നവവര്‍ഷത്തെ ആശങ്കയിലാക്കി കോവിഡ് വ്യാപനം രൂക്ഷം
വിജയ് ചൗക്ക് @ 126 @ മെട്രോ വാര്‍ത്ത: ജനുവരി 01
സുധീര്‍നാഥ്
ചൈനയിലെ വുഹാനില്‍ നിന്ന് കൊറോണ വൈറസ് താണ്ഡവ നൃത്തമാടിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. പിന്നീട് നാം കണ്ടത് കൊറോണ വൈറസ് ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നതാണ്. 2020 ജനുവരി 27നാണ് ഇന്ത്യയില്‍ ആദ്യ കോവിഡ് രോഗി റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ ത്യശ്ശൂര്‍ സ്വദേശിയായ വുഹാനിലെ വിദ്യാര്‍ത്ഥിനിയായ 20 വയസുള്ള വ്യക്തിയിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയപ്പോഴയിരുന്നു രേഗം സ്ഥിരീകരിച്ചത്. കോവിഡ് മൂലം ഇന്ത്യയില്‍ 480,080 മരണങ്ങളാണ് ഉണ്ടായത്. 34,838,804 കോവിഡ് കേസുകള്‍ രാജ്യത്ത് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടാം കോവിഡ് തരംഗ സമയത്താണ് മരണ സംഖ്യ ഉയര്‍ന്നത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് മൂന്നാം വര്‍ഷം തുടങ്ങുന്നത് തന്നെ പുതിയ വകഭേതമായ ഒമിക്രോണിന്‍റെ ഭീഷണിയിലാണ്.
രാജ്യത്ത് കോവിഡ് കണക്കുകള്‍ ഒമിക്രോണിന്‍റെ വരവോടെ അതിവേഗം. വര്‍ദ്ധിക്കുകയാണ്. ഇതിന് തൊട്ട് മുന്‍പ് കൊറോണ വൈറസിന്‍റെ വകഭേതമായ ഡെല്‍റ്റയുടെ അത്ര അപകടകാരിയല്ല ഒമിക്രോണ്‍ എന്നത് ഒരു വസ്ഥുതയാണ്. പക്ഷെ, ഒമിക്രോണ്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നു. ഒമിക്രോണ്‍ മൂലം ലോകത്തിന്‍റെ പല ഭാഗത്തും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും ഒമിക്രോണ്‍ മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെല്‍റ്റ വകഭേതത്തെക്കാള്‍ അധികമായി ഒമിക്രോണ്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. അതുകൊണ്ട് തന്നെ ഒമിക്രോണിനെ നിസാരവത്ക്കരിക്കുന്നത് അപകടകരമാണ്.
മഹാരാഷ്ട്രയിലും, ഡല്‍ഹിയിലും, ബംഗാളിലും ഒമിക്രോണ്‍ അതിവേഗം പടര്‍ന്നു പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവിടുത്തെ പൊതു ഗതാഗതവും, ചടങ്ങുകളും കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തന്നെ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി തുടങ്ങി. മറ്റ് സംസ്ഥാനങ്ങളും ആരോഗ്യ ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്. രാത്രികാല കര്‍ഫ്യൂവില്‍ നിയന്ത്രണം വന്നില്ലെങ്കില്‍ അവിടേയും നിയന്ത്രണങ്ങള്‍ കടുപ്പിക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു എന്നത് ആശങ്കയ്ക്ക് ഇടനല്‍കുന്നു.
രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രാത്രികാല കര്‍ഫ്യൂ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കയാണ്. കര്‍ശനമായ നിയന്ത്രണങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. മഹാരാഷ്ട്രയിലും, ഡല്‍ഹിയിലും, ബംഗാളിലും പുറമെ ഗുജറാത്തിലും, കര്‍ണാടകയിലും, തമിഴ് നാട്ടിലും കൊറോണ വൈറസിന്‍റെ പുതിയ വകഭേതമായ ഒമിക്രോണിന്‍റെ വ്യാപനം അതിരൂക്ഷമാണ്. ഇവിടുങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് അതാത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍.
ഡല്‍ഹിയിലും, മഹാരാഷ്ട്രയിലും കോവിഡ് സ്ഥിരീകരിച്ച കുറച്ചേറെ പേര്‍ക്ക് യാത്ര ചെയ്തതോ, കൂട്ടായ്മയില്‍ പങ്കെടുത്തതോ ആയ ചരിത്രമില്ല. മാര്‍ക്കറ്റുകളില്‍ ഡല്‍ഹിയില്‍ നിയന്ത്രണം ഉണ്ടായിട്ടും ജനങ്ങള്‍ കൂട്ടമായി എത്തുന്നു. ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകളില്‍ ഒരു ഗേറ്റ് കയറുവാനും, മറ്റൊന്ന് ഇറങ്ങുവാനുമായി ക്രമീകരിച്ചിട്ടുണ്ട്. പതിനഞ്ച് പേരെ വീതം മാത്രമാണ് മെട്രോ സ്റ്റേഷന് ഉള്ളിലേയ്ക്ക് ഒരു സമയം കടത്തി വിടുന്നത്. അതുകൊണ്ട് മിക്കവാറും മെട്രോ സ്റ്റേഷനുകളുടെ പുറത്ത് നീണ്ട വരി കാണാം. ഒന്നിടവിട്ട സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. നിന്നുള്ള മെട്രോ യാത്രയ്ക്ക് വിലക്കുമുണ്ട്. ബസുകളില്‍ 50 ശതമാനം യാത്രക്കാരെ മാത്രമാണ് അനുവദിക്കുന്നത്. മാസ്ക്ക് കര്‍ശനമാക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം തടയുന്നതിന് ഓഡ് ഈവണ്‍ നടപ്പിലാക്കിയതിന് സമാനമായി ഒന്നിടവിട്ട കടകള്‍ തുറക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
കോവിഡിന്‍റെ ഒന്നും രണ്ടും തരംഗ സമയത്ത് ജനങ്ങള്‍ എടുത്ത ജാഗ്രത ഇപ്പോഴില്ല. സാമൂഹ്യ അകലം, സാനിറ്റ്സര്‍, മാസ്ക്ക് എന്നിവ ഒരു പഴങ്കഥ പോലെ അവര്‍ കാണുന്നു. മാസ്ക് പേരിന് ധരിക്കുന്നവര്‍ താടിക്ക് ഇട്ട് നടക്കുന്നത് സര്‍വ്വസാധാരണമായി. രണ്ട് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പോലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മാസ്ക്ക് ധരിക്കുന്നത് ഡല്‍ഹിയില്‍ കര്‍ശനമാക്കിയിട്ടുണ്ട്. മാസ്ക്കില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് 2000 രൂപയാണ് ഡല്‍ഹി പോലീസ് പിഴ ചുമത്തുന്നത്.
ഡല്‍ഹിയില്‍ കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ സാമൂഹ്യ വ്യാപനം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരിക്കുകയാണ്. പുതു വര്‍ഷ ആഘോഷങ്ങള്‍ക്ക് ഡല്‍ഹി പോലീസ് കര്‍ശന കടിഞ്ഞാണാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം നടപ്പിലാക്കിയത്. ഡല്‍ഹിയിലെ എല്ലാ ഹോട്ടലുകളിലും മുന്നറിയിപ്പ് നോട്ടീസ് എത്തിച്ചു. പുതുവര്‍ഷ ആരവമില്ലാതെ ഇത്തവണ രാജ്യ തലസ്ഥാനം കടന്നു പോയി. കോടി കണക്കിന് രൂപയാണ് ഹോട്ടല്‍ മേഖലയില്‍ നിയന്ത്രണങ്ങള്‍ മൂലം നഷ്ടമായിരിക്കുന്നത്.
വിദേശത്തു നിന്ന് ഡല്‍ഹിയില്‍ വരുന്നവര്‍ കര്‍ശനമായ ഏകാന്ത വാസം നടത്തണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി യാത്രികര്‍ക്ക് ഏകാന്തവാസത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. സര്‍ക്കാര്‍ സൗകര്യം സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കര്‍ശനമായ ഏകാന്ത വാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കിയ സ്വകാര്യ ഹോട്ടലുകളില്‍ കഴിയേണ്ടിവരും. രണ്ടാം കോവിഡ് തരംഗ സമയത്ത് സമാനമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചിരുന്നു.
ഡല്‍ഹിയെ പോലെ മഹാരാഷ്ട്രയും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ബീച്ചുകളിലും, പാര്‍ക്കുകളിയും പ്രവേശനം നിരോധിച്ചു. ഡല്‍ഹിയെ പോലെ സിനിമാശാലകളും, സ്ക്കൂളുകളും അടച്ചിരിക്കയാണ്. ജനുവരി 7 വരെ മുബൈ പോലീസ് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 7 വരെ 24 മണിക്കൂര്‍ മുബൈ പോലീസ് ഹോട്ടല്‍, ബാര്‍, പബ്, റിസോര്‍ട്ട്, ക്ലബ്ബ് എന്നിവിടങ്ങളില്‍ കര്‍ശനമായ കൂടി ചേരല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ ഒമിക്രോണ്‍ വൈറസിന്‍റെ തീവൃത കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മലയാളികള്‍ കോവിഡ് രോഗത്തെ ഗൗരവമായി ഇനിയും കണ്ടിട്ടില്ല എന്ന വിലയിരുത്തലും ഉണ്ട്. കേരളത്തില്‍ ഒരു ഘട്ടത്തില്‍ ജനങ്ങള്‍ വല്ലാതെ ഭയത്തോടെ സാഹചര്യങ്ങളെ കണ്ടു. പിന്നീട് ആ കരുതല്‍ ഉപേക്ഷിക്കുകയും ചെയ്തു. അതുകൊണ്ടായിരുന്നു ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍ കുറഞ്ഞപ്പോള്‍ കേരളത്തിലെ കണക്കുകള്‍ കൂടിയത്. ഇനിയും വാക്സിന്‍ സ്വീകരിക്കാത്തവര്‍ കേരളത്തില്‍ ധാരാളമായുണ്ട് എന്നത് ആശങ്കയ്ക്ക് വക നല്‍കുന്നതാണ്.
കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവരില്‍ ഒമിക്രോണ്‍ പിടിപ്പെട്ടാല്‍ സ്ഥിതി ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞത് വാക്സിന്‍ സ്വീകരിക്കാത്തവരാണ് ലോകത്തെ എല്ലാ രാജ്യങ്ങളിലും ഒമിക്രോണ്‍ ബാധിതരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് എന്നാണ്.