ബ്രിട്ടാസിന്‍റെ രാജ്യസഭാ പ്രസംഗം കസറി: അഭിനന്ദിച്ച് സഭാനാഥന്‍
സുധീര്‍ നാഥ്
പാര്‍ലമെന്‍റ് അംഗമായി പാര്‍ലമെന്‍റ് സമ്മേളനങ്ങളില്‍ ആദ്യമായി പ്രസംഗിക്കുന്ന അംഗത്തിന് അവസരത്തില്‍ പതിനഞ്ച് മിനിറ്റ് ലഭിക്കും. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ ബ്രിട്ടാസിന്‍റെ ആദ്യ പ്രസംഗം ഇത്തവണ രാജ്യസഭയില്‍ നടന്നു. പതിനഞ്ച് മിനിറ്റും ബ്രിട്ടാസിന്‍റെ സാനിധ്യം രാജ്യസഭ അറിഞ്ഞു. രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ എം. വെങ്കയ്യനായിഡു പരസ്യമായി പ്രശംസിച്ച പ്രസംഗം ഏറെ പ്രചാരം നേടാന്‍ കാരണമായി. ഡല്‍ഹിയിലെ ഉപരാഷ്ട്രപതിയുടെ വീടിന് ചേര്‍ന്നുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഹാളില്‍ ക്ഷണിക്കപ്പെട്ട പ്രധാനപ്പെട്ട വ്യക്തിത്ത്വങ്ങളേയും, മാധ്യമപ്രവര്‍ത്തകരെയും സാക്ഷിനിര്‍ത്തി വി.കെ. മാധവന്‍കുട്ടി പുരസ്കാര ചടങ്ങിലാണ് ഉപരാഷ്ട്രപതി തന്‍റെ അഭിപ്രായം ഇങ്ങനെ പരസ്യമാക്കിയത്. 'ജഡ്ജിമാരുടെ പെന്‍ഷന്‍ ബില്ല് സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍നിന്നുള്ള അംഗം ജോണ്‍ ബ്രിട്ടാസ് അത്യുഗ്രമായ പ്രസംഗമാണ് നടത്തിയത്... എക്സലന്‍റ്... ഞാന്‍ മുഴുവന്‍ കേട്ടു. വിമര്‍ശനാത്മകമായിരുന്നുവെങ്കിലും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. പക്ഷെ തൊട്ടടുത്ത ദിവസം ഞാന്‍ നിരാശനായി. കാരണം പ്രസംഗത്തിലെ ഒരു വരിപോലും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. മലയാള മാധ്യമങ്ങളുടെ സ്ഥിതി എനിക്കറിയില്ല. ഇതല്ല ജേണലിസം. ഉപരാഷ്ട്രപതി പ്രസംഗത്തിലൂടെ തന്‍റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തുന്നതിന് മുന്‍പ് ബ്രിട്ടാസിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അന്ന് പല ഔദ്യോഗിക യോഗങ്ങളിലും അദ്ദേഹം ബ്രിട്ടാസിന്‍റെ പ്രസംഗത്തെ പുകള്‍ത്തി.
സുപ്രീം കോടതിയില്‍ സാമൂഹിക പ്രാതിനിത്യം ഇല്ലെന്നും, അവിടെ ബ്രാമണാധിപത്യമാണ് ഉള്ളതെന്നും ബ്രിട്ടാസ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ തിരഞ്ഞെടുക്കുന്ന രീതിയെ വിമര്‍ശിച്ച ബ്രിട്ടാസ് ഇത്തരം രീതി ലോകത്തെവിടേയും ഇല്ലെന്ന് വ്യക്തമാക്കി. ഇത് വിശദ്ധീകരിക്കവെ ബി.ജെ.പി. അംഗങ്ങള്‍ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇന്ത്യയില്‍ രണ്ട് തരം ജഡ്ജിമാരുണ്ട്. നിയമം അറിയുന്നവരും, നിയമ മന്ത്രിയെ അറിയുന്നവരും എന്ന് ബ്രിട്ടാസ് രാജ്യസഭയില്‍ പ്രസംഗത്തിനിടയില്‍ പരാമര്‍ശിച്ചപ്പോള്‍ കരഘോഷമായിരുന്നു. ബ്രിട്ടാസിന്‍റെ പ്രസംഗം രാജ്യസഭയിലും, ലോക്സഭയിലും മാത്രമല്ല രാജ്യം മുഴുവന്‍ ചര്‍ച്ച നടക്കുകയാണ്.
ഒരു വര്‍ഷത്തിലേറെ കാലം ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്ത് വിപ്ലവാത്മക വിജയം നേടുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട രക്തസാക്ഷികളോടുള്ള ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ജോണ്‍ ബ്രിട്ടാസ് പ്രസംഗം ആരംഭിച്ചത്. നാഗാലാന്‍റില്‍ കൊലചെയ്യപ്പെട്ട നിരപരാധികളായ ഗ്രാമീണര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊലചെയ്യപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും മറ്റുള്ളവരോടുമുള്ള ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നതായി ബ്രിട്ടാസ് പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ സമ്മേളനത്തില്‍ നിന്ന് പുറത്താക്കിയ സി.പി.ഐ.എം. സഭാ നേതാവ് ഇളമരം കരീമടക്കുള്ളവരോടുള്ള പിന്തുണ സഭയെ അറിക്കുകയും, നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്താണ് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയിലെ പ്രഥമ പ്രസംഗത്തിന് തുടക്കം കുറിച്ചത്.
1988 മുതല്‍ താന്‍ പാര്‍ലമെന്‍റില്‍ വരാറുണ്ടെന്നും, അന്നൊക്കെ മാധ്യമ ഗ്യാലറിയില്‍ യുവാവായ മാധ്യമപ്രവര്‍ത്തകനായി സഭാ നടപടികള്‍ വീക്ഷിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങളും ബഹളങ്ങളും കാരണം ശങ്കര്‍ദയാല്‍ ശര്‍മ്മയെപ്പോലുള്ള മഹാരഥന്മാര്‍ക്ക് സഭയില്‍ പൊട്ടിക്കരയേണ്ടി വന്നിട്ടും അന്നൊന്നും ആരെയും സസ്പെന്‍ഡ് ചെയ്തിരുന്നില്ലല്ലോ എന്ന് ബ്രിട്ടാസ് അദ്ധ്യക്ഷ കസേരയിലുണ്ടായിരുന്ന ഹരിവംശത്തോട് ചോദിച്ചു. വിഷയത്തിലേയ്ക്ക് വരണമെന്ന് അദ്ധ്യക്ഷന്‍ കൂടെ കൂടെ പറയുന്നുണ്ടായിരുന്നെങ്കിലും ബ്രിട്ടാസ് തനിക്ക് പറയാനുണ്ടായത് പറഞ്ഞവസാനിപ്പിച്ചു.
ജഡ്ജിമാര്‍ക്ക് അധിക പെന്‍ഷന്‍ നല്‍കാനുള്ള ശുപാര്‍ശ വെച്ച നിയമ മന്ത്രി കിരണ്‍ റിഡ്ജുവിനോട് പേരെടുത്ത് വിളിച്ച് ബ്രിട്ടാസ് ചില ചോദ്യം ചോദിച്ചു. ജഡ്ജിമാരെ നിയമിക്കുന്നതില്‍ സഭയ്ക്ക് ഒരു അധികാരവും ഇല്ലെന്ന് അറിയുമോ...? ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാര്‍ തന്നെ എന്ന വിചിത്ര നിയമം ഇന്ത്യയില്‍ മാത്രമാണുള്ളത് എന്ന് അറിയാമോ...? ലോകത്തൊരിടത്തും ഇങ്ങനെ ഒരു നടപടിയില്ല. ജഡ്ജിമാരെ സുതാര്യമായി നിയമിക്കാന്‍ നിയമ, നിര്‍മ്മാണ, നീതിന്യായ സ്ഥാപന പ്രതിനിധികള്‍ ഉള്‍പ്പെട്ട ദേശീയ ജ്യുഡീഷ്യല്‍ നിയമന കമീഷന്‍ എന്നത് ഇനിയും നടപ്പിലായിട്ടില്ല. ജഡ്ജി നിയമനം എന്നത് ഇരുളിന്‍റെ മറവില്‍ നിഗൂഡവും രഹസ്യവുമായി നടത്തേണ്ട ഒന്നല്ല. ജഡ്ജിമാരുടെ യോഗ്യത, കഴിവ്, ആത്മാര്‍ത്ഥത എന്നവ ജനങ്ങളറിയേണ്ടതല്ലേ...? ആരാണ് അവരുടെ ജഡ്ജിയെന്ന് അവരറിയണ്ടേ...? താനിത് പറയുന്നത് രാജ്യം മുഴുവന്‍ നിയമ രംഗത്തെ ബാധിക്കുന്ന ഒന്നാണ്. നിയമരംഗത്തെ സുതാര്യതയുടെ വിഷയമാണ്. എനിക്ക് എല്ലാവരുടേയും പിന്തുണ വേണം. താന്‍ പറയുന്നതിനോട് ഭരണപക്ഷത്തുള്ള അല്‍ഫോണ്‍സ് കണ്ണന്താനവും, സുരേഷ് ഗോപിയും പിന്തുണയ്ക്കുമെന്ന് ബ്രിട്ടാസ് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ജഡ്ജിമാരുടെ നിയമനത്തില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുകയാണ്. ചെറിയ വിഭാഗം ആളുകളുടെ നിയന്ത്രണത്തിലേയ്ക്ക് ഇന്ത്യയുടെ നിയമ വ്യവസ്ഥയെ കൊണ്ടുപോകുന്നതില്‍ താന്‍ ഭയപ്പെടുന്നെന്ന് ബ്രിട്ടാസ് പറഞ്ഞപ്പോള്‍ അതിന് അംഗങ്ങള്‍ പിന്തുണച്ചു. ഇന്ത്യയില്‍ ജഡ്ജിമാരുടെ കുടുംബങ്ങളുണ്ട്. ജഡ്ജികുടുംബത്തില്‍ നിന്നുള്ള ചിലര്‍ മികച്ച ജഡ്ജിമാരെന്നത് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു ഹൈകോടതി ജഡ്ജിന്‍റെ പ്രൊഫൈല്‍ വെബ്സൈറ്റില്‍ കണ്ടത് വായിക്കുകയാണെന്ന് പറഞ്ഞ് അദ്ദേഹം പ്രസംഗം തുടര്‍ന്നു. ഹൈകോടതി ചീഫ് ജസ്റ്റിസ് ന്യായാധിപ കുടുംബത്തില്‍ നിന്നാണ് എന്നതാണ് ആദ്യ വരി. അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍ മുന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയായിരുന്നു. മറ്റൊരു മുത്തച്ഛന്‍ മുന്‍ ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ്, ഒരു അമ്മാവന്‍ സുപ്രീം കോടതി ജഡ്ജ്, മറ്റൊരു അമ്മാവന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ്, ഇങ്ങനെ ന്യായാധിപ കുടുംബ മഹിമ നീണ്ടതാണെന്ന് ബ്രിട്ടാസ് പറഞ്ഞപ്പോള്‍ പല അംഗങ്ങളും താടിക്ക് ക്കൈ കൊടുത്തിരിക്കുന്നത് കാണാമായിരുന്നു. കുടംബാധിപത്യത്തെ കുറിച്ച് നമ്മളൊക്കെ പറയാറുണ്ട്. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ കുറിച്ച് പറയുമ്പോള്‍ ബി.ജെ.പി. അംഗങ്ങള്‍ക്ക് ആവേശം കൂടുതലാണ്. ചുരുങ്ങിയ പക്ഷം കോണ്‍ഗ്രസിലെ കുടുംബാധിപത്യം പറയുമ്പോള്‍ അവര്‍ ജനങ്ങളുടെ പിന്തുണ നേടിയാണ് എത്തിയിരിക്കുന്നത്. പക്ഷെ ജഡ്ജിമാരുടെ കാര്യത്തില്‍ കുടുംബാധിപത്യമല്ലേ...? നമ്മളെന്തു കൊണ്ട് മൗനമായിരിക്കുന്നു എന്ന് ബ്രിട്ടാസ് രാജ്യസഭാ അംഗങ്ങളോട് ചോദിച്ചു.
ദേശീയ ജുഡീഷ്യല്‍ കമിഷന്‍ എന്നത് സുപ്രീം കോടതി തള്ളി കളഞ്ഞിട്ട് ആറ് വര്‍ഷമായി. ഇതിന്‍റെ മറവില്‍ തന്നിഷ്ടം നടക്കുകയാണ് നിയമരംഗത്ത് എന്ന് ബ്രിട്ടാസ് ചൂണ്ടി കാണിച്ചു. കൊളീജിയം ശുപാര്‍ശ ചെയ്യുന്ന ജഡ്ജിമാരില്‍ പ്രിയപ്പെട്ടവരെ മാത്രം നിയമിച്ചു. ചില ജഡ്ജിമാരെ ഒരു കാരണവുമില്ലാതെ സ്ഥലം മാറ്റി. അത് ശിക്ഷാ നടപടിയെന്നല്ലാതെ മറ്റെന്താണ്. ചില ഹൈകോടതി ചീഫ് ജഡ്ജിമാര്‍ പരസ്യമായി സെക്കുലറിസത്തെ കുറിച്ച് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. പ്രായപരിതി പറഞ്ഞ് ചിലരെ ഒഴിവാക്കി. പ്രായം നോക്കാതെ ചിലര്‍ ജഡ്ജിമാരായി. ചിലല്‍ രാത്രിക്ക് രാത്രി ജഡ്ജിമാരായി. സുപ്രീം കോടതിയിലേയ്ക്കുള്ള ജസ്റ്റിസ് അകില്‍ ഖുറൈശിയുടെ നിയമനം തടയപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഫയലില്‍ കയറി ഇരിക്കുകയായിരുന്നില്ലേ. എന്താണ് അദ്ദേഹം ചെയ്ത കുറ്റം. ഞാന്‍ പറയും വിവാദമായ സൊഹ്റാബ്ദീന്‍ ശൈയ്ക്ക് കേസില്‍ പ്രമുഖനും ശക്തനുമായ ഒരു നേതാവിനെ രണ്ട് ദിവസം ജയിലില്‍ കിടക്കേണ്ടി വന്നതിന് അദ്ദേഹം കാരണക്കാരനായിരുന്നു എന്ന് സഭയില്‍ ബ്രിട്ടാസ് ചൂണ്ടി കാട്ടി.
നമ്മുടെ നിയമമന്ത്രി കിരണ്‍ റിഡ്ജു ബുദ്ധിശാലിയാണ്. അദ്ദേഹം ദേശിയ ജുഡീഷ്യല്‍ കമിഷനെന്ന ആവശ്യത്തെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ദേശീയ ജുഡീഷ്യല്‍ കമിഷനു വേണ്ടി മുന്‍ ജഡ്ജിമാരുള്‍പ്പടെ പല കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ടെന്ന് മന്ത്രി സമ്മതിക്കുന്നു. അനിവാര്യമായ ആവശ്യമാണിതെന്ന് മന്ത്രി അംഗീകരിക്കുന്നുണ്ടെങ്കിലും അതിന് അനുകൂലമായ ഒരു ഉറപ്പും നല്‍കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. സഭയില്‍ അതിന് അനുകൂലമായി ഒരു പ്രഖ്യാപനവും നടത്തുന്നില്ല. നിയമമന്ത്രി ദേശീയ ജുഡീഷ്യല്‍ കമിഷന് അനുകൂലമായി നില്‍ക്കാത്തിടത്തോളം കേന്ദ്ര സര്‍ക്കാരിന് ത്യപ്തികരമായ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന നടപടിക്ക് കൂട്ട് നില്‍ക്കുന്നു എന്ന് മാത്രമേ പറയുവാന്‍ സാധിക്കൂ.
2021 ഡിസംബര്‍ 2ന് നിയമമന്ത്രി കിരണ്‍ റിഡ്ജു പാര്‍ലമെന്‍റില്‍ നല്‍കിയ കണക്ക് ഇപ്രകാരമായിരുന്നു. സുപ്രീം കോടതി, ഹൈകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത 75 പേരുകള്‍ നിയമ വകുപ്പില്‍ കെട്ടി കിടക്കുന്നു. 35 പേരുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ല. 3 ശുപാര്‍ശകള്‍ പ്രധാനമന്ത്രിക്ക് മുന്നിലും 13 ശുപാര്‍ശകള്‍ നിയമമന്ത്രാലയത്തിന്‍റെ മുന്നിലും തടസപ്പെട്ട് കിടക്കുകയാണ്. രാജ്യത്തെ ഹൈകോടതികള്‍ 59% ജഡ്ജിമാരെ കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് സുതാര്യത വേണമെന്ന് മാത്രമേ താന്‍ ആവശ്യപ്പെടുന്നുള്ളൂ എന്ന് ബ്രിട്ടാസ് പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയും ആദ്യ നിയമമന്ത്രിയുമായ ഡോക്ടര്‍ ബി.ആര്‍. അംബേദ്ക്കര്‍ തന്‍റെ ശവകുടീരത്തില്‍ നിന്ന് ഇന്നത്തെ ജുഡീഷ്യല്‍ നിയമങ്ങളും, ജുഡീഷ്യറിയുടെ സ്വതന്ത്ര്യവും ബലിയര്‍പ്പിക്കപ്പെടുന്നത് കാണുന്നുണ്ട്. വിരമിച്ച ശേഷം സുപ്രീം കോടതിയിലേയോ, ഹൈകോടതിയിലേയോ ജഡ്ജിമാര്‍ ഏതെങ്കിലും പദവി വഹിക്കുന്നതിനും ആനുകൂല്യം ക്കൈപ്പറ്റുന്നതിനും അംബേദ്ക്കര്‍ എതിരായിരുന്നു. ഇപ്പോള്‍ അംബേദ്ക്കര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ വിരമിച്ച ജഡ്ജിമാര്‍ പദവികള്‍ സ്വീകരിക്കുന്നത് നിരോധിക്കണമെന്ന പ്രൊഫസര്‍ കെ.ടി. ഷായുടെ നിര്‍ദ്ദേശത്തോട് ചേര്‍ന്ന് നില്‍ക്കും. ഭരണഘടനാസമിതി അംഗമായിരുന്ന പ്രൊഫസര്‍ ഷിബന്‍ ലാല്‍ സക്സേന പറഞ്ഞതും ബ്രിട്ടാസ് സഭയില്‍ പറഞ്ഞു. വിരമിച്ചശേഷവും ഉന്നതപദവികളില്‍ വിജാരിക്കുവാനുള്ള ത്വര ഇല്ലാതാക്കിയില്ലെങ്കില്‍ ഭരണ സംവിധാനമോ ഭരണം കൈയ്യാളുന്ന പാര്‍ട്ടിയോ അത് മുതലെടുക്കുക തന്നെ ചെയ്യും. മോഹനവാഗ്ദാനങ്ങള്‍ നല്‍കി അവര്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കും.
മുന്‍ നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇതേ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് സഭയെ ഓര്‍മ്മിപ്പിച്ചു. വിരമിച്ച ശേഷം ലഭിക്കാന്‍ ഇടയുള്ള സ്ഥാനത്തെ കുറിച്ചുള്ള ആഗ്രഹം ജഡ്ജിമാരെ സ്വാധീനിക്കുമെന്നും, ഇന്ത്യയില്‍ രണ്ട് തരം ജഡ്ജിമാരുണ്ടെന്നും, നിയമം അറിയുന്നവരും, നിയമ മന്ത്രിയെ അറിയുന്നവരും എന്ന് അരുണ്‍ ജയ്റ്റ്ലി പറഞ്ഞിരുന്നു. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ തിരഞ്ഞെടുക്കുന്ന ലോകത്തിലെ ഏകരാജ്യമാണ് ഇന്ത്യയെന്നും ജയ്റ്റ്ലി പറഞ്ഞിരുന്നു. വിരമിക്കല്‍ പ്രായം ഉണ്ടെങ്കില്‍ പോലും വിരമിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. പ്രിയ നിയമമന്ത്രി... താങ്കള്‍ക്ക് രാജ്യത്തെ ജഡ്ജിമാരെ അറിയുമെന്ന കാര്യത്തില്‍ സന്തോഷമല്ലേ എന്ന് പരിഹാസ്യമായി ബ്രിട്ടാസ് രാജ്യസഭയില്‍ പ്രസംഗത്തിനിടയില്‍ ചോദിച്ചപ്പോള്‍ കരഘോഷമായിരുന്നു.
എനിക്കുറപ്പാണ് അംബേദ്ക്കറും ജയ്റ്റ്ലിയും അവരുടെ ശവകൂടീരത്തിലിരുന്ന് ഇന്ത്യയുടെ നിയമ വ്യവസ്ഥയെ ഓര്‍ത്ത് പരിതപിക്കുകയാകും. ഇവര്‍ സൂചിപ്പിച്ച ആശങ്ക വെളിവാക്കുന്ന വിധികള്‍ നമ്മള്‍ കണ്ടതാണ്. മൂന്ന് വര്‍ഷം മുന്‍പാണ് സുപ്രീം കോടതി റാഫേല്‍ കേസ് തള്ളി കളഞ്ഞത്. ക്രമക്കേട് നടന്നു എന്ന് തെളിയിക്കാന്‍ വസ്തുതകളില്ല എന്നതായിരുന്നു കാരണം. സി.ബി.ഐ. മേധാവിയായിരുന്ന അലോക് വര്‍മ്മയുടെ അധികാരം നീക്കം ചെയ്തത് ഒറ്റ രാത്രികൊണ്ടാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം ഇന്ത്യ എന്നത് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. രാത്രിക്ക് രാത്രി നമ്മുടെ രാജ്യത്തെ സംസ്ഥാനം കേന്ദ്ര ഭരണപ്രദേശമായി മാറിയത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനേറ്റ മാരകമായ ആഘാതമാണ്. രാജ്യത്തെ ഉന്നത നീതിപീഠം മൗനമായിരുന്നത് എന്തു കൊണ്ടാണ്...? നമ്മുടെ നീതിവ്യവസ്ഥ ശരിയല്ലെന്ന് ഒരു ശരാശരി പൗരന് തോന്നുന്നെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല.
ഇന്ത്യ വ്യത്യസ്ഥ ജാതിമത വിഭാഗങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന ബഹുസ്വരതയുടെ നാടാണ്. ഏറ്റവും ഒടുവില്‍ നടന്ന കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ ഒ.ബി.സി., എസ്.ടി., എസ്.സി. വിഭാഗക്കാര്‍ക്ക് മന്ത്രിസഭയില്‍ പ്രാധിനത്യമുണ്ടായി. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭയാണെന്ന് പ്രധാനമന്ത്രിയടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ ഉറക്കെ പറയുന്നു. മന്ത്രിസഭയിലെ പോലെ ജുഡീഷ്യറിയിലേയ്ക്ക് വരുമ്പോള്‍ അങ്ങനെ വേണമെന്ന് നമുക്ക് ആഗ്രഹിച്ചു കൂടെ...?
രാജ്യത്തെ ഇന്നുവരെയുള്ള 47 ചീഫ് ജസ്റ്റിസുമാരില്‍ 14 പേര്‍ ബ്രാഹ്മണരാണ്. 1950 മുതല്‍ 1970 വരെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 14 ആയിരുന്നു. അതില്‍ 11 പേരും ബ്രാഹ്മണരാണ്. 1971 മുതല്‍ 1989 വരെയുള്ള ബ്രാഹ്മണ ജഡ്ജിമാരുടെ കണക്കുകള്‍ ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ അവതരിപ്പിച്ച് തുടങ്ങിയതും ബി.ജെ.പി ബഞ്ചുകളില്‍ നിന്ന് ബഹളം തുടങ്ങി. പ്രസംഗം തടസപ്പെടുത്തുന്ന സാഹചര്യം വരെ ഉണ്ടായി. താന്‍ ഒരു വിഭാഗത്തിനും എതിരല്ലെന്നും, തനിക്ക് പ്രസംഗം തുടരാന്‍ സാഹചര്യമൊരുക്കണമെന്നും ബ്രിട്ടാസ് ചെയറിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു. 1980 വരെ സുപ്രീം കോടതിയില്‍ ഒരു ഒ.ബി.സി., എസ്.സി., എസ്.ടി., വിഭാഗത്തില്‍ നിന്ന് ജഡ്ജിമാര്‍ ഉണ്ടായിരുന്നില്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം ബ്രിട്ടാസ് ചൂണ്ടി കാട്ടി.
പ്രധാനമന്ത്രി സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിന്‍റേയും, ജുഡീഷ്യറിയുടേയും പ്രാധാന്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് സംഘടിപ്പിച്ച ജനാധിപത്യ സമ്മേളനത്തില്‍ പറഞ്ഞതില്‍ താന്‍ സന്തോഷിക്കുന്നതായി ബ്രിട്ടാസ് പറഞ്ഞു. പക്ഷെ പാര്‍ലമെന്‍റിലെ പ്രസ് ഗ്യാലറികള്‍ എന്തുകൊണ്ടാണ് ഒഴിഞ്ഞു കിടക്കുന്നത് എന്ന് ചോദിച്ച അദ്ദേഹം അതില്‍ ആശങ്കയും രേഖപ്പെടുത്തി. പാര്‍ലമെന്‍റ് നടപടികള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയിരിക്കുന്നത് കോവിഡിന്‍റെ പേരിലാണ്. സിനിമാ ശാലകളും, ബാറുകളും, മാളുകളും പ്രവര്‍ത്തിക്കുന്ന വിവരം സഭയില്‍ ബ്രിട്ടാസ് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.