ആയാ റാം, ഗയാ റാം രാഷ്ട്രീയം

ആയാ റാം, ഗയാ റാം രാഷ്ട്രീയം

വിജയ് ചൗക്ക് @ 128 @ മെട്രോ വാര്‍ത്ത: ജനുവരി 15

സുധീര്‍നാഥ് 

തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വടക്കേ ഇന്ത്യയില്‍ വര്‍ഷങ്ങളായി കണ്ടു വരുന്ന രാഷ്ട്രീയ ചാട്ടം ഇപ്പോഴും തുടരുന്നു. ഇങ്ങനെ ചാടിയവരില്‍ ചിലര്‍ രക്ഷപെടുകയും, ചിലര്‍ അതോടെ അസ്ഥമിക്കുകയും ചെയ്യുന്നു എന്നതാണ് ചരിത്രം. അധികാരം എവിടെ വരും എന്ന ഊഹങ്ങളാണ് പല രാഷ്ട്രീയ ചാട്ടത്തിനും കാരണമാകുന്നത്. പ്രാദേശികമായ രാഷ്ട്രീയ നീക്കങ്ങള്‍ വിശ്വസിക്കാവുന്നതാണ്. ജനവികാരം ക്യത്ത്യമായി അറിയുവാന്‍ അവര്‍ക്ക് സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഭരണപക്ഷത്താകുക എന്ന ലക്ഷ്യമാണ് പലരേയും ഈ ചാട്ടത്തിന് പ്രേരിപ്പിക്കുന്നത്. ആശയപരമായ താത്പര്യമെന്ന് പലരും പറയുന്നത് പൊള്ളത്തരമാണെന്ന് സമൂഹത്തിന് തിരിച്ചറിയാന്‍ ഒട്ടും പ്രയാസവുമില്ല.

ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളിലേയ്ക്ക് മാറുന്നതിനെ പരാമര്‍ശിച്ച് ഒരു പ്രയോഗം തന്നെ പ്രചാരത്തിലുണ്ട്. ആയാ റാം, ഗയാ റാം. ഈ പ്രയോഗത്തിന് പിന്നില്‍ ഒരു സംഭവമുണ്ട്. ഹരിയാനയിലെ ഹോഡല്‍ എന്ന നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1967ല്‍ ഗയാ ലാല്‍ എന്ന വ്യക്തി സ്വതന്ത്രനായി വിജയിച്ചു. തിരഞ്ഞെടുത്തതിന് ശേഷം ഇയാള്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വൈകാതെ അവിടെ നിന്ന് രാജിവെച്ച് യുണയ്റ്റഡ് ഫ്രണ്ടില്‍ അംഗമായി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അവിടുന്നും രാജിവെച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി അംഗമായി. കോണ്‍ഗ്രസിലേയ്ക്ക് ഗയാ ലാലിനെ കൊണ്ടുവരുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഹരിയാന മുഖ്യമന്ത്രി കൂടിയായ റാവു ബൈരേന്ദ്ര സിംഗ് ചണ്ഡിഗഡില്‍ പത്രസമ്മേളനം വിളിച്ചു. ഒരു ദിവസം മൂന്ന് തവണ പാര്‍ട്ടി മാറിയ ചരിത്രം കൂടിയായിരുന്നു അത്. അദ്ദേഹം ഗയാ ലാലിനേയും കൂട്ടി പത്ര സമ്മേളനത്തില്‍ വന്ന് പറഞ്ഞ വാക്കാണ് ആയാ റാം, ഗയാ റാം... അത് അന്നു മുതല്‍ ഇന്നു വരെ വളരെ പ്രശസ്തമായി എല്ലാ പാര്‍ട്ടിക്കാരും പ്രയോഗിക്കുന്നതായി കാണാം. ഗയാ ലാല്‍ പിന്നീടും പല പാര്‍ട്ടികളിലേയ്ക്കും കൂറ് മാറി എന്നത് രാഷ്ട്രീയ ചരിത്രമാണ്. 

ഗയാ ലാലിന്‍റെ ചാട്ടത്തിന് പിന്നാലെ വടക്കേ ഇന്ത്യയില്‍ വ്യാപകമായി സമാനമായ രാഷ്ട്രീയ ചാട്ടമുണ്ടായി. ആയാ റാം, ഗയാ റാം എന്ന പ്രയോഗം അങ്ങിനെയാണ് പ്രചാരം ലഭിച്ചത്. ഇത്തരം രാഷ്ട്രീയ ചാട്ടം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം തലവേദന സ്യഷ്ടിച്ചിട്ടുള്ള കാര്യമാണ്. 1985ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ അവസരത്തില്‍ ജനുവരി 30, 31 തിയതികളില്‍ കൂറ്മാറ്റ വിരുദ്ധ ബില്ല് ലോക്സഭയിലും രാജ്യസഭയിലും പാസാക്കി. 1985 ഫെബ്രുവരി 15ന് രാഷ്ട്രപതി അംഗീകരിക്കുകയും, മാര്‍ച്ച് 18ന് നിയമം പ്രാപല്യത്തില്‍ വരികയുണ്ടായി. പുതിയ നിയമം വന്നതോടെ രാഷ്ട്രീയ കൂറ് മാറ്റത്തിന് അല്‍പ്പം കുറവ് സംഭവിച്ചു എന്നത് സത്യമാണ്. 

കൂറ്മാറ്റ നിയമത്തില്‍ പലകുറി ബേദഗതി ഉണ്ടായെങ്കിലും രാഷ്ട്രീയ ചാട്ടം തുടര്‍ന്നും നടന്നു. ജനതാ പാര്‍ട്ടിയില്‍ നിന്നാണ് കൂടുതല്‍ നേതാക്കള്‍ ആദ്യകാലങ്ങളില്‍ പാര്‍ട്ടി ഉപേക്ഷിച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്ന ശീലമുണ്ടായത്. രാഷ്ട്രീയ നേതാക്കളെ വിലയ്ക്ക് വാങ്ങുന്ന കുതിരക്കച്ചവടം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാലങ്ങളായി നടന്നു വരുന്നത് തുടരുകയും ചെയ്തു. ഇത്തരത്തില്‍ ഭരണം വരെ കയ്യാളുന്ന നടപടിക്ക് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ മുതിരുകയും അതില്‍ വിജയിക്കുകയും ചെയ്തത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. കേവല ഭൂരിപക്ഷമുള്ള പാര്‍ട്ടികളെ പ്രതിപക്ഷത്ത് ഇരുത്താന്‍ സാധിച്ചത് ചെറു പാര്‍ട്ടികളെ മൊത്തമായി വിലയ്ക്കെടുക്കാന്‍ സാധിക്കുമെന്നതു കൊണ്ടാണ്.

കുറ്മാറ്റ നിയമ ഭേദഗതി നിയമം വലിയ പാര്‍ട്ടികളുടെ മേല്‍ക്കോയ്മ സംരക്ഷിക്കുന്നതിനാണെന്ന ആരോപണം ഉണ്ട്. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കാന്‍ പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ചവര്‍ നിര്‍ബന്ധിതമാകുന്നു. പാര്‍ട്ടിക്കൊപ്പം നില്‍ക്കുവാന്‍ വിധിക്കപ്പെട്ട അവര്‍ക്ക് സ്വന്തം മനസാക്ഷിക്കൊപ്പം അഭിപ്രായ സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുന്നു എന്ന സംസാരമുണ്ട്. ചെറിയ പാര്‍ട്ടികള്‍ കൂടുതലായുണ്ടായത് ഈ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ആണെന്ന് കാണുവാന്‍ സാധിക്കും. അധികാരമുള്ള ഭാഗത്തേയ്ക്ക് ചെറു പാര്‍ട്ടികള്‍ ഒന്നായി പോകുന്നതിന് നിയമങ്ങള്‍ തടസമാകുന്നില്ല. കൂറുമാറ്റ നിയമ പരിധിയില്‍ ചെറു പാര്‍ട്ടികള്‍ അകപ്പെടുകയുമില്ല.

പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയും, പാര്‍ട്ടിയില്‍ തിരികെ കയറുകയും ചെയ്യുന്ന പതിവ് സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ പല പ്രമുഖ നേതാക്കളും ക്കൈകൊണ്ടിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അത്രകണ്ട് സമ്മതനല്ലാത്ത ഒരു നേതാവായിരുന്നു രാജാജി. എപ്പോഴും പാര്‍ട്ടിക്കുള്ളില്‍ വിമത ശബ്ദമായി അദ്ദേഹം നിലകൊണ്ടിരുന്നു. ഗാന്ധിജിയുടെ നിലപാടിനെ എപ്പോഴും വിമര്‍ശിച്ചിരുന്ന രാജാജിയോട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പലര്‍ക്കും അത്ര മമത ഇല്ലായിരുന്നു. തുടരെ തുടരെ പല കാരണങ്ങള്‍ ചൂണ്ടി കാട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുകയും, താമസിയാതെ തിരികെ കോണ്‍ഗ്രസില്‍ വരികയും ചെയ്യുന്ന രീതി രാജാജിക്ക് ഉണ്ടായിരുന്നു. 

വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുമെന്ന പ്രശസ്ത പ്രയോഗം നമ്മുടെ കേരളത്തില്‍ നിന്നുണ്ടായതാണ്. കേരള കോണ്‍ഗ്രസിന്‍റെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് അത് വ്യക്തമാകും. 1964 ഒക്ടോബര്‍ 9ന് കോട്ടയം ലക്ഷമി നിവാസ് ഓഡിറ്റോറിയത്തില്‍ നടന്ന ആലോചനാ യോഗത്തിലാണ് മന്നത്ത് പത്മനാഭന്‍ കോണ്‍ഗ്രസില്‍ പിന്നു പിളരാന്‍ തീരുമാനിച്ചത്. അന്ന് വൈകീട്ട് തിരുന്നക്കര മൈതാനത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ മന്നത്ത് പത്മനാഭന്‍ പ്രഖ്യാപിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. എത്രയോ തവണ കേരള കോണ്‍ഗ്രസ് പിളര്‍ന്നിരിക്കുന്നു. എന്നാലും കേരള കോണ്‍ഗ്രസുകളുടെ വളര്‍ച്ചയും സമാന്തരമായി ഉണ്ടായി എന്നും കാണാം. വളരും തോറും പിളരുമെന്ന് പ്രസ്ഥാവിച്ച കെ.എം. മാണി മരിക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി. കാലങ്ങളായി പ്രശസ്തമായ പ്രയോഗത്തെ സാധൂകരിക്കുന്ന രീതിയിലാണ് പാര്‍ട്ടിയുടെ പോക്ക് എന്ന് കാണാം. 

തിരഞ്ഞെടുപ്പിന്‍റെ കാലം അടുത്തപ്പോള്‍ മുതല്‍ വടക്കേ ഇന്ത്യയില്‍ കാലുമാറ്റ നാടകം തുടങ്ങിയിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ് അടുത്ത കാലത്ത് വന്‍ ചാട്ടം നടത്തിയത്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ബി.ജെ.പി. പാളയത്തിലാണ് അദ്ദേഹമിപ്പോള്‍. പഞ്ചാബില്‍ ക്യാപ്റ്റന് പിന്നാലെ പലരും അങ്ങോട്ടുമിങ്ങോട്ടും ചാടിയതായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ ശക്തമായി വരുന്നത് കൊണ്ട് കുറേ പേര്‍ അവിടേയും കയറി കൂടിയിട്ടുണ്ട്. കര്‍ഷക സമരം ശക്തമായപ്പോള്‍ ബി.ജെ.പി. കൂട്ടുകെട്ട് ഉപേക്ഷിച്ച് ശിരോമണി അകാലി ദള്‍ ഒന്നാകെ മറുപക്ഷം ചേര്‍ന്നിരുന്നു. ശിരോമണി അകാലി ദളിന്‍റെ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ഇപ്പോള്‍ പോയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗോവയിലും മണിപ്പൂരും രാഷ്ട്രീയ ഭാരതം വലിയ ആകാംഷയോടെ നോക്കുന്നുണ്ട്. അതിന് കാരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവിടെ അധികാരം പിടിക്കാന്‍ നടത്തിയ രാഷ്ട്രീയ നാടകം തന്നെയാണ്. 40 അംഗ ഗോവ നിയമസഭയില്‍ 17 അംഗങ്ങളെ ജയിപ്പിച്ച കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുകയും, 13 അംഗങ്ങളെ ജയിപ്പിച്ച ബി.ജെ.പി. ചെറുകക്ഷികളെ കൂടെ ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കുകയും ഉണ്ടായി. കൂടാതെ കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലരെ രാജിവെപ്പിച്ചു. മണിപ്പൂരില്‍ 60 അംഗ മന്ത്രിസഭയില്‍ 28 അംഗങ്ങളെ ജയിപ്പിച്ച കോണ്‍ഗ്രസ് പ്രതിപക്ഷത്താണ് ഇരുന്നത്. 21 പേരെ ജയിപ്പിച്ച ബി.ജെ.പിയാണ് അവിടെ ചെറു പാര്‍ട്ടികളെ കൂട്ടി ഭരിച്ചത്. ഇപ്പോള്‍ മണിപ്പൂരില്‍ ബി.ജെ.പിക്ക് 26 സീറ്റും, കോണ്‍ഗ്രസിന് 14 സീറ്റുമായി മാറി. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പി. പക്ഷം ചേരുകയും ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും എം.എല്‍.എ. ആകുകയുമാണുണ്ടായത്. കര്‍ണ്ണാടകയിലും, മദ്ധ്യപ്രദേശിലും സമാനമായ രാഷ്ട്രീയ തന്ത്രം തന്നെയാണ് ഉണ്ടായത്. കൂറ്മാറ്റ നിയമം ഇവിടെ അസാധുവായതായി കാണാം. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഉത്തര്‍പ്രദേശില്‍ പലരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്ന കാഴ്ച്ച കാണാവുന്നതാണ്. ബി.ജെ.പി. മന്ത്രിസഭയിലെ മന്ത്രിമാരും, എം.എല്‍.എമാരും രാജിവെച്ച് സമാജ്വാദി പാര്‍ട്ടിയോടൊപ്പം പോകുന്നതാണ് വര്‍ത്തമാനകാല കാഴ്ച്ച. കുറച്ച് പേര്‍ ബി.ജെ.പിയിലേയ്ക്കും ചേക്കേറുന്നുണ്ട്. പിന്നോക്ക വിഭാഗത്തിന്‍റെ നേതാക്കള്‍ കൂട്ടത്തോടെ സമാജ്വാദി പക്ഷത്തേയ്ക്കാണ് ചേക്കേറുന്നത്. ഇത് ബി.ജെ.പി. നേത്യത്ത്വത്തെ വല്ലാതെ അലട്ടിയിരിക്കുകയാണ്. തങ്ങള്‍ പിന്നോക്ക വിഭാഗത്തിന്‍റെ കൂടെയാണെന്ന് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുള്ള നേതാക്കള്‍ അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും, അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നതും പതിവാക്കിയിരിക്കയാണ്.

ആയാ റാം, ഗയാ റാം എന്ന് ഇപ്പോള്‍ പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ വീണ്ടും പറഞ്ഞു തുടങ്ങിയിരിക്കുന്നു. ദിവസവും പല സംസ്ഥാനങ്ങളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച വാര്‍ത്തയും, എതിര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന വാര്‍ത്തയും വന്നുകൊണ്ടിരിക്കയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചെറു പാര്‍ട്ടികള്‍ ഒന്നായി ഭരണം നേടുന്ന പക്ഷത്തേയ്ക്ക് പോകുന്ന കാഴ്ച്ചയും കാണുവാന്‍ സാധിക്കും. ആയാ റാം, ഗയാ റാം...