പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2021 ഡിസംബര്‍ 15 


പി.എ.സി ശതാബ്ദി: കേരള സംഘത്തെ സ്പീക്കര്‍ നയിച്ചു

പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ ഡിസംബര്‍ 4, 5 തിയതികളില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി.എ.സി) ശതാബ്ദി ആഘോഷം നടന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു. ഉപരാഷ്ട്രപതി  വെങ്കയ്യ നായ്ഡു, ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ ആദിര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കേരളത്തില്‍നിന്നും നിയമസഭാ സ്പീക്കര്‍  എം.ബി. രാജേഷിന്‍റെ നേതൃത്വത്തില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി ജോസഫ് എം.എല്‍.എ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങളായ  സി.എച്ച്. കുഞ്ഞമ്പു,  പി.എസ്. സുപാല്‍, തോമസ് കെ.തോമസ് എന്നീ എം.എല്‍.എ.മാരും നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായരും പങ്കെടുത്തിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, സംസ്ഥാന നിയമസഭകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, സംസ്ഥാനങ്ങളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സമതി അംഗങ്ങള്‍ എന്നിവരാണ്  യോഗത്തില്‍ പങ്കെടുത്തത്. 1921ല്‍ മെഡേഗു ചെയിംസ്ഫോര്‍ഡ് റിഫോംസിന്‍റെ ഭാഗമായി രൂപം കൊണ്ടതാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. ഇത് സ്ഥാപിച്ചത് മുതല്‍ 1950 വരെ ധനമന്ത്രിമാരായിരുന്നു പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍. 1950 മുതല്‍ 1967 വരെ ഭരണ മുന്നണിയില്‍ നിന്നുള്ള ഒരാളായിരുന്നു ചെയര്‍മാന്‍. 1967 മുതല്‍ പ്രതിപക്ഷത്തു നിന്നുള്ള ഒരാളായിരിക്കും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുള്ളത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുന്‍ ചെയര്‍മാനായിരുന്ന പ്രെഫസര്‍ കെ.വി.തോമസ് ക്ഷണിതാവായി ശതാബ്ദി ആഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു.  


ഉത്തര്‍പ്രദേശില്‍ കര്‍ഷക സ്മാരകം

ഐതിഹാസികമായ കര്‍ഷക സമരത്തില്‍ മരണപ്പെട്ട കര്‍ഷകര്‍ക്ക് ഉത്തര്‍പ്രദേശില്‍ സ്മാരകം ഉയരുന്നു. മീററ്റില്‍ നടന്ന പരിവര്‍ത്തന്‍ സന്ദേശ് റാലിയില്‍ സംസാരിക്കുന്ന അവസരത്തിലാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഷിലേഷ് യാദവാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്. ലക്കീംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കായി സ്മാരകം നിര്‍മ്മിക്കുമെന്ന പ്രഷ്യാപനം കര്‍ഷക പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടി തന്നെയാണ്. സമാജ്വാദി പാര്‍ട്ടിയും, രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടിയും ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചതിന് പിന്നാലെ നടന്ന റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.  ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെ വിജയം ഇത്തവണ ലഭിക്കില്ലെന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയമില്ല. കര്‍ഷകര്‍ ധാരാളമായുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കര്‍ഷക സമരം വലിയ രീതിയില്‍ ബി.ജെ.പിയെ ബാധിച്ചിട്ടുണ്ട്. അത് മുന്നില്‍ കണ്ട് തന്നെ കര്‍ഷക സൗഹ്യദ പ്രഖ്യാപനങ്ങള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്നുണ്ട്. കോണ്‍ഗ്രസിന് വലിയ നേട്ടങ്ങള്‍ ഇത്തവണയും ഉത്തര്‍പ്രദേശില്‍ പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസിന്‍റെ നിലപാട് ബി.ജെ.പിക്ക് ഗുണകരമാകും എന്ന വിലയിരുത്തലും ഉണ്ട്. ഉത്തര്‍പ്രദേശില്‍ 2022 ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പ് 2024ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ ചൂണ്ടു പലകയായിരിക്കുമെന്നാണ് ഭൂരിപക്ഷ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജ്യത്ത് ഉണ്ടായിരിക്കുന്ന വിലക്കയറ്റം സാധാരണ ജനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. 

മമതയുടെ നോട്ടം നേട്ടമാകുമോ...?

ദേശിയ രാഷ്ട്രീത്തിലേയ്ക്ക് കണ്ണും നട്ടാണ് മമതാ ബാനര്‍ജി ഇപ്പോള്‍ ഭാരത പര്യടനം തന്നെ തുടങ്ങിയിരിക്കുന്നത്. സാധ്യതയുള്ള സം സ്ഥാനങ്ങളില്‍ മമത സന്ദര്‍ശനം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചു തന്നെയാണ്. ബംഗാളില്‍ ഒരു കടന്നു കയറ്റത്തിന് ശ്രമിച്ച ബി.ജെ.പിക്ക് വലിയ നഷ്ടമാണ് അവിടെ സംഭവിച്ചത്. അത് ദേശിയ തലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. മമതാ ബാനര്‍ജിയുടെ നേത്യത്ത്വത്തിര്‍ നടത്തിയ പ്രതിരോധമാണ് അങ്ങിനെ സംഭവിക്കാന്‍ കാരണമായത്. മറ്റ് പാര്‍ട്ടികളിലെ വിമതരെ ഏകോപിപ്പിച്ച് സ്വന്തം പാര്‍ട്ടി വലുതാക്കുവാനും മമത ശ്രമിക്കുന്നുണ്ട്. ഒപ്പം ബി.ജെ.പിക്ക് എതിരായി ഒരു മുന്നണി രൂപം കൊടുക്കുവാനും ശ്രമം നടക്കുന്നുണ്ട്. പ്രാദേശിക പാര്‍ട്ടികളാണ് മിക്ക സംസ്ഥാനങ്ങളിലും അധികാര സ്ഥനത്തുള്ളത്. രാജ്യത്ത് ദേശിയ പാര്‍ട്ടികളുടെ സ്ഥാനം നഷ്ടപ്പെട്ടിരിക്കയാണ്. കോണ്‍ഗ്രസിന് പിന്നാലെ ബി.ജെ.പിയും തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ബി.ജെ.പിക്ക് എതിരായി പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്ന മമതയുടെ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്ന പഴഞ്ചന്‍ ന്യായമാണ് ഇപ്പോഴും അവര്‍ ഉയര്‍ത്തുന്നത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പങ്കാളിയായില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകും. എന്തൊക്കെ പറഞ്ഞാലും കോണ്‍ഗ്രസിന് രാജ്യത്താകമാനം വേരുകള്‍ ഉണ്ട് എന്നത് നിഷേധിക്കുവാന്‍ സാധിക്കില്ല. നല്ലൊരു നേത്യത്ത്വത്തിന്‍റെ കുറവ് മാത്രമേ കോണ്‍ഗ്രസിന് ഉള്ളൂ. ബി.ജെ.പി. കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ 

ഒമിക്രോണ്‍ അപകടകാരിയോ...?

രാജ്യം ഭയത്തോടെ കാണുന്ന ഒന്നാണ് കൊറോണ വൈറസ് വകഭേദം സംഭവിച്ച് പുതിയ രൂപം പൂണ്ട് വന്നിരിക്കുന്ന ഒമിക്രോണ്‍ വൈറസ്. ഇന്ത്യ ഉള്‍പടെ ഒട്ടേറെ രാജ്യങ്ങളിലായി 1000ത്തിലേറെ ഒമിക്രോണ്‍ വൈറസ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോണ്‍ വൈറസുകള്‍ക്ക് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നും, പുതിയ വൈറസ് വലിയ അപകടം ചെയ്യില്ലെന്നും ശാസ്ത്രലോകം വിലയിരുത്തിയിട്ടുണ്ട്. ഒമിക്രോണിന്‍റെ വ്യാപന ശേഷി കൂടുതലും, മനുഷ്യനെ അപകടപ്പെടുത്തുന്ന കരുത്ത് ഇല്ലാത്തതുമാണ്. ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ ലോക് ഡൗണ്‍ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കും. കോവിഡിനെ പ്രതിരോധിക്കാന്‍ എടുത്ത നടപടികള്‍ തന്നെ തുടരുകയാണ് ഏറ്റവും ശക്തമായ പ്രതിരോധം. മാസ്ക്ക്, സാനിറ്റയ്സര്‍, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ കര്‍ശനമാക്കുകയാണ് വേണ്ടത്. രണ്ട് വാക്സിനുകള്‍ എടുത്തു എന്ന് ഉറപ്പ് വരുത്തുന്നതും നല്ല പ്രതിരോധമാണ്. ഒമിക്രോണ്‍ വൈറസ് ആഫ്രിക്കയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2021 നവംബര്‍ മാസം 24നാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഒമിക്രോണ്‍ ബാധിച്ച ആഫ്രിക്കയിലെ രോഗികള്‍ക്ക് രുചി ഇല്ലായ്മയോ, മണമില്ലായ്മയോ അനുഭവപ്പെട്ടിട്ടില്ല. തലവേദനയും, പേശി വേദനയും, ചുമയുമാണ് ഇതിന്‍റെ ലക്ഷണമെന്നാണ് പറയുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് ഒമിക്രോണ്‍ വൈറസ് പിടിക്കപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. കുട്ടികളില്‍ വാക്സിനുകള്‍ എടുത്തിട്ടില്ല എന്നത് ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. സ്ക്കൂളുകളും, കോളേജുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും, ഒരു കൂട്ടം അദ്ധ്യാപകര്‍ വാക്സിന്‍ എടുക്കാത്തതും ആശങ്ക ഉണ്ടാക്കുന്ന വിഷയമാണ്.

5ജി സ്വാതന്ത്ര്യ ദിനത്തില്‍, 6ജി 2023ല്‍

ഇന്ത്യ സാങ്കേതിക വികസനത്തില്‍ വളര്‍ച്ച ഓരോ ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിന് മുന്‍പ് 5ജി സാങ്കേതിക വിദ്യ ഉണ്ടാകുമെന്ന സംസാരം പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ കേള്‍ക്കുന്നുണ്ട്. 2023 അവസാനം എത്തുമ്പോള്‍ ഇന്ത്യ 6ജി സാങ്കേതിക വിദ്യയുടെ നേട്ടം ഉണ്ടാക്കുമെന്നാണ് സംസാരം. അങ്ങിനെ വികസന ഇന്ത്യ എന്ന ചിത്രം കാണിച്ചാകും 2024ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെ ബി.ജെ.പി. സമീപിക്കുക. ഇന്ത്യയില്‍ പ്രമുഖ മെബൈല്‍ കമ്പനികള്‍ 5ജി ഫോണുകള്‍ ഇറക്കി തുടങ്ങി. പ്രമുഖ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ഇന്ത്യയില്‍ 5ജി സാങ്കേതിക വിദ്യ പരീക്ഷിച്ചു കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2021 നവംബര്‍ 26ന് പരീക്ഷണ അനുമതി അവസാനിക്കുകയും ചെയ്തു. അത് അല്‍പ്പം കൂടി നീട്ടി കിട്ടുവാന്‍ കമ്പനികള്‍ ശ്രമം നടത്തിയിരുന്നു. 2022ല്‍ 5ജി സാങ്കേതിക വിദ്യ വ്യാപകമാകും എന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളിലാകും ഈ സൗകര്യം ആദ്യം ലഭിക്കുക എന്നാണ് അറിയുന്നത്. ഇപ്പോള്‍ ജനങ്ങളുടെ ക്കൈവശമുള്ള 4ജി മൊബൈലുകള്‍ മാറ്റേണ്ട സാഹചര്യം ഉണ്ടാകും. 5ജി സ്പെക്ട്രത്തിന്‍റെ ലേലം ഇപ്പോഴും നടക്കാത്തതാണ് ഈ സേവനം ലഭ്യമാക്കാന്‍ വൈകുന്നതിന് കാരണം. 4ജി സാങ്കേതിക വിദ്യയേക്കാള്‍ 10 മടങ്ങ് വേഗതയും, സുതാര്യതയും 5ജിക്ക് ഉണ്ടാകും. ഇപ്പോള്‍ ലോകത്തെ 58 രാജ്യങ്ങളില്‍ 5ജി നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. 2023ന്‍റെ അവസാനമോ 2024 തുടക്കമോ ഇന്ത്യയില്‍ 6ജി സാങ്കേതിക വിദ്യ കമ്മിഷന്‍ ചെയ്യുമെന്നാണ് ടെലിക്കോം മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 2012ല്‍ കൊല്‍ക്കത്തയിലാണ് എയര്‍ടെല്‍ ആദ്യമായി 4ജി നടപ്പിലാക്കിയത്. 2021 ആയിട്ടും രാജ്യം മുഴുവന്‍ ഈ സേവനം ഇപ്പോഴും ലഭ്യമായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. റിലയന്‍സ് ജിയോ നടപ്പിലാക്കിയപ്പോഴാണ് 4ജി കുറച്ചെങ്കിലും വേഗതയിലാകാന്‍ തുടങ്ങിയത്. മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികള്‍ മത്സര രംഗത്ത് ചുവട് വെച്ചതാണ് അതിന് കാരണം..