പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2021 ഡിസംബര്‍ 31  


ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം 

വടക്കേ ഇന്ത്യയില്‍ വ്യാപകമായി മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ പതിവായിരിക്കയാണ്. മിക്ക പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി ഉയരുമെങ്കിലും ഒരു നടപടിയും ഉണ്ടാകാറില്ല. പലതിനും തെളിവില്ല എന്ന ന്യായീകരണമാണ് ഉണ്ടാകുന്നത്. അടുത്തിടെ ഹരിദ്വാറില്‍ ഹിന്ദുത്ത്വ സംഘടനകളും സന്യാസിമാരും ചേര്‍ന്ന് സംഘടിപ്പിച്ച ധര്‍മ സന്‍സദ് എന്ന പേരില്‍ മതപാര്‍ലമെന്‍റ് നടത്തിയിരുന്നു. ന്യൂനപക്ഷ സമുദായത്തെ ഇല്ലായ്മ ചെയ്യണമെന്ന് അവിടെ ആഹ്വാനമുണ്ടായി. ഇത് പരസ്യമായതിന് പിന്നാലെ ഹരിദ്വാര്‍ ജ്വാലപൂര്‍ സ്വദേശി പോലീസില്‍ പരാതി നല്‍കി. അടുത്തകാലത്ത് ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്ന് പേര് സ്വീകരിച്ച ഉത്തര്‍പ്രദേശിലെ ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ അദ്ധ്യക്ഷനായ വസീം റിസ്വിക്കെതിരെ മാത്രമാണ് പോലീസ് കേസെടുത്തത്. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പ്രസംഗം നടത്തിയതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം കേസെടുത്തത്. വിചിത്രമായ വിശേഷണമെന്തന്നാല്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് തെളിവില്ലെന്ന് കേസെടുത്ത ഹരിദ്വാര്‍ പോലീസ് മുന്‍പേ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. സ്വാമി യതി നരസിംഹാനന്ദ് ധര്‍മ സന്‍സദില്‍ പറഞ്ഞത് ഒരു സമുദായത്തിന് വിജയിക്കണമെങ്കില്‍ ആയുധമെടുക്കണം. ഒരു പ്രഭാകരനോ, ഭീദ്രന്‍വാലയോ ആകുന്നവര്‍ക്ക് ഒരു കോടിരൂപ പ്രതിഫലം നല്‍കാം. ബീഹാറില്‍ നിന്നുള്ള ധരം ദാസ് എന്ന സന്യാസി പറഞ്ഞത് ന്യൂനപക്ഷങ്ങള്‍ക്ക് ദേശിയ സമ്പത്തില്‍ അവകാശമുണ്ടെന്ന് പറഞ്ഞ ഡോക്ടര്‍ മന്‍ മോഹന്‍ സിംഗിനെ നാഥൂറാം ഗോഡ്സേ ഗാന്ധിയെ വെടിവെച്ച് കൊന്ന പോലെ കൊല്ലണമെന്നാണ്. സ്വമി പ്രഭോദാനന്ദ ഗിരി പറഞ്ഞത് ഓരോ ഹിന്ദുവും ആയുധമെടുത്ത് ശുദ്ധീകരണ പ്രക്രിയ്ക്ക് തയ്യാറാകണം. മറ്റൊരു മാര്‍ഗവും മുന്നില്‍ ഇല്ലെന്നാണ്.  സ്വാധ്വി അന്നപൂര്‍ണ്ണ പ്രസംഗിച്ചത് 20 ലക്ഷം പേരെ കൊല്ലാന്‍ നമുക്ക് 100 പടയാളികള്‍ മതിയെന്നാണ്. എന്നാല്‍ ഇങ്ങനെ വിദ്വേഷ പ്രസംഗം നടത്തിയ സന്യാസിമാര്‍ക്കെതിരെ ഒരു നടപടിയും ഹരിദ്വാര്‍ പോലീസ് സ്വീകരിച്ചില്ല എന്നത് കൗതുകം തന്നെ. പശുവിനെതിരെ സംസാരിച്ചാല്‍ അറസ്റ്റ് ചെയ്ത് തടങ്കലിലിടുന്ന നാട്ടിലാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. 

ആഘോഷങ്ങള്‍ക്ക് വിലക്ക്

ഉത്തരകൊറിയക്കാര്‍ക്ക് ചിരിക്കാനും മദ്യപിക്കാനും പത്ത് ദിവസം വിലക്ക് ഏര്‍പ്പെടുത്തി. അവരുടെ മുന്‍ പ്രസിഡന്‍റായിരുന്ന കിം ജോങ്ങ് ഉന്നിന്‍റെ പത്താം ഓര്‍മ്മ ദിവസം പ്രമാണിച്ചാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പലചരക്ക് വാങ്ങുന്നതിനും ഒഴിവ് സമയം ആസ്വദിക്കുന്നതിനും വിലക്കുണ്ട്. വിചിത്രമായ ഈ മണ്ടത്തര വിലക്ക് വാര്‍ത്ത വായിച്ച് ലോകം മുഴുവന്‍ ചിരിക്കുകയും ചെയ്തു. ഉത്തരകൊറിയയില്‍ മുന്‍കാലങ്ങളില്‍ ദുഃഖാചരണ വേളയില്‍ മദ്യവും മറ്റും കഴിച്ചവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ പിന്നീട് കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ജനങ്ങള്‍ അവിടെ ഭയത്തിലാണ് കഴിയുന്നത്. ഇന്ത്യയില്‍ കൊറോണ വൈറസിന്‍റെ വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടി വരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് കര്‍ണാടക, തമിഴ്നാട് തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങള്‍ ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്. ഒത്തു ചേരലുകളും, ആള്‍കൂട്ട പരിപാടികളും, സാംസ്കാരിക പരിപാടികളും ഉപേക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ദുരന്താശ്വാസ നിവാരണ അതോറിറ്റി എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയില്‍ കുറച്ച് നാളുകളായി മാസ്ക്കും, സാമൂഹിക അകലവും ജനങ്ങള്‍ ഉപേക്ഷിച്ച പോലായിരുന്നു. മാസ്ക്കും, സാമൂഹ്യ അകലവും ജനങ്ങളില്‍ കര്‍ശനമാക്കാന്‍ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം ലഭിച്ചുകഴിഞ്ഞു. ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം കൂടുന്നതിനാല്‍ ഡല്‍ഹിയിലെ കോമണ്‍വെല്‍ത്ത് വില്ലേജില്‍ ഡല്‍ഹി സര്‍ക്കാര്‍ മെഡിക്കല്‍ സജീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്.  ലോകത്തിന്‍റെ പല ഭാഗങ്ങളിലെ രാജ്യങ്ങളും സമാനമായി ക്രിസ്തുമസും, പുതുവത്സര ആഘോഷങ്ങളും വിലക്കിയിരിക്കയാണ്. ഒമിക്രോണ്‍ വൈറസിന്‍റെ വ്യാപനം വേഗത ഏറിയതായതിനാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുവാനുള്ള സാധ്യതയുണ്ട്.

പാര്‍ലമെന്‍റ് ശീതകാലസമ്മേളനം അവസാനിച്ചു.

പതിവില്‍ നിന്ന് വിപരീതമായി ഒരു ദിവസം മുന്‍പേ പാര്‍ലമെന്‍റ് ശീതകാലസമ്മേളനം അവസാനിച്ചു. 12 രാജ്യസഭാ അംഗങ്ങളെ കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്താക്കിയതും, ഈ സമ്മേളനത്തില്‍ ഒരു അംഗത്തിനെ പുറത്താക്കിയതും വലിയ ബഹളത്തിനും, പ്രതിഷേധങ്ങള്‍ക്കും ഇടനല്‍കി. മാധ്യമ പ്രവര്‍ത്തകരെ സഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ നറുക്കിട്ടെടുക്കുന്ന പ്രാചീന നടപടിക്കും സാക്ഷിയാകേണ്ടി വന്ന സമ്മേളനമാണ് കഴിഞ്ഞത്. പ്രതിപക്ഷ അംഗങ്ങളുടെ ശക്തമയ പ്രതിഷേധത്തെ വകവെയ്ക്കാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിക്കുമായിരുന്നില്ല. ലഖീംപൂര്‍ ഖേരി സംഭവത്തിന്‍റെ ഉത്തരവാധിത്ത്വം ഏറ്റെടുത്ത് കേന്ദ്ര അഭ്യന്തിര സഹമന്ത്രി ആശിഷ് മിക്രയെ പുറത്താക്കണമെന്ന ആവശ്യവുമായി സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നലെയാണ് സഭാ നടപടികള്‍ അവസാനിപ്പിക്കുന്ന തീരുമാനം പുറത്ത് വന്നത്. വിവാദമായ മൂന്ന് കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുന്ന ബില്ല് ഉള്‍പ്പടെ 11 ബില്ലുകള്‍ പാസാക്കി. 13 ബില്ലുകള്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരത്തിനായി അവതരിപ്പിച്ചു. ബില്ലുകള്‍ രാജ്യസഭയില്‍ തടസമില്ലാതെ പാസാക്കുന്നതിന് വേണ്ടിയാണ് 12 അംഗങ്ങളെ പുറത്താക്കിയതെന്ന ആക്ഷേപമുണ്ട്. 

ഡി.വിജയമോഹന്‍റേത് ബഹുമുഖ വ്യക്തിത്വം 


മാധ്യമ പ്രവര്‍ത്തകനായി മാത്രമല്ല, വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖവ്യക്തിത്വമായിരുന്നു ഡി. വിജയമോഹനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എം.പി പറഞ്ഞു. കേരള മീഡിയ അക്കാദമിയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകവും സംയുക്തമായി സംഘടിപ്പിച്ച ഡി.വിജയമോഹന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ അക്കാദമിക് വിദഗ്ധന്‍, രാഷ്ട്രീയ നിരീക്ഷകന്‍, എല്ലാ കാര്യങ്ങളും പഠിക്കാന്‍ ശ്രമിച്ചിരുന്ന വിദ്യാര്‍ഥി എന്നിങ്ങനെയെല്ലാം വിജയമോഹന്‍ തിളങ്ങി. മൂന്നു പതിറ്റാണ്ടുകാലത്തെ പരിചയത്തിനിടയില്‍ 17 വര്‍ഷം അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്താനായി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൃത്യമായി മനസിലാക്കിയാലേ, ഇടതു-കോണ്‍ഗ്രസ് രാഷ്ട്രീയത്തെക്കുറിച്ചു കൂടുതലറിയാന്‍ സാധിക്കൂ. ഇതിനു സഹായകമായതു വിജയമോഹനായിരുന്നു. വി.കെ. കൃഷ്ണമേനോനെക്കുറിച്ചുള്ള തന്‍റെ ജീവചരിത്ര രചനയില്‍ ഏറെ സഹായമായി ഡി. വിജയമോഹന്‍ ഒപ്പം നിന്നിരുന്നെന്ന് ജയറാം രമേശ് പറഞ്ഞു. വി.കെ.മാധവന്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന ചരിത്രരേഖകളും ചിത്രങ്ങളുമെല്ലാം ലഭ്യമാക്കാനും വി.കെ.കൃഷ്ണമേനോനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരെ കണ്ടെത്താനുമൊക്കെ ഡി. വിജയമോഹന്‍ കൂടെയുണ്ടായിരുന്നു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുമ്പോഴും പ്രാദേശികമായ ബന്ധങ്ങള്‍ അദ്ദേഹം നിലനിര്‍ത്തിയിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. എത്ര ചെറിയ കാര്യമായാലും സ്വയം സമര്‍പ്പിച്ച്, മുഴുകി ചെയ്യുന്നതായിരുന്നു ഡി. വിജയമോഹന്‍റെ രീതിയെന്നു സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ഒരു പ്രഭാഷണം കേള്‍ക്കുമ്പോള്‍ പോലും ആ സമര്‍പ്പണം കൃത്യമായി മനസിലാക്കാന്‍ സാധിക്കുമായിരുന്നു. മിനിറ്റുകള്‍ മാത്രം പരിചയമള്ളവരുടെ പോലും മനസില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത് അതുകൊണ്ടായിരുന്നും ബേബി പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് എം.പി അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തില്‍ കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച 'ഡി. വിജയമോഹന്‍: കാലവും  കയ്യൊപ്പും' എന്ന പുസ്തകം പ്രകാശനം ചെയ്തു. ബിനോയ് വിശ്വം എം.പി, കെ.കെ. ശൈലജ എം.എല്‍.എ, ഓര്‍ഗനൈസര്‍ മുന്‍പത്രാധിപര്‍ ഡോ. ആര്‍. ബാലശങ്കര്‍, മാധ്യമപ്രവര്‍ത്തകരായ ആര്‍.പ്രസന്നന്‍, എന്‍. അശോകന്‍, പ്രശാന്ത് രഘുവംശം, ജോസി ജോസഫ്, ജോര്‍ജ് കള്ളിവയലില്‍, മീഡിയ അക്കാദമി സെക്രട്ടറി എന്‍.പി.സന്തോഷ്, ബാബു പണിക്കര്‍, സുധീര്‍നാഥ്, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡി. വിജയമോഹന്‍റെ ഭാര്യ ജയശ്രീക്ക് പ്രശസ്ത ചിത്രകാരന്‍ രമേശ് കെ.കെ. വരച്ച ഡി. വിജയമോഹന്‍റെ ചിത്രം ടി.വി.ആര്‍. ഷേണായുടെ ഭാര്യ സരോജം ചടങ്ങില്‍ ക്കൈമാറി.

സ്റ്റോപ്പ് പ്രസ്

പിന്‍വലിച്ച കര്‍ഷക നിയമങ്ങള്‍ തിരികെ കൊണ്ടു വരുമെന്ന് കേന്ദ്ര ക്യഷി മന്ത്രി തോമര്‍ നാഗ്പൂരില്‍ പറഞ്ഞിരിക്കുന്നു. കര്‍ഷക സമരം വീണ്ടും ശക്തമാകാനുള്ള എല്ലാ സാഹചര്യങ്ങളും ഉരുതിരിയുന്നുണ്ട്.