തിരഞ്ഞെടുപ്പിനൊരുങ്ങുന്ന നാട്
വിജയ് ചൗക്ക് @ 127 @ മെട്രോ വാര്‍ത്ത: ജനുവരി 08
സുധീര്‍നാഥ്
രാജ്യത്തെ അഞ്ച് പ്രഥാന സംസ്ഥാനങ്ങള്‍ മാര്‍ച്ച് മാസത്തോടെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ 2022ല്‍ തിരഞ്ഞെടുപ്പ് ഉണ്ടാകും. ഇന്ത്യയില്‍ 2024ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായുള്ള ഫലങ്ങളാണെന്നാണ് വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ സൂചനകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് വ്യാപക സംസാരമുണ്ടാകുന്നതില്‍ തെറ്റുമില്ല. ഉത്തര്‍ പ്രദേശ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ്. ഉത്തര്‍ പ്രദേശില്‍ നിന്നാണ് കൂടുതല്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ ഉള്ളത്. ഉത്തര്‍ പ്രദേശ് സംസ്ഥാനം ഭരിക്കുന്നവരായിരിക്കും രാജ്യം ഭരിക്കുക എന്ന അപ്രഖ്യാപിത നിയമം കൂടി ഉണ്ട്. രാഷ്ട്രപതിയുടേയും, ഉപരാഷ്ട്രപതിയുടേയും തിരഞ്ഞെടുപ്പും നടക്കും. എഴുപത് രാജ്യസഭാ അംഗങ്ങളുടെ കാലാവതി പൂര്‍ത്തിയാകുന്നത് കൊണ്ട് തിരഞ്ഞെടുപ്പ് നടക്കും. ഉപതിരഞ്ഞെടുപ്പുകളും, തദ്ദേശ തിരഞ്ഞെടുപ്പുകളും വേറെ.
2022 ഏപ്രില്‍ മാസം പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇന്ത്യന്‍ പ്രസിഡണ്ടിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വളരെ മുന്‍പേ തന്നെ തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ നിലവിലുള്ള രാംനാഥ് കോവിന്ദിന് രണ്ടാമത് ഒരു പ്രാവശ്യം കൂടി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഉപരാഷ്ട്രപതി രാഷ്ട്രപതി ആകും എന്നുള്ള സംസാരം നിലവില്‍ ഉണ്ട്. എന്നാല്‍ ഉപരാഷ്ട്രപതി വെന്‍ങ്കയ്യ നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, അഭ്യന്തിര മന്ത്രി അമിത്ത് ഷായ്ക്കും വലിയ താല്പര്യം ഇല്ല എന്നുള്ളതാണ് പിന്നാമ്പുറ സംസാരം. വെങ്കയ്യ നായിഡു എടുത്ത പല നിലപാടുകളിലും മോദി അത്യപ്തി രേഖപ്പെടുത്തിയിട്ടുമുണ്ട്. രാഷ്ട്രപതിയായി വരുന്ന വ്യക്തി പൂര്‍ണ്ണമായും നിയന്ത്രണത്തിലാകണമെന്ന് മോദിക്ക് താത്പര്യമുണ്ട്.
2017 ജൂലൈ 25 നാണ് ആണ് രാംനാഥ് ഗോവിന്ദ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട് നിയമിതനായത്. അതുകൊണ്ടുതന്നെ എന്നെ 2022 ജൂലൈ മാസത്തിന് മുന്‍പ് തന്നെ ഇന്ത്യയില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കും. ഇന്ത്യന്‍ പൗരനും 35 വയസ്സ് പൂര്‍ത്തിയാക്കിയതും, ലോക്സഭാംഗം ആകുവാനുള്ള യോഗ്യതയുള്ള ആര്‍ക്കും ഇന്ത്യന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടാം. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 58 പ്രകാരം രാജ്യത്തെ ലോക്സഭയുടേയും, രാജ്യസഭയുടേയും 776 പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും, 28 സംസ്ഥാനങ്ങളിലേയും, കേന്ദ്രഭരണപ്രദേശത്തേയും 4120 എംഎല്‍എമാര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഓരോ വോട്ടിന്‍റേയും മൂല്യം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കണക്കാക്കുക. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നവര്‍ 15,000 രൂപ കെട്ടി വെയ്ക്കുകയും, 50 വേട്ടവകാശമുള്ളവരില്‍ നിന്ന് പ്രൊപ്പോസ് ചെയ്യിക്കുകയും, 50 പേരില്‍ നിന്ന് സെക്കന്‍റ് ചെയ്യിക്കുകയും വേണം. ലോക്സഭാ മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ രാഷ്ട്രപതിയാകുമെന്ന സംസാരം കേള്‍ക്കുന്നുണ്ട്.
ഉപരാഷ്ട്രപതി പദവിയിലേക്ക് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. പല പേരുകളും നിലവില്‍ സംസാരവിഷയമാണ്. 2022 ഓഗസ്റ്റ് മാസമാണ് ഉപരാഷ്ട്രപതി സ്ഥാനത്ത് വെങ്കയ്യ നായിഡു കാലാവധി പൂര്‍ത്തിയാകുന്നത്. അതുകൊണ്ട് ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് 2022 ഓഗസ്റ്റ് മാസത്തിന് മുന്‍പ് ആയിരിക്കും നടക്കേണ്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 66 പ്രകാരം രാജ്യത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാജ്യസഭയിലേയും ലോക്സഭയിലേയും അംഗങ്ങള്‍ക്ക് മാത്രമായിരിക്കും വോട്ടവകാശമുണ്ടായിരിക്കുക. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നവര്‍ 15,000 രൂപ കെട്ടി വെയ്ക്കുകയും, 20 വേട്ടവകാശമുള്ളവരില്‍ നിന്ന് പ്രൊപ്പോസ് ചെയ്യിക്കുകയും, 20 പേരില്‍ നിന്ന് സെക്കന്‍റ് ചെയ്യിക്കുകയും വേണം. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നതായുള്ള സൂചനയും ഉണ്ട്.
രാജ്യസഭയിലേക്ക് 2022 ല്‍ എഴുപതോളം രാജ്യസഭ അംഗങ്ങളുടെ കാലാവധിയാണ് പൂര്‍ത്തിയാകുന്നത്. വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളില്‍ ഭൂരിപക്ഷം ബിജെപി അനുകൂല അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ രാജ്യസഭയില്‍ തീര്‍ച്ചയായും ഭരണപക്ഷത്തിന് മേല്‍ക്കോയ്മ ലഭിക്കും. കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധിയാണ് പൂര്‍ത്തിയാകുന്നത്. എ.കെ. ആന്‍റണി, കെ സോമപ്രസാദ്, ശ്രേയംസ് കുമാര്‍ എന്നീ മൂന്നു പേരാണ് അവര്‍. ഏപ്രില്‍ രണ്ടാം തീയതിയാണ് ഇവരുടെ കാലാവധി അവസാനിക്കുന്നത്. കേരളത്തില്‍ മൂന്നു രാജ്യസഭ അംഗങ്ങളുടെ ഒഴുവില്‍ ഒരു സ്ഥാനം കോണ്‍ഗ്രസിനുള്ളതാണ്. മറ്റ് രണ്ട് സ്ഥാനങ്ങള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ജയിക്കാം. സി.പി.ഐ.എമ്മിന് ഒരുസ്ഥാനം ഉറപ്പാണ്. രണ്ടാമത്തെ രാജ്യസഭാ സീറ്റില്‍ ശ്രേയംസ്കുമാര്‍ തന്നെ അവകാശവാദം ഉന്നയിക്കും. സംസ്ഥാനത്ത് മന്ത്രിസ്ഥാനം ഒഴിവാക്കിയത് ശ്രേയംസ് കുമാര്‍ ചൂണ്ടി കാണിക്കുമായിരിക്കും. സി.പി.ഐ.എം. എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചായിരിക്കും ശ്രേയംസിന്‍റെ രാജ്യസഭാ കസേര.
ഇന്ത്യയില്‍ മാര്‍ച്ച് മാസം അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അത് ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ്. ഇവിടെ മാര്‍ച്ച് മാസം തന്നെ തിരഞ്ഞെടുപ്പ് നടക്കും എന്ന് തീര്‍ച്ചയാണ്. നവംബര്‍ മാസം ഹിമാചല്‍പ്രദേശിലും, ഡിസംബര്‍ മാസം ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കാശ്മീരില്‍ 2022 ല്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തുവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. ഇപ്പോള്‍ അവിടെ രാഷ്ട്രപതി ഭരണം നടക്കുകയാണ്.
ഗോവയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണമാണ് നടക്കുന്നത് പ്രമോദ് സവാദ് ആണ് അവിടെ ഇപ്പോഴത്തെ മുഖ്യമന്ത്രി. കോണ്‍ഗ്രസില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ രാജിവെച്ച് ബി.ജെ.പിയോടൊപ്പം പോയതും ഗോവയില്‍ ബി.ജെ.പി. സര്‍ക്കാര്‍ ഉണ്ടാക്കിയതും രാഷ്ട്രീയ ചരിത്രമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധേയ നീക്കങ്ങളുണ്ടായ സര്‍ക്കാര്‍ രൂപീകരണമാണ് മുന്‍പ് നടന്നിരുന്നത്. ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അതുകൊണ്ട് തന്നെ ഇത്തവണ ദേശീയശ്രദ്ധ നേടുന്ന ഒന്നാകും. മണിപ്പൂരില്‍ സ്ഥിതി മറിച്ചാണ് ഭാരതീയ ജനതാ പാര്‍ട്ടി പാര്‍ട്ടി നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷ്ണല്‍ പീപ്പിള്‍ ഫ്രണ്‍ഡ് എന്നിവരുടെ സഹകരണത്തോടെയാണ് അവിടെ ഭരിക്കുന്നത്. ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ വിജയം ക്കൈവരിച്ചാല്‍ മാത്രമേ സ്വന്തം അജണ്ഡകള്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കൂ.
പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ ഭരണമാണ് നടക്കുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്‍റെ കരുത്തനായ മുഖ്യമന്ത്രിയായിരുന്നു. കോണ്‍ഗ്രസുമായി പിണങ്ങി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പി. മുന്നണിക്കെപ്പമാണ് ക്യാപ്റ്റനിപ്പോള്‍. ചരഞ്ചിത്ത് സിംഗ് ചന്നിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ പഞ്ചാബ് മുഖ്യമന്ത്രി. ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനകള്‍ വളരെ ശക്തമാണ്. ചണ്ഡിഗഡിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍ അതിന് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുയോഗം വിളിച്ചതും 70,000 കസേരകളില്‍ 700 കസേരകളില്‍ ഇരിക്കാന്‍ മാത്രമേ ജനം എത്തിയുള്ളൂ എന്ന വാര്‍ത്ത ബി.ജെ.പിയില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. സുരക്ഷാ വീഴ്ച്ച ഉണ്ടായതിനെ തുടര്‍ന്ന് 20 മിനിറ്റോളം വഴിയില്‍ കിടക്കേണ്ടി വന്നതും, പരിപാടി റദ്ദാക്കി മടങ്ങി പോയതും ഇപ്പോള്‍ രാഷ്ട്രീയ ആയുധമായിരിക്കയാണ്. കര്‍ഷക സമരത്തിനെ തുടര്‍ന്ന് വടക്കേ ഇന്ത്യയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടിയും ഉത്തരാഖണ്ഡില്‍ പുഷ്കര്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടിയും ഭരിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും പഞ്ചാബിലെ പോലെ കര്‍ഷകര്‍ വ്യാപകമായുണ്ട്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും കൃത്യമായ രാഷ്ട്രീയ ധ്രുവീകരണം കര്‍ഷക സമരം മൂലം നടന്നിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരത്തിന്‍റെ പ്രത്യാഘാതം വളരെ ഗൗരവകരമായി ബാധിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. അതിന്‍റെ ഗുണഭോക്താക്കള്‍ ആരാണെന്ന കാര്യത്തില്‍ ഇനിയും തീരുമാനം പറയാറായിട്ടില്ല. സംഭവബഹുലമായ തിരഞ്ഞെടുപ്പ് വര്‍ഷമാണ് 2022 എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.