പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയം

പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയം

വിജയ് ചൗക്ക് @ 129 @ മെട്രോ വാര്‍ത്ത: ജനുവരി 22

സുധീര്‍നാഥ് 

ഇന്ത്യ എന്ന രാജ്യത്ത് ദേശിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തി കുറഞ്ഞ് വരുകയാണോ എന്ന ചര്‍ച്ച കുറച്ച് നാളുകളായി നടക്കുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ശക്തവും കൂടുതല്‍ വര്‍ഷങ്ങളുടെ അനുഭവ ചരിത്രവുമുള്ള ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. രാജ്യത്ത് ഇത്രയേറെ വേരോട്ടമുള്ള മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടായിട്ടില്ല എന്ന് കാണാം. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും കോണ്‍ഗ്രസിന്‍റെ വേരുകള്‍ ഇന്നും ഉണ്ടെങ്കിലും അത് നിര്‍വീര്യമായിരിക്കുന്നു. പുതുതലമുറയെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് വേണ്ടത്ര സാധിക്കുന്നില്ല എന്നതാണ് വിലയിരുത്തല്‍.

ജനതാ പാര്‍ട്ടിയുടെ വളര്‍ച്ചയാണ് 1970 തുടക്കം മുതല്‍ ഇന്ത്യ കണ്ടത്. കോണ്‍ഗ്രസ് വിരുദ്ധ ആശയമുള്ളവരുടെ ഒരു കൂട്ടായ്മയായിരുന്നു ജനതാ പാര്‍ട്ടി എന്ന് വിശേഷിപ്പിക്കാം. അതില്‍ കോണ്‍ഗ്രസില്‍ നിന്ന് വേര്‍പെട്ടവരായിരുന്നു കൂടുതലെന്നും കാണാം. സോഷിലിസ്റ്റ് നേതാവായിരുന്ന ജയപ്രകാശ് നാരായണന്‍റെ നേത്യ മികവിലാണ് ജനതാ പാര്‍ട്ടി വളര്‍ന്നത്. ഇന്നത്തെ ബി.ജെ.പിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘ്, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് (ഒ), ജോര്‍ജ് ഫര്‍ണാണ്ടസിന്‍റെ സോഷിലിസ്റ്റ് പാര്‍ട്ടി, ചരണ്‍ സിംഗിന്‍റെ ഭാരതീയ ക്രാന്തി ദള്‍ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപം കൊണ്ടതായിരുന്നു ജനതാ പാര്‍ട്ടി. ജനതാ പാര്‍ട്ടി ശക്തമായി വരും തോറും അത് പിളരുന്ന കാഴ്ച്ച രാജ്യം കണ്ടതാണ്. ബി.ജെ.പി., ജനതാ ദള്‍, ജനതാ പാര്‍ട്ടി സെക്കുലര്‍ എന്നീ പ്രമുഖ പാര്‍ട്ടികള്‍ ജനതാ പാര്‍ട്ടി പിളര്‍ന്ന് രൂപം കൊണ്ടതാണ്. ഈ പാര്‍ട്ടികള്‍ തന്നെ വീണ്ടും എത്രയോ പാര്‍ട്ടികളായി പിളര്‍ന്നിരിക്കുന്നു. അങ്ങിനെ തുടക്കം കുറിച്ച പാര്‍ട്ടികളുടെ കണക്ക് എണ്ണി തിട്ടപ്പെടുത്തേണ്ടതായുണ്ട്. 

കൂറ് മാറ്റ നിരോധന നിയമം വന്നതോടെ ദേശിയ പാര്‍ട്ടികളുടെ ആശയസംരക്ഷണമാണ് ഉണ്ടായതെന്ന ആക്ഷേപം വ്യാപകമായുണ്ടായി. ദേശിയ പാര്‍ട്ടിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് പ്രാദേശിക സ്വാധീനമുള്ള നേതാക്കള്‍ ഒഴിയുന്ന കാഴ്ച്ച ചരിത്രത്തിന്‍റെ ഭാഗമാണ്. അവര്‍ രാജ്യവ്യാപകമായി ചെറു പാര്‍ട്ടികള്‍ തുടങ്ങി. ചിലര്‍ കുടുംബ വാഴ്ച്ചയായി സ്വന്തം പാര്‍ട്ടിയെ വളര്‍ത്തി. ഒരു നേതാവിനെ ചുറ്റിപ്പറ്റി തന്നെ എത്രയോ പാര്‍ട്ടികളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായി ഉയര്‍ന്ന് വന്ന മമതയും, മായാവതിയും, ജയലളിതയും പ്രദേശിക പാര്‍ട്ടികളുടെ നേതാക്കളായ വനിതകളായിരുന്നു. അവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ അലകളുണ്ടാക്കി എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. ജയലളിത മരണപ്പെട്ടു. അഴിമതിയില്‍ മുങ്ങിയ മായാവതിയെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ നിര്‍വീര്യമാക്കി എന്നാണ് സംസാരം. ഇപ്പോള്‍ മമത ബാനര്‍ജി മാത്രമാണ് രാഷ്ട്രീയത്തില്‍ സജീവം.

ഉത്തര്‍ പ്രദേശിന്‍റെ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സമാജ്വാദി പാര്‍ട്ടിക്ക് മാത്രമാണ് ഭരിക്കുന്ന ബി.ജെ.പിയോട് പ്രതിരോധം തീര്‍ക്കാന്‍ കരുത്തുള്ളൂ. കോണ്‍ഗ്രസിന് അവിടെ നാള്‍ക്ക് നാള്‍ ബലക്ഷയം സംഭവിക്കുന്നതായി വിലയിരുത്തേണ്ടതായി വരും. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ എണ്‍പത് സീറ്റില്‍ 63 വിജയം ബി.ജെ.പി. മുന്നണി നേടിയപ്പോള്‍ ഒരു സീറ്റില്‍ സോണിയ ഗാന്ധി മാത്രമാണ് ജയിച്ചത്. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയം കര്‍ഷക സമരത്തോടെ മാറി എന്നു തന്നെ വിലയിരുത്തേണ്ടി വരും. അവിടുത്തെ മുസ്ലീം, ജാട്ട് സമുദായം ബി.ജെ.പിക്ക് എതിരായിരിക്കുന്നു എന്നത് നിസാരമായ കാര്യമല്ല. ദളിത് വിഭാഗത്തെ ഒപ്പം നിര്‍ത്തിയ മായാവതി ഇത്തവണ മത്സര രംഗത്തില്ല എന്ന് പ്രഖ്യാപിച്ചിരിക്കയാണ്. ഉത്തര്‍ പ്രദേശിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാള്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന വ്യക്തിയാണ് മായാവതി. ഉത്തര്‍ പ്രദേശിലെ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ സമാജ്വാദി പാര്‍ട്ടിയോടൊപ്പം പോയതായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

ഉത്തര്‍ പ്രദേശ് രാഷ്ട്രീയം ഏറെ പ്രധാനപ്പെട്ടതാകുന്നത് അവിടെ ജയിക്കുന്ന പാര്‍ട്ടിയാണ് പിന്നീട് കേന്ദ്രം ഭരിക്കുക എന്ന നിഗമനമാണ്. ഉത്തര്‍ പ്രദേശിന്‍റെ രാഷ്ട്രീയം കുഴഞ്ഞ് മറിഞ്ഞതാണ്. രാഷ്ട്രീയ സ്ഥിരതയുടെ കുറവ് കൊണ്ട് ഒന്‍പത് തവണയാണ് അവിടെ രാഷ്ട്രപതി ഭരണം ഉണ്ടായത്. പതിനേഴ് നിയമസഭകളിലായി 35 മുഖ്യമന്ത്രിമാരാണ് ഉത്തര്‍ പ്രദേശില്‍ ഉണ്ടായത് എന്നത് തന്നെ അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥ മനസിലാക്കി തരും.

വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നാലിടത്തും ഭരിക്കുന്നത് ബി.ജെ.പിയാണ്. നാലും നിലനിര്‍ത്തുക എന്നത് ബി.ജെ.പിക്ക് രാഷ്ട്രീയമായും പ്രാധാന്യമാണ്. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളിലും, തുടര്‍ന്ന് വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലും നിര്‍ണ്ണായകമാകുന്നതാണ് ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. ഉത്തര്‍ പ്രദേശിലും, പഞ്ചാബിലും പ്രാദേശിക പാര്‍ട്ടികള്‍ നേട്ടം ഉണ്ടാക്കിയാല്‍ അത് രാഷ്ട്രീയമായി വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഗോവയിലും, മണിപ്പൂരിലും കഴിഞ്ഞ തവണ അട്ടിമറിയിലൂടെ ഭരണം പിടിച്ചടക്കിയത് ഇത്തവണ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കില്ലെന്നാണ് പ്രാദേശിക പാര്‍ട്ടികള്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടിടത്തും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ നീക്കം കാണാം. 

ത്രിണമുലും, ആംആദ്മി പാര്‍ട്ടിയും, സമാജ്വാദി പാര്‍ട്ടിയും, ബി.എസ്.പിയും, ശിവസേനയും, എന്‍.സി.പിയും, അവരവരുടെ തട്ടകങ്ങളില്‍ നിന്ന് പുറത്തേയ്ക്ക് വന്നിരിക്കുന്നതായും കാണാം. ദേശിയ പാര്‍ട്ടികളുടെ പട്ടികയില്‍ തുടര്‍ന്നും നിലനില്‍ക്കണമെന്ന് ചില പാര്‍ട്ടികളും, മറ്റു ചില പാര്‍ട്ടികള്‍ക്ക് ദേശിയ പാര്‍ട്ടികളുടെ പട്ടികയില്‍ കയറി പറ്റുകയുമാണ് ലക്ഷ്യം. ദേശിയ പാര്‍ട്ടിയായി ഉയരുവാന്‍ പ്രാദേശിക പാര്‍ട്ടികളായിരുന്ന ത്രിണമുലിനും, എന്‍.സി.പിക്കും, ബി.എസ്.പിക്കും, നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്, ബി.ജെ.പി., സി.പി.ഐ.എം., സി.പി.ഐ എന്നീ പാര്‍ട്ടികള്‍ ദേശീയ പാര്‍ട്ടികളുടെ പട്ടികയിലുണ്ട്. സംസ്ഥാന പാര്‍ട്ടി സ്ഥാനം പോലും നഷ്ടപ്പെട്ട് ചരിത്രത്തിന്‍റെ ഭാഗമായി മാറിയ എത്രയോ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്.

മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ലോക്സഭയില്‍ 2% സീറ്റ് നേടുകയോ, നാല് സംസ്ഥാനങ്ങളില്‍ നിന്ന് 6% വോട്ടുകളും നാല് പാര്‍ലമെന്‍റ് സീറ്റുകള്‍ നേടുകയോ, നാല് സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാന പാര്‍ട്ടി സ്ഥാനം ലഭിക്കുകയോ ചെയ്താല്‍ ദേശിയ പാര്‍ട്ടിയായി പരിഗണിക്കപ്പെടും. രണ്ട് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി സ്ഥാനം ലഭിച്ച ഒട്ടേറെ പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. ഒരു സംസ്ഥാനത്ത് മാത്രം പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പ്രദേശിക പാര്‍ട്ടികള്‍ ഉണ്ട്. ബിജു ജനതാ ദള്‍ ഒറീസയില്‍ മാത്രം പ്രവര്‍ത്തിക്കുന്നു. ജാര്‍ക്കണ്ഡ് മുക്തി മോര്‍ച്ച, ഡി.എം.കെ, എ.ഐ.ഡി.എം.കെ, തെലുങ്ക് ദേശം പാര്‍ട്ടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് തുടങ്ങിയവയാണ് ഒരു സംസ്ഥാനത്തിനകത്ത് മാത്രം പ്രവര്‍ത്തിക്കുന്നത്. 

മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായതും, സംസ്ഥാനം ഭരിക്കുന്നതും ശിവസേന എന്ന പ്രാദേശിക പാര്‍ട്ടിയാണ്. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും, ബി.ജെ.പിക്കും, എന്‍.സി.പിക്കും വലിയ ക്ഷീണമാണ് കാലങ്ങളായി മഹാരാഷ്ട്രയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ശിവസേന ദേശിയ പാര്‍ട്ടികളെ വെല്ലു വിളിക്കുന്ന ഒട്ടേറെ നടപടികളെടുക്കുന്നത് തന്നെ ദേശീയ പാര്‍ട്ടി സ്ഥാനം നേടുക എന്ന ലക്ഷ്യത്തിനായാണ്. ബി.ജെ.പിയുടെ അണികളാണ് കൂടുതലായും ശിവസേനയിലെത്തുന്നത് എന്ന് കാണുവാന്‍ സാധിക്കും. മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും ശിവസേനയുടെ പ്രവര്‍ത്തനം അടുത്ത കാലത്ത് ശക്തമാകുന്നത് കാണാം. 

ഡല്‍ഹിയില്‍ ആംആദ്മി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉദയം ചെയ്തത് നമുക്ക് മുന്നിലുള്ള വര്‍ത്തമാനകാല സംഭവമാണ്. ദേശിയ പാര്‍ട്ടികളായ കോണ്‍ഗ്രസിനേയും, ബി.ജെ.പിയേയും പിന്നിലാക്കിയാണ് അവര്‍ അധികാരത്തിലേറിയത്. കേന്ദ്രത്തില്‍ മ്യഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.ജെ.പിയെ ഞെട്ടിച്ചായിരുന്നല്ലോ രണ്ടാം തവണ ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. മൂന്നാം തവണയും അവര്‍ തന്നെ അധികാരത്തിലെത്തിയത് ജനങ്ങളുടെ പിന്തുണകൊണ്ട് തന്നെ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ആംആദ്മി എന്ന പ്രാദേശിക പാര്‍ട്ടി ശക്തമായ വേരോട്ടം ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു. പഞ്ചാബിലും, ഗോവയിലും ഗുജറാത്തിലും പരീക്ഷണത്തിന് ഇറങ്ങിയിട്ടുണ്ട് എന്നത് നേര് തന്നെ. മുന്‍പ് നടന്ന പരീക്ഷണങ്ങള്‍ പരാജയമായിരുന്നു എന്നത് ചരിത്രവുമാണ്.

തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും പ്രാദേശിക പാര്‍ട്ടികളുടെ കീഴിലാണ് ദേശിയ പാര്‍ട്ടികളുടെ സ്ഥാനം എന്ന് കാണാവുന്നതാണ്. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്നത് പ്രാദേശിക പാര്‍ട്ടികള്‍ തന്നെ. തെലുങ്കാനയില്‍ പ്രതിപക്ഷത്ത് നാമമാത്രമായ കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമാണുള്ളത്. 2019 മുതല്‍ അവിടെ പ്രതിപക്ഷ നേതാവില്ലാത്ത സ്ഥിതിയാണ്. ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയാണ് ഭരിക്കുന്നത്. അവിടെ മുഖ്യ പ്രതിപക്ഷം തെലുങ്കു ദേശം പാര്‍ട്ടിയാണ്. ബംഗാളില്‍ ത്രിണമുല്‍ കോണ്‍ഗ്രസിന്‍റെ ശക്തിക്ക് മുന്നില്‍ മുട്ടുമടക്കുന്ന ദേശിയ പാര്‍ട്ടികളെ നമ്മള്‍ കണ്ടതാണ്. പ്രമുഖരായ ദേശീയ പാര്‍ട്ടികളുടെ ശക്തി കേന്ദ്രങ്ങളിലാണ് പ്രാദേശികമായി വളര്‍ന്ന് ദേശിയ പാര്‍ട്ടി സ്ഥാനം നേടിയ ത്രിണമുലിന്‍റെ വിജയം എന്നത് നിസാരമല്ല. 

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ചു വരുന്നതായി വിലയിരുത്തപ്പെടുന്നു. ദേശിയ പാര്‍ട്ടികളുടെ പട്ടികയിലുള്ള പാര്‍ട്ടികള്‍ പ്രാദേശികമായി മാറുന്ന കാഴ്ച്ചയാണ് വരും നാളുകളിലെ തിരഞ്ഞെടുപ്പുകളിലൂടെ കാണേണ്ടി വരിക എന്ന സംസാരവും ഇല്ലാതില്ല. പ്രാദേശിക പാര്‍ട്ടികളുടെ ഐക്യം ഉണ്ടാകുവാന്‍ പ്രയാസമാണ്. എല്ലാവരേയും ഒരുമിച്ച് നിര്‍ത്തുവാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതപെടും.