പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
യോഗ്യതയില്ലാത്ത വൈസ് ചാന്‍സിലര്‍മാര്‍
രാജ്യത്തെ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍ യോഗ്യതയുള്ളവരാണോ...? ഉത്തരം ആത്മാര്‍ത്ഥമായി പറയുകയാണെങ്കില്‍ അല്ല എന്നാകും. രാഷ്ട്രീയ നിയമനമായി മാറിയതോടെ സംഭവിച്ചു പോകുന്ന ദുരവസ്ഥയായി മാത്രമേ ഇതിനെ കാണുവാന്‍ സാധിക്കൂ. വൈസ് ചാന്‍സിലറാകുന്നതിന് ശക്തമായ ലോബിയിങ്ങ് നടത്തി, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് മുതല്‍ പല വകുപ്പുകളിലും കയറിപ്പറ്റിയവര്‍ ഉണ്ട്. കേരളത്തിലും അത്തരം വ്യക്തികള്‍ ഉണ്ടെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. അടുത്തിടെ സ്പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി.) ഇത്തരം വിദ്വാന്‍മാരെ വലവീശി പിടിച്ചു. ഒരു കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലറും മറ്റൊരു വൈസ് ചാന്‍സിലറും ഉള്‍പ്പടെ 19 പേരാണ് പിടിയിലായത്. കേന്ദ്ര സര്‍വ്വകലാശാലയായ മഹാരാഷ്ട്രയിലെ വാര്‍ദയിലെ മഹാത്മാ ഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയയുടെ വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ രജനീഷ് കുമാര്‍ ശുക്ളയും, ജാര്‍ക്കണ്ഡ് സര്‍ക്കാരിന് കീഴിലുള്ള ചായ്ബാസയിലെ കോല്‍ഹാന്‍ യൂണിവേഴ്സിഹ്മി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഗംഗാദര്‍ പാണ്ഡയുമാണ് എസ്.ഐ.ടി. സംഘത്തിന്‍റെ വലയില്‍ വീണിരിക്കുന്നത്. ഐ.സി.എസ്.എസ്ആറിലേയ്ക്ക് 18 അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കമ്മറ്റി അംഗമാണ് ശുക്ള. ഇന്ത്യന്‍ കൗണ്ടസില്‍ ഓഫ് സൈക്കോളജിക്കല്‍ റിസേര്‍ച്ചിന്‍റേയും, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ചിന്‍റേയും മുന്‍ മെമ്പര്‍ സെക്രട്ടറിയായിരുന്ന ശുക്ള 2019 ഏപ്രില്‍ മാസമാണ് വൈസ് ചാന്‍സിലറായി ചുമതല ഏറ്റത്.
രാജ്യതലസ്ഥാനം വിഷപ്പുകയില്‍ മൂടി
രാജ്യതലസ്ഥാനമായ ഡല്‍ഹി ദീപാലി കഴിഞ്ഞതോടെ വിഷപ്പുകയില്‍ മൂടിയിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് 2020ലെ ആഘോഷം വലിയ രീതിയില്‍ നടന്നിരുന്നില്ല. ഇത്തവണ പടക്കംപ്പൊട്ടിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ജനങ്ങള്‍ അത് ചെവികൊണ്ടില്ല. ഡല്‍ഹിക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പരമ്പരാഗതമായി ചെയ്യുന്ന ക്യഷിയിടത്തിലെ കത്തിക്കല്‍ ഇത്തവണയും ഉണ്ടായത് മറ്റൊരു കാരണമായി. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ 3500 കേന്ദ്രങ്ങളില്‍ കൂടുതലായി ഇത്തവണ തീയിടല്‍ നടന്നതായാണ് റിപ്പോര്‍ട്ട്. 36 ശതമാനം മലിനീകരണം ക്യഷിയിടങ്ങളിലെ വൈക്കോല്‍ കത്തിക്കുന്നത് മൂലമാണ് സംഭവിച്ചതെന്ന് വായു നിലവാരം കണക്കാക്കുന്ന ഭൂശാസ്ത്ര മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ ദീപാവലിക്ക് ശേഷം പുകയില്‍ ശ്വാസം മുട്ടുകയാണ്. അന്തരീക്ഷ മലിനീകരണം കൂടുമെന്ന കണക്ക് കൂട്ടലില്‍ മാസങ്ങള്‍ക്ക് മുന്‍പേ ബോധവത്ക്കരണ പ്രചരണങ്ങള്‍ നടത്തിയിരുന്നു. മാത്രമല്ല ഡല്‍ഹിയിലെ തിരക്കേറിയ കേന്ദ്രങ്ങളില്‍ സ്മോഗ് ടവറുകള്‍ സ്ഥാപിച്ചു. താത്ക്കാലികമായി നൂറ് കണക്കിന് ടാങ്കര്‍ ലോറിയുടെ സഹായത്താല്‍ ഡല്‍ഹിയിലെ റോഡുകളിലും, മരങ്ങളിലും വെള്ളം തെളിക്കുകയാണ്. ശക്തമായ കാറ്റ് ഉണ്ടാകുകയാണെങ്കില്‍ വായു മലിനീകരണ തോത് ഗണ്യമായി കുറയും. കാറ്റിനായി ജനങ്ങളും, സര്‍ക്കാരും കാത്തിരിക്കുകയാണ്.
ഹരിയാനയുടെ മണ്ണിന്‍ മക്കള്‍ നിയമം...
ഹരിയാന സര്‍ക്കാര്‍ ഒരു ബില്ല് പാസാക്കി. 2022 ജനുവരി 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം സര്‍ക്കാര്‍ ധുറത്തിറക്കി കഴിഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളില്‍ 75% പ്രാദേശിക ജനങ്ങള്‍ക്ക് ഉറപ്പ് വരുത്തുകയാണ് ബില്ലിന്‍റെ ലക്ഷ്യം. ഹരിയാനയില്‍ സ്ഥിരം മേല്‍വിലാസമുള്ളവരും, 30 വര്‍ഷമായി ഹരിയാനയില്‍ താമസിക്കുന്നവര്‍ക്കാണ് നിയമം ഗുണം ചെയ്യുക. ഹരിയാനയില്‍ താമസിക്കുന്ന തൊഴില്‍ തേടുന്നവര്‍ സര്‍ക്കാരിന്‍റെ വെബ് സൈറ്റില്‍ പേര് രജിസറ്റര്‍ ചെയ്താല്‍ മാത്രമേ സംവരണത്തിന് അര്‍ഹതയുണ്ടാകൂ. ഹരിയാന സര്‍ക്കാരിന്‍റെ പുതിയ തൊഴില്‍ നയം 2020 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. കോവിഡ് മഹാമാരി കരണമാണ് അത് വൈകിയത്. ഹരിയാന സംസ്ഥാനത്ത് ഉള്‍പ്പെട്ട ഫരീദാബാദ്, ഗുരുഗ്രാം മേഖലയില്‍ പതിനായിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. നിയമം ലംഘിക്കുന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇനി മുതല്‍ 10 തൊഴിലാളികളില്‍ കൂടുതലുള്ള വ്യവസായ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ വെബ് സൈറ്റുകളിലൂടെ മാത്രമേ നിയമനം നല്‍കാനാകൂ.
ബി.ജെ.പിക്ക് വന്‍ തിരിച്ചടി...
രാജ്യത്ത് പല സംസ്ഥാനങ്ങളിലായി ഒക്ടോബര്‍ മാസം നടന്ന പാര്‍ലമെന്‍റ്, നിയമസഭ, പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളില്‍ സിറ്റിങ്ങ് സീറ്റുകള്‍ ഉള്‍പ്പടെ വന്‍ പരാജയമാണ് ബി.ജെ.പി. നേരിട്ടത്. ചിലയിടത്ത് നാലാം സ്ഥാനത്ത് പോയ പാര്‍ട്ടിക്ക് പലയിടത്തും കെട്ടി വെച്ച കാശ് പോലും ലഭിച്ചില്ല. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് 2024ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഗതി വ്യക്തമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഹിമാചലില്‍ കോണ്‍ഗ്രസും, ബംഗാളില്‍ ത്രിണമുലും, മഹാരാഷ്ട്രയില്‍ ശിവസേനയുമാണ് നേട്ടമുണ്ടാക്കിയത്. കര്‍ണാടകയിലും, ഹിമാചല്‍ പ്രദേശിലും ഭരിക്കുന്ന ബി.ജെ.പി. മുഖ്യമന്ത്രിമാരുടെ ജില്ലയില്‍ തോല്‍വി നേരിടേണ്ടി വന്നു. ബംഗാളില്‍ എല്ലാ സീറ്റിലും ത്രിമുമല്‍ ജയിച്ചത് ബി.ജെ.പി.യുടെ രണ്ട് സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്താണ്. ബംഗാളില്‍ നടന്ന 4 ഉപതെരഞ്ഞെടുപ്പില്‍ 75% വോട്ടും ത്രിണമുല്‍ നേടിയപ്പോള്‍, ബി.ജെ.പി. നേടിയത് വെറും 14.5% വോട്ടുകള്‍ മാത്രമാണ്. സി.പി.എം 7.28% വോട്ടുകള്‍ നേടി മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ നില അല്‍പ്പം മെച്ചപ്പെടുത്തി. കര്‍ഷക സമരവും, വിലക്കയറ്റവും, കോവിഡ് പ്രതിരോധവും, പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതും തെരഞ്ഞെടുിനെ വലിയ അളവില്‍ ബാധിച്ചിട്ടുണ്ട്.
ജീവാര്‍ വിമാനത്താവളം 2024 ല്‍..
.ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്തര്‍ദേശിയ വിമാന താവളത്തിലെ വലിയ തിരക്ക് പരിഗണിച്ച് ഡല്‍ഹിയോട് ചേര്‍ന്നുള്ള നോയിഡയിലെ ജീഹാര്‍ വിമാനത്താവളം 2024ല്‍ പ്രവര്‍ത്തനം തുടങ്ങും. ഉത്തര്‍പ്രദേശിന്‍റെ ഭാഗമായ നോയിഡയിലെ 5000 ഏക്കറില്‍ 29,560 കോടി രൂപ മുക്കെിയാണ് ജീവാര്‍ വിമാനത്താവളം വരുന്നത്. ആറ് റണ്‍വേകള്‍ ഉള്‍പ്പടെ ആധുനിക സൗകര്യങ്ങളാണ് വിമാനത്താവളത്തില്‍ ഉണ്ടാകുക. ഇതിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം 2021 നവംബര്‍ അവസാന വാരം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വ്വഹിക്കുന്നത്. ഉത്തര്‍ പ്രദേശിന്‍റെ വലിയ വികസനത്തിന് ഈ വിമാനത്താവളം കാരണമാകും.
ശങ്കരാചാര്യര്‍ക്ക് സ്മാരകമായി...
കേരളത്തില്‍ നിന്ന് ആദ്യം പ്രവാസിയായ വ്യക്തിയാണ് ശങ്കരാചാര്യര്‍. ലോകത്തിന്‍റെ ഏത് കോണില്‍ പോയി നോക്കിയാലും ഒരു മലയാളി ഉണ്ടാകുമെന്ന് നമ്മള്‍ തമാശയ്ക്ക് എത്രയോ തവണ പറഞ്ഞിരിക്കുന്നു. കേരള പ്രവാസ ജീവിത ചരിത്രത്തിന് നാനൂറ് വര്‍ഷത്തെ പഴക്കമേ കാണാന്‍ കഴിയു. മലയാളികള്‍ ഗള്‍ഫിലേക്ക് പോയിതുടങ്ങയതും 1960ന് ശേഷമാണ്. എന്നാല്‍ ഇന്ന് കേരളത്തിന്‍റെ മൂന്നരക്കോടി ജനങ്ങളില്‍ ഒന്നരക്കോടി ജനങ്ങളിന്ന് കേരളത്തില്‍ നിന്നുള്ള പ്രവാസികളാണ്. 2013ലെ ഉത്തരാഖണ്ഡിലെ മഹാപ്രളയത്തില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രവാസിയായ ശങ്കരാചാര്യരുടെ സമാധി ഒലിച്ചു പോയിരുന്നു. കാസര്‍ഗോഡ് സ്വദേശി കേണല്‍ അശോക് കിനിയുടെ നേത്യത്ത്വത്തിലുള്ള ഫെയ്ത്ത് ഫൗഡേഷനാണ് ശങ്കരാചാര്യരുടെ സമാധി പുനര്‍സ്ഥാപിക്കണമെന്ന ആവശ്യവുമായി ആദ്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചത്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് രാഷ്ട്രപതി ഭവന്‍റെ കണ്‍ട്രോളറായിരുന്നു കേണല്‍ കിനി. 2014 ഫെബ്രുവരി 14ന് കാലടിയില്‍ നിന്ന് കേണല്‍ കിനിയും സംഘവും 24 സംസ്ഥാനങ്ങളിലൂടെ 30,000 കിലോമീറ്റര്‍ യാത്ര ചെയ്ത് ശങ്കരാചാര്യരുടെ പാദസ്പര്‍ശമേറ്റ മണ്ണ് സമാഹരിച്ചു. 2014 ജൂണ്‍ 15ന് നീണ്ട യാത്രയ്ക്ക് സമാപനം കുറിച്ച് ശങ്കരാചാര്യരുടെ സമാധി ഭൂമിയായ കേദാര്‍നാഥില്‍ മണ്ണ് നിക്ഷേപിച്ചു. കേണല്‍ അശോക് കിനിയുടെയും സംഘത്തിന്‍റെയും ശ്രമത്തിന് ഒടുവില്‍ ഫലം കണ്ടു. പ്രധാനമന്ത്രി ആദ്യത്തെ പ്രവാസി മലയാളിയായ ശങ്കരാചാര്യരുടെ സ്മാരകം 2021 നവംബര്‍ 5ന് ഉദ്ഘാടനം ചെയ്തു. ശങ്കരാചാര്യരുടെ വലിയ പ്രതിമ അനാവരണം ചെയ്തു. ശങ്കരാചാര്യരുടെ സമാധിയുടെ പരിസരത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിനെല്ലാം തുടക്കം കുറിക്കാന്‍ മലയാളിയായ കേണല്‍ അശോക് കിനിയാണ് മുന്നിട്ടിറങ്ങിയത്.