ഒമിക്രോണ്‍ അത്ര നിസാരമല്ല

ഒമിക്രോണ്‍ അത്ര നിസാരമല്ല

വിജയ് ചൗക്ക് @ 125 @ മെട്രോ വാര്‍ത്ത: ഡിസംബര്‍ 25

സുധീര്‍നാഥ് 

യേശു ക്രിസ്തുവിന്‍റെ ജന്‍മദിനമാണ് ലോകം ക്രിസ്തുമസായി ആഘോഷിക്കുന്നത്. ഇക്കുറി മറ്റൊരു ജന്‍മം കൂടി ലോകം ചര്‍ച്ച ചെയ്യുന്നു. കോവിഡിന് വാക്സിന്‍ വരികയും, നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തുന്നതിനിടയിലാണ് കൊറോണ വൈറസ് വകഭേദം സംഭവിച്ച് പുതിയ രൂപം പൂണ്ട് ഒമിക്രോണ്‍ വൈറസ് എന്ന പേരില്‍ ലോകത്തെ വിറയ്പ്പിക്കുന്നത്. ആഫ്രിക്കയില്‍ 2021 നവംബര്‍ മാസം 24നാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്. അതിപ്പോള്‍ ഇന്ത്യയിലും, എന്തിനേറെ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞിരിക്കുന്നു. ഒമിക്രോണ്‍ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. അതിന്‍റെ പ്രയാണം അമിത വേഗതയിലാണ്. 

കോവിഡ് വാക്സിനുകള്‍ വ്യാപകമായി നല്‍കിയത് ഒമിക്രോണിന്‍റെ തീവ്രത കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ഒമിക്രോണ്‍ വൈറസുകള്‍ വഴി ഗുരുതര രോഗലക്ഷണങ്ങളുണ്ടാകില്ലെന്നും, പുതിയ വൈറസ് വലിയ അപകടം ചെയ്യില്ലെന്നും ശാസ്ത്രലോകം വിലയിരുത്തിയിട്ടുണ്ട്. ഒമിക്രോണിന്‍റെ വ്യാപന ശേഷി കൂടുതലും, മനുഷ്യനെ അപകടപ്പെടുത്തുന്ന കരുത്ത് ഇല്ലാത്തതുമാണ്. ഒമിക്രോണ്‍ വൈറസ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. മുന്‍പ് രൂപം കൊണ്ട ഡെല്‍ട്ടാ വൈറസിനെ പോലെ അപകടകാരിയല്ല ഒമിക്രോണ്‍ വൈറസുകള്‍ എന്നാണ് ബ്രിട്ടണില്‍ നടന്ന പഠനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും ഒമിക്രോണിനെ നിസാര വത്ക്കരിക്കരുതെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. കോവിഡ് വാക്സിനേഷന്‍ വലിയ ഒരു പരിധിവരെ അപകടകരമായ അവസ്ഥ ഒഴിവാക്കുമെന്നതിനാല്‍, വാക്സിനേഷന്‍ നടപടികള്‍ കൂടുതല്‍ വ്യാപകമാക്കുന്നത് മികച്ച പ്രതിരോധമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

എല്ലാ സംസ്ഥാനങ്ങളോടും ഒമിക്രോണ്‍ വൈറസിനെ തടയുന്നതിന് പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ ലോക് ഡൗണ്‍ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കും. കോവിഡിനെ പ്രതിരോധിക്കാന്‍ എടുത്ത നടപടികള്‍ തന്നെ തുടരുകയാണ് ഏറ്റവും ശക്തമായ പ്രതിരോധം. മാസ്ക്ക്, സാനിറ്റയ്സര്‍, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ കര്‍ശനമാക്കുകയാണ് വേണ്ടത്. ഒമിക്രോണ്‍ ബാധിച്ച ആഫ്രിക്കയിലെ രോഗികള്‍ക്ക് രുചി ഇല്ലായ്മയോ, മണമില്ലായ്മയോ അനുഭവപ്പെട്ടിട്ടില്ല. തലവേദനയും, പേശി വേദനയും, ചുമയുമാണ് ഇതിന്‍റെ ലക്ഷണമെന്നാണ് പറയുന്നത്. 

ഒമിക്രോണ്‍ ഭീഷണിയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം ആറ് മാസത്തിന് ശേഷം പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ കൂടുതലായി. പ്രതിദിനം ഒരു ലക്ഷം കോവിഡ് കേസുകള്‍ വരെ ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം. അങ്ങിനെ ഒരു സാഹചര്യത്തിന് തയ്യാറെടുക്കുമ്പോള്‍ തന്നെ, ഈ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിന് സര്‍ക്കാര്‍ തുടക്കമിട്ടു. പ്രതി ദിനം മൂന്ന് ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തുവാന്‍ ഡല്‍ഹി ആരോഗ്യ വകുപ്പ് ഒരുങ്ങി കഴിഞ്ഞതായാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറയുന്നത്. ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം രണ്ട് ആഘോഷങ്ങളും നിരോധിച്ചിരുന്നു. ആളുകളെ പരമാവധി കുറച്ച് മാസ്ക്കും, സാമൂഹ്യ അകലവും, സാനിറ്റയ്സറും ഉറപ്പ് വരുത്തി ആഘോഷങ്ങള്‍ ലളിതമായി നടത്താന്‍ അനുമതി നല്‍കി കഴിഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കുന്നതിനും വിലക്കില്ല. പക്ഷെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതാത് കേന്ദ്രങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇറ്റലിയിലും ഗ്രീസിലും കഴിഞ്ഞ തവണ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ രാജ്യങ്ങളുള്‍പ്പടെ ഒട്ടേറെ രാജ്യങ്ങള്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്. 

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഡിസംബര്‍ 25 മുതല്‍ രാത്രി 11 മുതല്‍ രാവിലെ 5 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കയാണ്. മധ്യപ്രദേശില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലിലും ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച്ച ഉച്ച വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 360 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ് (88). തൊട്ടു പിന്നാലെ ഉള്ളത് ഡല്‍ഹി (67), തെലുങ്കാന (38), തമിഴ്നാട് (34), കര്‍ണാടക (31), ഗുജറാത്ത് (30) എന്നിങ്ങനെയാണ്. കേരളത്തില്‍ ഇതിനകം 29 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിക്കുന്നു. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

രണ്ട് വാക്സിനുകള്‍ എടുത്തവര്‍ക്കും ഡല്‍ഹിയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നത് ആശങ്ക ഉളവാക്കുന്ന ഒന്നാണ്. ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത 67 രേഗികളില്‍ ഭൂരിപക്ഷവും വിദേശ യാത്ര കഴിഞ്ഞ് എത്തിയവരാണ്. ഇതില്‍ നാല് പേര്‍ വാക്സിനേഷനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവരാണ്. എല്‍.എന്‍.ജെ.പി. ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ 40 പേരില്‍ 33 പേരും രണ്ട് വാക്സിനുകള്‍ സ്വീകരിച്ചവരായിരുന്നു. ഇതില്‍ 23 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. മള്‍ട്ടി വിറ്റാമിന്‍, പാരസറ്റമോള്‍ എന്നിവ മാത്രമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആശുപത്രിയില്‍ എത്തിയവര്‍ക്ക് നല്‍കിയത്. മറ്റ് പ്രയാസങ്ങളൊന്നും ആരിലും കാണുവാന്‍ സാധിച്ചില്ല. തൊണ്ട വേദനയും, ചെറിയ പനിയും, ശരീര വേദനയുമാണ് മിക്ക രോഗികളിലും കണ്ട പൊതു ലക്ഷണങ്ങള്‍. ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി. ആശപത്രി കൂടാതെ ഗംഗാറാം, സാകേത് മാക്സ്, വസന്ത്കുഞ്ച് ഫോട്ടീസ്, തുഗ്ളക്കബാദ് ബത്ര എന്നീ ആശുപത്രികളില്‍ ഒമിക്രോണ്‍ ബാധിച്ച രോഗികളെ ശുശ്രൂഷിക്കാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കി കഴിഞ്ഞു.  

കോവിഡ് വന്നതോടെ വ്യത്യസ്ഥ നിറങ്ങളിലും ഡിസൈനിലുമുള്ള തുണി മാസ്ക്കുകള്‍ വിപണിയില്‍ ധാരാളമായി എത്തുന്നുണ്ട്. വൈറസ് വ്യാപനം തടയുവാന്‍ തുണിമാസ്ക്കുകള്‍ക്ക് സാധിക്കില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ഫാഷന്‍റെ ഭാഗമായി മാസ്ക്കുകള്‍ ധരിക്കുന്നത് അപകടം വിളിച്ചു വരുത്തലാണ്. സ്വയം സുരക്ഷിതരാവുകയാണ് ഓരോരുത്തരും ചെയ്യേണ്ടതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തുന്നു. മൂന്ന് പാളികളോടുള്ള ശാസ്ത്രീയമായി നിര്‍മ്മിച്ച മാസ്ക്കുകള്‍ക്ക് മാത്രമേ 95% സംരക്ഷണം വൈറസുകളില്‍ നിന്ന് നല്‍കുവാന്‍ സാധിക്കൂ. ജനങ്ങള്‍ വളരെ അലസമായാണ് മാസ്ക്കുകള്‍ ധരിക്കുന്നത് എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. 

സാമൂഹ്യ അകലം കര്‍ശനമായി പാലിച്ചിരുന്ന ജനങ്ങള്‍ അതൊക്കെ മറന്നിരിക്കുന്നു. പൊതു ഇടങ്ങളില്‍ കൂട്ടമായി ഇരിക്കുന്ന കാഴ്ച്ചയും, തിങ്ങി നിറഞ്ഞ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതും പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു. ഡല്‍ഹിയിലെ മാര്‍ക്കറ്റുകളിലെ ജനക്കൂട്ടം ആരോഗ്യ രംഗത്തുള്ളവരെ ആശങ്കപ്പെടുത്തുന്നു. ഒമിക്രോണ്‍ വൈറസ് വകഭേദം സംഭവിച്ച് ഇനിയും ശക്തി പ്രാപിക്കാന്‍ സാധ്യതകള്‍ ഉണ്ട് എന്നുവേണം കരുതാന്‍. ഒമിക്രോണ്‍ ഉപദ്രവകാരിയല്ല എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒന്നാണ്. ലോകരാജ്യങ്ങളും, ഇന്ത്യയും ഒമിക്രോണിനെ ഉപരോധിക്കാന്‍ എടുക്കുന്ന നടപടികള്‍ തന്നെ പരിശോധിക്കുക. ഒമിക്രോണ്‍ അത്ര നിസാര വൈറസല്ല എന്ന് ചുരുക്കം.