പഞ്ചാഗ്നി - 2
ശകുനി
ബജറ്റ് സമ്മേളനത്തിലറിയാം...
അഞ്ച് സംസ്ഥാനങ്ങളിലെ തീപാറുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിക്കുകയാണല്ലോ. ഇതേ അവസരത്തില്‍ ജനുവരി 31ന് പാര്‍ലമെന്‍റിലെ ബജറ്റ് സമ്മേളനവും ആരംഭിക്കുകയാണ്. പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കുമോ എന്ന് കണ്ടറിയുന്ന സമയം കൂടിയാണ് വരുന്നത്. പരസ്പരം കണ്ടാല്‍ മുഖം തിരിച്ചാണ് പല പ്രതിപക്ഷ നേതാക്കളും നടക്കുന്നത് എന്നതാണ് ഭരണപക്ഷത്തിന്‍റെ വിജയ രഹസ്യം. തിരഞ്ഞെടുപ്പില്‍ പ്രഃിപക്ഷ കക്ഷികള്‍ ഒന്നായാല്‍ രാഷ്ട്രീയ ചരിത്രം തന്നെ മാറും. അങ്ങിനെ മാറേണ്ടതില്ല എന്നാണ് ഓരോ പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്. ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള രാജ്ഭവനിലിരുന്ന് സുവര്‍ണ്ണാവസരമെന്ന് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.
ബജറ്റിലുണ്ട് ഓഫറുകള്‍.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് വരുന്ന ബജറ്റില്‍ വമ്പന്‍ ഓഫറുകളാണെന്ന് കേള്‍ക്കുന്നു. കര്‍ഷകരേയും, ദളിതരേയും മാറ്റി ചിന്തിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇലക്ഷന് അനുകൂല കാലാവസ്ഥ ഉണ്ടാകൂ എന്ന് ഉപദേശം കിട്ടിയതായി അറിയുന്നു. ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നതാണ് ബി.ജെ.പി. ലക്ഷ്യം. വരാനിരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതാണ് മാര്‍ച്ച് 10ന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. ബജറ്റിലെ ഓഫറുകള്‍ അതുകൊണ്ട് തന്നെ തുറുപ്പ് ചീട്ടാണ്...
വെര്‍ച്ച്വല്‍ റാലികളുടെ കാലം
മൈതാനത്ത് ആളെ കൂട്ടുക എന്നത് വര്‍ത്തമാനകാലത്ത് വലിയ പണിയാണ്. രാഷ്ട്രീയ പാര്‍ട്ടി പരിപാടികളിലേയ്ക്ക് സിനിമയിലെ എക്സ്ട്രാ നടീ നടന്‍മാരെ എത്തിക്കുന്നവര്‍ തന്നെ ആളെ എത്തിക്കുന്ന പരിപാടി തുടങ്ങിയിട്ട് നാളേറെയായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കുള്ള രാഷ്ട്രീയ നേതാവിന്‍റെ അനുശോചന യോഗം മകന്‍ നേതാവ് രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ചു. ദേശിയ നേതാക്കളെ പങ്കെടുപ്പിച്ച് ഉപതിരഞ്ഞെടുപ്പില്‍ ടിക്കറ്റായിരുന്നു ലക്ഷ്യം. അന്തരിച്ച നേതാവിന്‍റെ പേര് വിളിച്ച് അമര്‍ രഹേ എന്നും, യുവ നേതാവിന്‍റെ പേര് വിളിച്ച് ജയ് വിളികളും മുങ്ങി. ആയിരം പേരെങ്കിലും ഹാളില്‍ തടിച്ചു കൂടിയിട്ടുണ്ട്. വന്നവരില്‍ ഏതാണ്ട് നൂറ് പേര്‍ അന്തരിച്ച നേതാവിനെ അറിയുന്നവരായിരിക്കും. ഇപ്പോള്‍ കോവിഡ് കാലമായതിനാല്‍ ഇത്തരം നാടകമില്ല. പഞ്ചാബില്‍ സാക്ഷാല്‍ നരേന്ദ്ര മോദിയുടെ റാലിയില്‍ 7000 കസേര ഇട്ടിട്ട് 700 കസേര നിറയാത്തത് വാര്‍ത്തയായിരുന്നല്ലോ. ഇപ്പോള്‍ മോദി മുതല്‍ രാഹുലും, അഖിലേഷും, കേജരിവാളും എന്നു വേണ്ട എല്ലാവരും വെര്‍ച്ച്വല്‍ റാലിയാണ് നടത്തുന്നത്.