പഞ്ചാഗ്നി 10

പഞ്ചാഗ്നി 10

ശകുനി 

വെര്‍ച്വല്‍ റാലികള്‍ 

മുന്‍ കാല തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നാണ് ഇപ്പോള്‍ വ്യാപകമായി നടക്കുന്ന വെര്‍ച്വല്‍ റാലികള്‍. നേതാക്കള്‍ക്ക് ആശ്വാസമായ ഒന്നാണ് വെര്‍ച്വല്‍ റാലികള്‍ എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കോവിഡ് വ്യാപകമായി പടര്‍ന്ന് കയറുന്ന സാഹചര്യത്തില്‍ സുരക്ഷിതമാണ് വെര്‍ച്വല്‍ റാലികള്‍. പ്രധാനമന്ത്രി മോദിയും, രാഹുല്‍ ഗാന്ധിയും, അരവിന്ദ് കേജരിവാളും, അഖിലേഷ് യാദവും എല്ലാം വ്യത്യസ്ഥങ്ങളായ വെര്‍ച്വല്‍ റാലികളില്‍ പങ്കെടുക്കുന്നു. ഒരേ ദിവസം വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ ഇത്തരം റാലികളില്‍ പ്രസംഗിക്കാന്‍ സാധിക്കുന്നു എന്നത് നിസാര കാര്യവുമല്ല. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന് സമാനമായ ഒന്നാണ് ഇതും. അതുകൊണ്ട് നരേന്ദ്ര മോദിക്ക് ഒരു പ്രശ്നവുമില്ല. ജനങ്ങളുടെ ആരവം കേട്ടുകൊണ്ടല്ലല്ലോ വെര്‍ച്വല്‍ റാലിയിലെ പ്രസംഗം.

ജയന്ത് ചൗദരി നിസാരനല്ല സര്‍... 

ഉത്തര്‍പ്രദേശില്‍ അഖിലേഷിനൊപ്പം തിരഞ്ഞെടുപ്പു പ്രചരണത്തില്‍ തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ജയന്ത് ചൗദരി നിസാരക്കാരനല്ല എന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. കര്‍ഷക സമരത്തോടെ ജയന്ത് ചൗദരി ഉത്തര്‍പ്രദേശില്‍ പരക്കെ സ്വീകാര്യനായി മാറിയിരുന്നു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചരണ്‍ സിംഗിന്‍റെ കൊച്ചു മകനും, മുന്‍ കേന്ദ്രമന്ത്രി അജിത്ത് സിംഗിന്‍റെ മകനുമാണ് ജയന്ത് ചൗദരി. കര്‍ഷക കുടുംബമായ അവര്‍ക്ക് കര്‍ഷകരുടെ പിന്തുണ ലഭിക്കുക സ്വാഭാവികം മാത്രം. മുത്തച്ഛനും, അച്ഛനും നേതാക്കളായത് തന്നെ കര്‍ഷക പിന്തുണയോടെയാണ്. ഇപ്പോഴിതാ ജയന്ത് ചൗദരി ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ മനസ് കീഴടക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ പേരെടുത്ത് പറഞ്ഞ് ദേശിയ നേതാക്കള്‍ ജയന്തിനെതിരെ പ്രസംഗിച്ചു തുടങ്ങിയിരിക്കുന്നു. ജയന്ത് ചൗദരി നിസാരനല്ല സര്‍...

സ്ഥാനാര്‍ത്ഥിയാകാന്‍ ക്രമിനലാകണോ...? 

ഗോവയിലെ ബീച്ചിലിരുന്ന് ഒന്നാമന്‍ രണ്ടാമനോട് ചോദിച്ച ചോദ്യമാണ് സ്ഥാനാര്‍ത്ഥിയാകാന്‍ ക്രിമിനലാകണോ എന്നത്. ഗോവയിലെ 40 സീറ്റുകളില്‍ മത്സരിക്കുന്ന 301 സ്ഥാനാര്‍ത്ഥികളില്‍ പലരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. എല്ലാ പാര്‍ട്ടികളുടെ ലിസ്റ്റിലുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും ഇങ്ങനെ ഒരു മേലങ്കി ഉണ്ട്. സ്ഥാനാര്‍ത്ഥിയാകുന്നതിന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാകണമെന്നത് യോഗ്യതയുടെ ഭാഗമാണോ എന്നത് ഗോവയിലെ സംസാര വിഷയമാണ്. പൊതു പ്രവര്‍ത്തകരായ എല്ലാവര്‍ക്കും ഇത്തരത്തില്‍ ക്രിമിനല്‍ കേസുകള്‍ സ്വാഭാവികമാണ്. സമരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മിക്കവാറും ഒന്നാം നിരക്കാരുടെ പേരുകള്‍ പോലീസുകാര്‍ എഴുതി ചേര്‍ക്കും. പണ്ട് കാര്‍ട്ടൂണുകളില്‍ കഥാപാത്രങ്ങളാകുന്നത് രാഷ്ട്രീയ പ്രവേശനമായി കണക്കിലാക്കിയിരുന്നു.