പഞ്ചാഗ്നി 12
ശകുനി
പഞ്ചാബിലെ ആംആദ്മി
പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ പ്രചരണം നടത്തുന്നത് ആംആദ്മി പാര്‍ട്ടിയാണ്. അധികാരത്തില്‍ വരും എന്ന പ്രതീക്ഷയിലാണ് അവരുടെ പ്രചരണം പുരോഗമിക്കുന്നത്. പുറത്തിറങ്ങിയ തിരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ ആംആദ്മി പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ മേല്‍ക്കെ ഉണ്ടെന്ന ഫലം വന്നത് അവരെ ആവേശത്തിലാക്കിയിട്ടുണ്ട്. ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മാന്‍ സംസ്ഥാനത്ത വ്യാപകമായി പ്രചരണം നടത്തുന്നു. പഞ്ചാബ് ജനതയ്ക്ക് ഏറെ പരിചിതമുഖമാണ് മുന്‍ ഹാസ്യ താരം കൂടിയായ മാന്‍.ڔആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ അനിമേഷന്‍ വീഡിയോ സംസ്ഥാനത്ത് വന്‍ ഹിറ്റാണ്. പഞ്ചാബിലെ ഗ്രാമങ്ങളിലടക്കമുള്ള ഭൂരിപക്ഷം ജനങ്ങളും വീഡിയോ കണ്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നര്‍മ്മം നിറഞ്ഞ ചെറു അനിമേഷന്‍ വീഡിയോകള്‍ മുന്‍പ് ആംആദ്മി പുറത്തിറക്കിയിട്ടുണ്ടെങ്കിലും മാരിയോ... ബട്ട് റിയല്‍ ! വെയ്റ്റ് ടില്‍ എന്‍റ്... എന്ന വീഡിയോ വന്‍ ഹിറ്റായിരിക്കുകയാണ്.
മുക്താര്‍ അന്‍സാരി ഇത്തവണയും...?
ഉത്തര്‍പ്രദേശിലെ മാവു മണ്ഡലത്തില്‍ നിന്ന് സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രാഷ്ട്രീയക്കാരനായി മാറിയ ഗുണ്ടാ നേതാവ് മുക്താര്‍ അന്‍സാരി മത്സരിക്കും എന്നറിയുന്നു. മകന്‍ അബ്ബാസും മാവു മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. കോണ്‍സ്രസിന്‍റെ മുന്‍ നേതാവ് മുക്താര്‍ അഹമദ് അന്‍സാരിയുടെ കൊച്ചുമകനാണ് മുക്താര്‍ അന്‍സാരി. എന്തെങ്കിലും തടസമുണ്ടെങ്കില്‍ മകന്‍ അബ്ബാസ് മത്സരിക്കും. 1996 മുതല്‍ മൂക്താര്‍ മാവു മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. 1996ല്‍ ബി.എസ്.പി. ടിക്കറ്റില്‍ ജയിച്ച മുക്താര്‍ അന്‍സാരി 2002ലും 2007ലും സ്വതന്ത്രനായാണ് ജയിച്ചത്. 2010ല്‍ ക്യൂമി ഏകതാ ദള്‍ എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് 2012ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചു. 2017ല്‍ ബി.എസ്.പി. ടിക്കറ്റില്‍ മത്സരിച്ചായിരുന്നു മുക്താര്‍ അന്‍സാരി ജയിച്ചത്. 2019 മുതല്‍ ജയിലില്‍ കിടക്കുന്ന മുക്താറിന് മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ട്. സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി 2017ല്‍ ബി.ജെ.പിയുടെ ഘടക കക്ഷിയായിരുന്നു. അവര്‍ ബി.ജെ.പി. സംഖ്യം ഉപേക്ഷിച്ച് ഇപ്പോള്‍ സമാജ്വാദി പാര്‍ട്ടിയോടൊപ്പമാണ് 2022ല്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ലാലു പ്രസാദിന്‍റെ ആവനാഴി
രോഗശൈയ്യയിലാണെങ്കിലും ലാലു പ്രസാദ് യാദവിന്‍റെ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തും പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലായിടത്തും അണികളില്ലെങ്കിലും പ്രസ്താവനകളിലെ സവിശേഷത കൊണ്ടാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരിക്കല്‍ അദ്ദേഹം പറഞ്ഞത്, ജബ് തക്ക് സമോസാ മേ രഹേഗാ ആലൂ, തമ്പ് തക്ക് ബീഹാര്‍ മേ രഹേക ലാലു എന്നാണെന്നത് ഈ അവസരത്തില്‍ ഓര്‍ത്ത് പോകുന്നത് സ്വാഭാവികം. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം തിരിച്ച് വന്നിരിക്കുന്നു എന്നും അത് ബി.ജെ.പിയുടെ രൂപത്തിലാണെന്നുമാണ് ലാലു ഇപ്പോള്‍ ഇറക്കിയിരിക്കുന്ന പ്രസ്താവന. ഉത്തര്‍പ്രദേശില്‍ ലാലുവിന്‍റെ ആര്‍.ജെ.ഡി. നേതാക്കള്‍ സമാജ്വാദി പാര്‍ട്ടി പ്രചരണത്തിലുണ്ട്.