പഞ്ചാഗ്നി 16

പഞ്ചാഗ്നി 16

ശകുനി 

തിരഞ്ഞെടുപ്പിലെ മഹിളാ വോട്ടുകള്‍  

മകളുടെ മികച്ച വരനെ കണ്ടെത്താന്‍ അമ്മമാരോളം കഴിവ് അച്ഛനില്ലെന്നാണ് പഞ്ചാബിലെ ഒരു ഇലക്ഷന്‍ പ്രചരണത്തിലെ മഹിളാ സദസില്‍ കേട്ടത്. അതുകൊണ്ട് മികച്ച സ്ഥാനാര്‍ത്ഥിയായ അവരുടെ പ്രതിനിധിയെ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയും. ആംആദ്മി പാര്‍ട്ടി വ്യാപകമായി ആഴ്ച്ചകളായി സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടത്തുന്ന വനിതാ സമ്മേളനങ്ങള്‍ വളരെ ഫലപ്രദമാണ്. ഇത് തിരിച്ചറിയാന്‍ ഏറെ വൈകിയ കോണ്‍ഗ്രസും, ബി.ജെ.പിയും വനിതകളുടെ പ്രത്യേക സ്കോഡുകള്‍ രൂപീകരിച്ച് യോഗങ്ങളും, പ്രചരണവും നടത്താന്‍ തുടങ്ങിയിരിക്കുന്നതാണ് പഞ്ചാബില്‍ നിന്നുള്ള പുതിയ കാഴ്ച്ച. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ഭാര്യയും മകളും പഞ്ചാബ് ഇലക്ഷന്‍ പ്രചരണങ്ങളില്‍ സജീവമായുണ്ട്. ആംആദ്മിയുടെ ഡല്‍ഹി മോഡലും, ബി.ജെ.പിയുടെ ഗുജറാത്ത് മോഡലും തട്ടിപ്പാണെന്ന് പഞ്ചാബില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു നടക്കുന്നുണ്ട്. പപ്പ വിജയിച്ചാലേ വിവാഹം കഴിക്കൂ എന്ന് പ്രഖ്യാപിച്ചാണ് നവജ്യോത് സിദ്ദുവിന്‍റെ മകള്‍ റാബിയ സിദ്ദു പ്രചരണം നടത്തുന്നത്. 

രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കുറ്റം 

രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിന് രാജ്യദ്രോഹം ചെയ്യണമെന്ന കാരണം വേണ്ടെന്ന അവസ്ഥയിലാണ് ഇന്ത്യാ രാജ്യം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. 'ഇന്ത്യ കേരളം മുതല്‍ കാശ്മീര്‍ വരെ, ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെ' എന്ന പരാമര്‍ശമുള്ള ഫെബ്രുവരി പത്തിലെ ട്വീറ്റിന്‍റെ പേരിലാണ് നടപടി. വോട്ട് ചെയ്യുന്നതില്‍ അബദ്ധം പറ്റിയാല്‍, യുപി കാശ്മീരോ കേരളമോ പശ്ചിമബംഗാളോ ആയി മാറുമെന്ന് യുപിയില്‍ ഒന്നാം ഘട്ടം വോട്ടെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മറുപടിയിലാണ് രാഹുലിന്‍റെ ട്വിറ്റുണ്ടായത്. യോഗിയുടെ ട്വിറ്റ് പ്രതികൂലമായി ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും വോട്ടര്‍മാര്‍ ചര്‍ച്ചയാക്കിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബോധപൂര്‍വം അവഗണിച്ച രാഹുല്‍, അരുണാചല്‍പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ വാദം അംഗീകരിക്കുകയാണെന്നാണ് ബി.ജെ.പി. ആരോപണം. 'ഇന്ത്യ ഒരു യൂണിയന് അതീതമാണ്. ഞങ്ങള്‍ അഭിമാനിക്കുന്ന രാഷ്ട്രമാണ്. നിങ്ങളുടെ തുക്ഡെ തുക്ഡെ തത്ത്വചിന്തകള്‍ക്ക് ഇന്ത്യയെ ബന്ദിയാക്കാനാവില്ല. രാഷ്ട്രം, ദേശീയത എന്നിവയാണോ നിങ്ങളുടെ പ്രശ്നം? ബംഗാളിനപ്പുറം വടക്കുകിഴക്ക് സംസ്ഥാനങ്ങള്‍ നിലവിലുണ്ട്', എന്നായിരുന്നു അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററില്‍ പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് വ്യാപക പരാതി നല്‍കാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി. കേന്ദ്രങ്ങള്‍ ഒരുങ്ങുകയാണ്. 

ഉത്തര്‍പ്രദേശ് സ്വര്‍ഗ്ഗതുല്ല്യമോ...? 

പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് യോഗി ആദിത്യനാഥ് ഭരിച്ച ഉത്തര്‍പ്രദേശ് നിയമവാഴ്ച്ചകൊണ്ട് സുരക്ഷിതമായിരുന്നു. വര്‍ഗീയ കലാപമില്ല. ജാതി മത സൗഹ്യദമായിരുന്നു ഉത്തര്‍പ്രദേശിലാകെ ഉണ്ടായത്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് രാജ്യത്തിന് മാത്യകയാണ്. സംസ്ഥാനത്തെ മാഫിയാ സംഘങ്ങളെ, യോഗി സര്‍ക്കാര്‍ അമര്‍ച്ച ചെയ്തു. ഉത്തര്‍പ്രദേശ് നാളിത്വരെ കാണാത്ത വിശസനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ വീണ്ടും വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. യോഗി ആദിത്യനാഥിന്‍റെ ഭരണ മികവിനെ പ്രകീര്‍ത്തിച്ച മോദിക്ക് മറുപടിയുമായി വ്യാപകമായ ട്രോള്‍ വീഡിയോകളാണ് ഇറങ്ങുന്നത്. ഉത്തര്‍പ്രദേശ് സ്വര്‍ഗ്ഗതുല്ല്യമാണെന്നാണ് വീഡിയോകളില്‍ പറയുന്നത്.