പഞ്ചാഗ്നി 14

പഞ്ചാഗ്നി 14

ശകുനി 

വിമത ശല്യം രൂക്ഷം 

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശിയ, പ്രദേശിക പാര്‍ട്ടികള്‍ ഒരേപോലെ നേരിടുന്ന പ്രശ്നമാണ് വിമതന്‍. പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളുടെ പേരിനോട് സാമ്യമുള്ള സ്ഥാനാര്‍ത്ഥികളുടെ ശല്യം വേറെയാണ്. അവര്‍ പ്രചരണ രംഗത്ത് വരാതെ തന്നെ വോട്ടുകള്‍ നേടുന്നത് വോട്ടര്‍മാരുടെ നിരക്ഷരത കൊണ്ടു മാത്രമാണ്. വിമതര്‍ പരസ്യമായി വോട്ടര്‍മാരെ കണ്ട് വോട്ട് ചോദിക്കുന്നു. വിമതരുടെ ശക്തികൊണ്ട് ജയിക്കേണ്ട പല വമ്പന്‍മാരും പലപ്പോഴും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പ്രമുഖരായ വിമതരുണ്ട്. പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചാല്‍ സ്വയം വിമതനായി നില്‍ക്കുകയോ മറ്റൊരാഐ നിര്‍ത്തി പിന്തുണ നല്‍കുകയോ ചെയ്യും. മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റില്‍ ബി.ജെ.പിക്ക് ജെ.ഡി.യുവിന്‍റെ 60 സ്ഥാനര്‍ത്ഥികള്‍ വിമതരാണ്. അവരെ കൂടാതെ വേറെയും ചിലര്‍ വിമതരായി പലയിടത്തുമുണ്ട്. 

യൂണിഫോം സിവില്‍ കോഡ് 

ഉത്തരാഖണ്ഡില്‍ ബി.ജെ.പിക്ക് വിജയ സാധ്യത കൂടുതലാണെന്ന സര്‍വ്വെ വന്നതിന് പിന്നാലെ യൂണിഫോം സിവില്‍ കോഡ് (ഏകീകൃത പൗരനിയമം) കൊണ്ടുവരും എന്ന് പ്രഖ്യാപിച്ചു. മറ്റ് നാല് സംസ്ഥാനങ്ങളിലും ഇങ്ങനെ ഒരു പ്രഖ്യാപനം ബി.ജെ.പി. നടത്തിയില്ല എന്നത് ശ്രദ്ധേയം. ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരേ രീതിയില്‍ ബാധകമാകുന്ന തരത്തില്‍ ഒരു പൊതു വ്യക്തി നിയമ സംഹിത എന്നതിനെ കുറിക്കുന്ന പദമാണ് ഏകീകൃത സിവില്‍ കോഡ്. മുസ്ലിം വ്യക്തിനിയമങ്ങള്‍ക്കുപകരം ഏകീകൃത സിവില്‍കോഡ് വരുമ്പോള്‍ മുസ്ലിങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകും. മുസ്ലിങ്ങളില്‍ ഹിന്ദുകോഡ് അടിച്ചേല്പിക്കപ്പെടും, ഏകീകൃത പൗരനിയമം ബഹുസ്വരത തകര്‍ക്കും. തിരഞ്ഞെടുപ്പ് ഫലം വരികയും, ബി.ജെ.പി. അധികാരത്തില്‍ വരികയും ചെയ്താല്‍ ഏകീകൃത പൗരനിയമം നടപ്പിലാക്കാന്‍ ശ്രമിക്കും. അത് ദേശിയ തലത്തില്‍ വലിയ പ്രതിഷേധമുണ്ടാക്കും. 2024 തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ഏകീകൃത പൗരനിയമം ചര്‍ച്ചയാകണം. 

ഗാന്ധി കുടുംബം ഒന്നാകുമോ...? 

ബി.ജെ.പിയുടെ പാര്‍ലമെന്‍റ് അംഗങ്ങളായ മനേക ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും ഇക്കുറി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് നേത്യത്ത്വം മാറ്റി നിര്‍ത്തിയിരിക്കുന്നത് ചര്‍ച്ചയാണ്. ബി.ജെ.പിക്ക് സ്വീകാര്യമല്ലാത്ത അഭിപ്രായങ്ങള്‍ കര്‍ഷക സമരം മുതല്‍ പരസ്യമാക്കിയിരുന്നു വരുണ്‍ ഗാന്ധി. കര്‍ഷക സമരത്തിന് അനുകൂലമായും, ലഖിംപുര്‍ സംഭവത്തെ ഹിന്ദു- സിഖ് സംഘര്‍ഷമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നായിരുന്നു വരുണ്‍ ഗാന്ധി പ്രതികരിച്ചിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം പ്രതികള്‍ വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ വരുണ്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. കര്‍ഷകരെ കൊലപ്പെടുത്തി നിശബ്ദരാക്കാന്‍ ആവില്ലെന്ന് കൂടി വരുണ്‍ ഗാന്ധി കുറിച്ചിരുന്നു. ജെ.എന്‍.യുവിലെ പുതിയ വൈസ് ചാന്‍സിലര്‍ നിയമനത്തേയും വരുണ്‍ വിമര്‍ശിച്ചു. 1980 ല്‍ സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ കൊല്ലപ്പെടുമ്പോള്‍ മനേക ഗാന്ധിയ്ക്ക് പ്രായം 23 വയസ്സാണ്. മകന്‍ വരുണ്‍ ഗാന്ധിയുടെ പ്രായം 100 ദിവസം മാത്രം. കോണ്‍ഗ്രസുകാരിയായ മനേകയും, മകന്‍ വരുണും ഘര്‍ വാപസി നടത്തുമെന്ന സംസാരമുണ്ട്.