കര്‍ഷക സമരത്തിന്‍റെ വിജയഗാഥകള്‍
സുധീര്‍നാഥ്
| Photo: Vinayak Babu |
നമ്മുടെ രാജ്യമായ ഇന്ത്യ എത്ര എത്ര സമരങ്ങള്‍ കണ്ടതാണ്. സമരം നടത്തി തന്നെയായിരുന്നു ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതും. സ്വാതന്ത്ര്യാനന്തരവും ഇന്ത്യയില്‍ ഒട്ടേറെ സമരങ്ങള്‍ നടന്നിട്ടുണ്ട്. അങ്ങിനെ നടന്ന പ്രധാന സമരങ്ങളില്‍ ഒന്നിനെയാണ് ഇന്ത്യന്‍ ജനത ഇപ്പോള്‍ സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ കര്‍ഷകര്‍ നടത്തിയ സമരം ഐതിഹാസികമാണെന്നത് നിസംശയം പറയാം. മൂന്ന് കര്‍ഷക നിയമങ്ങള്‍ പാസായെങ്കിലും അത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സുപ്രീം കോടതി മൂന്ന് നിയമങ്ങളും സ്റ്റേ ചെയ്തത് ഒരു കാരണം മാത്രം. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ചെറുതല്ലാത്ത പ്രാധാന്യം കര്‍ഷക സമരത്തിന് ഉണ്ടായിരിക്കുന്നു. 11 തവണ ചര്‍ച്ച നടത്തി ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് കര്‍ക്കശമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. സിഖ് മതത്തിന്‍റെ സ്ഥാപകനായ ഗുരു നാനാക്കിന്‍റെ ജന്‍മദിനമായ നവംബര്‍ 19ന് രാവിലെ ഇന്ത്യന്‍ പ്രധാനമന്ത്രി അപ്രതീക്ഷിതമായി മൂന്ന് വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു.
| Photo: Sharath Chandran |
കര്‍ഷകര്‍ രാജ്യത്തിന്‍റെ നട്ടെല്ലാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്നതിന് വേണ്ടിയായിരുന്നു ബില്ലുകള്‍ കൊണ്ടു വന്നത് എന്ന് പറഞ്ഞു. പക്ഷെ, പല കര്‍ഷകര്‍ക്കും അത് മനസിലായില്ല. സര്‍ക്കാരിന് അത് ബോധ്യപ്പെടുത്താനും സാധിച്ചില്ല. രാജ്യത്തോടും കര്‍ഷകരോടും ക്ഷമ ചോദിച്ച ശേഷമാണ് മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന കര്‍ഷകര്‍ വീടുകളിലേയ്ക്ക് മടങ്ങി പോകണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കര്‍ഷകര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സമരം പിന്‍വലിക്കാന്‍ തയ്യാറായില്ല. പ്രധാനമന്ത്രിയുടെ വാക്ക് തങ്ങള്‍ പൂര്‍ണ്ണമായി വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നാണ് കര്‍ഷക നേതാവ് രാജേഷ് ടിക്കായത്ത് പറഞ്ഞത്.
ഒരു വര്‍ഷത്തിലേറെയായി നടന്നു വരുന്ന സമരം മൂന്ന് കര്‍ഷക നിയമങ്ങളെ മുഖ്യമായും കേന്ദ്രീകരിച്ചായിരുന്നു. 11 തവണ ചര്‍ച്ച നടത്തിയിട്ടും കടുംപിടുത്തം നടത്തിയ കേന്ദ്ര സര്‍ക്കാര്‍ ഒരു ചര്‍ച്ചയും ഇല്ലാതെ മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഒരു ബില്ല് പാര്‍ലമെന്‍റില്‍ പാസാക്കി കഴിഞ്ഞാല്‍ അത് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കില്ല. ബില്ല് പാസായി രാഷ്ട്രപതി ഒപ്പിട്ടാല്‍ അത് നിയമമായി. നിയമം റദ്ദാക്കുന്നതിന് സര്‍ക്കാരിന് സാധിക്കും. നിയമം റദ്ദാക്കുന്നതിന് പാര്‍ലമെന്‍റില്‍ ചില നടപടി ക്രമങ്ങളുണ്ട് എന്ന് മാത്രം.
| Photo: Vinayak Babu |
കര്‍ഷക ബില്ല് പാസാക്കി നിയമമാക്കുന്നതിന് എടുത്ത സമാനമായ നടപടി ക്രമങ്ങള്‍ റദ്ദാക്കുന്നതിനും വേണ്ടി വരും. നവംബര്‍ 29ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് ശൈത്യകാല സമ്മേളനത്തില്‍ മൂന്ന് കര്‍ഷക നിയമങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള ബില്ല് അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് കര്‍ഷക നിയമങ്ങളും പാസാക്കിയെങ്കിലും നടപ്പിലാക്കിയിട്ടില്ല. മൂന്ന് നിയമങ്ങള്‍ റദ്ദാക്കുന്നതിന് ഒരു ബില്ല് അവതരിപ്പിച്ചാല്‍ മതിയാകും. ഇരു സഭകളിലും കര്‍ഷക നിയമം റദ്ദാക്കല്‍ ബല്ല് പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാല്‍ മാത്രമേ മൂന്ന് കര്‍ഷക നിയമങ്ങളും റദ്ദാകൂ.
പാര്‍ലമെന്‍റില്‍ മൂന്ന് നിയമങ്ങളും റദ്ദാക്കുന്ന ബില്ല് അവതരിപ്പിച്ച് പാസാക്കുന്നതിനാണ് കര്‍ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്ന നവംബര്‍ 29ന് നടത്താന്‍ കര്‍ഷകര്‍ തീരുമാനിച്ച ട്രാക്ടര്‍ റാലിയും പിന്‍വലിച്ചില്ല. ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന സമരത്തില്‍ 750 ലേറെപേര്‍ മരണമടയുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് സമരത്തിലുള്ള കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പ് വരുത്തണമെന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിക്കുന്നു. നൂറുകണക്കിന് കേസുകള്‍ കര്‍ഷക സംഘടനകള്‍ക്കെതിരേയും, ആയിരക്കണക്കിന് കേസുകള്‍ സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരേയും എടുത്തിട്ടുണ്ട്. ഇതൊക്കെ പിന്‍വലിക്കണമെന്ന ആവശ്യവും കര്‍ഷകര്‍ക്കുണ്ട്.
| Photo: Sharath Chandran |
ആരാണ് രാജ്യദ്രോഹി...?
കര്‍ഷകര്‍ നടത്തിയ സമരം രാജ്യതാത്പര്യത്തിന് എതിരാണെന്നാണ് ബി.ജെ.പി. തുടക്കം മുതല്‍ പറഞ്ഞിരുന്നത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്തു. ഇപ്പോള്‍ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതിന് ബി.ജെ.പി. പ്രചരിപ്പിക്കുന്ന ന്യായം രാജ്യ താത്പര്യം കണക്കിലെടുത്താണ് എന്നാണ്. അപ്പോള്‍ മുന്‍പ് രാജ്യദ്രോഹികള്‍ എന്ന് കര്‍ഷക സമരത്തിലേര്‍പ്പെട്ടവരെ വിളിച്ചത് തെറ്റായി പോയെന്നും, അതിന് മാപ്പ് പറയുന്നു എന്നും ഓരോ ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും പറയേണ്ടതായുണ്ട്. കര്‍ഷക സമരത്തില്‍ ഏര്‍പ്പെട്ടവരെ രാജ്യദ്രോഹികളായി മുദ്രകുത്തിയത് ബി.ജെ.പി.യുടെ നേതാക്കളായിരുന്നു. സമരത്തില്‍ ഏര്‍പ്പെട്ടവരെ അവഹേളിക്കുകയും, അധിക്ഷേപിക്കുകയും ചെയ്തതിന് മാപ്പ് പറയണമെന്ന ആവശ്യവും ഇതിനിടയില്‍ കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്. രാജ്യദ്രോഹി എന്ന പ്രയോഗം തന്നെ ബി.ജെ.പി.ക്ക് വലിയ തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്.
രാജ്യതാത്പര്യം കണക്കിലെടുത്താണ് മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നത് എന്ന ന്യായം തികച്ചും മലക്കം മറിച്ചിലാണ് എന്ന് ആര്‍ക്കും മനസിലാകും. രാജ്യത്തെ 130 കോടിയില്‍ 100 കോടിയിലേറെ ജനങ്ങള്‍ കര്‍ഷക സമൂഹമാണെന്ന തിരിച്ചറിവ് വളരെ വൈകി മാത്രമാണ് തിരിച്ചറിയപ്പെട്ടത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കര്‍ഷകരുടെ സമരശക്തി ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഒന്നാണ് എന്നത് മറക്കുവാന്‍ പാടില്ലാത്തതാണല്ലോ.
| Photo: Vinayak Babu |
രാഷ്ട്രീയ പാര്‍ട്ടികള്‍ സമരമുഖത്ത് ഇല്ലായിരുന്നതിനാല്‍ കര്‍ഷക സമരം പരാജയമാകുമെന്നാണ് സര്‍ക്കാര്‍ കരുതിയത്. സമരത്തില്‍ പങ്കെടുക്കുകയും, പിന്തുണ നല്‍കുകയും ചെയ്ത ഒട്ടേറെ വ്യക്തികളെ രാജ്യദ്രോഹികളായി മുദ്ര ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. പലരേയും രാജ്യദ്രോഹികളായി ചിത്രീകരിച്ചിരുന്നു. വളരെ കുറച്ച് നാളുകളായി രാജ്യദ്രോഹികളെ നിശ്ചയിക്കുന്ന തിരക്കിലായിരുന്നു ബി.ജെ.പി. നേത്യത്ത്വം. ബി.ജെ.പി.ക്ക് താത്പര്യമില്ലാത്തവര്‍ രാജ്യദ്രോഹികളാകുന്ന പ്രവണത വ്യാപകമായത് തിരിച്ചടിയായി.
കര്‍ഷക സമരത്തിന്‍റെ നാള്‍ വഴികള്‍
2020 ലോകജനത കൊറോണ എന്ന വയറസിനെ ഭയപ്പെട്ട വര്‍ഷമായിരുന്നു. കൊറോണയുടെ ഭീതിയില്‍ ലോകജനത സ്വയം ഉള്‍വലിഞ്ഞ 2020. ജനങ്ങളുടെ മരണ കണക്കുകളായിരുന്നു ലോകത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നുള്ള വാര്‍ത്തകളും. വയറസിനെ എങ്ങിനെ പ്രതിരോധിക്കാം എന്ന് ആരോഗ്യ ശാസ്ത്രരംഗം രാപകലില്ലാതെ ഗവേഷണം നടക്കുന്ന സമയം. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 26ന് മൂന്ന് കര്‍ഷക ബില്ല് ചര്‍ച്ചകളില്ലാതെ പാസാക്കുന്നു. രാഷ്ട്രപതി ഒപ്പിട്ടതോടെ മൂന്ന് ബില്ലുകളും നിയമമായി. രാജ്യവ്യാപകമായി കര്‍ഷകര്‍ അന്ന് മുതല്‍ പ്രതിഷേധം തുടങ്ങി. കൊറോണ വൈറസിനെ ഭയന്ന കര്‍ഷകര്‍ പുതിയ മൂന്ന് നിയമങ്ങളെ അതിനേക്കാള്‍ ഭയന്നു. അവര്‍ തെരുവിലിറങ്ങി. സമരം കത്തിപ്പടരുവാന്‍ തുടങ്ങുകയായിരുന്നു. പഞ്ചാബിലെ കര്‍ഷകരായിരുന്നു ആദ്യമായി സമരമുഖത്ത് എത്തിയത്.
റെയില്‍ ഗതാഗതം തടസപ്പെടുത്തി റെയില്‍ റുക്കോ സമരം തുടങ്ങിയത് 2020 ഒക്ടോബര്‍ ഒന്നു മുതലാണ്. ഇതിനകം സമരം വടക്കേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പടര്‍ന്നു കയറിയിരുന്നു. ഹരിയാനയിലേയും, ഹിമാചല്‍ പ്രദേശിലേയും, ഉത്തര്‍ പ്രദേശിലേയും ഭൂരിപക്ഷം കര്‍ഷകര്‍ സമരമുഖത്ത് എത്തി. സമരം രണ്ടു മാസത്തിലേറെ നീണ്ടതോടെ കൂടുതല്‍ ശക്തമാകുകയാണുണ്ടായത്. പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ ശംബു റെയില്‍വേ സ്റ്റേഷനിലാണ് ശക്തമായ സമരം നടന്ന ഒരു പ്രധാന കേന്ദ്രം. അതിന് കാരണവുമുണ്ട്. ശംബു റെയില്‍വേ സ്റ്റേഷന്‍ കടന്നല്ലാതെ ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങളിലേയ്ക്ക് തീവണ്ടികള്‍ക്ക് കടന്നു പോകാന്‍ സാധിക്കില്ല. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ റെയില്‍ ഗതാഗതം തടസപ്പെട്ടു. റെയില്‍ റുക്കോ സമരം റെയില്‍ ഗതാഗതത്തെ സാരമായി ബാധിക്കുകയും ഉണ്ടായി. ടോള്‍ ബൂത്തുകള്‍ കര്‍ഷകര്‍ പിടിച്ചെടുത്തു. കര്‍ഷകരുടെ സമരം അവസാനിപ്പിക്കാന്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചകള്‍ എല്ലാം പരാജയമായി.
2020 നവംബര്‍ മൂന്നാം വാരം അവസാനിച്ചപ്പോള്‍ സമരം ചെയ്യുന്നവരുമായി അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചര്‍ച്ച നടത്തി. ബി.ജെ.പി.ക്ക് പകരക്കാരനായി കോണ്‍ഗ്രസ് മുഖ്യമന്ത്രി കര്‍ഷകരോട് ചര്‍ച്ച നടത്തി എന്ന് നമുക്കിന്ന് പറയേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് വിട്ട കാപ്റ്റന്‍ ഇപ്പോള്‍ ബി.ജെ.പി. പാളയത്തിലേയ്ക്ക് കയറുകയാണ്. പതിനഞ്ച് ദിവസം സമരത്തിന് അവധി നല്‍കാമെന്ന് കര്‍ഷകര്‍ സമ്മതിച്ചതോടെ 2020 നവംബര്‍ 23 മുതല്‍ യാത്രാ, ചരക്ക് തീവണ്ടികള്‍ ഓടി തുടങ്ങി. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് അന്നേ കര്‍ഷകര്‍ അറിയിച്ചിരുന്നു. റെയില്‍വേയ്ക്ക് കോടികളുടെ നഷ്ടമാണ് റെയില്‍ റുക്കോ സമരം മൂലം ഉണ്ടായത്. നവംബര്‍ 26, 27 തിയതികളില്‍ ഡല്‍ഹി ചലോ എന്ന പേരില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല എന്നത് എടുത്ത് പറയണം. സമരത്തിന് ഒരു ഇടവേള നല്‍കിയിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു.
ഡല്‍ഹി ചലോ സമരത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും പങ്കാളികളായി. ഡല്‍ഹിയിലെ അഞ്ച് പ്രധാന അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ എത്തിയപ്പോള്‍ തടഞ്ഞു. യുദ്ധ സമാനമായ നടപടികളാണ് സര്‍ക്കാര്‍ അന്ന് എടുത്തത്. കിടങ്ങുകള്‍ നിര്‍മ്മിച്ചും, കമ്പിവേലി കെട്ടിയും, കോണ്‍ക്രീറ്റ് കട്ടകള്‍ നിരത്തിയും, വലിയ ട്രക്കുകളും, കണ്‍ഡേയ്നറുകള്‍ റോഡിന് കുറുകെ ഇട്ടുമാണ് കര്‍ഷകരെ അതിര്‍ത്തികളില്‍ തടഞ്ഞത്. ആയിരകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കാതിരിക്കാന്‍ ഓരോ അതിര്‍ത്തിയിലും കേന്ദ്ര സര്‍ക്കാര്‍ വിന്ന്യസിച്ചത്. ഡല്‍ഹി അതിര്‍ത്തികളില്‍ യന്ത്രത്തോക്കുകളുമായി പട്ടാളം നിറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഡല്‍ഹി പോലീസും അതിര്‍ത്തികളില്‍ എത്തി. ആയിരകണക്കിന് കര്‍ഷകരാണ് കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
| Photo: Vinayak Babu |
സമരം എരിഞ്ഞെരിഞ്ഞ് കത്തി കയറുകയായിരുന്നു. വളരെ ആസൂത്രിതമായ സമര രീതി കര്‍ഷകര്‍ നടപ്പിലാക്കി. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയോ, നേതാക്കളെയോ സമര വേദിയിലേയ്ക്ക് കയറ്റിയില്ല. അതിര്‍ത്തികളില്‍ സമരം തുടങ്ങിയ കര്‍ഷകര്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. സമരം അന്തര്‍ ദേശീയ തലത്തില്‍ വരെ വാര്‍ത്തയായി. സമരത്തിന് പിന്തുണയുമായി രാജ്യത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും ജനങ്ങളെത്തി.
2021 ജനുവരി 26ന് ലക്ഷകണക്കിന് ട്രാക്റ്ററുകളുമായി കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തി കടന്ന് മുന്നേറിയത് ചരിത്ര സംഭവമായി. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറി അനിഷ്ട സംഭവങ്ങളുണ്ടാക്കി. കേരളശബ്ദം ഫോട്ടോഗ്രാഫറെ അക്രമിച്ച് സമരത്തിന്‍റെ ഫോട്ടോ എടുത്തതിന് ക്യാമറ തകര്‍ത്തു. ട്രാക്റ്റര്‍ സമരത്തിന്‍റെ ഫോട്ടോകള്‍ അടങ്ങിയ ഡാറ്റാ കാര്‍ഡ് കൊണ്ടു പോയി. ഇത്തരത്തില്‍ ഒരു ഡസനിലേറെ ഫോട്ടോഗ്രാഫര്‍മാരാണ് അക്രമിക്കപ്പെട്ടതെന്ന് കേരളശബ്ദത്തിന് വേണ്ടി ഫോട്ടോ എടുത്ത വിനായക് ബാബു പറഞ്ഞു. ലോകമാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തില്‍ ട്രാക്റ്റര്‍ റാലി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നുള്ള ദിനങ്ങള്‍ സമരം ശക്തമാകുകയായിരുന്നു. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കര്‍ഷക നേതാക്കള്‍ വിളിച്ച കൂട്ടായ്മയില്‍ പതിനായിരങ്ങള്‍ ഒത്തുകൂടി. ശക്തമായ സമരം ഒടുവില്‍ വിജയത്തിലെത്തി നില്‍ക്കുന്നു.
നടക്കുവാന്‍ പോകുന്ന അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കര്‍ഷക നേതാക്കള്‍ ബി.ജെ.പിക്കെതിരെ കര്‍ഷക കൂട്ടായ്മ നടത്തുവാന്‍ ഒരുങ്ങവെയാണ് മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നു എന്ന പ്രഖ്യാപനം. ആര്‍ക്ക് വോട്ട് ചെയ്യണമെന്നല്ല, കര്‍ഷക വിരുദ നിലപാടെടുത്ത ബി.ജെ.പിയുടെ യഥാര്‍ത്ഥ താത്പര്യം ജനങ്ങളെ അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. കോര്‍പ്പറേറ്റുകളെ സഹായിക്കുകയും, കര്‍ഷകരെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടെടുത്തവരെ തോല്‍പ്പിക്കണം എന്ന സന്ദേശം വ്യാപകമാക്കും എന്ന പ്രഖ്യാപനം അധികാര കേന്ദ്രങ്ങളെ ഇളക്കി.
സമരം തകര്‍ക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍
കര്‍ഷക സമരം തകര്‍ക്കുവാന്‍ പല നടപടികളും ബി.ജെ.പി.യുടെ നേത്യത്ത്വത്തില്‍ നടന്നിട്ടുണ്ട്. ഇന്ത്യന്‍ ജനതയോട് ബ്രിട്ടീഷ് ഈ്റ്റ് ഇന്ത്യ കമ്പനി നടത്തിയ ക്രൂര പീഠനത്തേക്കാള്‍ ഭീകരമായ സാഹചര്യമാണ് ബി.ജെ.പി. സര്‍ക്കാര്‍ കര്‍ഷക സമരക്കാരോട് നടത്തിയതെന്നത് പകല്‍ പോലെ വ്യക്തമാണ്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കല്ലേറം വെടിവെയ്പ്പും നടത്തിയായിരുന്നു തുടക്കം. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കോ, നിയമത്തിനോ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. അവിടെ ബി.ജെ.പിയുടെ നിയമമാണ് നടപ്പിലാക്കുന്നത്. സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ രാജ്യദ്രോഹികളാക്കി...
| Photo: Sharath Chandran |
കര്‍ഷക സമരക്കാരെ ലാത്തി കൊണ്ട് നേരിടാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ബി.ജെ.പി. പ്രവര്‍ത്തകരോട് പരസ്യമായി ആവശ്യപ്പെട്ടത് വിവാദമായതാണ്. സമരക്കാരെ നേരിടാന്‍ അഞ്ഞൂറ് പേര്‍ വോളന്‍റിയര്‍മാരാകണം. ലാത്തിയെടുത്ത് ഇറങ്ങണം. കര്‍ഷക സമരക്കാരെ അടിച്ച് ഓടിക്കണം. അഞ്ചോ ആറോ മാസം ജയിലില്‍ കിടക്കേണ്ടി വന്നേക്കാം. പുറത്തിറങ്ങിയാല്‍ അവര്‍ നേതാക്കളാകും എന്നാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞത്. ഹരിയാനയിലെ കര്‍ണാല്‍ സിറ്റി സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ആയുഷ് സിന്‍ഹ പോലീസുകാരോട് ലാത്തി കൊണ്ട് കര്‍ഷക സമരക്കാരുടെ തല തല്ലിപ്പൊട്ടിക്കാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പരസ്യമായിരുന്നു. കര്‍ണാലില്‍ പോലീസുകാര്‍ കര്‍ഷക സമരക്കാരുടെ തല തല്ലി പൊട്ടിച്ചു. ഒരു കര്‍ഷകന്‍ മരണപ്പെടുകയും ചെയ്തു. ആയുഷ് സിന്‍ഹ മാപ്പ് പറഞ്ഞെങ്കിലും ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍ സബ് കളക്ടര്‍ക്ക് പിന്തുണ നല്‍കുകയാണുണ്ടായത്.
ലഖിംപുര്‍ ഖേരിയില്‍ ഒക്ടോബര്‍ മൂന്നിന് എന്തായിരുന്നു സംഭവിച്ചത് എന്നത് രാജ്യം മുഴുവനും ചര്‍ച്ചാ വിഷയമായിരുന്നു. കര്‍ഷക സമരത്തെ അനുകൂലിക്കുന്ന സമരക്കാര്‍ക്കിടയിലേയ്ക്ക് വണ്ടി ഓടിച്ചു കയറ്റി നാല് കര്‍ഷകരെ കൊല ചെയ്തു. കൊല നടത്തിയവര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും സംരക്ഷണം ഒരുക്കി.
എന്തുകൊണ്ട് പിന്‍മാറ്റം...?
മുന്നില്‍ കണ്ട പരാജയമാണ് നാടകീയമായ മൂന്ന് നിയമങ്ങളുടെ പിന്‍വലിക്കുന്നതിന് പിന്നിലെന്ന് വിലയിരുത്താന്‍ രാഷ്ട്രീയ പാണ്ഡിത്യം വേണ്ട. കര്‍ഷക സമരം ശക്തമായി വന്നതോടെ ബി.ജെ.പി.യുടെ വോട്ട് ശതമാനം ഗണ്യമായി കുറഞ്ഞത് കഴിഞ്ഞ ഒരു വര്‍ഷത്തെ തിരഞ്ഞെടുപ്പ് ഫലം പരിശോദിച്ചാല്‍ മനസിലാകും. ഏതാനും നാള്‍ മുന്‍പ് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ ദയനീയ പരാജയം ബി.ജെ.പി. നേത്യത്ത്വം ഗൗരവത്തോടെയാണ് കണ്ടത്.
| Photo: Vinayak Babu |
അതിന് കാരണം വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണ്. രാഷ്ട്രീയ നിരീക്ഷകര്‍ ബി.ജെ.പി.യുടെ ദയനീയ പരാജയം അവിടെ ഉണ്ടാകുമെന്ന് പറഞ്ഞതും ഗൗരവമായി എടുത്തു. സര്‍വെ ഫലങ്ങള്‍ എതിരായത് മറ്റൊരു കാരണം. ഇന്ധനവിലയുടെ വര്‍ദ്ധനവ് രാജ്യത്ത് വലിയ വിലക്കയറ്റത്തിന് കാരണമായി. സാധാരണ ജനങ്ങള്‍ സര്‍ക്കാരിന് എതിരെ ശബ്ദിക്കുന്നത് സ്വഭാവികമായിരിക്കുമല്ലോ.
കര്‍ഷക സമരം രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റമുണ്ടാക്കിയതായി ബി.ജെ.പി. നേതാക്കള്‍ തന്നെ മുന്നറിയിപ്പ് നല്‍കി. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള രാജ്നാഥ് സിംഗ് അടക്കമുള്ള ഒട്ടേറെ ബി.ജെ.പി. നേതാക്കള്‍ പാര്‍ട്ടിയില്‍ തന്നെ വിമത ശബ്ദം ഉയര്‍ത്തിയിരുന്നു. ഇന്ത്യയുടെ സുരക്ഷാ ചുമതലയുള്ള പട്ടാളത്തില്‍ ഭൂരിപക്ഷം പേരും പഞ്ചാബികളും, ജാട്ടുകളും മറ്റും ചേര്‍ന്ന കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഒരു പട്ടാള അട്ടിമറിക്ക് വരെ സാധ്യത ഉണ്ടായിരുന്നു എന്ന വിലയിരുത്തലും ഉണ്ടായിരുന്നു.
മൂന്ന് കര്‍ഷക നിയമങ്ങള്‍ എന്തൊക്കെ...?
കാര്‍ഷിക ബില്ലുകള്‍ രണ്ട് തരത്തില്‍ വിലയിരുത്താം. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരെ അത് കാര്യമായി ബാധിക്കുന്നില്ല. കേരളത്തിലെ കര്‍ഷകര്‍ അവരുടെ വിളകള്‍ നേരിട്ട് തന്നെയാണ് കച്ചവടം നടത്തുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ ഇടനിലക്കാരുള്ളൂ. ഇപ്പോള്‍ റദ്ദാക്കുന്ന നിയമപ്രകാരം അത് ബാധിക്കുക വടക്കേ ഇന്ത്യയിലെ കര്‍ഷകരെയാണ്. കര്‍ഷകര്‍ക്ക് ഗുണമാണെന്ന് വാദിക്കുന്ന സര്‍ക്കാരിന്‍റെ നീക്കം ഏറ്റവും ഗുണം ചെയ്യുക കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണം ഏറ്റെടുത്ത കോര്‍പ്പറേറ്റുകള്‍ക്കാണ്. റിലയന്‍സ്, അദാനി, ബിര്‍ള ഗ്രൂപ്പുകള്‍ക്ക് വന്‍ നേട്ടമാണ് റദ്ദാക്കുവാന്‍ പോകുന്ന നിയമങ്ങള്‍ സമ്മാനിക്കുമായിരുന്നത്.
| Photo: Sharath Chandran |
എന്തൊക്കെയാണ് മൂന്ന് നിയമങ്ങള്‍ എന്ന് നോക്കാം. കാര്‍ഷികോത്പന്ന വാണിജ്യ ബില്ല് വഴി വടക്കേ ഇന്ത്യയിലെ മൊത്ത വ്യാപാര മേഖലയുടെ കുത്തക ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. എവിടെ വേണമെങ്കിലും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഈ നിയമം പരിരക്ഷ നല്‍കും. കര്‍ഷക ഉത്പന്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു നികുതിയും ഈടാക്കാന്‍ സാധിക്കില്ല. ഇത് വാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രെെസ് (എം.എസ്.പി) മുന്‍പ് ഉണ്ടായിരുന്നത് ആശ്വാസമായിരുന്നു. പുതിയ നിയമത്തില്‍ എം.എസ്.പിയെ കുറിച്ച് പരാമര്‍ശമില്ല.
കാര്‍ഷിക ശാക്തീകരണ സംരക്ഷ നിയമമാണ് രണ്ടാമത്തേത്. മോദി സര്‍ക്കാര്‍ വളരെ മുമ്പുതന്നെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുന്നു എന്നുള്ള ആക്ഷേപം നേരിടുന്ന സാഹചര്യം നിലവിലുണ്ട്. ഇങ്ങനെയുള്ള സാഹചര്യം നിലനില്‍ക്കെയാണ് കാര്‍ഷിക ശാക്തീകരണ സംരക്ഷ നിയമം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കര്‍ഷകര്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വാങ്ങുന്നവരുമായി ഒരു കാര്‍ഷിക സീസണ്‍ മുതല്‍ അഞ്ച് വര്‍ഷം വരെ കരാറില്‍ ഒപ്പിടാം എന്ന് നിയമം നിഷ്കര്‍ഷിക്കുന്നു. വന്‍കിടക്കാര്‍ ആവശ്യപ്പെടുന്ന ഉത്പന്നം അവര്‍ പറയുന്ന രീതിയില്‍, അവര്‍ പറയുന്ന അളവില്‍ കരാറില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ ഉത്പാദിപ്പിച്ച് നല്‍കണം.
മൂന്നാമത്തേത് അവശ്യസാധന ഭേദഗതി നിയമമാണ്. പെട്ടന്ന് നശിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 50 ശതമാനവും, അല്ലാത്തത് 100 ശതമാനവും വിലവര്‍ദ്ധനവ് ഉണ്ടായാല്‍ മാത്രമമേ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കൂ എന്നതാണ് ബില്ലിലെ വ്യവസ്ഥ. വല വര്‍ദ്ധനവ് ഉണ്ടായാലും സര്‍ക്കാര്‍ ഇടപെടണമെങ്കില്‍ നിയമത്തിലെ വ്യവസ്ഥയിലുള്ള ശതമാനം വരെ എത്തണം. വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നിയമപരമായി നിയന്ത്രിക്കുക വഴി പ്രയാസത്തിലാകുന്നത് ഉപഭോക്താക്കളാണ്. ഇത് കേരളത്തേയും വല്ലാതെ ബാധിക്കും.
രാഹുല്‍ ഗാന്ധി മുന്നേ കണ്ടു... കര്‍ഷകരും
നിങ്ങള്‍ കുറിച്ചു വെയ്ക്കൂ. വാവാദമായ മൂന്ന് കര്‍ഷക നിയമങ്ങള്‍ സര്‍ക്കാരിന് റദ്ദാക്കേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധി 2021 ജനുവരി 14ന് പറഞ്ഞ വാക്കുകളും, ഇതിന്‍റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വയറലായി. മധുര വിമാനതാവളത്തില്‍ വെച്ചാണ് അന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്.
| Photo: Sharath Chandran |
കര്‍ഷക സമരം വിജയം കാണുമെന്ന് കര്‍ഷകര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അവരുടെ ആത്മവിശ്വാസം സമരത്തെ കെടാതെ മുന്നോട്ട് കൊണ്ടു പോയി. സമരത്തിന്‍റെ ഒരു ഘട്ടത്തിലും പരാജയത്തെ കുറിച്ച് അവര്‍ ചിന്തിച്ചിട്ടു പോലുമില്ല. സമരം വിജയിക്കാതെ തിരികെ പോകില്ല എന്ന് പരസ്യമായി അവര്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലാത്തിയടി കൊള്ളാതിരിക്കാന്‍ എന്തു ചെയ്യണമെന്നെല്ലാം ചര്‍ച്ച ചെയ്തതിന് ശേഷമാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. മോദിയുടെ പൊലീസ് വെടിവെച്ചു കഴിഞ്ഞാല്‍ ആര് മുന്നില്‍ നിന്ന് വെടികൊള്ളണമെന്ന് പോലും തീരുമാനം തീരുമാനമെടുത്തിരുന്നു.
സമരമുഖത്തെ മലയാളി നേത്യത്ത്വം.
ലോകമാകമാനം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഇന്ത്യയുടെ തലസ്ഥാന നഗരത്തിന്‍റെ അഞ്ച് അതിര്‍ത്തികളില്‍ നടന്ന കര്‍ഷക സമരം. ഈ ഐതിഹാസിക സമരം നയിച്ചവരില്‍ പ്രധാന പങ്ക് വഹിച്ച നേതാക്കളില്‍ എടുത്ത് പറയേണ്ട ഒട്ടേറെ മലയാളികളുണ്ട്. ഇവരുടെ സാനിധ്യം കര്‍ഷക സമരം തുടങ്ങിയ കാലം മുതല്‍ തുടര്‍ച്ചയായി ഉണ്ടായിരുന്നു എന്നതാണ് പ്രത്യേകത. കിസാന്‍ സഭയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറി വിജൂ ക്യഷ്ണയാണ് ഇവരില്‍ എടുത്ത് പറയേണ്ട ഒരാള്‍. കണ്ണൂര്‍ സ്വദേശിയായ വിജൂ ജെ.എന്‍.യുവില്‍ നിന്ന് ഡോക്ടറേറ്റ് എടുത്ത ശേഷം അദ്ധ്യാപകനായും, വകുപ്പ് മേധാവിയായും ബാംഗ്ലൂരില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടെ നിന്ന് രാജിവെച്ച് മുഴുവന്‍ സമയ സി.പി.ഐ.എം. പ്രവര്‍ത്തകനായി എത്തിയ അദ്ദേഹം കര്‍ഷക വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. സി.പി.ഐ.എം. കേന്ദ്ര കമ്മറ്റി അംഗം കൂടിയാണ് അദ്ദേഹം. രാജ്യത്തെ കര്‍ഷകരെ ഒന്നിപ്പിക്കുവാന്‍ അദ്ദേഹം വര്‍ഷങ്ങളായി നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. കഷക സമരം തുടങ്ങിയ നാള്‍ മുതല്‍ ഡോ. വിജൂ ക്യഷ്ണന്‍ സമരമുഖത്ത് തന്നെയായിരുന്നു.
വയനാട് സുല്‍ത്താന്‍ബത്തേരി മുന്‍ എം.എല്‍.എ. ആയിരുന്ന പി. ക്യഷ്ണപ്രസാദും ഭാര്യ എ.ആര്‍. സിന്ദുവും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കര്‍ഷക സമരത്തില്‍ കാഴ്ച്ചവെച്ചത്. കിസാന്‍ സഭയുടെ ദേശീയ ഫിനാന്‍സ് സെക്രട്ടറിയാണ് പി. ക്യഷ്ണപ്രസാദ്. എ.ആര്‍. സിന്ദു സി.ഐ.ടി.യു. ദേശീയ സെക്രട്ടറിയാണ്. ഇരുവരും ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്‍റ് അംഗമായിരുന്ന കെ.കെ. രാകേഷ്, ഇപ്പോഴത്തെ കേരളത്തിലെ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, ഇളമരം കരീം തുടങ്ങിയവര്‍ പല തവണ കര്‍ഷക സമരത്തിന്‍റെ ഭാഗമായി.
പാര്‍ലമെന്‍റ് അംഗവും, സി.പി.ഐ നേതാവുമായ ബിനോയ് വിശ്വവും, ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയും കര്‍ഷക സമരത്തില്‍ വളരെ സജീവമായി പങ്കെടുത്ത പ്രമുഖ മലയാളി നേതാക്കളാണ്. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശിയ കോഡിനേറ്റര്‍ കെ.വി. ബിജു കര്‍ഷകരെ വടക്കേ ഇന്ത്യയില്‍ ഒന്നിപ്പിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച മലയാളിയാണ്.
| Photo: Vinayak Babu |
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകളും സമരത്തില്‍ പങ്കാളികളായിരുന്നു. ജനസംസ്ക്യതി സമരത്തിന്‍റെ പല ഘട്ടങ്ങളിലും സമരമുഖത്തേയ്ക്ക് എല്ലാ അതിര്‍ത്തികളിലും പ്രവര്‍ത്തകരെ എത്തിച്ചു. ഫ്രണ്ട്സ് ഓഫ് കുട്ടനാട്, ഡല്‍ഹി മലയാളി സംഘം, മലയാളി നേഴ്സസ് കൂട്ടായ്മ തുടങ്ങി ഒട്ടേറെ സംഘടനകള്‍ കര്‍ഷകര്‍ക്ക് പിഞ്ഞുണയുമായി പല തവണ എത്തിയിരുന്നു. കര്‍ഷക സംഘത്തിന്‍റെ നേത്യത്ത്വത്തില്‍ ആയിരത്തിലേറെ കര്‍ഷക തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തി സമരത്തിന്‍റെ ഭാഗമായി. കേരളത്തില്‍ നിന്ന് ഒട്ടേറെ സംഘടനകള്‍ സമരത്തിന് പിന്തുണയുമായി സമരമുഖത്ത് വനന്നത് വിസ്മരിച്ചു കൂടാ.
കര്‍ഷക സമരങ്ങളുടെ പഴയ ചരിത്രം
1988ല്‍ ഒക്ടോബര്‍ മാസം ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമര രീതിയോട് വലിയ സാമ്യം ഉള്ള മറ്റൊരു കര്‍ഷക സമരത്തിന് ഡല്‍ഹി സാക്ഷ്യം വഹിച്ചതാണ്. രാജീവ് ഗാന്ധി മ്യഗീയ ഭൂരിപക്ഷവുമായി പ്രധാനമന്ത്രി ആയിരുന്ന സമയത്ത് കര്‍ഷകര്‍ നടത്തിയ സമരം നടത്തിയിരുന്നു. ഇന്നത്തെ സമര നേതാവായ രാജേഷ് ടിക്കായത്തിന്‍റെ പിതാവായ മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ നേത്യത്ത്വത്തിലാണ് അന്ന് കര്‍ഷക സമരം നടന്നത്. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ സിരാ കേന്ദ്രമായ ബോട്ട് ക്ലബില്‍ ട്രാക്ടറും, കാളവണ്ടിയും, സൈക്കിളുമായി എത്തി. കര്‍ഷക വായ്പകള്‍ എഴുതി തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറയ്ക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയതില്‍ നടപടി, കാര്‍ഷിക വില നിര്‍ണയ കമ്മീഷനില്‍ കര്‍ഷക പ്രാതിനിധ്യം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍.
അന്ന് കര്‍ഷകര്‍ക്ക് പിന്തുണയുമായി നേരിട്ട് പങ്കെടുക്കാന്‍ എത്തിയ പ്രതിപക്ഷ നേതാക്കളില്‍ നാല് പേര്‍ പില്‍ക്കാലത്ത് പ്രധാനമന്ത്രിമാരായി. എ. ബി. വാജ്പേയ്, വി.പി. സിംഗ്, ചന്ദ്രശേഖര്‍, ഐ.കെ. ഗുജ്റാള്‍ എന്നിവരായിരുന്നു അവര്‍. ദേവിലാല്‍, മനേക ഗാന്ധി, ജോര്‍ജ് ഫര്‍ണാഡസ്, കന്‍ഷിറാം, ചൗട്ടാല തുടങ്ങി ഒട്ടേറെ പേര്‍ ദേശിയ രാഷ്ട്രീയത്തില്‍ പില്‍ക്കാലത്ത് ശ്രദ്ദേയരായി. സമരം പക്ഷെ കര്‍ഷകരുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. സമരം വിജയിച്ചു. 1984ല്‍ കോണ്‍ഗ്രസിന് 426 സീറ്റുകളാണ് ലോക്സഭയില്‍ ഉണ്ടായിരുന്നത്. കര്‍ഷക സമരത്തിന് ശേഷം നടന്ന 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു. രാജീവ് ഗാന്ധിക്ക് ഭരണം നഷ്ടപ്പെട്ടു.
| Photo: Vinayak Babu |
രാഷ്ട്രീയ ചരിത്രം ആവര്‍ത്തിക്കാന്‍ പോകുന്നു എന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ തെറ്റുവാന്‍ സാധ്യതയില്ല. ഒരു വര്‍ഷം ഡല്‍ഹി അതിര്‍ത്തികളില്‍ ചൂടും, തണുപ്പും കൊണ്ട് സമരം ചെയ്ത കര്‍ഷകരുടെ മുറിവുണക്കി തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിപ്പിക്കാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം. അത്രപെട്ടന്ന് ഉണങ്ങുന്ന മുറിവുകളല്ല കര്‍ഷകര്‍ക്ക് സംഭവിച്ചിരിക്കുന്നത്.