തീര്‍ത്ഥയാത്രകളുടെ നരേന്ദ്രന്‍...
സുധീര്‍ നാഥ്
യാത്രകളുടെയും, യാത്രക്കാരുടേയും സുഹ്യത്തായിരുന്നു വിവേകാനന്ദ നരേന്ദ്രന്‍. നരേന്ദ്രന്‍റെ വേര്‍പാട് അതുകൊണ്ട് തന്നെ യാത്രകളെ സ്നേഹിക്കുന്നവരുടെ നഷ്ടമാണ്. നരേന്ദ്രന്‍റെ കൂടെ യാത്ര ചെയ്താല്‍ അതിന്‍റെ വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കും. യാത്രകള്‍ ആനന്ദകരമാക്കുന്നതും, വിജ്ഞാനപ്രതമാക്കുന്നതിനും അദ്ദേഹത്തിന് വലിയ കഴിവായിരുന്നു. ഒപ്പം യാത്ര ചെയ്യുന്നവരെ സ്വന്തം കുടുംബത്തിലെ അംഗമായി അദ്ദേഹം കണ്ടു. അവരുടെ സുരക്ഷ, അവരുടെ രുചി എന്നു വേണ്ട എല്ലാം അദ്ദേഹം നേരിട്ട് തന്നെ നിയന്ത്രിച്ചു. യാത്രപോകുന്ന സ്ഥലത്തെ കുറിച്ചും മറ്റും അദ്ദേഹം നല്‍കുന്ന വിവരണം അദ്ദേഹത്തിന്‍റെ പാണ്ഡിത്യം വിളിച്ചോതുന്നതായിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വിവേകാനന്ദ ട്രാവല്‍സിന്‍റെ വളര്‍ച്ചയുടെ രഹസ്യവും അതായിരുന്നു. മറ്റ് യാത്രാ സംഘങ്ങളില്‍ നിന്നും വിവേകാനന്ദയെ വേറിട്ട് നിര്‍ത്തുന്നതും അതു തന്നെയാണ്.
1971ല്‍ കാശി യാത്രയിലായിരുന്നു വിവേകാനന്ദയുടെ തുടക്കം. മാതാവിന്‍റെ പിണ്ഡകര്‍മ്മങ്ങള്‍ക്കായി കാശിയില്‍ പോയതായിരുന്നു നരേന്ദ്രന്‍റെ പിതാവ് നാരായണന്‍ നായര്‍. അവിടെ തീര്‍ത്ഥാടകര്‍ വഞ്ചിതരാകുന്നത് കണ്ട ഹോമിയോ ഡോക്ടറായിരുന്ന നാരായണന്‍ നായര്‍ അത് ഒഴിവാക്കാന്‍ തന്‍റെ ക്ലിനിക്കിനിട്ട പേരില്‍ തന്നെ ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങി. സ്വാമി വിവേകാനന്ദന്‍റെ നിലപാടുകളില്‍ ആകര്‍ഷ്ടനായിരുന്നു അദ്ദേഹം. മകനും അദ്ദേഹം വിവേകാനന്ദന്‍റെ കുട്ടിക്കാലത്തെ പേരായിരുന്ന നരേന്ദ്രന്‍ എന്നു തന്നെയാണ് നല്‍കിയത്.
വിവേകാനന്ദ ട്രാവല്‍സ് വളര്‍ന്ന് രാജ്യത്തെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്കുമുള്ള യാത്രയായി. ശബരിമല തീര്‍ത്ഥാടന സമയത്ത് കേരളത്തിലെ റോഡുകളില്‍ വിവേകാനന്ദയുടെ പ്രൗഡി വിളിച്ചോതി വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നത് കാണുവാന്‍ സാധിക്കുമായിരുന്നു. മലയാളികള്‍ക്ക് വിശ്വസിച്ച് കൈലാസ യാത്ര ഒരുക്കിയ വലിയ പ്രസ്ഥാനമായി. സാധാരണക്കാരുടെ യാത്രാ സാരഥിയായി.
പിതാവ് നാരായണന്‍ നായര്‍ ആരംഭിച്ച വിവേകാനന്ദ ട്രാവല്‍സിന്‍റെ ചുമതല ഏറ്റെടുത്ത മകന്‍ നരേന്ദ്രന്‍ പ്രസ്ഥാനത്തെ വളര്‍ത്തി. യാത്രകളുടെ എണ്ണം കൂട്ടി. യാത്ര ചെയ്യേണ്ട സ്ഥലങ്ങളുടെ എണ്ണം കൂട്ടി. തീര്‍ത്ഥയാത്രകളില്‍ മാത്രം കേന്ദ്രീകരിച്ച പ്രസ്ഥാനം, വിനോദ യാത്രാ മേഘലകളിലേയ്ക്കും പ്രവേശിച്ചു. ഒടുവില്‍ വിദേശ യാത്രകളും ആരംഭിച്ചു.
തീര്‍ത്ഥാടന ടൂറിസത്തില്‍ ഒതുങ്ങി നില്‍ക്കാതെ വിപുലമായ ഉത്തരേന്ത്യന്‍ യാത്രകള്‍ സംഘടിപ്പിച്ചതിലൂടെയാണ് നരേന്ദ്രന്‍ വിവേകാനന്ദ ട്രാവല്‍സിനെ മറ്റൊരുവഴിക്ക് തിരിച്ച് വിട്ടത്. കുളു, മണാലി, ധരംശാല, കാശ്മീര്‍... അതുവരെ പരിചിതമല്ലാതിരുന്ന നാടുകളിലേയ്ക്ക് മലയാളികളെ നരേന്ദ്രന്‍ കൂട്ടിക്കൊണ്ടുപോയി. എല്ലാ യാത്രകളിലും ഒരു ഗൈഡിനേയും, കേരള ഭക്ഷണം പാചകം ചെയ്യാന്‍ ഒരു പാചകക്കാരനേയും അദ്ദേഹം നിയോഗിച്ചിരുന്നു. അതുകൊണ്ട് ഭാഷയും, ഭക്ഷണവും യാത്രികര്‍ക്ക് പ്രശ്നമായതേയില്ല. ചില പ്രമുഖ യാത്രകളിലൊക്കെ അദ്ദേഹം തന്നെ ഗൈഡായി യാത്രികര്‍ക്കൊപ്പം പോയിട്ടുമുണ്ട്.
ശബരിമലയിലേയ്ക്ക് ഹെലിക്കോപ്റ്റര്‍ സര്‍വീസും, ചെറു വിമാനങ്ങളുടെ സര്‍വീസും ആരംഭിക്കണമെന്ന് ആദ്യമായി നിര്‍ദ്ദേശം വെച്ചത് നരേന്ദ്രനായിരുന്നു. മലയാള ഭാഷയില്‍ യാത്രയ്ക്ക് താത്പര്യമുള്ളവര്‍ക്ക് വേണ്ടി സ്വന്തമായി തീര്‍ത്ഥസാരഥി എന്ന മാസിക തുടങ്ങി. പരസ്യങ്ങളായിരുന്നില്ല നരേന്ദ്രനെ വളര്‍ത്തിയത്. സൗഹ്യദങ്ങളും, ആത്മാര്‍ത്ഥ സേവനവുമായിരുന്നു.
അന്‍പത് വര്‍ഷം പൂര്‍ത്തീകരിച്ചതിന്‍റെ ആഘോഷം 2021ല്‍ അദ്ദേഹം പരിപാടിയിട്ടിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ അത് 2022ല്‍ നടത്താമെന്ന് തീരുമാനിച്ചു. ആള്‍ക്കൂട്ടമില്ലാതെ എന്ത് ആഘോഷമെന്നാണ് നരേന്ദ്രന്‍ അതിന് കണ്ടെത്തിയ കാരണം. എന്നും ആള്‍കൂട്ടത്തേയും, സൗഹ്യദ കൂട്ടായ്മകളിലും ആനന്ദം കണ്ടിരുന്ന നരേന്ദ്രന് അങ്ങിനെ മാത്രമേ ചിന്തിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ചുറ്റിനുമുള്ള സുഹ്യത്തുക്കളുടെ സന്തോഷത്തിന് അദ്ദേഹം പ്രാധാന്യം നല്‍കി. ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് നരേന്ദ്രന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. യാത്രയുടെ തോഴനായ നരേന്ദ്രന് കണ്ണീര്‍ പ്രണാമം.