പഞ്ചാഗ്നി 13

പഞ്ചാഗ്നി 13

ശകുനി  

യുപിയിലേയും ഗോവയിലേയും ദീദി 

ഉത്തര്‍പ്രദേശിലും, ഗോവയിലേയും തിരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രചരണത്തിനിറങ്ങി. ഉത്തര്‍പ്രദേശില്‍ മത്സരരംഗത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. 2024 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ത്രിണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടാകുമെന്ന് ദീദി പ്രഖ്യാപിച്ചു കഴിഞ്ഞു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റത് പോലെ ഉത്തര്‍പ്രദേശിലും ആവര്‍ത്തിക്കാന്‍ പോകുന്നെന്നാണ് ദീദി പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാള്‍ ജനതയെ ഉത്തര്‍പ്രദേശിലെ ജനത അനുകരിക്കാന്‍ പോകുന്നതായി മമത പറഞ്ഞു. ഗോവയില്‍ മമത മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. ദേശിയ രാഷ്ട്രീയമാണ് ദീദിയുടെ നോട്ടമെന്ന സംസാരവുമുണ്ട്.

നാല് മുന്‍ മുഖ്യമന്ത്രിമാര്‍ മത്സരിക്കുന്നു 

ഏറ്റവും ശ്രദ്ധേയമായ ഒരു സംഭവം പഞ്ചാബില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നുണ്ട്. മുന്‍പ് ഒരു സംസ്ഥാനത്തും ഇങ്ങനെ ഒന്ന് നടന്നിട്ടില്ല എന്നത് കൊണ്ട് തന്നെ പഞ്ചാബിലെ സംഭവത്തിന് പ്രത്യേകത ഉണ്ട്. പഞ്ചാബിലെ നാല് മുന്‍ മുഖ്യമന്ത്രിമാരാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രകാശ് സിംഗ് ബാദല്‍, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ,  രജീന്ദര്‍ കൗര്‍ ബട്ടല്‍ പിന്നെ നിലവിലെ മുഖ്യമന്ത്രി ചന്നിയും. ഇതു കൂടാതെ മുഖ്യമന്ത്രി കുപ്പായം തുന്നിയവരും മത്സര രംഗത്തുണ്ട്. മുഖ്യമന്ത്രി മോഹമുള്ളവരെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. പക്ഷെ ഒരാള്‍ക്ക് മാത്രമല്ലേ മുഖ്യമന്ത്രിയാകാന്‍ പറ്റുകയുള്ളൂ എന്നാണ് പഞ്ചാബിലെ വോട്ടര്‍മാര്‍ ചോദിക്കുന്നത്.

ചരിത്രം പ്രചാരണ വിഷയമായപ്പോള്‍  

രാഷ്ട്രീയത്തില്‍ ചരിത്രത്തിനും പ്രചാരണമാകാമെന്നാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് വീക്ഷിക്കുന്നവര്‍ക്ക് മനസിലാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഹുല്‍ ഗാന്ധിയും, അഖിലേഷ് യാദവും, ലാലു പ്രസാദ് യാദവും എല്ലാം ചരിത്രം പറയുന്നുണ്ട്. പഞ്ചാബില്‍ മത്സരിക്കുന്ന ശിരോമണി അകാലി ദളിന്‍റെ നേതാവും അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന 94 വയസുള്ള പ്രകാശ് സിംഗ് ബാദലും ചരിത്രം പറഞ്ഞാണ് വോട്ടു പിടുത്തം. ഗോവയുടെ രാഷ്ട്രീയ ചരിത്രം പറഞ്ഞ് മോദിയും രാഹുലും ഏറ്റ് മുട്ടുന്ന കാഴ്ച്ച കഴിഞ്ഞ ദിവസമാണ് രാജ്യം കണ്ടത്. കുടുംബാധിപത്യ ചരിത്രം പറഞ്ഞ മോദിക്ക്  മറുപടിയായി ലാലു പ്രസാദ് യാദവ് കുടുംബവും മക്കളുമില്ലാത്തതിന് താനെന്ത് ചെയ്യുമെന്നാണ് ചോദിച്ചത്. മണിപ്പൂരും, ഉത്തരാഖണ്ഡിലും ചരിത്രം പറഞ്ഞുള്ള പ്രചരണം എല്ലാവരും നടത്തുന്നുണ്ട്.