭിച്ചതും ചര്‍ച്ചയാണ്. ഗോവയിലും, മണിപ്പൂരിലും തിരഞ്ഞെടുപ്പ് രംഗത്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ച കോണ്‍ഗ്രസിന് പ്രതീക്ഷകളുണ്ട്. ഉത്തര്‍പ്രദേശിലും, ഉത്തരാഖണ്ഡിലും ദയനീയ പ്രകടനമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതി ആംആദ്മി പാര്‍ട്ടിയുടേയും, കര്‍ഷകരുടേയും പ്രചരണത്തിന്‍റെ ശക്തിയെ അടിസ്ഥാനപ്പെടുത്തി മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലയിരുത്താനാകൂ. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റ് പ്രസംഗവും, പ്രിയങ്കയും ചേര്‍ന്നുള്ള പ്രചരണവും വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതില്‍ സംശയമില്ല.