തിരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ കാലാവസ്ഥ

തിരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ കാലാവസ്ഥ

വിജയ് ചൗക്ക് @ 130 @ മെട്രോ വാര്‍ത്ത: ജനുവരി 30

സുധീര്‍നാഥ്  


ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തീപാറുന്ന തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തക്രിതിയായി നടക്കുകയാണ്. എല്ലാ പാര്‍ട്ടിക്കാരും ഓരോ സംസ്ഥാനങ്ങളിലും വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. അതിന് അവര്‍ തന്നെ പല കാരണങ്ങളും നിരത്തുന്നു. ഓരോ പാര്‍ട്ടികളും അവരുടെ വിജയത്തിന് വേണ്ടി പല പല തന്ത്രങ്ങളും ഇറക്കുന്നു. എതിര്‍ക്കുന്നവരെ ഇകഴ്ത്താന്‍ ആരോപണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ടുമുണ്ട്. എതിര്‍ ചേരികളിലെ പ്രമുഖരേയും, ജനപ്രീയരായവരേയും, എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരെയും വലവീശി കൊണ്ടുവരുന്ന നടപടി എല്ലാ ദിവസവും നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അല്‍പ്പം തുക കൂട്ടിയാണ് വിലപേശല്‍. 2017ല്‍ ഗോവയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ 17 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന് അഞ്ച് വര്‍ഷത്തിന് ശേഷം ഒരു എം.എല്‍.എ. മാത്രമേ ഉണ്ടായിരുന്നുള്ളൂ. 16 പേരും രാജിവെച്ച് ബി.ജെ.പിക്ക് ഒപ്പം പോയി. 

പഞ്ചാബിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഏറെ കൗതുകം നിറഞ്ഞതാണ്. ശക്തമായ കര്‍ഷക സമരത്തിന് പഞ്ചാബിലെ കര്‍ഷകര്‍ വലിയ പങ്കാണ് വഹിച്ചത്. അവിടെ ബി.ജെ.പിക്ക് വലിയ പ്രതീക്ഷയില്ല എന്നത് പരസ്യമാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബില്‍ മാത്രമാണ് ബി.ജെ.പിക്ക് അധികാരമില്ലാത്തത്. എന്നാലും ചണ്ഡീഗഡില്‍ മേയര്‍ സ്ഥാനം ഭൂരിപക്ഷ കൗണ്‍സിലര്‍മാരെ ജയിപ്പിച്ച ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് തന്ത്രപൂര്‍വ്വം തട്ടിയെടുത്തത് മേയര്‍ സ്ഥാനമായിരുന്നു. പഞ്ചാബിലെ പഴയ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ട് പിടിച്ച് ബി.ജെ.പി. അംഗമാക്കുക എന്നതാണ് പ്രധാന നടക്കുന്നത്. ബി.ജെ.പിക്ക് ഇത്തവണ വോട്ടിങ്ങ് ശതമാനം കൂട്ടുവാന്‍ അത് സഹായിക്കും എന്നാണ് അവര്‍ കണക്കാക്കുന്നത്.

കര്‍ഷക സമരം പഞ്ചാബ് രാഷ്ട്രീയം മാറ്റി മറിച്ചിട്ടുണ്ട്. 117 സീറ്റുകളിലും അതിന്‍റെ പ്രത്യാഘാതം ഉണ്ടാകുമെന്നതിന് സംശയമില്ല. അത് തുടക്കത്തിലെ തിരിച്ചറിഞ്ഞ ശിരോമണി അകാലി ദള്‍ ചുവട് വാറ്റി. ബി.ജെ.പി. ബന്ധം ഒഴിവായത് അവരുടെ രാഷ്ട്രീയ രംഗത്തെ തകര്‍ച്ച ഒഴിവാക്കി എന്ന് പറയാം. കോണ്‍ഗ്രസാണ് പഞ്ചാബിനെ ഭരിച്ചു കൊണ്ടിരുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍റെ നേത്യഗുണമാണ് കോണ്‍ഗ്രസിനെ പഞ്ചാബില്‍ തളരാതെ പിടിച്ചു നിര്‍ത്തിയത്. മറ്റ് എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്‍റെ തളര്‍ച്ച ജനം കണ്ടതാണ്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടി രൂപീകരിച്ചത് ക്യാപ്റ്റന്‍റെ രാഷ്ട്രീയ ആത്മഹത്യയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മഴയും തണുപ്പും ഉണ്ടായ സമയത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെത്തിയതും, കര്‍ഷകര്‍ വഴി തടഞ്ഞ് സമരം ചെയ്തത്മൂലമുള്ള തടസമുണ്ടായതിനെ തുടര്‍ന്ന് മടങ്ങി പോയത്. അന്നു മുതല്‍ പഞ്ചാബിന്‍റെ അന്തരീക്ഷം തണുപ്പും, മഞ്ഞും കൊണ്ട് ഇരുണ്ടതായിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുവര്‍ണ്ണ ക്ഷേത്രത്തില്‍ പഞ്ചാബിലെ സ്ഥാനാര്‍ത്ഥികളുമായി എത്തി, അന്ന് മുതല്‍ സൂര്യനെ കാണുവാന്‍ സാധിച്ചു എന്നത് സത്യമാണ്. പഴമക്കാരായ സര്‍ദാര്‍ജികള്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു. മുണ്ടേ ദേ നാള് സൂരജ് വി ആഗയാ... (പയ്യന്‍റെ കൂടെ സൂര്യനും വന്നു).

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. മോദിയുടെ പിന്‍ഗാമിയും, അടുത്ത പ്രധാനമന്ത്രിയാണ് യോഗി എന്ന സംസാരം പരക്കെ ഉണ്ട്. കോണ്‍ഗ്രസിന്‍റെ തറവാടാണ് ഉത്തര്‍പ്രദേശ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. അവിടുന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്‍റിലേയ്ക്ക് ജയിച്ചു വന്നതാണ് ഇന്ത്യ ഭരിക്കാന്‍ അവര്‍ക്ക് സാഹചര്യം തീര്‍ത്തത്. അവിടെ നിയമസഭയില്‍ കോണ്‍ഗ്രസിന് മ്യഗീയമായ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. പക്ഷെ വര്‍ത്തമാനകാലത്ത് അത് ബി.ജെ.പിക്ക് അനുകൂലമായി വന്നിരിക്കുകയാണ്. പാര്‍ലമെന്‍റിലും, നിയമസഭയിലും ഉത്തര്‍ പ്രദേശില്‍ നിന്ന് ബി.ജെ.പി. അംഗങ്ങളാണ് കൂടുതലും. 2017ലെ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 7 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ജയിച്ചത്. 

2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 47 സീറ്റുകളില്‍ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് ജയം പ്രഖ്യാപിച്ചത്. അതില്‍ ഭൂരിപക്ഷവും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായിരുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. കര്‍ഷക സമരം പഞ്ചാബിനെ പോലെ പ്രതിഫലിക്കുന്ന മറ്റൊരു സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇവിടെ ഭൂരിപക്ഷം ജനങ്ങളും കര്‍ഷക വ്യത്തിയില്‍ നിന്ന് വരുമാനം കാണുന്നവരാണ്. അയോദ്ധ്യയും, കാശിയും, മധുരയും ഇക്കുറി ഇലക്ഷന്‍റെ ചര്‍ച്ചാ വിഷയങ്ങളാണ്. കാശിയില്‍ വരുത്തിയ വികസനം, അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണം, മധുരയിലെ വികസനം എല്ലാം തന്ത്രപൂര്‍വ്വം തന്നെ ഇലക്ഷന്‍റെ പ്രചരണായുധമാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്.

ബി.ജെ.പി. നടത്തുന്ന തന്ത്രം തന്നെയാണ് സമാജ്വാദി പാര്‍ട്ടിയും പയറ്റുന്നതില്‍ ഒന്ന്. എതിര്‍ പക്ഷത്തെ മന്ത്രിമാരേയും, താരപ്രചാരകരെ അടക്കം സമാജ്വാദി പാര്‍ട്ടി സ്വന്തം പാളയത്തിലാക്കുകയാണ്. ഒടുവില്‍ രാജ് ബബാറിനെ ബി.ജെ.പിയില്‍ നിന്ന് അടര്‍ത്തി. കര്‍ഷകരെ അനുനയിപ്പിച്ച് ബി.ജെ.പിക്ക് എതിരാക്കാനും സമാജ്വാദി പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താനും അഖിലേഷ് യാദവ് നടത്തിയ തന്ത്രങ്ങള്‍ ചെറുതല്ല. ജാട്ട്, മുസ്ലീം, ദളിത് വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള അഖിലേഷിന്‍റെ ശ്രമം കഴിഞ്ഞ അഞ്ച് വര്‍ഷമായി താഴെ തട്ടില്‍ നിശബ്ദമായി നടന്നിരുന്നു എന്നത് ബി.ജെ.പി. നേത്യത്ത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. 2017ലെ ബി.ജെ.പിയുടെ വിജയിത്തിന് കാരണമായ ഘടകങ്ങളാണ് അത്. 

ഗോവയില്‍ പരമ്പരാഗതമായി ജയിച്ചിരുന്ന കോണ്‍ഗ്രസിനെ തകര്‍ത്താണ് ബി.ജെ.പി. അധികാരത്തിലേറിയത്. 40 സീറ്റുകളുള്ള ഗോവയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ച 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒരാള്‍ ഒഴികെ എല്ലാവരും അഞ്ച് വര്‍ഷം കൊണ്ട് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു എന്നത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഇത്തവണ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ഉടനെ അവരെ കൊണ്ട് കാലു മാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യിച്ച വാര്‍ത്ത കോണ്‍ഗ്രസിന്‍റെ ദൗര്‍ബല്ല്യത്തെയാണ് കാണിക്കുന്നത്. പുതുമുഖങ്ങളെയും, ശക്തമായ കോണ്‍ഗ്രസ് പാരമ്പര്യമുള്ളവരേയുമാണ് ഇത്തവണ കോണ്‍ഗ്രസ് കളത്തിലിറക്കിയത്. ഗോവയില്‍ രാഷ്ട്രീയ കാലാവസ്ഥ മികച്ചതാണെന്ന തോന്നലില്‍ ത്യണമുലും, ആംആദ്മി പാര്‍ട്ടിയും അവിടെ ശ്രദ്ധ കൊടുക്കുന്നുണ്ട്. അവരും അവരുടേതായ തന്ത്രങ്ങള്‍ പയറ്റുന്നുണ്ട്. സ്ത്രീ ശാക്തീകരണമെന്ന് ത്രിണമുലും, അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി ആംആദ്മി പാര്‍ട്ടിയും തന്ത്രം മെനയുന്നു.

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. ഭരണതുടര്‍ച്ച ഇന്നുവരെ ഇല്ലാത്ത സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അവിടെ വിദ്വേഷ പ്രസംഗം രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത് ഹിന്ദു വികാരം ഉണര്‍ത്താന്‍ കാരണമായി എന്ന വിലയിരുത്തലുകള്‍ ചില രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നു. അത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഇവിടേയും പ്രമുഖ പാര്‍ട്ടി നേതാക്കള്‍ കളം മാറ്റി ചവുട്ടുന്ന കാഴ്ച്ച കാണുവാന്‍ സാധിക്കും. ഉത്തരാഖണ്ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചാല്‍ അവിടെ ഭരണ തുടര്‍ച്ച ഉണ്ടാകും. കോണ്‍ഗ്രസിന് ഒട്ടേറെ ഗ്രൂപ്പുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നതാണ് അവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. 

മണിപ്പൂരില്‍ 60 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നാണ് വിലയിരുത്തല്‍. തൊഴിലിലായ്മയും, സുരക്ഷാ പ്രശ്നവും, ആരോഗ്യ രംഗത്തെ പ്രശ്നങ്ങളും സംസ്ഥാനത്തെ പ്രധാന ഇലക്ഷന്‍ വിഷയങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28 സീറ്റുമായി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കിയ പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. 21 സീറ്റില്‍ ജയിച്ച ബി.ജെ.പിയാണ് അവിടെ ഭരിച്ചത്. രാഷ്ട്രീയമായ വലിയ തളര്‍ച്ച അവിടെ കോണ്‍ഗ്രസിന് ഇപ്പോഴില്ല എന്നാണ് വിലയിരുത്തേണ്ടത്. ഒരു തൂക്ക് മന്ത്രിസഭ ഉണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്. നാഷ്ണല്‍ പീപ്പിള്‍ പാര്‍ട്ടിയും, നാഗാ പീപ്പിള്‍സ് ഫ്രെണ്ടും 2017ല്‍ നാല് സീറ്റുകള്‍ വീതം നേടിയിരുന്നു. ഇക്കുറി രണ്ട് പാര്‍ട്ടികളും മത്സര രംഗത്തുണ്ടെങ്കിലും അവരുടെ വിജയസാധ്യത കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ്. മണിപ്പൂരില്‍ കോണ്‍ഗ്രസും, ബി.ജെ.പിയും തമ്മില്‍ തന്നെയാണ് മത്സരം. ഇരു കൂട്ടരും വലിയ തന്ത്രങ്ങള്‍ തന്നെയാണ് ഇറക്കുന്നത്. ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടാകാനുള്ള രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. തന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ഉണ്ടെന്നാണല്ലോ 2017ലെ പാഠം.