പഞ്ചാഗ്നി - 3

പഞ്ചാഗ്നി - 3

ശകുനി

താമര ചിഹ്നം മതി 

പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടുത്തിടെ പുതിയ പാര്‍ട്ടി രൂപീകരിച്ച് ബി.ജെ.പിയോടൊപ്പം പോയത് വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച ക്യാപറ്റന് ബി.ജെ.പി. 37 സീറ്റാണ് നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിക്കുകയും ചെയ്തു. പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നമായ ഹോക്കി ബാറ്റും പന്തും വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഉള്‍പ്പെട്ട പത്തോളം സ്ഥാനാര്‍ത്ഥികള്‍. അവര്‍ താമര ചിഹ്നത്തില്‍ മത്സരിക്കാമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ് ലോക് കോണ്‍ഗ്രസിന്‍റെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ താമര ചിഹ്നത്തില്‍ താത്പര്യം കാണിച്ച് സമീപിച്ചിട്ടുണ്ട്. 

അഖിലേഷും, ജയന്തും ചേര്‍ന്നാല്‍ 

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും, രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചക്രവര്‍ത്തിയും ഒന്നായി നില്‍ക്കുന്നതിന്‍റെ ശക്തി ഒന്ന് വേറെ തന്നെയാണ്. ബി.ജെ.പി. നേത്യത്തം പോലും ഏറെ ഭയക്കുന്നതും ഈ ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനം തന്നെയാണ്. അഖിലേഷ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും ഗുണ്ടാരാജ് വരും. അഖിലേഷിന് ഭൂരിപക്ഷം ലഭിച്ചാല്‍ ജയന്തിനെ ഒഴിവാക്കി അസീം ഖാനും, അത്തീഖ് അഹമദുമായി കൂട്ടാകും. ഇത് പൊതുയോഗങ്ങളില്‍ ഉറക്കെ പറയുന്ന് അമീത്ത് ഷായാണ് എന്നതില്‍ നിന്ന് ബി.ജെ.പിയുടെ ആശങ്ക വായിച്ചെടുക്കാം.

മണിപ്പൂരിലും തീവണ്ടിയെത്തി 

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മണിപ്പൂരിലേയ്ക്ക് ആദ്യമായി തീവണ്ടി എത്തിച്ചതിന്‍റെ ആവേശത്തിലാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍. വികസനം പാളങ്ങളിലൂടെ മണിപ്പൂരിലെത്തിയെന്നാണ് അവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന ഒരു മുദ്രാവാക്യം. ഇന്ത്യയുടെ ഞരമ്പുകളാണ് ഇന്ത്യന്‍ റെയില്‍വേയുടെ പാളങ്ങള്‍ എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ഇപ്പോള്‍ മാത്രമാണ് മണിപ്പൂരില്‍ ഞരമ്പോട്ടം ഉണ്ടായത് എന്നാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ പറഞ്ഞു നടക്കുന്നത്. പറയുന്നതില്‍ സത്യമുള്ളത് കൊണ്ട് പ്രതിപക്ഷം ഈ വിഷയത്തില്‍ മൗനമായിരിക്കയാണ്. ഇക്കുറി 60 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുന്ന ബി.ജെ.പി. തീവണ്ടി എന്‍ജിന് മോദിയുടെ മുഖം കാണുന്നതില്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ...?