പഞ്ചാഗ്നി 15
ശകുനി
ഉത്തരാഖണ്ഡിന്‍റെ വിധിയെഴുത്ത്
ഉത്തരാഖണ്ഡില്‍ ഇന്ന് 70 നിയോജകമണ്ഡലങ്ങളിലായി 632 സ്ഥാനാര്‍ത്ഥികളുടെ വിധിയെഴുതും. 2012 ലും 2017ലും അവിടുത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് ശതമാനം പരിശോധിക്കുന്നത് ഈ അവസരത്തില്‍ ഉചിതമാകും. അവിടെ ബി.ജെ.പിയും, കോണ്‍ഗ്രസുമാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. ചെറു പാര്‍ട്ടികള്‍ അവിടെ നിസാരരല്ല എന്നതും അവരുടെ വോട്ട് ശതമാനം കണ്ടാല്‍ മനസിലാകും. 2012ല്‍ കോണ്‍ഗ്രസ് 33.79% വോട്ടു നേടി 32 സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിച്ചു. ബി.ജെ.പിക്ക് 33.13% വോട്ടു നേടി 31 സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിച്ചു. ചെറു പാര്‍ട്ടികളെ മറ്റുള്ളവരുടെ ഗണത്തില്‍ പെടുത്തിയാല്‍ 33.07% വോട്ടു നേടി 7 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിച്ചു. രസകരമായ കാര്യം 2017ല്‍ നടന്ന തിരഞ്ഞെടുപ്പ് ഫലമാണ്. കോണ്‍ഗ്രസ് 33.49% വോട്ടില്‍ 11 സീറ്റു നേടാനേ സാധിച്ചുള്ളൂ. ബി.ജെ.പിക്ക് 46.51% വോട്ടില്‍ 56 സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിച്ചു. മറ്റുള്ളവരര്‍ 20% വോട്ടു നേടി 2 സീറ്റുകളില്‍ വിജയിച്ചു. 2022ലെ സ്ഥിതി എന്താകുമെന്ന് കണ്ടറിയാം.
ഗോവയിലെ ദമ്പതി സ്ഥാനാര്‍ത്ഥികള്‍
ഇന്ന് ഗോവയില്‍ നടക്കുന്ന 40 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പില്‍ അഞ്ച് ദമ്പതികള്‍ മത്സരിക്കുന്നു. ബി.ജെ.പി രണ്ട് ദമ്പതികള്‍ക്കാണ് സ്ഥാനാര്‍ത്ഥിത്ത്വം നല്‍കിയത്. വിശ്വജിത്ത് റാണെ (വാള്‍പോയ്), ദിവ്യ വിശ്വജിത്ത് റാണെ (പോരിയം), അത്തനാസ്വോ മോണ്‍സറേറ്റ് (പനജി), ജെന്നിഫര്‍ മോണ്‍സറേറ്റ് (താലിഗോവ്) എന്നിവരാണ് അവര്‍. ബി.ജെപി. സ്ഥാനാര്‍ത്ഥിയായ ചന്ദ്രകാന്ത് കവ്ലേക്കര്‍ (കെപേം) മണ്ഡലത്തില്‍ ഔദ്യോഗികമായി മത്സരിക്കുമ്പോള്‍ ഭാര്യ സാവിത്രി കവ്ലേക്കര്‍ സാങ്കേം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. കോണ്‍ഗ്രസും, ത്രിണമുല്‍ കോണ്‍ഗ്രസും ഓരോ ദമ്പതികളേയും മത്സരത്തിനിറക്കി. കോണ്‍ഗ്രസിനായി മൈക്കിള്‍ ലോബോയും (കലംഗൂട്ട്), ഭാര്യ ദലീല ലോബോയും (സിയോലിം) മത്സരിക്കുന്നു. ത്രിണമുലിനായി കിരണ്‍ കണ്ടോള്‍ക്കറും (അല്‍ഡോണ), ഭാര്യ കവിത കണ്ടോള്‍ക്കറും (തിവിം) മത്സരിക്കുന്നു. ഇതില്‍ മിക്ക ദമ്പതികളും പാര്‍ട്ടിയില്‍ നിന്ന് കാലുമാറി മുന്‍ ചരിത്രമുള്ളവരാണ്. ബി.ജെ.പി. സീറ്റ് നിഷേധിച്ചതു കൊണ്ടാണ് മുന്‍ മന്ത്രി കൂടിയായ മൈക്കിള്‍ ലോബോയും ഭാര്യയും കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിക്കുന്നത്. നിലവിലെ ഗോവ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായ ചന്ദ്രകാന്ത് കവ്ലേക്കര്‍ക്ക് ബി.ജെ.പി. സീറ്റ് നല്‍കി. ഭാര്യയ്ക്ക് സീറ്റ് ലഭിക്കാത്തതിനാല്‍ അവര്‍ പാര്‍ട്ടി അംഗത്ത്വം രാജിവെച്ച് സ്വതന്ത്രയായി മത്സരിക്കുന്നു.
നേതാജി നിരീക്ഷിക്കുന്നുണ്ട്
ബി.ജെ.പിക്ക് ശക്തമായ പ്രതിരോധം തീര്‍ത്ത് ഉത്തര്‍പ്രദേശില്‍ മകന്‍ അഖിലേഷ് യാദവ് സമാജ്വാദി പാര്‍ട്ടിയെ നയിക്കുന്നത് വീട്ടിലിരുന്ന് ടെലിവിഷനിലൂടെ വീക്ഷിക്കുകയാണ് പിതാവ് നേതാജി മുലായം സിംഗ് യാദവ്. സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാപകനായ മുലായത്തെ ഉത്തര്‍പ്രദേശുകാര്‍ ആദരവോടെ വിളിക്കുന്ന പേരാണ് നേതാജി. മകന്‍ അഖിലേഷിനെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പിതാവ് തന്നെ പുറത്താക്കിയ ചരിത്രമുണ്ട്. ഇപ്പോള്‍ പിതാവും മകനും ഒന്നാണ് എന്നതും ശ്രദ്ധേയമാണ്. മുലായം സിംഗിന്‍റെ ആദ്യ ഭാര്യ മാലതി ദേവിയുടെ മകനാണ് അഖിലേഷ് യാദവ്. അഖിലേഷിന്‍റെ ജന്മത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മാലതി ദേവിയെ കിടപ്പുരോഗിയാക്കി. മുലായത്തിന്‍റെ രണ്ടാം ഭാര്യ സാധന ഗുപ്തയുടെ മകനാണ് പ്രതീക് യാദവ്. സമാജ് വാദി പാര്‍ട്ടിയോടൊപ്പമായിരുന്ന പ്രതീക് യാദവിന്‍റെ ഭാര്യ അപര്‍ണ യാദവ് ഇപ്പോള്‍ ബി.ജെ.പി. അംഗമാണ്. അഖിലേഷിന്‍റെ വിജയത്തിനായി മുലായം റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക ഗ്രാമ പ്രധാന്‍മാരെ നേരിട്ട് വിളിച്ചുള്ള മുലായത്തിന്‍റെ പ്രചരണം വീട്ടിലിരുന്നാണ്.