പഞ്ചാഗ്നി - 1

പഞ്ചാഗ്നി - 1

ശകുനി 



സീറ്റ് വേണോ, ചാടി വാ... 

നിയമസഭയില്‍ മത്സരിക്കാന്‍ ബി.ജെ.പി. അക്കൗണ്ടില്‍ സീറ്റ് വേണമെങ്കില്‍ ചാട്ടം അറിയണം. മുന്‍കൂട്ടി ഇതര പാട്ടിയില്‍ സജീവമാകുകയും, ഇലക്ഷന്‍ അടുത്താല്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്യുന്നവര്‍ക്ക് സീറ്റ് ഉറപ്പിക്കാമെന്നാണ് ഉത്തര്‍പ്രദേശില്‍ കേള്‍ക്കുന്നത്. പരാതി ഉന്നയിക്കുന്നത് പരമ്പരാഗതമായി പാര്‍ട്ടിയോടൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് എന്നത് നിസാര കാര്യവുമല്ല. പുതുതായി പാര്‍ട്ടിയില്‍ വന്നവര്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാതെ തരമില്ലെന്നാണ് അവര്‍ പറയുന്നത്. ബി.ജെ.പിയില്‍ നിന്ന് മറ്റ് പാര്‍ട്ടികളില്‍ പോകുന്നവര്‍ക്കെല്ലാം സീറ്റും കിട്ടുന്നില്ല. 

പുലി വരുന്നേ പുലി.

വളരെ പഴയ ഒരു ചൊല്ലിനെ അനുസ്മരിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഒരു പ്രഖ്യാപനം നടത്തി. പഞ്ചാബ് ഇലക്ഷന് മുന്‍പ് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിനിനെ ഇ.ഡിയോ, സി.ബി.ഐയോ അറസ്റ്റ് ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ വിലാപം. പഞ്ചാബില്‍ നല്ല മത്സരം കാഴ്ച്ച വെയ്ക്കുന്നു എന്ന രാഷ്ട്രീയ വിലയിരുത്തലിനിടയിലാണ് കേജരിവാള്‍ ഇങ്ങനെയൊക്കെ പറയുന്നത്. അറസ്റ്റിനെ സ്വാഗതം ചെയ്യുന്നു എന്നുകൂടി മൂപ്പര് തട്ടി വിട്ടിട്ടുണ്ട്.

ഇന്ധന വില കാത്തോളണേ.  

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ ആശ്വാസം കാണുകയാണ് രാജ്യത്തെ ജനങ്ങള്‍. സ്വിച്ചിട്ട പോലെയായിരുന്നു രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവ് നിന്നത്. ഇനി തിരഞ്ഞെടുപ്പം ഫലം വരുന്ന ദിവസം മുതല്‍ ഇന്ധന വില ഉയരുമെന്ന് ജനത്തിനറിയാം. അത് അറിയാന്‍ ഒരു പടിപ്പുര വരെയും പോകേണ്ട കാര്യവുമില്ലെന്നും ജനത്തിനറിയാം. ഈ ഇലക്ഷന്‍ കാലം ഒന്ന് വേഗം തീര്‍ന്നെങ്കില്‍ എന്നാണ് പെട്രോളിയം മന്ത്രാലയം പറയുന്നത്. അവരെ കുറ്റം പറയുവാന്‍ പറ്റില്ല. ഇന്ധന വിലയൊന്ന് കൂട്ടാതെ അവര്‍ക്കെങ്ങനെ പിടിച്ചു നില്‍ക്കാനാകും.

ഗോവയിലെ ഇരട്ട എന്‍ജിന്‍.

കേരളത്തിലുള്ളവര്‍ നിയമസഭാ കാലത്ത് പരക്കെ ചര്‍ച്ച ചെയ്തതാണ് ഇരട്ടചങ്കന്‍ എന്നത്. ഇപ്പോള്‍ ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അവിടെ ചര്‍ച്ച ചെയ്യുന്നത് ഇരട്ട എന്‍ജിനെ കുറിച്ചാണ്. ബി.ജെ.പി. ഗോവ സര്‍ക്കാരിനെ ഇരട്ട എന്‍ജിനുള്ള സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ചു. മുന്‍ ബി.ജെ.പി. നേതാവും ഇപ്പോള്‍ ത്രിണമുല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് യശ്വന്ത് സിന്‍ഹ ഗോവയിലെ പനജിയിലെ പത്രസമ്മേളനത്തില്‍ ഇരട്ട എന്‍ജിന്‍ പരാമര്‍ശത്തെ പരിഹസിച്ചു. രണ്ട് എന്‍ജിനും രണ്ട് ദിശയിലേയ്ക്കാണ് സര്‍ക്കാരിനെ വലിച്ചത്... എന്നാണ് സിന്‍ഹയുടെ കണ്ടെത്തല്‍.

റിപ്പബ്ലിക്ക് പരേഡിലെ രാഷ്ട്രീയം.

ഇത്തവണ റിപ്പബ്ലിക്ക് പരേഡില്‍ കേരളത്തിന്‍റെ നാരായണ ഗുരുവിനെ അകറ്റി നിര്‍ത്തി എന്ന രോദനം വ്യാപകമാണ്. തമിഴ്നാടും, ബംഗാളും പരാതി ഉയര്‍ത്തി എന്തൊക്കെ ബഹളമായിരുന്നു. ഒരു കാര്യം മനസിലാക്കേണ്ടതായിരുന്നു. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി. സര്‍ക്കാരാണ്. തിരഞ്ഞെടുപ്പ് നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലാണ്. അവര്‍ക്ക് അവസരം നിഷേധിച്ചോ എന്ന് തിരക്കിയോ...? ഇല്ല. അപ്പോള്‍ നീതി നടപ്പായില്ലേ...? തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിച്ചതിനെ സര്‍ക്കാരിനെ കുറ്റം പറയുവാന്‍ പാടുള്ളതല്ല. 

94 വയസുള്ള സ്ഥാനാര്‍ത്ഥി...? 

പഞ്ചാബില്‍ ഇക്കുറി മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ 94 വയസുള്ള പ്രകാശ് സിംഗ് ബാദല്‍ ലാംബി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നു. 1947ല്‍ ബാദല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു കൊണ്ടാണ് മൂപ്പര്‍ തിരഞ്ഞെടുപ്പ് രംഗത്ത് എത്തുന്നത്. 1957ല്‍ ആദ്യമായി നിയമസഭയിലെത്തി. 1970ല്‍ പഞ്ചാബിന്‍റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായ അദ്ദേഹം ഇപ്പോള്‍ പ്രായം കൂടിയ സ്ഥാനാര്‍ത്ഥിയുമായി. ഇതിനിടയില്‍ കോവിഡ് ബാധിച്ചെങ്കിലും, ആശുപത്രി വിട്ട അദ്ദേഹം വീണ്ടും പ്രചരണം തുടങ്ങിയിട്ടുണ്ട്. പഞ്ചാബിലെ ലാംബി മണ്ഡലത്തില്‍ വാഹനത്തിലിരുന്നുകൊണ്ട് എല്ലാ വീടുകളുടെ മുന്നിലും എത്തി അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന കാഴ്ച്ച കാണാം. അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിംഗ് ബാദലിനെ എതിരിടുന്നത് കോണ്‍ഗ്രസിന്‍റേയും, ആംആദ്മി പാര്‍ട്ടിയുടേയും പുതുമുഖങ്ങളാണ്.