പിതാവിനെ കാര്‍ട്ടൂണിലാക്കി മകന്‍

 പിതാവിനെ കാര്‍ട്ടൂണിലാക്കി മകന്‍ 

പാര്‍ലമെന്‍റ് സ്ട്രീറ്റ് / കേരള ശബ്ദം

സുധീര്‍ നാഥ്

2021 നവംബര്‍ 22


കുട്ടിക്കാലത്ത് പിതാവ് പറഞ്ഞു തന്ന പ്രേതകഥകള്‍ ഓര്‍ത്തെടുത്ത് മകന്‍ കാര്‍ട്ടൂണ്‍ അനിമേഷന്‍ നിര്‍മ്മിച്ചപ്പോള്‍ സൂപ്പര്‍ ഹിറ്റ് വയറലായി. പിതാവ് പി.എന്‍.കെ. പണിക്കരെ മുഖ്യ കഥാപാത്രമാക്കി മകനായ സുരേഷ് എറിയാട്ട് തയ്യാറാക്കിയ 'കണ്ടിട്ടുണ്ട്' എന്ന അനിമേഷന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായതും, ഹൃസ്വ ചലചിത്ര രംഗത്തെയും, അനിമേഷന്‍ രംഗത്തേയും ചര്‍ച്ച. ആനമറുതയുടേയും, ഈനാംപേച്ചിയുടേയും, തെണ്ടനും, കുട്ടിച്ചാത്തനും എന്നു വേണ്ട പണിക്കര്‍ മക്കള്‍ക്ക് പറഞ്ഞ കഥകള്‍ പലതാണ്. ഇവരെയൊക്കെ കണ്ടിട്ടുണ്ടെന്ന് തട്ടിവിട്ട പിതാവിനെ തന്നെ മുഖ്യ കഥാപാത്രമാക്കി മകന്‍ പന്ത്രണ്ട് മിനിറ്റ് കാര്‍ട്ടൂണ്‍ അനിമേഷന്‍ സിനിമ ഒരുക്കിയത് രണ്ട് വര്‍ഷമെടുത്താണ്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ എസ്.എന്‍. ജംഗ്ഷന് സമീപമുള്ള എറിയാട്ട് തറവാട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് പി.എന്‍.കെ. പണിക്കരും ഭാര്യ ഇ. കമലാവതിയും. ലോക അനിമേഷന്‍ രംഗത്ത് ഇന്ത്യയില്‍ നിന്നുള്ള ഒന്നാം നിര അനിമേറ്ററുടെ പട്ടികയില്‍ സുരേഷ് എറിയാട്ടുണ്ട്. രണ്ട് തവണയാണ് സുരേഷ് എറിയാട്ടിന് ദേശീയ ചലചിത്ര അവാര്‍ഡ് ലഭിച്ചത്. ബോംബെയില്‍ സുരേഷ് എറിയാട്ട് നടത്തുന്ന സ്വന്തം അനിമേഷന്‍ സ്റ്റുഡിയോ ഈക്ലോറസ് അനിമേഷന്‍ രംഗത്ത് ഏറെ പ്രശസ്തമാണ്. ഒട്ടേറെ വിദേശ ചലചിത്ര അവാര്‍ഡുകളും അംഗീകാരങ്ങളും സുരേഷ് എറിയാട്ടിന് ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് വേണ്ടി സുരേഷ് എറിയാട്ടും കൂട്ടരും ഒരുക്കിയ അനിമേഷന്‍ പരമ്പര ലോക ശ്രദ്ധ നേടിയതാണ്. സുരേഷ് എറിയാട്ട് ക്രിയേറ്റീവ് ഡയറക്ടറായ കണ്ടിട്ടുണ്ട് എന്ന അനിമേഷന്‍ ചിത്രം സംവിധാനം ചെയ്തത് 24 വയസുള്ള എറണാകുളം ആലുവ സ്വദേശിനിയും, നവാഗതയായ അദിതി കൃഷ്ണദാസാണ്. സുരേഷിന്‍റെ ഭാര്യയും അനിമേറ്ററുമായ നീലിമ ഏറിയാട്ടാണ് എക്സിക്യൂട്ടീവ് പൊഡ്യൂസറാണ്. ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്ത്വത്തിലാണ് ശമ്പ്ദ സംവിധാനം. കൂടെ വിജയകുമാറും ഉണ്ട്. സംഗീത സംവിധാനം നന്ദു കര്‍ത്തയാണ്. സുരേഷ് എറിയാട്ട് സംവിധാനം ചെയ്ത് ദേശിയ ചലചിത്ര അവാര്‍ഡ് നേടിയ ഫിഷര്‍വുമണ്‍ ടുക്ക് ടുക്ക്, ടോക്കിരി എന്നീ അനിമേഷന്‍ ചിത്രങ്ങള്‍ വന്‍ ശ്രദ്ധ പിടിച്ചു പറ്റിയവയായിരുന്നു. ഒരു പിതാവിന് നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് മകനായ പ്രശസ്ത അനിമേറ്റര്‍ സുരേഷ് എറിയാട്ട് നല്‍കിയിരിക്കുന്നത്.