ഇന്ത്യ എന്‍റെ രാജ്യമല്ലേ...?

ഇന്ത്യ എന്‍റെ രാജ്യമല്ലേ...?

സുധീര്‍ നാഥ്  


ഇന്ത്യാ എന്‍റെ രാജ്യമാണ്.

എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്.

ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു;

സമ്പൂര്‍ണ്ണവും വൈവിദ്ധ്യ പൂര്‍ണ്ണവുമായ അതിന്‍റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

ഞാന്‍ എന്‍റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.

ഞാന്‍ എന്‍റെ രാജ്യത്തിന്‍റെയും എന്‍റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും. ജയ് ഹിന്ദ്

ഇതാണ് ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ. ഇന്ത്യന്‍ റിപ്പബ്ലിക്കിനോടുള്ള കൂറ് സാക്ഷ്യപ്പെടുത്തുന്ന പ്രതിജ്ഞയാണ് ദേശീയ പ്രതിജ്ഞ. സാധാരണയായി, പൊതുചടങ്ങളുകളിലും പ്രത്യേകിച്ച്, സ്കൂളുകളിലും സ്വാതന്ത്ര്യ ദിനാഘോഷം, റിപ്പബ്ലിക്ക് ദിനാഘോഷം എന്നീ ചടങ്ങുകളിലും ജനങ്ങളൊന്നാകെ ദേശീയ പ്രതിജ്ഞ ചൊല്ലുന്നു. വരും നാളുകളില്‍ ദേശീയ പ്രതിജ്ഞ നിരോധിക്കുവാനുള്ള സാധ്യതയും തള്ളികളയാനാകില്ല. സമ്പൂര്‍ണ്ണവും വൈവിദ്ധ്യ പൂര്‍ണ്ണവുമായ അതിന്‍റെ പാരമ്പര്യത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് അഭിമാനിക്കാന്‍ സാധിക്കുമോ...? ഇതിന്‍റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കയാണ് ഇപ്പോള്‍. ഇന്ത്യ എന്‍റെ രാജ്യമണോ എന്ന് ജനങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നതില്‍ കുറ്റം പറയുവാന്‍ സാധിക്കില്ല. വര്‍ഗീയ വിഷം ചീറ്റുകയാണ് മതേതര ഇന്ത്യയുടെ തെരുവുകളില്‍. 

തെലുങ്ക് ഭാഷയിലാണ് ആദ്യമായി ദേശീയ പ്രതിജ്ഞ എഴുതപ്പെട്ടത്. 1962-ല്‍ പൈദിമാരി വെങ്കട സുബ്ബറാവുവാണ് ഇത് തയ്യാറാക്കിയത്. 1963-ല്‍ വിശാഖപട്ടണത്തെ സ്കൂളുകളില്‍ വ്യാപകമായി ചൊല്ലി തുടങ്ങി. ബാംഗ്ലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗം, അതിന്‍റെ അദ്ധ്യക്ഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ എം.സി. ചഗ്ലയുടെ നിര്‍ദ്ദേശപ്രകാരം സ്കൂളുകളില്‍ ഈ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിപ്പിക്കുന്നതിന് തീരുമാനമെടുക്കുകയും തൊട്ടടുത്ത റിപ്പബ്ലിക്ക് ദിനമായ 1965 ജനുവരി 26-ന് ആ പതിവ് നിലവില്‍ വരുകയും ചെയ്തു. ദേശീയ പ്രതിജ്ഞ പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യണമെന്നും സ്കൂള്‍ പാഠപുസ്തകങ്ങളുടെ ആദ്യ താളില്‍ അച്ചടിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.

കാലം മാറിയിരിക്കുന്നു. അടല്‍ ബിഹാരി വാജ്പയ് ഭരിച്ചിരുന്ന ബി.ജെ.പി. സര്‍ക്കാരല്ല നരേന്ദ്ര മോദി ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍. 2014ല്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതില്‍ പിന്നീട് ഹിന്ദു തീവ്രവാദികളുടെ താണ്ഡവ ന്യത്തം വടക്കേ ഇന്ത്യയില്‍ തുടങ്ങിയിരുന്നു. മറ്റു സമുദായ അംഗങ്ങളെ അതിക്രൂരമായി പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ ഒരു തുടര്‍ക്കഥയായി തുടരുന്നു. മതന്യൂനപക്ഷങ്ങളെ വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ തല്ലിക്കൊല്ലുന്നു. എന്ത് വേഷം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്ന ഉത്തരവുകള്‍ ഉണ്ടാകുന്നു. നിയമം ഹിന്ദു തീവ്രവാദികള്‍ ഏറ്റെടുത്തിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടം. അവര്‍ക്ക് ഒത്താശ ചെയ്യുന്ന നീതിന്യായ വ്യവസ്ഥയെ വളര്‍ത്തി എടുത്തിരിക്കുന്നു. സാധാരണ ജനത്തിന് നീതി അന്യമാകുന്നു എന്ന ഭയം ഉണ്ടായി തുടങ്ങിയിരിക്കുന്നു.

ഇന്ത്യയില്‍ വ്യത്യസ്ഥ മതവിഭാഗങ്ങള്‍ രമ്യതയില്‍ കഴിഞ്ഞിരുന്ന നാളുകളുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ പറയുവാന്‍ ആത്മാര്‍ത്ഥമായി സാധിക്കുമെന്ന് തോന്നുന്നില്ല. എന്തു കൊണ്ട് അത് സംഭവിച്ചു എന്നത് മനസിലാക്കേണ്ടതുണ്ട്. എല്ലാ മതക്കാരും അവരവരുടെ ആചാരപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. ഓരോ മതക്കാരും അവരുടെ മതപ്രകാരമുള്ള ആഘോഷങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ അതിനൊക്കെ വര്‍ത്തമാനകാല ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നു. നിലവില്‍ വടക്കേ ഇന്ത്യയില്‍ മാത്രമാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കണ്ടു വരുന്നത്. താമസിയാതെ രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളിലേയ്ക്കും വിലക്കുകള്‍ പടര്‍ന്ന് കയറിയേക്കാം. അത് തടയേണ്ടത് ഇന്ത്യന്‍ മതേതരത്ത്വം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരായ ഇന്ത്യന്‍ ജനതയുടെ കടമയാണ്. 

ഹരിയാനയിലെ ഗുരുഗ്രാമില്‍ വെള്ളിയാഴ്ച്ച മുസ്ലീം സമുദായത്തിന്‍റെ ഉച്ച പ്രാര്‍ത്ഥന തടസപ്പെടുത്തി ജയ് ശ്രീം റാം വിളിച്ച് ഭീകരാന്തരീക്ഷം സ്യഷ്ടിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലീം പള്ളികള്‍ കുറവും, നിലവിലുള്ള പള്ളികളില്‍ നിസ്ക്കാരത്തിന് അധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുമില്ല. വര്‍ഷങ്ങളായി ഗുരുഗ്രാമിലെ മുസ്ലീം സഹോദരങ്ങള്‍ വര്‍ഷങ്ങളായി പാര്‍ക്കുകളിലും, മറ്റ് തുറസായ പൊതു ഇടത്തും വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടത്തിവരികയാണ്. ഈ പ്രാര്‍ത്ഥന തടസപ്പെടുത്തുന്നതിന് കഴിഞ്ഞ കുറച്ച് നാളുകളായി ശ്രമം നടക്കുന്നുണ്ട്. പൊതു ഇടങ്ങളില്‍ ട്രക്കുകള്‍ നിരത്തി ഇട്ടാണ് തടസം സ്യഷ്ടിച്ചത്. ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ഖട്ടര്‍ പറയുന്നത് മുസ്ലീങ്ങള്‍ക്ക് പള്ളിയിലോ, വീട്ടിലോ പോയി പ്രാര്‍ത്ഥിച്ചൂടെ എന്നാണ്. പ്രാര്‍ത്ഥന തടസപ്പെടുത്തിയവര്‍ക്കെതിരെ ഒരു നിയമ നടപടിയും എടുത്തിട്ടില്ലെന്നത് ആശങ്ക ഉണ്ടാക്കുന്നു.

ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത പട്ടോടിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ക്രിസ്തുമസ് തലേന്ന് നടന്ന ആഘോഷം ജയ് ശ്രീറാം വിളികളോടെ എത്തിയ ഒരുകൂട്ടം ആളുകള്‍ അലങ്കോലപ്പെടുത്തി. അവിടെ കരോള്‍ അവതരിപ്പിച്ച സംഘത്തെ അക്രമാസക്തരായ ഹിന്ദു തീവ്രവാദികള്‍ മര്‍ദ്ദിച്ചു. പരാതി ലഭിച്ചില്ല എന്ന മറുപടിയാണ് പട്ടോടി പോലീസ് നല്‍കിയ വിശദ്ധീകരണം. ഹരിയാനയിലെ തന്നെ അംബാല കണ്‍ഡോണ്‍മെന്‍റിലെ ഹോളി റഡീമര്‍ ചര്‍ച്ചിന് മുന്നിലെ ക്രിസ്തു ദേവന്‍റെ രൂപം ഹിന്ദു തീവ്രവാദികള്‍ അടിച്ച് തകര്‍ത്തു. അസാമിലും, കര്‍ണാടകയിലും, വടക്കേ ഇന്ത്യയിലെ പല ഭാഗത്തും സമാനമായി ക്രിസ്തുമസ് ആഹോഷങ്ങള്‍ക്ക് നേരെ അക്രമണം ഉണ്ടായിരുന്നു. 

ഹിജാബ് ധരിച്ചതിന്‍റെ പേരില്‍ കര്‍ണാടകയിലെ ഉടുപ്പി ഗവണ്‍മെന്‍റ് വനിതാ പി.യു. കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയതായ റിപ്പോര്‍ട്ടുണ്ട്. ഒന്നും, രണ്ടും വര്‍ഷത്തിലെ ആറ് കുട്ടികളെ ക്ലാസിന് പുറത്ത് മൂന്ന് ദിവസം നിര്‍ത്തി എന്നാണ് പരാതി. വിഷയം ഒത്തുതീര്‍പ്പാക്കാന്‍ രക്ഷിതാക്കളുടെയും മാനേജ്മെന്‍റിന്‍റേയും യോഗം വിളിച്ചിരിക്കയാണ് അവിടെ.

 രാജ്യത്തെ പല റോഡുകളുടെ പേരില്‍ നിന്ന് മുസ്ലീം സമുദായംഗങ്ങളായ മുഗള്‍ രാജക്കന്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നത് കുറെ നാളുകളായി തുടര്‍ന്ന് വരികയാണ്. റോഡുകളുടെ പേരുകള്‍ മാത്രമല്ല, കെട്ടിടങ്ങളുടെ പേരും, പാഠപുസ്തകങ്ങളിലെ അദ്ധ്യായങ്ങളും, ചരിത്ര രേഖകളും തിരുത്തി കുറിക്കുകയാണ്. ഇതിനെതിരെ പരാതി ഉയരുമെങ്കിലും ഒരു നടപടിയും ഉണ്ടാകാറില്ല. പ്രതിഷേധങ്ങളും, പ്രക്ഷോപങ്ങളും പലതും നടന്നിട്ടുണ്ട് എന്നത് കൊണ്ട് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇങ്ങനെ പല തലങ്ങളില്‍ മതത്തിന്‍റെ പേരില്‍ രാജ്യത്ത് വ്യാപകമായി ദ്രുവീകരണം ഉണ്ടാകുന്നു എന്നത് നിസാരമായി കാണുവാന്‍ സാധിക്കില്ല. 

ഇന്ത്യയില്‍ മുസ്ലീം സമുദായമാണ് കൂടുതലായും ഹിന്ദു തീവ്രവാദികളാല്‍ ആക്രമിക്കപ്പെടുന്നത്. ക്രിസതുമതക്കാരും, ദളിതരും, സിഖ്, ബുദ്ധമത വിഭാഗങ്ങളും മറ്റ് ചെറു മത വിഭാഗങ്ങളും പലയിടത്തും ഹിന്ദു തീവ്രവാദികളാല്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഈ വാര്‍ത്തകള്‍ അന്തര്‍ ദേശിയ മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിരിക്കുന്നു എന്നത് ഇന്ത്യയുടെ മതേതര മുഖത്ത് സംഭവിക്കുന്ന മങ്ങലായി കാണുക തന്നെ വേണം.

വടക്കേ ഇന്ത്യയില്‍ അടുത്തിടെ വ്യാപകമായി കണ്ടുവരുന്ന മറ്റൊരു പ്രവണതയാണ് മതപാര്‍ലമെന്‍റുകള്‍ വിളിച്ചു കൂട്ടി മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുക എന്നത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്ന പൊതുവായ സന്ദേശമാണ് ഓരോ മത പാര്‍ലമെന്‍റുകള്‍. ഇത് ഇന്ത്യയുടെ മതേതരത്ത്വത്തിന് ഭീഷണിയാണെന്നതിന് ഒരു സംശയവുമില്ല. വരാനിരിക്കുന്ന സംസ്സ്ഥാന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ബി.ജെ.പി. നേത്യത്ത്വത്തിന്‍റെ അറിവോടെ നടത്തുന്ന ഒന്നാണ് വിദ്വേഷ പ്രസംഗങ്ങളും, അതിന് വേദി ഒരുക്കുന്ന മത പാര്‍ലമെന്‍റെന്ന ആരോപണവും നിലവിലുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്രം, സാമ്പത്തിക തകര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുകയാണ് ഇത്തരം മത പാര്‍ലമെന്‍റുകള്‍ ലക്ഷ്യമിടുന്നതെന്ന് സംസാരമുണ്ട്.

ഇപ്പോള്‍ വടക്കേ ഇന്ത്യയില്‍ അരങ്ങേറുന്ന മത പാര്‍ലമെന്‍റിനെ കുറിച്ച് പറയും മുന്‍പ് ചിക്കാഗോയില്‍ 1893 സെപ്തംബര്‍ മാസം 11ന് നടന്ന ലോക മത പാര്‍ലമെന്‍റ് ഓര്‍ക്കുന്നത് നന്നായിരിക്കും. അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യ ദിവസം മൂന്ന് മിനിറ്റ് മാത്രം പ്രസംഗിച്ച സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ ഇന്നും നമ്മുടെ രാജ്യത്തെ ജനങ്ങള്‍ അഭിമാനത്തോടെ ആവര്‍ത്തിക്കാറുണ്ട്. വിവേകാനന്ദന്‍ ചിക്കാഗോയില്‍ ചെയ്തത് മതവാദപരമായ പ്രസംഗമായിരുന്നില്ല. ഇന്ത്യന്‍ പാരമ്പര്യത്തിന്‍റെ സാംസ്കാരികഔന്നത്യം ലോകസമക്ഷം അവതരിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. ഈ പ്രസംഗത്തിലൂടെ സ്വാമിജിക്ക് ഭാരതത്തിന്‍റെ സംസ്കാരവും പാരമ്പര്യവും ലോകത്തിനു കാണിച്ചുകൊടുക്കുവാന്‍ കഴിഞ്ഞു. സ്വാമി വിവേകാനന്ദന്‍റെ പ്രസംഗം അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ചു. ചിക്കാഗോവിലെ ലോകമതമഹാസമ്മേളനത്തിന് പല രാജ്യങ്ങളില്‍ നിന്നും പല മതങ്ങളുടേയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. 

======================================

പ്രശസ്തമായ സ്വമി വിവേകാനന്ദന്‍റെ പ്രസംഗം തുടങ്ങുന്നത് തന്നെ അമേരിക്കയിലെ എന്‍റെ സഹോദരീ സഹോദരന്‍മാരേ, എന്ന് പറഞ്ഞുകൊണ്ടായിരുന്നു.

നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയ ആവേശപൂര്‍വവും ഹൃദയംഗമവുമായ സ്വാഗതത്തിനു മറുപടി പറയാന്‍ എഴുന്നേല്‍ക്കവേ എന്‍റെ ഹൃദയം അവാച്യമായ ആനന്ദംകൊണ്ടു നിറയുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ സന്ന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്കു നന്ദി പറയുന്നു: മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്കു നന്ദി പറയുന്നു; സര്‍വവര്‍ഗവിഭാഗങ്ങളിലുംപെട്ട കോടികോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍ നിങ്ങള്‍ക്കു നന്ദി പറയുന്നു.

സഹിഷ്ണുതയെന്ന ആശയം വിവിധദേശങ്ങളിലേക്കു വഹിക്കുന്നതിനുള്ള ബഹുമതി വിദൂരജനതകളില്‍നിന്നു വന്ന ഈ ആളുകള്‍ക്കു തികച്ചും അവകാശപ്പെടാമെന്നു പൗരസ്ത്യപ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോടു ചിലര്‍ പറഞ്ഞുവല്ലോ; ഈ മണ്ഡപത്തിലുള്ള അവര്‍ക്കും എന്‍റെ നന്ദി. സഹിഷ്ണുതയും സാര്‍വലൗകിക സ്വീകാരവും; രണ്ടും ലോകത്തിനുപദേശിച്ച മതത്തിന്‍റെ അനുയായിയെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൗകികസഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല സര്‍വമതങ്ങളും സത്യമെന്നു സ്വീകരിക്കയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വരാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ഥികള്‍ക്കും അഭയമരുളിയതാണ് എന്‍റെ ജനതയെന്നതില്‍ ഞാനഭിമാനിക്കുന്നു.

റോമന്‍ മര്‍ദനംമൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപ്പെട്ട ആ കൊല്ലംതന്നെ ദക്ഷിണഭാരതത്തില്‍ വന്ന് അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗത്തിന്‍റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അങ്കതലത്തില്‍ സംഭൃതമായുണ്ടെന്ന് നിങ്ങളോടു പറയാന്‍ എനിക്കഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ടജനതയ്ക്ക് അഭയം നല്‍കിയതും അവരുടെ അവശിഷ്ടത്തെ ഇന്നും പോറ്റിപ്പോരുന്നതുമായ മതത്തിലുള്‍പ്പെട്ടവനെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

അല്ലയോ സോദരരേ, എത്രയും ശൈശവംമുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷക്കണക്കിനാളുകള്‍ എന്നും ജപിക്കുന്നതുമായ ഒരു സ്തോത്രത്തില്‍നിന്നു ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം: "പലേടങ്ങളിലായുറവെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടിക്കലരുന്നുവല്ലോ; അതുപോലെ അല്ലയോ പരമേശ്വര, രുചിവൈചിത്ര്യംകൊണ്ടു മനുഷ്യര്‍ കൈക്കൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നു"

(ശിവമഹിമനഃസ്തോത്രം)

എന്നുതന്നെയും നടന്നിട്ടുള്ള ഗംഭീര സഭകളിലൊന്നായ ഇന്നത്തെ സമ്മേളനം, സ്വയം, ഗീതോപദിഷ്ടമായ ഒരദ്ഭുതതത്ത്വത്തിന്‍റെ നീതീകരണവും വിശ്വപ്രഖ്യാപനവുമാണ്: "ആരുതന്നെയും ഏതു രൂപത്തിലൂടെയും എന്നെ സമീപിക്കുന്നുവോ അവനെ ഞാന്‍ പ്രാപിക്കുന്നു; എല്ലാവരും പണിപ്പെടുന്നത് ഒടുവില്‍ എങ്കലേക്കെത്തുന്ന വഴികളിലൂടെയത്രേ".

യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം

മമ വര്‍ത്മാനുവര്‍ത്തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വശഃ.

വിഭാഗീയതയും മൂഢമായ കടുംപിടിത്തവും അതിന്‍റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ ദീര്‍ഘകാലമായി കൈയടക്കിയിരിക്കയാണ്. അവ ഭൂമിയെ അക്രമംകൊണ്ടു നിറച്ചിരിക്കുന്നു. അതിനെ മനുഷ്യരക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്കു തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കളില്ലായിരുന്നെങ്കില്‍ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍, അവരുടെ കാലം ആയിക്കഴിഞ്ഞു. ഈ സമ്മേളനത്തിന്‍റെ ബഹുമാനാര്‍ഥം ഇന്നു പുലര്‍കാലത്തു മുഴങ്ങിയ മണി എല്ലാ മതഭ്രാന്തിന്‍റെയും വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും ഒരേ ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദൗര്‍മനസ്സ്യങ്ങളുടെയും മരണമണിയായിരിക്കട്ടെ എന്നു ഞാന്‍ അകമഴിഞ്ഞ് ആശിക്കുന്നു.

സ്വാമി വിവേകാനന്ദന്‍റെ ഈ പ്രസംഗം വായിച്ചതിന് ശേഷം ഇന്ത്യയിലെ ഇന്നത്തെ സ്ഥിതി ചര്‍ച്ച ചെയ്യുന്നതില്‍ ആശയപരമായി ഒട്ടേറെ കാര്യങ്ങള്‍ തിരിച്ചറിയപ്പെടും. രാഷ്ട്രീയമായ ഒരു ഉള്‍കാഴ്ച്ച വര്‍ദ്ധിക്കും. എന്തായിരുന്നു നമ്മുടെ ഇന്നലെകള്‍ എന്ന ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടാകും.

===============================

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഗോവിന്ദപുരി മെട്രോ സ്റ്റേഷന് സമീപമുള്ള ബനാറസിദാസ് ചാണ്ഡിവാലാ ആഡിറ്റോറിയത്തില്‍ ഡിസംബര്‍ 19ന് ഹിന്ദു യുവ വാഹിനി എന്ന സംഘടന ഒരു കൂട്ടായ്മ നടത്തി. യോഗി ആദിത്ത്യനാഥിന്‍റെ നേത്യത്ത്വത്തില്‍ ഹിന്ദു മത സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്. അവിടെ ഒരു പ്രതിജ്ഞ ചെല്ലുകയുണ്ടായി. അത് ഏതാണ്ട് ഇപ്രകാരമായിരുന്നു. തന്‍റെ ജീവിതത്തിന്‍റെ അവസാന ശ്വാസം വരെ ഹിന്ദു രാഷ്ട്രത്തിനായി പോരാടും. വേണ്ടി വന്നാല്‍ ഹിന്ദു രാഷ്ട്രത്തിനായി യുദ്ധം ചെയ്യാനും, മരിക്കാനും, കൊല ചെയ്യാനും തയ്യാറാണ്. ഒരു കാരണവശാലും ഇതില്‍ നിന്ന് പിന്തിരിയില്ല. ഹിന്ദു രാഷ്ട്രത്തിനായുള്ള ശ്രമങ്ങള്‍ക്ക് ദൈവവും, ഗുരുക്കന്‍മാരും, കാരണവന്‍മാരും, ഭാരതമാതാവും മറ്റും ശക്തി തരും എന്ന് പറഞ്ഞാണ് പ്രതിജ്ഞ അവസാനിക്കുന്നത്.

ഡല്‍ഹിയില്‍ നടന്ന പരിപാടിയിലും പ്രതിജ്ഞ ചൊല്ലിയതിലും ഉത്തര്‍ പ്രദേശിലെ മന്ത്രിമാരും അവിടുത്തെയും, ഡല്‍ഹിയിലേയുംബി.ജെ.പി. നേതാക്കളും സാക്ഷികളായുണ്ടായിരുന്നു. ഹിന്ദു യുവ വാഹിനി മുഖ്യരക്ഷാദികാരിയായ യോഗി ആദിത്യനാഥിന്‍റെ ചിത്രത്തിന്‍റെ മുന്നില്‍ വെച്ചാണ് കൊലവിളി പ്രതിജ്ഞ അരങ്ങേറിയത്. ഒരു വര്‍ഗീയ കലാപത്തിന് രാജ്യ തലസ്ഥാനത്ത് വെച്ച് പ്രതിജ്ഞ ചെയ്യുന്നത് നടന്നു എന്നത് ഗൗരവകരമാണ്. 

ഡിസംബര്‍ 16 മുതല്‍ 19 വരെ ഹരിദ്വാറില്‍ ഹിന്ദുത്ത്വ സംഘടനകളും സന്യാസിമാരും ചേര്‍ന്ന് സംഘടിപ്പിച്ച ധര്‍മ സന്‍സദ് (മത പാര്‍ലമെന്‍റ്) നടത്തിയിരുന്നത് ഏറെ വിവാദമായിരിക്കയാണ്. അവിടെ പരസ്യമായി ഹിന്ദുമത നേതാക്കള്‍ നടത്തിയ ആഹ്വാനം രാജ്യത്ത് ഒരു വര്‍ഗീയ ലഹള നടത്തണം എന്ന് തന്നെയാണ്. ന്യൂനപക്ഷ സമുദായത്തെ ഇല്ലായ്മ ചെയ്യണമെന്ന് അവിടെ ഹിന്ദു സന്യാസിമാരുടെ ആഹ്വാനമുണ്ടായി. ഇത് പരസ്യമായതിന് പിന്നാലെ ഹരിദ്വാര്‍ ജ്വാലപൂര്‍ സ്വദേശി പോലീസില്‍ പരാതി നല്‍കി. 

അടുത്തകാലത്ത് ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്ന് പേര് സ്വീകരിച്ച ഉത്തര്‍പ്രദേശിലെ ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ അദ്ധ്യക്ഷനായ വസീം റിസ്വിക്കെതിരെ മാത്രമാണ് ആദ്യം പോലീസ് കേസെടുത്തത്. വലിയ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് പേര് രേഖപ്പെടുത്താതെ നാല് പേര്‍ക്കെതിരെ കേസെടുത്തു. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പ്രസംഗം നടത്തിയതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം കേസെടുത്തത്. വിചിത്രമായ വിശേഷണമെന്തന്നാല്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് തെളിവില്ലെന്ന് കേസെടുത്ത ഹരിദ്വാര്‍ പോലീസ് മുന്‍പേ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. 

ഹരിദ്വാറിലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പൂജാരി സ്വാമി യതി നരസിംഹാനന്ദിനെതിരെ കേസെടുക്കാന്‍ ഹരിദ്വാര്‍ പോലീസ് ആദ്യം തയ്യാറായില്ല. ഇയാള്‍ പരസ്യമായി കലാപ ആഹ്വാനം നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമാകുകയും, യതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തതോടെ പോലീസ് പ്രതി പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട്. വിഷയം രാജ്യമാകമാനം ചര്‍ച്ചയായതോടെ സ്വാധ്വി അന്നപൂര്‍ണ്ണ, ധരംദാസ്, സിന്ധു സാഗര്‍ എന്നിവരെ കൂടി പ്രതിപട്ടികയില്‍ ചേര്‍ത്തു. വിദ്വേഷ പ്രസംഗം നടത്തിയ സന്യാസിമാരെ പ്രതിപട്ടികയില്‍ ചേര്‍ത്തതല്ലാതെ ഹരിദ്വാര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല എന്നത് കൗതുകം തന്നെ. പശുവിനെതിരെ സംസാരിച്ചാല്‍ അറസ്റ്റ് ചെയ്ത് തടങ്കലിലിടുന്ന നാട്ടിലാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. 

സ്വാമി യതി നരസിംഹാനന്ദ് ധര്‍മ സന്‍സദില്‍ പറഞ്ഞത് ഒരു സമുദായത്തിന് വിജയിക്കണമെങ്കില്‍ ആയുധമെടുക്കണം. ഹിന്ദു മതത്തെ രക്ഷിക്കാന്‍ ഒരു പ്രഭാകരനോ, ഭീദ്രന്‍വാലയോ ആകുന്നവര്‍ക്ക് ഒരു കോടിരൂപ പ്രതിഫലം നല്‍കാം എന്ന് യതി പരസ്യമായാണ് പ്രഖ്യാപിച്ചത്. തമിഴ് വിമോചന നേതാവ് എല്‍.ടി.ടി.ഇ. പ്രഭാകരനേയും, സിഖ് ഭീകരന്‍ ഭീദ്രന്‍വാലയേയും ഉദ്ദേശിച്ചാണ് യതി പറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉത്തരാഖണ്ഡില്‍ ഒരു മുസ്ലീം പള്ളിയോ, മദ്രസയോ നിര്‍മ്മിക്കപ്പെട്ടില്ല എന്നത് ഈ സംസ്ഥാനത്തെ ഹിന്ദുക്കളുടെ വിജയമാണെന്ന് യതി പറഞ്ഞു. 2020 ജനുവരി മാസം ഡല്‍ഹിയില്‍ യതി നരസിംഹാനന്ദ് സമാനമായ മത പാര്‍ലമെന്‍റ് സംഘടിപ്പിച്ചിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന മത പാര്‍ലമെന്‍റിലും വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ ഇതിനെ തുടര്‍ന്ന് വര്‍ഗീയ കലാപം ഉണ്ടായതും ചരിത്രത്തിന്‍റെ ഭാഗമാണ്. മുസ്ലീം സമുദായം തിങ്ങി പാര്‍ക്കുന്ന ഡല്‍ഹിയിലെ വസീര്‍പ്പൂര്‍ പ്രദേശത്ത് ഫെബ്രുവരി മാസം വ്യാപകമായ തീവെയ്പ്പും ആക്രമണവും ഉണ്ടായിരുന്നു.

ബീഹാറില്‍ നിന്നുള്ള ധരംദാസ് എന്ന സന്യാസി പറഞ്ഞത് ന്യൂനപക്ഷങ്ങള്‍ക്ക് ദേശിയ സമ്പത്തില്‍ അവകാശമുണ്ടെന്ന് പറഞ്ഞ ഡോക്ടര്‍ മന്‍ മോഹന്‍ സിംഗിനെ നാഥൂറാം ഗോഡ്സേ ഗാന്ധിയെ വെടിവെച്ച് കൊന്ന പോലെ കൊല്ലണമെന്നാണ്. സ്വമി പ്രഭോദാനന്ദ ഗിരി പറഞ്ഞത് ഓരോ ഹിന്ദുവും ആയുധമെടുത്ത് ശുദ്ധീകരണ പ്രക്രിയ്ക്ക് തയ്യാറാകണം. മറ്റൊരു മാര്‍ഗവും മുന്നില്‍ ഇല്ലെന്നാണ്. സ്വാധ്വി അന്നപൂര്‍ണ്ണ പ്രസംഗിച്ചത് 20 ലക്ഷം പേരെ കൊല്ലാന്‍ നമുക്ക് 100 പടയാളികള്‍ മതിയെന്നാണ്. 

ഹരിദ്വാറിലും രാജ്യത്തെ മറ്റ് പല കേന്ദ്രങ്ങളിലും മത പാര്‍ലമെന്‍റുകള്‍ നടത്തി ഹിന്ദു മത നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ രാജ്യത്തെ മുന്‍ സൈനിക മേധാവികളും, പണ്ഡിതരും, കലാസാമൂഹ്യ രംഗത്തെ പ്രമുഖരും ഉള്‍പ്പെട്ട 200 പേര്‍ ഒപ്പിട്ട് ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതിക്ക് കത്തെഴുതി. ആയുധമെടുത്ത് മുസ്ലീമുകളെ കൊന്നൊടുക്കി ഹിന്ദുമതത്തെ സംരക്ഷിക്കണമെന്ന് ഒരു സന്യാസി പ്രഖ്യാപിച്ചു. രാജ്യസുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സൈന്യവും, പോലീസും ആയുധമെടുത്ത് ശുചിത്വ യജ്ഞത്തില്‍ പങ്കാളിയാകണമെന്ന് മറ്റൊരു സന്യാസി പരസ്യമായി പ്രഖ്യാപിച്ചത് രാജ്യ സുരക്ഷയ്ക്ക് തന്നെ അപകടമാണെന്ന് രാഷ്ട്രപതിയെ കത്തില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം അന്വേഷിക്കുന്നതിന് അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കയാണ്. ബി.ജെ.പി. ഭരിക്കുന്ന ഉത്തരാഖണ്ഡ് സര്‍ക്കാരിന് മേല്‍ പോലീസ് നടപടിക്കായി ശക്തമായ സമ്മര്‍ദ്ദമാണ് ഉണ്ടായിരിക്കുന്നത്. എസ്.ഐ.ടി. രൂപം കൊടുത്തതിന് പിന്നാലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍ 295(എ), 298 എന്നീ വകുപ്പുകള്‍ കൂടി എഫ്.ഐ.ആറില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്. മനപൂര്‍വ്വം മറ്റൊരു മതത്തെ ഇകഴ്ത്തി കാണിച്ചു എന്നതാണ് 295(എ) വകുപ്പ് പ്രകാരമുള്ള കുറ്റം. ആരാധനാകേന്ദ്രങ്ങളിലെ സമാധാനന്തരീക്ഷം തടസപ്പെടുത്തുകയും, തകര്‍ക്കുകയും ചെയ്യുന്ന കുറ്റമാണ് 298 വകുപ്പ് പ്രകാരം കൂട്ടി ചേര്‍ത്തിരിക്കുന്നത്. കുറ്റം നടന്നതായി തെളിയിക്കപ്പെട്ടാല്‍ കര്‍ശന നടപടി എടുക്കുന്നതിനാണ് എസ്.ഐ.ടി രൂപീകരിച്ചതെന്ന് ഗഡ്വാള്‍ റേയ്ജ് ഡി.ഐ.ജി. കിരണ്‍ സിംസ് നാഗ്ന്യാല്‍ പറഞ്ഞു.

ഹരിദ്വാറില്‍ നടന്നത് ദേശവിരുദ്ധ നടപടിയാണ്. അവിടെ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ ദേശവിരുദ്ധ നടപടി സ്വീകരിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ തെളിവുകളില്ലാത്ത കേസുകളില്‍ പോലും യു.എ.പി.എ. ചുമത്തി നൂറ് കണക്കിന് നിരപരാധികളെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്. ഇവിടെ വ്യക്തമായ തെളിവുണ്ടായിട്ടും ദേശദ്രോഹ കുറ്റം ചുമത്തപ്പെടുന്നില്ല. ഭരണവര്‍ഗത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് ഇന്ത്യയില്‍ എന്തും നടത്താം എന്നതും, അവര്‍ നിയമത്തിന് അതീതമാണെന്നതുമായ സന്ദേശമാണ് ഹരിദ്വാര്‍ സംഭവം സമൂഹത്തിന് നല്‍കുന്നത്. 

മത പാര്‍ലമെന്‍റ് വടക്കേ ഇന്ത്യയില്‍ പലയിടത്ത് നടക്കുന്നുണ്ടെങ്കിലും ഛത്തീസ്ഗഢിലെ റായ്പൂരില്‍ നടന്നത് വാര്‍ത്തകളില്‍ ഇടം നേടി. റായ്പൂരില്‍ സംഘടിപ്പിച്ച 'ധരം സന്‍സദി'ല്‍ മഹാത്മാഗാന്ധിക്കും ഇസ്ലാമിനും എതിരെ വിദ്വേഷം പ്രസംഗിക്കുകയും ഗാന്ധി ഘാതകന്‍ ഗോഡ്സെയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്ത മഹാരാഷ്ട്രയിലെ ഹിന്ദുത്വവാദി കാളീചരണ്‍ മഹാരാജായിരുന്നു വില്ലനായത്. മഹാത്മാവിനെ നിന്ദിച്ചതും, രാഷ്ട്രപിതാവിന്‍റെ ഘാതകരെ പ്രകീര്‍ത്തിച്ചതും വലിയ സംസാരമായി. കാളീചരണ്‍ മഹാരാജിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഇരമ്പിയപ്പോള്‍ വിദ്വേഷ പ്രസംഗത്തിന് കാളീചരണെതിനെതിരെ റായ്പൂര്‍ പൊലീസ് കേസെടുത്തു. അയാളെ ഛത്തീസ്ഗഢ് പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢില്‍ അങ്ങിനെയെങ്കിലും സംഭവിച്ചതില്‍ സമാധാനിക്കാം. ഇത് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനത്തായിരുന്നു നടന്നതെങ്കില്‍ ഇത് പോലും ഉണ്ടാകില്ലായിരുന്നു എന്നാണ് സംസാരം.

കാളീചരണ്‍ മഹാരാജിന്‍റെ നിലപാടില്‍ ക്ഷുഭിതനായി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ ഛത്തീസ്ഗഢിലെ ദൂധാധാരി ക്ഷേത്രത്തിലെ സന്യാസി മഹന്ത് രാംസുന്ദര്‍ ദാസിനെ ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. കാളീചരണിന്‍െറ വിദ്വേഷ പ്രസംഗം കേട്ട് ക്ഷുഭിതനായ മഹന്ത് രാംസുന്ദര്‍ ദാസ് താനീ പരിപാടിയുടെ ഭാഗമല്ലെന്ന് പ്രഖ്യാപിച്ചാണ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. മഹാത്മാ ഗാന്ധി ഈ വേദിയില്‍ നിന്ദിക്കപ്പെട്ടിരിക്കുകയാണെന്നും അതിനെ താന്‍ എതിര്‍ക്കുന്നുവെന്നും രാം സുന്ദര്‍ ദാസ് പറഞ്ഞു. ഇത് സനാതന ധര്‍മമല്ലെന്നും 'മതങ്ങളുടെ പാര്‍ലമെന്‍റി'ല്‍ ഇത്തരമൊന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ദാസ് ഓര്‍മിപ്പിച്ചു. വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് ധരം സന്‍സദിന്‍റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനിരുന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ അത് റദ്ദാക്കി. 

ഏറ്റവും ഒടുവിലായി മുസ്ലീം സ്ത്രീകളെ മൊബൈല്‍ ആപ്പുവഴി ലേലം ചെയ്യാനുള്ള ശ്രമമാണ് ഉണ്ടായത്. ഗിറ്റ്ഹബ്ബിന്‍റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ബുള്ളി ഭായ് എന്ന ആപ്ലിക്കേഷന്‍ വഴി നൂറ് കണക്കിന് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ നിരത്തിയാണ് ലേലത്തിന് വെച്ചത്. മുസ്ലീം സ്ത്രീകളുടെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈലില്‍ നിന്ന് ഫോട്ടോ സ്വരൂപിച്ചാണ് ആപ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. അറിയപ്പെടുന്ന മുസ്ലീം മാധ്യമ പ്രവര്‍ത്തകരും, പൊതുപ്രവര്‍ത്തകരും അടക്കമുള്ളവരുടെ ഫോട്ടോകള്‍ അവിടെ ഉണ്ടായിരുന്നു. ശിവസേനയുടെ പാര്‍ലമെന്‍റ് അംഗം പ്രിയങ്ക ചതുര്‍വേദിയാണ് വിഷയം പരാതിയായി അവതരിപ്പിച്ച് അധിക്യതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. വിവാദമായ അക്കൗണ്‍ഡ് ബ്ലോക്ക് ചെയ്തതായി കേന്ദ്ര ഐ.ടി. മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. തങ്ങളുടെ ഉപഭോക്താവിനെ ബ്ലോക്കാക്കിയതായി ഗിറ്റ്ഹബ്ബും വ്യക്തമാക്കി.

ഗിറ്റ്ഹബ്ബിന്‍റെ കീഴില്‍ സുള്ളി ഡീല്‍സ് എന്ന പേരില്‍ 2021 ജൂലൈയില്‍ സമാനമായ ആപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്ന മോശം പദമാണ് സുള്ളി. അന്ന് വ്യാപകമായ പ്രതിഷേധമുണ്ടായി. പരാതിയിന്‍ മേല്‍ തുടങ്ങിയ അന്വേഷണം എങ്ങുമെത്താതെ ഇരിക്കുകയാണ്. ഒരാള്‍ക്കെതിരെയും നടപടി ഉണ്ടായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു എന്ന മറുപടി മാത്രമാണ് മിച്ചം.