ഇന്നത്തെ മാധ്യമ ലോകം...
വിജയ് ചൗക്ക് @ 124 @ മെട്രോ വാര്‍ത്ത: ഡിസംബര്‍ 18
സുധീര്‍നാഥ്
ലോകം മാറുന്നു, ഒപ്പം ഇന്ത്യയും. കലാ, സാംസ്കാരിക, രാഷ്ട്രീയ ലോകത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച അതിന് ഒരു കാരണമായി എന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോള്‍ വിവരങ്ങള്‍ കംമ്പ്യൂട്ടര്‍ തരും. ഒരു സംഭവം നടന്നാല്‍ നവമാധ്യമ പ്രവര്‍ത്തകര്‍ തിരയുന്നത് ഗൂഗിളിലാണ്. ഇന്‍റര്‍ നെറ്റില്‍ ഒന്ന് പരതിയാല്‍ ഒരു വിഷയത്തില്‍ ഒട്ടേറെ വിവരങ്ങള്‍ ലഭിക്കും. ഇന്‍റര്‍നെറ്റില്‍ ലഭിക്കുന്ന എല്ലാ വിവരങ്ങളും ശരിയായികൊള്ളണമെന്നില്ല. പല അവസരങ്ങളിലും ഇന്‍റര്‍നെറ്റ് അറിവുകള്‍ തെറ്റാകും. ഒട്ടേറെ ശരിയായ വാര്‍ത്തകളും വിവരങ്ങളും അവിടെ ലഭിക്കും എന്നത് സത്യമാണ്. തെറ്റുകളും അവിടെ കാണും. ഈ തെറ്റുകള്‍ മാധ്യമങ്ങളില്‍ വരികയും ചെയ്യും. അതുകൊണ്ട് കുറച്ച് നാളുകളായി ഫാക്റ്റ് ചെക്ക് എന്ന ഭാഗം മാധ്യമങ്ങള്‍ തുടങ്ങിയിട്ടുണ്ട് എന്ന് കാണാം. പലപ്പോഴും നവമാധ്യമ പ്രവര്‍ത്തകര്‍ ഫാക്റ്റ് ചെക്ക് ചെയ്യാതെയാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്.
കണ്‍ട്രോള്‍ സി, കണ്‍ട്രോള്‍ വി ജേര്‍ണലിസമാണ് ഇപ്പോള്‍ വ്യാപകമെന്ന ആക്ഷേപവും ഇപ്പോള്‍ കേട്ടുവരുന്നുണ്ട്. കോപ്പി പേസ്റ്റ് ജേര്‍ണലിസം എന്നും ഈ വിഭാഗതെ വിളിക്കപ്പെടുന്നുണ്ട്. വിക്കി പീഡികയും, ബ്ളോഗുകളിലും മറ്റും പലരും അവരുടെ അറിവുകള്‍ എഴുതുന്ന അവസരത്തില്‍ ഒരു എഡിറ്റര്‍ ഇല്ല. എന്താണ് അവര്‍ എഴുതുന്നത് എന്നും, അതിലെ ശരി തെറ്റുകള്‍ എന്താണ് എന്നും അവര്‍ പരിശോധിക്കുന്നില്ല. ഇത് പിന്നീട് പല തലങ്ങളിലേയ്ക്ക് പ്രചരിക്കപ്പെടുകയും സമൂഹത്തില്‍ തെറ്റായ സന്ദേശം വ്യാപിപ്പിക്കാന്‍ കരണമാകുന്നു. അവിടേയും ഒട്ടേറെ ശരികള്‍ ഉണ്ടാകും. പക്ഷെ തെറ്റും ശരിയും ഇടകലര്‍ന്ന് കിടക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം.
കഴിഞ്ഞ കുറേ നാളുകളായി ഇത്തരത്തില്‍ തെറ്റായ ദിശയിലേയ്ക്ക് നേരില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ മത, രാഷ്ട്രീയ വിഭാഗങ്ങള്‍ മനഃപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചരിത്രം പോലും തിരുത്തി എഴുതുവാനുള്ള ശ്രമം നടക്കുന്ന കാര്യം പരസ്യമാണല്ലോ. ന്യായീകരണമായി ഇന്‍റര്‍നെറ്റില്‍ നിറയുന്ന തെറ്റായ വിവരണങ്ങള്‍ കാണിക്കും. നവമാധ്യമ പ്രവര്‍ത്തകര്‍ രണ്ടാമതൊരാളെ ഒരു വിവരത്തിന്‍റെ ആധികാരികത ഉറപ്പിക്കാന്‍ ആശ്രയിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ കൂടുതലായി കയറി വരുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ചരിത്രത്തിന്‍റെ എഫ്.ഐ.ആര്‍ ആണെന്ന് പറയുന്നത് വര്‍ത്തമാന കാലത്തിന് ചേരുന്നതല്ല. വാര്‍ത്തകളിലെ പിശകുകള്‍ ചിലപ്പോള്‍ വായനക്കാര്‍ ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. അതില്‍ എത്രയെണ്ണത്തിന് തിരുത്തലുകള്‍ നല്‍കുന്നുണ്ട് എന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്‍റര്‍നെറ്റും മറ്റും ഇല്ലാതിരുന്ന കാലത്തും മാധ്യമ രംഗം ഉണ്ടായിരുന്നു. വായിച്ചുള്ള അറിവുകള്‍ കൂടാതെ അനുഭവിച്ചറിഞ്ഞതും, ആധികാരികമായി അറിവുള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങളും കൊണ്ട് അവര്‍ വ്യത്യസ്ഥരായിരുന്നു. ഒരു വിഷയത്തില്‍ എഴുതുന്ന അവസരത്തില്‍ അവര്‍ അതാതു മേഖലയിലുള്ളവരുമായി സംസാരിക്കും. അതാതു മേഖലയില്‍ ഉള്ളവരാണ് പറയുന്നതെങ്കിലും അതിന്‍റെ സത്യാവസ്ഥ മൂന്നാമതൊരാളില്‍ നിന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരുന്നു ലേഖനങ്ങള്‍ അല്ലെങ്കില്‍ വാര്‍ത്തകള്‍ എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ വസ്തുതാപരമായ തെറ്റുകള്‍ ഉണ്ടാകുവാനുള്ള സാധ്യതകള്‍ തന്നെ കുറവുമാണ്. പഴയകാല വാര്‍ത്തകളുടെ ശക്തിയും ഊര്‍ജവും അതിന്‍റെ ആതികാരികമായ വിവരണങ്ങള്‍ തന്നെയാണ് എന്ന് പറയാം.
ഒരു സംഭവം നടന്നാല്‍ അവിടെ പോയി വിവരങ്ങള്‍ സമാഹരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന രീതി പണ്ടുണ്ടായിരുന്നു. ഇപ്പോള്‍ സംഭവസ്ഥലത്തു നിന്ന് ചാനലുകള്‍ തത്സമയം ചെയ്യുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പല റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നത്. തത്സമയം അവിടെ കാണുന്നവര്‍ പറയുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിന്‍റെ ആതികാരികത പരിശോധിക്കുന്നില്ല എന്ന വലിയ ന്യൂനത ഉണ്ട്. ഇതാണ് അച്ചടിയില്‍ നമ്മള്‍ വായിക്കുവാന്‍ നിര്‍ബന്ധിതമാകുന്ന വാര്‍ത്തകളില്‍ എഴുതപ്പെടുന്നത്. ഒരു സംഭവത്തിന്‍റെ നേര്‍ചിത്രം വായനക്കാര്‍ ശരിയായി കാണുന്നില്ല. പലപ്പോഴും സംഭവങ്ങളെ പര്‍വ്വതീകരിച്ച് വാര്‍ത്തകളില്‍ വിവരിക്കുന്ന രീതി പല മാധ്യമങ്ങളും സ്വീകരിച്ചു വരുന്നു.
ഒരു ഉദാഹരണം മാത്രം പരിശോധിക്കാം. ചാരക്കേസിനെ അടിസ്ഥാനപ്പെടുത്തി കേരളത്തിലെ എല്ലാ മാധ്യമങ്ങളും എത്രയോ പേജുകള്‍ മാറ്റി വെച്ചു. ഇല്ലാത്ത ഒരു സംഭവം എങ്ങിനെ പല മാധ്യമങ്ങിലും വന്നു എന്നത് തന്നെ ഒരു പോസ്മാര്‍ട്ടം നടത്തി പരിശോധിക്കേണ്ടതുണ്ട്. നമ്പി നാരായണനും, മറിയം റഷീദയും, ഫൗസിയ ഹസ്സനും മറ്റും ഇപ്പോഴും ജീവിക്കുന്നു. അവരുടെ ജീവിതം തന്നെ തകിടം മറിച്ച് മാധ്യമങ്ങള്‍ എന്തെല്ലാമായിരുന്നു എഴുതിയത്. ഒടുവില്‍ അവരെല്ലാം നിരപരാധികളാണെന്ന് തെളിഞ്ഞു. അവര്‍ കുറ്റക്കാരാണെന്ന് ആണയിട്ട് പറഞ്ഞ മാധ്യമങ്ങള്‍ അവര്‍ നിരപരാധികളാണെന്ന് പറഞ്ഞ് നടത്തിയ വാചക മേളകളും നമ്മള്‍ കണ്ടതാണ്. പക്ഷെ അവരുടെ നല്ല നാളുകള്‍ നഷ്ടപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് അത് തിരിച്ച് നല്‍കാന്‍ സാധിക്കുകയില്ല.
എല്ലാ മാധ്യമങ്ങള്‍ക്ക് പിന്നിലും ഒരു വ്യവസായ സംരംഭകത്തിന്‍റെ പിന്തുണയുണ്ടാകുന്നു എന്നതാണ് പുതിയ ലോകത്തെ ഒരു സവിശേഷത. അതുകൊണ്ട് തന്നെ ബിസിനസിലാണ് ഇന്ന് മാധ്യമങ്ങളുടെ ലക്ഷ്യം. പരസ്യ വരുമാനത്തിനായി പല വാര്‍ത്തകളും ബലിയര്‍പ്പിക്കപ്പെടുന്നു എന്ന് പറയേണ്ടതുണ്ട്. ഒരാളെ വിശുദ്ധനാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു. ഇല്ലാത്ത മഹത്ത്വം കെട്ടി ഏല്‍പ്പിക്കുന്നതിന് മാധ്യമ താളുകളില്‍ ഏഴുതി പിടിപ്പിക്കുന്നു. എഡിറ്ററെക്കാള്‍ മാനേജിങ്ങ് എഡിറ്ററുടെ തസതികയ്ക്കാണ് വില. വിപണന മൂല്യമുള്ള വാര്‍ത്തകള്‍ക്കാണ് വില.
അന്വേഷണാത്മക പത്ര പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നുണ്ടോ...? അതിനായി ഇറങ്ങി തിരിക്കുന്നവര്‍ കുറവാണെന്ന് പറയേണ്ടിയിരിക്കുന്നു. എക്സ്ക്ലൂസിവുകള്‍ ഇപ്പോഴുണ്ടോ...? ഇപ്പോഴത്തെ എക്സ്ക്ലൂസീവ് അഭിമുഖങ്ങളായി ചുരുങ്ങിയിരിക്കുന്നു. ഒരു വാര്‍ത്ത കണ്ടെത്തി വായനക്കാരിലെത്തുന്ന രീതി ഇപ്പോഴുണ്ടോ...? എതിരാളികള്‍ കൊണ്ടു കൊടുക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അത്തരം വാര്‍ത്തകള്‍ വരുന്നത്. പണ്ടൊക്കെ വാര്‍ത്തകളായിരുന്നു എതിരാളികള്‍ക്ക് ആയുധം.
നവമാധ്യമങ്ങള്‍ ഒട്ടേറെ വളര്‍ന്നു. മാധ്യമ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ കുറവ്. വിമര്‍ശിക്കുന്ന മാധ്യമങ്ങളെ കൂച്ചു വിലങ്ങിടുന്ന ഭരണകൂടം. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പോലും മാധ്യമ വിലക്ക് നിലവിലുള്ള നാടാണ് നമ്മുടേത്. അപ്രഖ്യാപിത മാധ്യമ അടിയന്തിരാവസ്ഥ നമ്മുടെ നാട്ടിലുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. മാധ്യമ പ്രവര്‍ത്തകര്‍ അധികാര വര്‍ഗത്തിനൊപ്പം ചേര്‍ന്ന് താളം ചവിട്ടുന്ന അവസ്ഥ നമ്മള്‍ കാണുന്നു. സ്വന്തം ജീവിത സന്തോഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അതിന് എന്ത് വിട്ടു വീഴ്ച്ചയ്ക്കും അവര്‍ തയ്യാറാകുന്നു.