പ്രതിസന്ധികളില്‍ രാജ്യം...
വിജയ് ചൗക്ക് @ 122 @ മെട്രോ വാര്‍ത്ത: ഡിസംബര്‍ 5
സുധീര്‍നാഥ്
ഇന്ത്യ വലിയ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. കൊറോണ വൈറസിന്‍റെ വ്യാപനം കുറഞ്ഞ്, ശോഭനമായ 2022 സ്വപ്നം കണ്ട ഇന്ത്യന്‍ ജനതയുടെ മേല്‍ ഒമിക്രോണ്‍ വൈറസ് ഭീതി പരത്തുകയാണ്. ലോകത്തെ പല രാജ്യങ്ങളിലെ പോലെ ഇന്ത്യയിലും ഒമിക്രോണ്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. അതിവേഗം പടരുന്ന വൈറസ് വാക്സിനേഷന്‍ വന്നത് കൊണ്ട് കൊറോണ പോലെ അത്ര അപകടം ചെയ്യില്ലെന്നാണ് പറയപ്പെടുന്നത്. കര്‍ഷക സമരം തുടരുന്നതും, വിലക്കയറ്റവും, രാജ്യത്തിന്‍റെ തകര്‍ന്ന സാമ്പത്തിക സ്ഥിതിയും ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധിയാണ്. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങിയെങ്കിലും സഭാ നടപടികള്‍ അത്ര തന്നെ സുഖമമായല്ല നടക്കുന്നത് എന്നതും പ്രതിസന്ധി തന്നെയാണ്.
രണ്ട് വര്‍ഷമായി ലോകം വൈറസിനെ ഭയത്തോടെ കണ്ട കാലമായിരുന്നു. 2019 ഡിസംബര്‍ മാസം മുതല്‍ക്കാണ് കൊറോണ വൈറസ് എന്നത് ലോകം സംസാരിച്ച് തുടങ്ങിയത്. ചൈനയിലെ വുഹാനിലെ ഡോക്ടര്‍ ലി വെന്‍ലിയാന്‍ ആദ്യമായി 2019 ഡിസംബര്‍ 30ന് തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് സ്വകാര്യമായി ഒരു മുന്നറിയിപ്പ് സന്ദേശം അയച്ചു. വുഹാനില്‍ മാരകമായ ഒരു വൈറസ് പടരുന്നുണ്ടെന്നും, അത് വലിയ അപകടകാരിയാണെന്നും, അതിനെ പ്രതിരോധിക്കേണ്ട നടപടികള്‍ എല്ലാവരും സ്വീകരിക്കണം എന്നുമായിരുന്നു സന്ദേശം. സിവിയര്‍ അക്യൂസ്ഡ് റെസ്പിരേറ്ററി സിന്‍ഡ്രത്തിന് (സര്‍സ്) സമാനമായ ലക്ഷണങ്ങളോട് കൂടിയ പകര്‍ച്ച വ്യാതിയാണെന്നും ഡോക്ടര്‍ ലി ഓര്‍മ്മപ്പെടുത്തി. ഇതാണ് പിന്നീട് കോവിഡ് 19 എന്ന വൈറസാണെന്ന് ലോകം രേഖപ്പെടുത്തിയത്.
വുഹാന്‍ സര്‍വ്വകലാശാലയില്‍ നിന്നും ക്ലിനിക്കല്‍ മെഡിസിനില്‍ ഏഴ് വര്‍ഷം പഠനം പൂര്‍ത്തിയാക്കി അവിടെ നിന്ന് തന്നെ ബിരുദ്ധവും ബിരുതാനന്ദര ബിരുതവും നേടിയ വ്യക്തിയാണ് ഡോക്ടര്‍ ലി വെന്‍ലിയാന്‍. വുഹാനിലെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കെത്തിയ ഏഴ് രോഗികള്‍ക്ക് സിവിയര്‍ അക്യൂസ്ഡ് റെസ്പിരേറ്ററി സിന്‍ഡ്രത്തിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഡോക്ടര്‍ ലി തന്‍റെ ആശങ്ക മറ്റ് ഡോക്ടര്‍മാരുമായി പങ്ക് വെച്ചത്. വുഹാനിലെ മത്സ്യ മാംസ മാര്‍ക്കറ്റിലാണ് ആദ്യമായി കൊറോണ വൈറസ് പടരുന്നത്. തെറ്റായ വിവരം നല്‍കി എന്ന കുറ്റം ചുമത്തി ഡോക്ടര്‍ ലിയെ വുഹാനിലെ പോലീസ് തടങ്കലില്‍ ഇടുകയും ചെയ്തു. 2020 ഫെബ്രുവരി 4ന് ചൈനയിലെ സുപ്രീം പീപ്പിള്‍സ് കോര്‍ട്ട് വുഹാനിലെ പോലീസ് നടപടിയെ അപലപിച്ചു. ഡോക്ടര്‍ ലിയും മറ്റും പറഞ്ഞത് തെറ്റായ കാര്യമല്ലെന്ന് ചൈനയിലെ പരമോനത കോടതി പ്രഖ്യാപിച്ചതില്‍ അദ്ദേഹം സന്തോഷവാനായിരുന്നു. വിധി വരുന്നതിന് മുന്‍പ് മോചിതനായ ഡോക്ടര്‍ ലി ചികിത്സാ രംഗത്തേയ്ക്ക് എത്തിയിരുന്നു. ഇതിനിടയില്‍ വൈറസ് വ്യാപനം രൂക്ഷമായി മാറിയിരുന്നു.
വളരെ ശ്രദ്ധയോടെ കോവിഡ് രോഗികളെ ശുശ്രൂഷിച്ച ഡോക്ടര്‍ക്കും കോവിഡ് പിടിപ്പെട്ടു.ഫെബ്രുവരി 5ന് ഡോക്ടര്‍ ലിയുടെ സ്ഥിതി ഗുരുതരാവസ്ഥയിലേയ്ക്ക് പോയി. പക്ഷെ രോഗം മൂര്‍ച്ചിച്ച അവസ്ഥയിലായിരുന്നു അപ്പോഴേയ്ക്കും ഡോക്ടര്‍ ലി. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്ന ഡോക്ടര്‍ തന്‍റെ അനുഭവങ്ങള്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ കുറിക്കുമായിരുന്നു. ഡോക്ടര്‍ ലിയുടെ കുറിപ്പുകള്‍ ചൈനയില്‍ വ്യാപകമായി വായിക്കപ്പെട്ടു. 2020 ഫെബ്രുവരി 7ന് ഡോക്ടര്‍ ലി വെന്‍ലിയാന്‍ കോവിഡ് 19 വൈറസ് ബാധിച്ച് ചൈനയിലെ വുഹാനില്‍ ജോലി ചെയ്തിരുന്ന സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ 33ാം വയസില്‍ മരണപ്പെടുകയായിരുന്നു. ഡോക്ടര്‍ ലിയുടെ മരണവും, രോഗവിവരവും ചൈനയുടെ മാധ്യമങ്ങളില്‍ പോലും വന്നില്ല. കോവിഡ് രോഗം പടര്‍ന്ന് പിടിച്ചതോടെ സത്യം പുറത്തായി. ഡോക്ടറുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സാമൂഹ്യ മാധ്യമത്തിലെ കുറിപ്പുകള്‍ അപ്രത്യക്ഷമായി.
ഇപ്പോള്‍ കോവിഡിന് വാക്സിന്‍ വരികയും, നിയന്ത്രണങ്ങള്‍ നീക്കി സാധാരണ നിലയിലേയ്ക്ക് ലോകം വരികയും ചെയ്യുന്നതിനിടയിലാണ് കൊറോണ വൈറസ് വകഭേദം സംഭവിച്ച് പുതിയ രൂപം പൂണ്ട് ലോകത്തെ വീണ്ടും വിറയ്പ്പിക്കാന്‍ തുടങ്ങുന്നത്. ഇന്ത്യ ഉള്‍പടെ മുപ്പതില്‍പ്പരം രാജ്യങ്ങളിലായി 400ല്‍ കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോണ്‍ വൈറസുകള്‍ക്ക് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നും, പുതിയ വൈറസ് വലിയ അപകടം ചെയ്യില്ലെന്നും ശാസ്ത്രലോകം വിലയിരുത്തിയിട്ടുണ്ട്. ഒമിക്രോണിന്‍റെ വ്യാപന ശേഷി കൂടുതലും, മനുഷ്യനെ അപകടപ്പെടുത്തുന്ന കരുത്ത് അതിനില്ല എന്നാണ് വൈറസ് രോഗ മേഖലയില്‍ പ്രശസ്തനായ ഡോക്ടര്‍ മുഹമ്മദ് അഷീല്‍ അഭിപ്രായപ്പെട്ടത്. ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ ലോക് ഡൗണ്‍ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് പറയാറില്ലേ. ജനങ്ങള്‍ വൈറസ് എന്ന് കേട്ടാല്‍ തന്നെ പേടിക്കുന്ന കാലമാണല്ലോ ഇപ്പോള്‍. ലോകത്തെ പല രാജ്യങ്ങളും യാത്രാ വിലക്കുകള്‍ തുടങ്ങി കഴിഞ്ഞു. വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇന്ത്യയില്‍ ക്വോറന്‍റയിന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
രാജ്യതലസ്ഥാനത്തും മറ്റ് പ്രധാന കേന്ദ്രങ്ങളിലും വീണ്ടും ആശുപത്രികള്‍ ഏതൊരു അവസ്ഥയേയും നേരിടാന്‍ ഒരുങ്ങി തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും മുന്‍കരുതല്‍ എടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ വൈറസിനെ ആശങ്ക ഉണ്ടാക്കുന്ന ഒന്നായി തന്നെ വിലയിരുത്തിയിരിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ എടുത്ത നടപടികള്‍ തന്നെ തുടരുകയാണ് ഏറ്റവും ശക്തമായ പ്രതിരോധം. മാസ്ക്ക്, സാനിറ്റയ്സര്‍, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ കര്‍ശനമാക്കുകയാണ് വേണ്ടത്. രണ്ട് വാക്സിനുകള്‍ എടുത്തു എന്ന് ഉറപ്പ് വരുത്തുന്നതും നല്ല പ്രതിരോധമാണ്.
ഒമിക്രോണ്‍ വൈറസ് ആഫ്രിക്കയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2021 നവംബര്‍ മാസം 24നാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഒമിക്രോണ്‍ ബാധിച്ച ആഫ്രിക്കയിലെ രോഗികള്‍ക്ക് രുചി ഇല്ലായ്മയോ, മണമില്ലായ്മയോ അനുഭവപ്പെട്ടിട്ടില്ല. തലവേദനയും, പേശി വേദനയും, ചുമയുമാണ് ഇതിന്‍റെ ലക്ഷണമെന്നാണ് പറയുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് ഒമിക്രോണ്‍ വൈറസ് പിടിക്കപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. കുട്ടികള്‍ക്ക് വാക്സിന്‍ കൊടുത്തു തുടങ്ങിയിട്ടില്ല. അതുകൊണ്ടാകാം ആഫ്രിക്കയില്‍ ഒമിക്രോണ്‍ വൈറസ് ബാധയുള്ള പത്ത് വയസിനും പതിനാല് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ കൂടുതലാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.
കോവിഡിനെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ വന്നെങ്കിലും അത് സ്വീകരിക്കാത്ത ലക്ഷങ്ങളാണ് രാജ്യത്തുള്ളത്. ഇത് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പോലും അപകടമാണ്. രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത സമൂഹം എന്നത് വ്യാപക ചര്‍ച്ചയാണ്. കേരളത്തില്‍ അദ്ധ്യാപകരില്‍ തന്നെ വാക്സിന്‍ സ്വീകരിച്ചിട്ടില്ല എന്നത് അവരുടെ അടുത്ത് ചെല്ലുന്ന കുട്ടികള്‍ക്ക് അപകടമാണെന്നത് സര്‍ക്കാര്‍ ഗൗരവകരമായി കണ്ടത് അഭിനന്ദനാര്‍ഹമാണ്. വാക്സിന്‍ എടുക്കാത്ത അദ്ധ്യാപകര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഉയര്‍ന്ന് വന്ന് കഴിഞ്ഞു. വാക്സിന്‍ സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൗജന്യ ചികിത്സ നല്‍കില്ലെന്ന് കേരള സര്‍ക്കാര്‍ എടുത്ത തീരുമാനം വരും ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളും, കേന്ദ്രവും സ്വീകരിക്കും.
ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ സമ്മേളനം നടക്കുന്നുണ്ട്.ڔപക്ഷെ പുറത്ത് ശക്തമായ പ്രതിഷേധങ്ങളും അരങ്ങേറുന്നു. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ കഴിഞ്ഞ സമ്മേളനത്തില്‍ ബഹളം വെച്ച അംഗങ്ങളില്‍ പന്ത്രണ്ട് പേരെ പുറത്താക്കിയതാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് സമ്മേളനം സുഖമമാകാത്തതിന് കാരണം. 2021 ആസസ്റ്റ് 11ന് രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ സഭയില്‍ ബഹളം വെച്ച 33 അംഗങ്ങളുടെ പേരുകള്‍ ഉണ്ട്. രാജ്യസഭാ സെക്രട്ടറി ജനറലിന്‍റെ ഒപ്പുവെച്ച് പുറത്തിറക്കിയ രേഖയില്‍ പേരില്ലാത്ത സി.പി.ഐ.എം. രാജ്യസഭാ നേതാവ് ഇളമരം കരീമിനെ പുറത്താക്കിയതാണ് പ്രതിസന്ധിയായിരിക്കുന്നത്.
ഗോളിയില്ലാത്ത പോസ്റ്റില്‍ തുരുതുരാ ഗോളടിച്ചാല്‍ അതിന് ആരും അംഗീകരിക്കില്ലല്ലോ. അതാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വിവാദമയ മൂന്ന് കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിട്ടും കര്‍ഷക സമരം അവസാനിപ്പിക്കാന്‍ സാധിക്കാത്തത് പ്രതിസന്ധിയാണ്. ഒട്ടേറെ ബില്ലുകള്‍ പാസാക്കാന്‍ തയ്യാറാക്കിവെച്ചത് ഈ പ്രതിസന്ധികള്‍ക്കിടയി പാസാക്കുന്നത് അതിലും വലിയ പ്രതിസന്ധിയാകുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. അതൊക്കെകൊണ്ട് ഒരു കാര്യം ചുരുക്കി പറയാം, രാജ്യം പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുകയാണ്.