പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2022 ജനുവരി 15
കോവിഡ് ഭീതിയില്‍ ലോകം
2022 പുതുവര്‍ഷ പുലരി ലോകത്തിന് മുന്നില്‍ ഭീതി നിറഞ്ഞ അന്തരീക്ഷമാണ് സ്യഷ്ടിച്ചിരിക്കുന്നത്. കോവിഡിന്‍റെ രൂപമാറ്റം വന്ന ഒമിക്രോണ്‍ വൈറസ് അതിവേഗമാണ് പടര്‍ന്ന് പിടിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഓരോ ദിവസവും ഭയപ്പെടുത്തുന്ന വേഗതയിലാണ് വൈറസിന്‍റെ വ്യാപനം നടക്കുന്നത്. രാത്രികാല കര്‍ഫ്യൂവും, വാരന്ത്യ കര്‍ഫ്യൂവും പല സംസ്ഥാന സര്‍ക്കാരുകളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്‍റിലെ 400 ജീവനക്കാര്‍ക്കും, സുപ്രീം കോടതിയിലെ 150 ജീവനക്കാര്‍ക്കും ഒരുമിച്ച് കോവിഡ് വന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ നൂറ് കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഓരോ സംസ്ഥാനത്തും പ്രതിദിനം കോവിഡ് പോസിറ്റീവാകുന്നതെന്ന റിപ്പോര്‍ട്ടുകളും ആശങ്കയ്ക്ക് കാരണമാണ്. കോവിഡ് വന്നവര്‍ക്കും, രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ഇപ്പോള്‍ കോവിഡ് പോസിറ്റീവ് ആകുന്നുണ്ട്. വാക്സിന്‍ സ്വീകരിക്കാത്തവരാണ് കൂടുതലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവരില്‍ ഒമിക്രോണ്‍ പിടിപ്പെട്ടാല്‍ സ്ഥിതി ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കൊറോണ വൈറസിന്‍റെ വകഭേതമായ ഡെല്‍റ്റയുടെ അത്ര അപകടകാരിയല്ല ഒമിക്രോണ്‍ എന്നത് ഒരു വസ്ഥുതയാണ്. പക്ഷെ, ഒമിക്രോണ്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നു. ഒമിക്രോണ്‍ മൂലം ലോകത്തിന്‍റെ പല ഭാഗത്തും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും ഒമിക്രോണ്‍ മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്‍റെ ഒന്നും രണ്ടും തരംഗ സമയത്ത് ജനങ്ങള്‍ എടുത്ത ജാഗ്രത ഇപ്പോഴില്ല. സാമൂഹ്യ അകലം, സാനിറ്റയ്സര്‍, മാസ്ക് എന്നിവ ഒരു പഴങ്കഥ പോലെ അവര്‍ കാണുന്നു. മാസ്ക് പേരിന് ധരിക്കുന്നവര്‍ താടിക്ക് ഇട്ട് നടക്കുന്നത് സര്‍വ്വസാധാരണമായി കാണുന്നു. കോവിഡ് ഒന്നും, രണ്ടും തരംഗത്തിന്‍റെ സമയത്ത് രാജ്യം ക്കൈകൊണ്ട ജാഗ്രതയിലേയ്ക്ക് മടങ്ങേണ്ട സാഹചര്യങ്ങളാണ് വരുന്നതെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ സൂചന നല്‍കുന്നുണ്ട്. രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്കും, മറ്റ് സ്ഥാപനങ്ങള്‍ വര്‍ക്ക് അറ്റ് ഹോം എന്ന തലത്തിലേയ്ക്കും മാറികൊണ്ടിരിക്കുന്നു. ജാഗ്രത കടുപ്പിച്ചില്ലെങ്കില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പോലുള്ള കടുത്ത നടപടിയിലേയ്ക്ക് രാജ്യം നീങ്ങും എന്ന കാര്യത്തില്‍ സംശയമില്ല.
നരേന്ദ്ര മോദിയുടെ വഴിതടഞ്ഞതാര്...?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഴി തടഞ്ഞത് ആരാണ്. സുരക്ഷാ വീഴ്ച്ച സംഭവിച്ചത് മൂലം ഫിറോസ്പൂരില്‍ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോയ പ്രധാനമന്ത്രിക്ക് ഇരുപത് മിനിറ്റിലേറെ ഒരു പാലത്തില്‍ കുടുങ്ങി കിടക്കേണ്ടി വരികയും പരിപാടി റദ്ദാക്കി മടങ്ങേണ്ടി വരികയും ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. 200റോളം കര്‍ഷകര്‍ വഴി തടയല്‍ നടത്തിയതാണ് മാര്‍ഗതടസം ഉണ്ടാകാന്‍ കാരണം എന്നാണ് പറയുന്നത്. സുരക്ഷാ വീഴ്ച്ചയുടെ പേരില്‍ പഞ്ചാബ് ഡി.ജി.പിയെ മാറ്റി പുതിയ നിയമനം നടത്തിയിരിക്കുകയാണ്. ഫിറോസ്പൂരിലെ റാലിയില്‍ 47,270 കോടി രൂപയുടെ വികസന പാക്കേജിന് തറക്കല്ലിടുന്ന ചടങ്ങും ഉള്‍പ്പെടുത്തിയിരുന്നു. ചടങ്ങിനായി ഒരുക്കിയിരുന്ന മൈതാനത്ത് 70,000 കസേരകളാണ് ഇട്ടിരുന്നത്. ബി.ജെ.പി. പഞ്ചാബ് നേത്യത്ത്വത്തിനെ ഞെട്ടിച്ച് കൊണ്ട് സമ്മേളന മൈതാനിയിലേയ്ക്ക് 700 പേര്‍ മാത്രമാണ് എത്തിയത്. മഴയും, ജനങ്ങളുടെ പങ്കാളിത്തകുറവും ബി.ജെ.പിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കാന്‍ കാരണമായിട്ടുണ്ട്. അത് മറയ്ക്കുന്നതിന് എടുത്ത നടപടിയാണ് സുരക്ഷാ വീഴ്ച്ചയും റാലി റദ്ദാക്കലും എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതിന്‍റെ വീഡിയോ ചിത്രങ്ങളുമായാണ് കോണ്‍ഗ്രസും, മറ്റ് പ്രതിപക്ഷ കക്ഷികളും പ്രതിരോധവുമായി എത്തിയത്. വിഷയം ഇലക്ഷന്‍ പ്രചരണത്തിന്‍റെ ഭാഗമാക്കുകയാണ് ബി.ജെ.പി. പരാജയഭീതിയിലാണ് പ്രധാനമന്ത്രി എന്ന എതിര്‍ പ്രചരണവും പഞ്ചാബില്‍ ശക്തമാണ്.
വിദ്വേഷ പ്രസംഗങ്ങള്‍ ചര്‍ച്ചയാകുന്നു
രാജ്യത്ത് അടുത്തകാലത്ത് വ്യാപകമായി നടക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നത് ആസൂത്രിതമാണെന്ന് കരുതണം. കര്‍ഷക സമരത്തെ തുടര്‍ന്ന് രാഷ്ട്രീയമായ തളര്‍ച്ച ബി.ജെ.പിക്ക് സംഭവിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. അത് മറികടക്കുന്നതിനായാണ് വടക്കേ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലായി ഹിന്ദു സമുദായ അംഗങ്ങളെ ആകര്‍ഷിക്കുവാനും വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനും ആസൂത്രിതമായി നീക്കം നടന്നത്. കര്‍ഷക സമരത്തിന്‍റെ ചര്‍ച്ചകളുടെ അന്തരീക്ഷത്തില്‍ നിന്ന് വിഷയം മാറ്റേണ്ടത് ബി.ജെ.പിക്ക് വര്‍ത്തമാനകാലത്തിന്‍റെ ആവശ്യമാണ്. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങിലെ തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയമായി വിലയേറിയതാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലും, ഉത്തര്‍പ്രദേശിലും, ഉത്തരാഖണ്ഡിലും കര്‍ഷക സമരത്തിന്‍റെ പ്രതിഫലനം ഉണ്ടാകുമെന്ന ഭയം ബി.ജെ.പിക്ക് ഇല്ലാതില്ല. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഗോവിന്ദപുരി മെട്രോ സ്റ്റേഷന് സമീപമുള്ള ബനാറസിദാസ് ചാണ്ഡിവാലാ ആഡിറ്റോറിയത്തില്‍ ഡിസംബര്‍ 19ന് ഹിന്ദു യുവ വാഹിനി എന്ന സംഘടന ഒരു കൂട്ടായ്മ നടത്തി പ്രതിജ്ഞ ചെല്ലുകയുണ്ടായി. തന്‍റെ ജീവിതത്തിന്‍റെ അവസാന ശ്വാസം വരെ ഹിന്ദു രാഷ്ട്രത്തിനായി പോരാടും. വേണ്ടി വന്നാല്‍ ഹിന്ദു രാഷ്ട്രത്തിനായി യുദ്ധം ചെയ്യാനും, മരിക്കാനും, കൊല ചെയ്യാനും തയ്യാറാണ് എന്നതായിരുന്നു പ്രതിജ്ഞയുടെ ചുരുക്കം. അവിടെ ഒട്ടേറെ മുസ്ലീം വിരുദ്ധ പ്രസംഗങ്ങളും ഉണ്ടായി. ഡിസംബര്‍ 16 മുതല്‍ 19 വരെ ഹരിദ്വാറില്‍ ഹിന്ദുത്ത്വ സംഘടനകളും സന്യാസിമാരും ചേര്‍ന്ന് സംഘടിപ്പിച്ച ധര്‍മ സന്‍സദ് (മത പാര്‍ലമെന്‍റ്) നടത്തിയിടത്തും വിദ്വേഷ പ്രസംഗം ഉണ്ടായി. ഇത് വലിയ വിവാദമാകുകയും രാജ്യത്താകമാനം പ്രതിഷേധം ഉണ്ടാകുവാനും കാരണമായി. പ്രതിഷേധം കനത്തതോടെ സംഘാടകരും, പ്രാസംഗികരും അറസ്റ്റിലായി. റായ്പൂരില്‍ സംഘടിപ്പിച്ച 'ധരം സന്‍സദി'ല്‍ മഹാത്മാഗാന്ധിക്കും ഇസ്ലാമിനും എതിരെ വിദ്വേഷം പ്രസംഗിക്കുകയും ഗാന്ധി ഘാതകന്‍ ഗോഡ്സെയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്ത മഹാരാഷ്ട്രയിലെ ഹിന്ദുത്വവാദി കാളീചരണ്‍ മഹാരാജായിരുന്നു വില്ലനായത്. മഹാത്മാവിനെ നിന്ദിച്ചതും, രാഷ്ട്രപിതാവിന്‍റെ ഘാതകരെ പ്രകീര്‍ത്തിച്ചതും വലിയ സംസാരമായി. കാളീചരണ്‍ മഹാരാജിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഇരമ്പിയപ്പോള്‍ വിദ്വേഷ പ്രസംഗത്തിന് കാളീചരണെതിനെതിരെ റായ്പൂര്‍ പൊലീസ് കേസെടുത്തു. അയാളെ ഛത്തീസ്ഗഢ് പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇത്തരത്തില്‍ രാജ്യത്തിന്‍റെ പല കോണുകളിലും ഹിന്ദു മതത്തിന്‍റെ പ്രചരണത്തിനായി നടത്തുന്ന കൂട്ടായ്മകള്‍ രാഷ്ട്രീയമായി വിശകലനം ചെയ്യേണ്ടതാണ്.
ബുള്ളി ഭായ് ആപ്പിന് പിന്നില്‍
വിദ്വേഷ പ്രസംഗങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടയില്‍ രാജ്യത്തെ മുസ്ലീം സ്ത്രീകളെ ഓണ്‍ ലൈനില്‍ ലേലം വിളിക്കുന്ന ബുള്ളി ഭായ് ആപ്പും ചര്‍ച്ചയാണ്. മുസ്ലീം സ്ത്രീകളെ മൊബൈല്‍ ആപ്പുവഴി ലേലം ചെയ്യാനുള്ള ശ്രമമാണ് ഈ ആപ്പുവഴി ഉണ്ടായത്. ഗിറ്റ്ഹബ്ബിന്‍റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ബുള്ളി ഭായ് എന്ന ആപ്ലിക്കേഷന്‍ വഴി നൂറ് കണക്കിന് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ നിരത്തിയാണ് ലേലത്തിന് വെച്ചത്. മുസ്ലീം സ്ത്രീകളുടെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈലില്‍ നിന്ന് ഫോട്ടോ സ്വരൂപിച്ചാണ് ആപ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. അറിയപ്പെടുന്ന മുസ്ലീം മാധ്യമ പ്രവര്‍ത്തകരും, പൊതുപ്രവര്‍ത്തകരും അടക്കമുള്ളവരുടെ ഫോട്ടോകള്‍ അവിടെ ഉണ്ടായിരുന്നു. കേരളത്തിലെ പ്രശസ്തരായ മുസ്ലീം സ്ത്രീകളും ഈ ആപ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. ശിവസേനയുടെ പാര്‍ലമെന്‍റ് അംഗം പ്രിയങ്ക ചതുര്‍വേദിയാണ് വിഷയം പരാതിയായി അവതരിപ്പിച്ച് അധിക്യതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. വിവാദമായ അക്കൗണ്‍ഡ് ബ്ലോക്ക് ചെയ്തതായി കേന്ദ്ര ഐ.ടി. മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. തങ്ങളുടെ ഉപഭോക്താവിനെ ബ്ലോക്കാക്കിയതായി ഗിറ്റ്ഹബ്ബും വ്യക്തമാക്കി. ബുള്ളി ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് പിടികൂടിയിട്ടുണ്ട്. മുംബൈ പോലീസ് ഉത്തരാഖണ്ഡില്‍ നിന്ന് മുഖ്യ പ്രതി എന്ന് വിശേഷിപ്പിച്ച് എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിനിയായ ശ്വേത സിംഗിനെ അറസ്റ്റ് ചെയ്തു. തൊട്ടു പിന്നാലെ ആസാമിലെ ജോര്‍ഹട്ടില്‍ നിന്ന് ആപ്പ് നിര്‍മ്മിച്ച നീരജ് ബിഷ്ണോയെ അസാം പോലീസും, ഡല്‍ഹി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മായങ്ക് അഗര്‍വാളും, വിശാല്‍ കുമാര്‍ എന്നിവരും മുംബൈ പോലീസിന്‍റെ പിടിയിലായി. ഗിറ്റ്ഹബ്ബിന്‍റെ കീഴില്‍ സുള്ളി ഡീല്‍സ് എന്ന പേരില്‍ 2021 ജൂലൈയില്‍ സമാനമായ ആപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്ന മോശം പദമാണ് സുള്ളി. അന്ന് വ്യാപകമായ പ്രതിഷേധമുണ്ടായി. പരാതിയിന്‍ മേല്‍ തുടങ്ങിയ അന്വേഷണത്തിന്‍റെ ഭാഗമായി ഇപ്പോള്‍ ഓംകാരേശ്വര്‍ ഠാക്കൂര്‍ എന്നയാള്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ട് ആപ്പുകള്‍ നിര്‍മ്മിച്ചതും പരസ്പരം ബന്ധമുള്ളവരാണെന്ന് തെളിഞ്ഞിരിക്കയാണ്. ഇത്തരം ആപ്പുകള്‍ നിര്‍മ്മിച്ചതില്‍ തങ്ങള്‍ക്ക് ഒരു കുറ്റബോധവും ഇല്ലെന്ന് പറയുന്ന അറസ്റ്റിലായവര്‍ക്ക് പിന്നില്‍ വലിയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തീര്‍ച്ച. അവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുന്നില്ല എന്നത് പരാജയമാണ്.