കര്‍ഷക സമരത്തിന്‍റെ കെടിയിറങ്ങുമ്പോള്‍...

കര്‍ഷക സമരത്തിന്‍റെ കെടിയിറങ്ങുമ്പോള്‍...

വിജയ് ചൗക്ക് @ 123 @ മെട്രോ വാര്‍ത്ത: ഡിസംബര്‍ 11

സുധീര്‍നാഥ് 

ഇന്ത്യ സമീപകാലത്ത് കണ്ട ഏറ്റവം വലുതും ശക്തവുമായ സമരമായിരുന്നു ഡല്‍ഹി അതിര്‍ത്തികളില്‍ അന്നം തരുന്ന കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ സമരം. സമരം വിജയിച്ചതായി കര്‍ഷകര്‍ പ്രഖ്യപിച്ചു. ഒരുവര്‍ഷത്തിലേറെയായി കര്‍ഷക സമരക്കാര്‍ ഡല്‍ഹിയുടെ അഞ്ച് അതിര്‍ത്തികളില്‍ സമരം ചെയ്യുന്നു. അതിലേറെ ദിവസങ്ങള്‍ സമര രംഗത്ത് കര്‍ഷകരുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 26ന് കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ല് ചര്‍ച്ചകളില്ലാതെ പാസാക്കി. കര്‍ഷക സമൂഹം അംഗീകരിക്കാത്ത ബില്ലിനെ പാര്‍ലമെന്‍റില്‍ പാസാക്കി നടപ്പിലാക്കാന്‍ ശ്രമിച്ചതാണ് സമരത്തിന് തുടക്കം കുറിക്കാന്‍ കാരണം. രാജ്യവ്യാപകമായി കര്‍ഷകര്‍ സമരം തുടങ്ങിയത് അന്നുമുതലാണ്. ചെറിയ രീതിയില്‍ തുടങ്ങിയ പ്രതിഷേധം ശക്തമായി. പഞ്ചാബിലെ കര്‍ഷകര്‍, ബില്ല് പാസായതിന് പിന്നാലെ 2020 ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങിയ സമരമാണ് റെയില്‍ റുക്കോ (തീവണ്ടി തടയല്‍ സമരം). ഈ സമരം രാജ്യമാകെ പടര്‍ന്ന് കയറുകയായിരുന്നു. 

കര്‍ഷകര്‍ തുടങ്ങിയ സമരത്തിന് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യം കൊടുത്തില്ല. ചര്‍ച്ചകള്‍ക്കായി കര്‍ഷക നേതാക്കള്‍ ഡല്‍ഹിയില്‍ വന്നും പോയും ഇരുന്നു. പ്രാദേശികമായി നടത്തിയ സമരം കൊണ്ട് കാര്യമില്ലെന്ന് കര്‍ഷകര്‍ തിരിച്ചറിഞ്ഞു. കര്‍ഷകര്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേയ്ക്ക് സമരം കൊണ്ടു പോയി. ഡല്‍ഹി ചലോ സമരം തുടങ്ങിയപ്പോള്‍ അതിര്‍ത്തികള്‍ അടച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തു. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ശത്രു രാജ്യത്തോട് യുദ്ധം ചെയ്യുന്നതിന് സമാനമായ നടപടി സ്വീകരിച്ചു. ജനപിന്തുണ സമരത്തിന് കൂടുതല്‍ ലഭിക്കാന്‍ ഇത് കാരണമായി. കര്‍ഷക നേതാക്കള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച തുടര്‍ന്നുകൊണ്ടിരുന്നു. ചര്‍ച്ചകളില്‍ ഒരു മണി പോലും കര്‍ഷക നേതാക്കളുമായി സമരസപ്പെടുവാന്‍ തയ്യാറായിരുന്നില്ല. സമരം ശക്തമാകുവാന്‍ കാരണവും അതു തന്നെയാണ്.

നവംബര്‍ 19ന് പഞ്ചാബിലെ ഭൂരിപക്ഷമുള്ള സിഖ് സമുദായത്തിന്‍റെ സ്ഥാപകനും, ഗുരുവുമായ ഗുരു നാനാക്കിന്‍റെ ജന്‍മദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അപ്രതീക്ഷിതമായി വിവാദമായ മൂന്ന്  കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു. കര്‍ഷകര്‍ പക്ഷെ സമരം അവസാനിപ്പിച്ചില്ല. കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസമില്ലെന്നായിരുന്നു അതിന് മറുപടി കൊടുത്തത്. പാര്‍ലമെന്‍റില്‍ മൂന്ന് കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുന്ന ബില്ലുകള്‍ അവതരിപ്പിച്ച് പാസാക്കി. എന്നിട്ടും കര്‍ഷക സമരം അവസാനിച്ചില്ല. കര്‍ഷകര്‍ ഉയര്‍ത്തിയ മറ്റ് ആറ് ആവശ്യങ്ങള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നായിരുന്നു ആവശ്യം.

പാര്‍ലമെന്‍റില്‍ പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുകയും, കര്‍ഷകര്‍ ഉയര്‍ത്തിയ ആറ് ആവശ്യങ്ങളില്‍ അഞ്ചും അംഗീകരിക്കുന്നതായും രേഖാമൂലം ക്യഷി മന്ത്രാലയം സെക്രട്ടറി സമര നേതാക്കളെ അറിയിച്ചതോടെയാണ് കര്‍ഷക സമരം നിര്‍ത്തിയത്. ഉറപ്പ് തന്ന കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെങ്കില്‍ വീണ്ടും തെരുവ് സമരത്തിന് വരുമെന്നാണ് കര്‍ഷക നേതാക്കള്‍ പറയുന്നത്. വെള്ളിയാഴ്ച്ച കര്‍ഷക സമരത്തില്‍ മരണമടഞ്ഞ സമരക്കാര്‍ക്കും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടവര്‍ക്കും കര്‍ഷക സമരകേന്ദ്രങ്ങളില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. 2021 ഡിസംബര്‍ 11 ശനിയാഴ്ച്ചയാണ് കര്‍ഷകര്‍ സമരത്തിന്‍റെ വിജയം ആഘോഷിക്കുന്നത്. കര്‍ഷകര്‍ ശനിയാഴ്ച്ച സമരവേദി വിട്ട് വിജയ റാലി നടത്തി വീടുകളില്‍ പോകുന്നതോടെ ഒരു വര്‍ഷവും പതിമൂന്ന് ദിവസവും അടഞ്ഞു കിടന്ന ഡല്‍ഹിയുടെ അഞ്ച് അതിര്‍ത്തികള്‍ തുറക്കും. 2022 ജനുവരി 15ന് കര്‍ഷകര്‍ അവലോകന യോഗം വെച്ചിട്ടുണ്ട്. അതില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും കര്‍ഷകര്‍ സമര മുഖത്ത് മടങ്ങി എത്തും എന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

രാഷ്ട്രീയമായി രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷക സമരം വഴി നേട്ടം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നാണര വിലയിരുത്തപ്പെടുന്നത്. ബി.ജെ.പിക്ക് വലിയ കോട്ടം സംഭവിച്ചു എന്നും വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കാത്തത് നേട്ടം കൊയ്യാമായിരുന്ന അവസരമണ് നഷ്ടപ്പെടുത്തിയത്. രാജ്യമാകമാനം വേരുകളുള്ള കോണ്‍ഗ്രസിന്‍റെ നിലപാടുകള്‍ രാഷ്ട്രീയ മണ്ടത്തരമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും ശക്തമായ സമരം എന്ന വിലയിരുത്തുന്ന കര്‍ഷക സമരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നിലുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. പിന്തുണയുമായി ഒട്ടേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണ്ടായിരുന്നെങ്കിലും ആരും കര്‍ഷക വേദി പങ്കിട്ടില്ല എന്നല്ല പങ്കെടുപ്പിച്ചില്ല എന്ന് പറയുന്നതാണ് ശരി. രാജ്യ തലസ്ഥാനത്തെ അതിര്‍ത്തികള്‍ സാക്ഷിയായ ചരിത്ര സമരത്തിന് ഒടുവില്‍ തിരശീല വീഴുന്നത് ചരിത്രത്തില്‍ ഇടം നേടി കൊണ്ടാണെന്നതിന് ആര്‍ക്കും തര്‍ക്കമില്ല.

മണ്ണിനോടൊപ്പം ജീവിക്കുന്ന കര്‍ഷകര്‍ സമരമുഖത്ത് വന്ന ചരിത്രം മുന്‍പും ഉണ്ടായിട്ടുണ്ട്. അന്നൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന്‍റെ പ്രത്യാഘാതം അനുഭവിച്ചിട്ടുമുണ്ട്. രാഷ്ട്രീയ ചരിത്രത്തില്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് വളര്‍ന്ന പാര്‍ട്ടിയാണ് ബി.ജെ.പി. അന്ന് അഡല്‍ ബിഹാരി വാജ്പേയ് എടുത്ത നിലപാടുകളാണ് ഇന്ത്യയില്‍ ബി.ജെ.പിയെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്. അതേ ബി.ജെ.പി. തന്നെയാണ് കര്‍ഷക വിരുദ്ധ നിലപാടെടുത്തത് എന്നതില്‍ പഴയ ബി.ജെ.പി. നേതാക്കള്‍ അമര്‍ഷം രേഖപ്പെടുത്തിയത് കാണാതെ പോകാന്‍ കഴിയില്ല.

സമരത്തിനെതിരെ ശക്തമായി നിലകൊണ്ട സര്‍ക്കാര്‍ ഒരു വര്‍ഷത്തോളമാണ് കര്‍ഷക സമരത്തോട് എതിരിട്ടത്. സാധാരണ എല്ലാ അവകാശസമരങ്ങളും പരാജയപ്പെടുകയോ, ഭാഗീക വിജയം നേടിയാല്‍ അവസാനിക്കുകയോ ചെയ്യുന്നതാണ് കണ്ടിട്ടുള്ളത്. രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് ഉള്ളില്‍ തന്നെ വിമര്‍ശനം ശക്തമായി. ഘടക കക്ഷികളും അവരുടെ നീരസം അറിയിച്ചു. കര്‍ഷക സമരം പതിയെ ഇല്ലാതാകുമെന്ന കണക്ക് കൂട്ടല്‍ തെറ്റിയത് സര്‍ക്കാരിനെ ഇരുത്തി ചിന്തിപ്പിച്ചിരിക്കണം. ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയങ്ങളും, വന്‍ തോതിലുള്ള വേട്ട് ചോര്‍ച്ചയും ബി.ജെ.പി നേത്യത്ത്വത്തെ അസ്വസ്ഥമാക്കി എന്ന് ആര്‍ക്കാണ് തിരിച്ചറിയാന്‍ സാധിക്കാത്തത്. ഒരവസരത്തില്‍ ഇന്ത്യയില്‍ പട്ടാള അട്ടിമറി വരെ നടക്കും എന്ന സംസാരം വരെ ഉണ്ടായിരുന്നു. അതിന് കാരണവുമുണ്ട്. ഇന്ത്യന്‍ സേനയില്‍ ഭൂരിപക്ഷം വരുന്ന ഉദ്യോഗസ്ഥര്‍ കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്.

കര്‍ഷക കുടുംബത്തില്‍ നിന്നുള്ളവര്‍ വിദേശങ്ങളില്‍ അതിസമ്പന്നരാണ്. അവരാണ് കര്‍ഷക സമരത്തിന് പണം നല്‍കിയിരുന്നത്. 2020 നവംബര്‍ 26 മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന ലങ്കാറുകള്‍ തുടങ്ങിയത് മുടക്കമില്ലാതെ ഇപ്പോഴും തുടരുന്നു. സമരം തുടങ്ങിയത് മുതല്‍ ഒരിക്കല്‍ പോലും വീട്ടിലേയ്ക്ക് പോകാത്ത കര്‍ഷകരും കൂട്ടത്തിലുണ്ട്. അവരുടെ ക്യഷി ഭൂമിയില്‍ വിളവെടുപ്പ് പതിവ് പോലെ നടന്നു. കുടുംബാംഗങ്ങളും, ക്യഷിയിടത്തെ തൊഴിലാളികളും അതൊക്കെ വേണ്ട രീതിയില്‍ ക്കൈകാര്യം ചെയ്തെന്നാണ് സമര മുഖത്തുള്ള സുര്‍ദേവ് സിംഗ് എന്ന എഴുപത്തി രണ്ടു വയസുള്ള കര്‍ഷകന്‍ പറഞ്ഞത്. 

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വരികയാണ്. കര്‍ഷകരുടെ രാജ്യമായ ഇന്ത്യയില്‍ അവരെ പിണക്കികൊണ്ട് ഭരിക്കാമെന്നത് രാഷ്ട്രീയ മണ്ടത്തരമാണെന്ന് രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് തിരിച്ചറിയാന്‍ സമയമെടുത്തു. കര്‍ഷക സമരത്തിന്‍റെ വേദികളില്‍ യുവാക്കളുടേയം, യുവതികളുടെയും വന്‍ കൂട്ടം കാണുവാന്‍ സാധിക്കുമായിരുന്നു. ഇന്ത്യന്‍ യുവ ജനത കര്‍ഷകര്‍ക്കൊപ്പമാണെന്നതിന്‍റെ നേര്‍ കാഴ്ച്ചയായിരുന്നു അത്. സാമൂഹ്യ മാധ്യമങ്ങളില്‍ യുവജനതയുടെ പ്രതികരണങ്ങള്‍ വായിക്കേണ്ടത് തന്നെയാണ്. കര്‍ഷകരെ ബഹുമാനിക്കാനും, ആദരിക്കാനും കര്‍ഷക സമരം ഒരു നിമിത്തമായി എന്ന് തന്നെ പറയണം.