പഞ്ചാഗ്നി 11
ശകുനി
ഉത്തരാഖണ്ഡിന് വേണ്ടത് സ്ഥിരത
ഉത്തരാഖണ്ഡ് സംസ്ഥാനം 2000ത്തിലാണ് നിലവില്‍ വന്നത്. 1996ല്‍ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ സ്വാതന്ത്ര ദിനത്തിലാണ് ഉത്തരാഞ്ചല്‍ എന്ന സംസ്ഥാനം പ്രഖ്യാപിച്ചത്. 2000 നവംബറില്‍ ഉത്തരാഞ്ചല്‍ ബില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. ഉത്തരാഞ്ചല്‍ പിന്നീട് ഉത്തരാഖണ്ഡായി. രാഷ്ട്രീയ അനിശ്ചിതത്ത്വം കാരണം ഇതിനിടയില്‍ അവിടെ രാഷ്ട്രപതി ഭരണവും ഉണ്ടായി. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്ന ഉത്തരാഖണ്ഡില്‍ പടലപിണക്കവും വിമതപ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിനെ രാഷ്ട്രീയമായി തകര്‍ത്തു. നാല് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവിടെ നടന്നിട്ടുണ്ട്. പക്ഷെ, ഉത്തരാഖണ്ഡിന് 10 മുഖ്യമന്ത്രിമാര്‍ ഉണ്ടായി എന്നതും ചരിത്രമാണ്. ബി.ജെ.പി. ശക്തികേന്ദ്രമായി ഉത്തരാഖണ്ഡ് മാറുന്നതിന് കോണ്‍ഗ്രസിന് വലിയ സംഭാവനയുണ്ട്. ബി.ജെ.പിയിലേയ്ക്ക് കുടിയേറിയത് പഴയ കോണ്‍ഗ്രസുകാരായത് കൊണ്ട് വിഭാഗിയതയും, വിമത നീക്കവും അവിടേയും തുടങ്ങി. ഉത്തരാഖണ്ഡിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്ഥിരതയാണ്.
ഹിന്ദു മുസ്ലീം കളിക്കുള്ള സ്റ്റേഡിയമല്ല
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നടന്ന പൊതുയോഗത്തില്‍ കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞത് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചയാണ്. ഹിന്ദു മുസ്ലീം കളിക്കുള്ള സ്റ്റേഡിയമല്ല മുസാഫര്‍ നഗര്‍ എന്നാണ് രാകേഷ് ടിക്കായത്ത് പറഞ്ഞത്. രാകേഷ് ടിക്കായത്ത് ഒരു വര്‍ഷം നീണ്ട കര്‍ഷകസമരത്തെ കുറിച്ചും, സമരത്തിനിടയില്‍ രക്തസാക്ഷിത്ത്വം വരിച്ച കര്‍ഷകരെ കുറിച്ചും വ്യാപകമായി ഉത്തര്‍പ്രദേശില്‍ ചര്‍ച്ച ചെയ്യിക്കുന്നു. ഉത്തര്‍പ്രദേശില്‍ നടന്ന വര്‍ഗീയ കലാപങ്ങളും കര്‍ഷക നേതാവ് ചര്‍ച്ചയാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കര്‍ഷകരുള്ള ഉത്തര്‍പ്രദേശില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിന്‍റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നവര്‍ ധാരാളമുണ്ട്.
റാം റഹീമിന് പരോളല്ല, ഫര്‍ലോ...
ദേരാ സച്ചാ സൗദയുടെ തലവനും ബലാത്സംഗം, കൊലപാതകം എന്നീ കുറ്റം ചുമത്തി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഗുര്‍മീത് റാം റഹീം സിംഗിന് അവധി (ഫര്‍ലോ) നല്‍കി. മുന്ന് തവണ പരോള്‍ ലഭിച്ച വിവാദ ആള്‍ദൈവം റാം റഹീമിന് ജില്ലാ ഭരണകൂടം വീണ്ടും അനുമതി നല്‍കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് പരോളിന് പകരം 21 ദിവസത്തെ ഫര്‍ലോ നല്‍കിയാണ് വിട്ടയച്ചത്. ഫര്‍ലോ നല്‍കി വിട്ടയച്ചത് പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന ആരോപണം ശക്തമാകുന്നു. ബി.ജെ.പി. അനുകൂലിയായ റാം റഹീമിന് ആയിരകണക്കിന് അനുയായികളാണ് പഞ്ചാബിലുള്ളത്. പഞ്ചാബിലെ പല മേഖലകളിലും നിര്‍ണ്ണായക സ്വാധീനമുള്ള റാം റഹീമിനെ ഉപയോഗിക്കാന്‍ ഹരിയാന ബി.ജെ.പി. എടുത്ത തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നു. ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്ന് പുറത്ത് പോകാന്‍ പാടില്ലെങ്കിലും സ്വതന്ത്രമായി അണികളെ വീഡിയോ കോളുകളില്‍ ബന്ധപ്പെടുന്നതിന് തടസവുമില്ല.