ഞാന്‍ മലയാളി...
വിജയ് ചൗക്ക് @ 118 @ മെട്രോ വാര്‍ത്ത: നവംബര്‍ 05
സുധീര്‍നാഥ്
കേരളത്തില്‍ നിന്ന് പുറത്ത് താമസിക്കുന്നവരാണ് പ്രവാസി മലയാളികള്‍. അങ്ങിനെ ചിന്തിക്കുന്ന അവസരത്തില്‍ കേരളത്തില്‍ നിന്ന് ആദ്യമായി പ്രവാസിയായ മലയാളി ശങ്കരാചാര്യരാണെന്ന് ചരിത്രം പറയുന്നു. ലോകത്തിന്‍റെ എല്ലാ കോണിലും മലയാളികള്‍ ഉണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. എന്നാല്‍ ഏറെ വൈകി മാത്രമാണ് മലയാളി കേരളം വിട്ട് മറ്റ് ദേശങ്ങളിലേയ്ക്ക് കുടിയേറിയിട്ടുള്ളൂ എന്ന് മനസിലാക്കാം.
കേരളത്തില്‍ വിദേശികള്‍ വരുന്നതിന് മുന്‍പ് തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ കേരളത്തില്‍ വരികയും ചെറിയ കോളനികള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തികളും, മറാഠികളും, പഞ്ചാബികളും മറ്റും കേരളത്തിലെത്തിയിരുന്നു.
കേരള പ്രവാസ ജീവിത ചരിത്രത്തിന് നാനൂറ് വര്‍ഷത്തെ പഴക്കമേ കാണാന്‍ കഴിയു. മലയാളികള്‍ ഗള്‍ഫിലേക്ക് പോയിതുടങ്ങയതും 1960ന് ശേഷമാണ് എന്നാല്‍ ഇന്ന് കേരളത്തിന്‍റെ മൂന്നരക്കോടി ജനങ്ങളില്‍ ഒന്നരക്കോടി ജനങ്ങളിന്ന് കേരളത്തിന് പുറത്താണ് ഇവരെല്ലാം മറുനാടന്‍ മലയാളികളായി ജീവിക്കുന്നു. മനസ്സില്‍ ഞാന്‍ മലയാളിയാണ് എന്ന ഗൃഹാതുരത്വം കൊണ്ടുനടക്കുമ്പോഴും എവിടെ എത്തിച്ചെന്നാലും അവിടുള്ളവരുമായി ഒന്നിച്ചുചേര്‍ന്ന് അവിടുത്തെ നാട്ടുകാരായി മാറാന്‍ കഴിയുന്നത് മലയാളികളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥരാക്കുന്നു.
മുന്‍പ് കേരളത്തിന് പുറത്ത് പോകുന്നവരാണ് പലപ്പോഴും ഞാന്‍ മലയാളി എന്ന് പറഞ്ഞിരുന്നത്. കേരളത്തിലുള്ളവര്‍ അങ്ങിനെ പറയേണ്ടി വന്നിരുന്നില്ല. ആദ്യ കാലങ്ങളില്‍ കാവല്‍ക്കാരായി ഖൂര്‍ക്കകളും, പിന്നീട് തൊഴില്‍ തേടി തമിഴ്നാട്ടുകാരും കേരളത്തിലെത്തി. ഇന്ന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനവിഭാഗങ്ങള്‍ കേരളത്തിലുണ്ട്. അവരെ നമ്മളിപ്പോള്‍ അതിഥി തൊഴിലാളികളെന്ന് വിളിക്കുന്നു. കേരളത്തിലെ മലയാളികള്‍ പോലും ഞാന്‍ മലയാളി എന്ന് പറയേണ്ടുന്ന സാഹചര്യത്തിലാണ് എത്തി നില്‍ക്കുന്നത്.
ഞാന്‍ മലയാളി എന്നത് മലയാളിയുടെ സ്വത്വബോധത്തിന്‍റെ വാക്കാണെന്ന് സതീഷ് നമ്പൂതിരിപ്പാട് അഭിപ്രായപ്പെടുന്നു. ഭാഷ, വേഷം, സംസ്കാരം, സമ്പ്രദായം, ജീവിത രീതി, ഭക്ഷണ ശൈലി എന്നിവയെല്ലാം ചേര്‍ന്നതാണ് മലയാളി. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത ഒരു വൃത്തി ബോധവും നര്‍മ്മബോധവും മലയാളിക്കുണ്ട്. കേരള നിര്‍മ്മിതിയില്‍ പരശുരാമന്‍റെയും മാവേലിയുടെയും പറയിപെറ്റ പന്തിരുകുലത്തിന്‍റെയും ഐതിഹ്യം പേറുന്നവരാണ് മലയാളികള്‍. പന്തിരുകുലം പോലുള്ള മിത്തുകള്‍ പേറുന്ന സഹജബോധം ചില സംസ്ഥാനങ്ങളുടെ മാത്രം പ്രത്യേകതയാണ്.
2013ലെ ഉത്തരാഖണ്ഡിലെ മഹാപ്രളയത്തില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രവാസിയായ ശങ്കരാചാര്യരുടെ സമാധി ഒലിച്ചു പോയിരുന്നു. ശങ്കരാചാര്യരുടെ സമാധി പുനര്‍സ്ഥാപിക്കുന്നതിനായി മലയാളിയുടെ നേത്യത്ത്വത്തില്‍ നടത്തിയ ശ്രമമാണ് 2021 നവംബര്‍ 5ന് പ്രധാനമന്ത്രി സാക്ഷാത്കരിച്ചത്. കാസര്‍ഗോഡ് സ്വദേശി കേണല്‍ അശോക് കിനിയുടെ നേത്യത്ത്വത്തിലുള്ള ഫെയ്ത്ത് ഫൗഡേഷനാണ് ശങ്കരാചാര്യരുടെ സമാധി പുനര്‍സ്ഥാപിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചത്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് രാഷ്ട്രപതി ഭവന്‍റെ കണ്‍ട്രോളറായിരുന്നു കേണല്‍ കിനി.
2014 ഫെബ്രുവരി 14ന് കാലടിയില്‍ നിന്ന് കേണല്‍ കിനിയും സംഘവും 24 സംസ്ഥാനങ്ങളിലെ ശങ്കരാചാര്യര്‍ സന്ദര്‍ശിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ശങ്കരാചാര്യര്‍ യാത്രചെയ്ത പാതയിലൂടെ സഞ്ചരിച്ച് ശങ്കരാചാര്യരുടെ പാദസ്പര്‍ശമേറ്റ മണ്ണ് സമാഹരിച്ചു. കിനിയും സംഘവും നടത്തിയ യാത്ര ചരിത്ര സംഭവമായിരുന്നു. ജൂണ്‍ 15ന് നീണ്ട യാത്രയ്ക്ക് സമാപനം കുറിച്ച് ശങ്കരാചാര്യരുടെ സമാധി ഭൂമിയായ കേദാര്‍നാഥില്‍ മണ്ണ് നിക്ഷേപിച്ചു. നാല് മാസം കൊണ്ട് 30,000ത്തിലേറെ കിലോമീറ്റര്‍ യാത്ര ചെയ്ത് നടത്തിയ ശ്രമത്തിന് ഒടുവില്‍ ഫലം കണ്ടതില്‍ കിനി സന്തുഷ്ടനാണ്.
ശങ്കരാചാര്യര്‍ എന്ന പ്രവാസി മലയാളിക്ക് ലഭിക്കുന്ന അംഗീകാരത്തിന് എല്ലാ മലയാളികളും അഭിമാനിക്കേണ്ടതാണ്. ശങ്കരാചാര്യരെ പോലെ മലയാളത്തിന്‍റെ സംസ്ക്കാരം ലോകം മുഴുവന്‍ എത്തിച്ച നൂറ് കണക്കിനാളുകളുണ്ട്. മലയാള ഭാഷയ്ക്ക് സമഗ്ര സംഭാവന നല്‍കുന്നതില്‍ പ്രവാസി മലയാളികളുടെ പങ്ക് വളരെ വലുതാണ്. മാധ്യമ രംഗം സാങ്കേതിക വിദ്യ വളരുന്നതിന് മുന്‍പ് ഏതാനും കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങിയാണ് നിന്നിരുന്നത്.
മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരും വലിയ പങ്ക് വഹിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിക്കാന്‍ കേരളത്തിലെ മലയാളികള്‍ പത്രങ്ങള്‍ക്കായി കാത്തിരുന്ന കാലമുണ്ടായിരുന്നു. സുന്ദരം അയ്യരും, വി. കെ മാധവന്‍ കുട്ടിയും, വി. പി രാമചന്ദ്രനും, കെ. പി. ഉണ്ണിക്യഷ്ണനും, ടി.വി.ആര്‍. ഷേണായും, ഗോപാലക്യഷ്ണനും, ഡി. വിജയമോഹനും, എന്‍. അശോകനും തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹി വാര്‍ത്തകള്‍ മലയാളികള്‍ക്ക് വേണ്ടി എഴുതി. ഇവര്‍ എഴുതുന്നത് കേരളത്തിലെ രാഷ്ട്രീയ ലോകം വിശ്വസിച്ചു. അക്കാലത്ത് വാര്‍ത്തകളില്‍ മായമുണ്ടായിരുന്നില്ല.
മലയാളത്തില്‍ വാര്‍ത്തകള്‍ വായിച്ച് ആകാശവാണിയിലൂടെ ഡല്‍ഹിയില്‍ നിന്ന് വാര്‍ത്തകള്‍ അറിയിച്ചിരുന്നവരേയും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. റോസ്ക്കോട്ട് ക്യഷ്ണപിള്ളയും, രാമചന്ദ്രനും, മാവേലിക്കരയും, സുഷമ്മയും, ഗോപനും തുടങ്ങി എത്രയോ പേര്‍ മലയാള ഭാഷയില്‍ കേരളീയര്‍ക്കായി ഡല്‍ഹിയിലിരുന്ന് വാര്‍ത്തകള്‍ വായിച്ചിരുന്നു. ആകാശവാണിയുടെ ഡല്‍ഹി നിലയത്തിലെ മലയാള വാര്‍ത്താ വിഭാഗത്തിന് ഇന്ന് പ്രസക്തിയില്ല. വര്‍ത്തമാന കാലത്തെ സാങ്കേതിക വിദ്യയുടെ വളര്‍ച്ച നിമിഷ നേരം കൊണ്ട് ചലന ദ്യശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ പടരുന്നു. നിമിഷനേരം കൊണ്ട് ലോക വര്‍ത്തകള്‍ എല്ലാവരിലും എത്തുന്നു.
മലയാള സാഹിത്യത്തിനും ഡല്‍ഹിയില്‍ നിന്ന് പ്രവാസി മലയാളികളായ സാഹിത്യകാരന്‍മാര്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ട്. കാക്കനാടനും, വി.കെ.എന്നും, ഒ. വി. വിജയനും, അകവൂരും, ഓംചേരിയും, ആനന്ദും, മുകുന്ദനും, സക്കറിയയും, സച്ചിദാനന്ദനും മലയാള ഭാഷയെ വളര്‍ത്തിയത് ഡല്‍ഹിയിലിരുന്നാണ്. ഇനിയും എത്രയോ പേരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. ഞാന്‍ മലയാളി എന്ന് അഭിമാനത്തോടെ പറഞ്ഞുതന്നെയാണ് ഇവര്‍ മലയാള ഭാഷയ്ക്ക് ശക്തി നല്‍കിയത്.
മലയാളികളുടെ കൂട്ടായ്മകള്‍ ഓരോ മലയാളികളേയും ഞാന്‍ മലയാളി എന്ന് പറയിപ്പിച്ചു. കൂട്ടായ്മകള്‍ ശക്തമായത് മലയാളികളെ ശക്തമാക്കി. എ.കെ.ജി ആരംഭിച്ച ഡല്‍ഹി മലയ,ളി അസോസിയഷനും, കേരള ക്ലബും, ജനസംസ്ക്യതിയും പ്രവാസികളായി ഡല്‍ഹിയിലെത്തിയ മലയാളികളെ ഞാന്‍ മലയാളി എന്ന് പറയിച്ചിരുന്നു. ഇന്നിപ്പോള്‍ ദേശങ്ങള്‍ തമ്മിലുള്ള ദൂരം കുറഞ്ഞ് വരുന്നു. സന്ദേശങ്ങളും, വാര്‍ത്തകളും മിന്നല്‍ വേഗതയില്‍ എത്തുന്നു. ശങ്കരാചാര്യരുടെ പിന്‍മുറക്കാരായതുകൊണ്ട് ഞാന്‍ മലയാളിയെന്ന് അഭിമാനത്തോടെ വിളിച്ച് പറയാന്‍ സാധിക്കുന്ന സാഹചര്യങ്ങള്‍ ചുറ്റിനും ഉണ്ടായിരിക്കുന്നു.