കണ്ടിട്ടുണ്ടോ...? കണ്ടിട്ടുണ്ട്...!

കണ്ടിട്ടുണ്ടോ...? കണ്ടിട്ടുണ്ട്...!

സുധീര്‍ നാഥ്. 


ജനങ്ങള്‍ക്ക് സമയമില്ല. ചെറുകഥകളുടേയും, നാനോ സിനിമകളുടേയും കാലമാണിത്. നാനോ നാടക മത്സരം തന്നെ പ്രശസ്ത നാടക ഗ്രൂപ്പായ വൃക്ഷ് ഡല്‍ഹിയില്‍ നടത്തുന്നുണ്ട്. രാജ്യത്തെ പല ഭാഗത്തും ഷോട്ട് ഫിലിം  ഫെസ്റ്റിവെല്‍ നടക്കുന്നു. ചെറിയ സിനിമകള്‍ കാണുവാനാണ് ഇപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഒരു കഥ വേഗം കേള്‍ക്കുവാനും, കാണുവാനും ജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു.

ലോക അനിമേഷന്‍ രംഗത്ത് ഇന്ത്യയില്‍ നിന്നുള്ള ഒന്നാം നിര അനിമേറ്ററുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശി സുരേഷ് എറിയാട്ടുണ്ട്. രണ്ട് തവണയാണ് സുരേഷ് എറിയാട്ടിന് ദേശീയ ചലചിത്ര അവാര്‍ഡ് ലഭിച്ചത്. ബോംബെയില്‍ എറിയാട്ട് നടത്തുന്ന സ്വന്തം അനിമേഷന്‍ സ്റ്റുഡിയോ ഈക്ലോറസ് ഈ രംഗത്ത് ഏറെ പ്രശസ്തമാണ്. ഒട്ടേറെ വിദേശ ചലചിത്ര അവാര്‍ഡുകളും അംഗീകാരങ്ങളും സുരേഷ് എറിയാട്ടിന് ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് വേണ്ടി സുരേഷ് എറിയാട്ടും കൂട്ടരും ഒരുക്കിയ അനിമേഷന്‍ പരമ്പര ലോക ശ്രദ്ധ നേടിയതാണ്.

പിതാവ് പി.എന്‍.കെ. പണിക്കരെ മുഖ്യ കഥാപാത്രമാക്കി മകനായ സുരേഷ് എറിയാട്ട് തയ്യാറാക്കിയ 'കണ്ടിട്ടുണ്ട്' എന്ന അനിമേഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലാന്ന്. കുട്ടിക്കാലത്ത്ലത്ത്ലത്ത്ലത്ത് പിതാവ് പറഞ്ഞ എത്ര എത്ര കഥകള്‍. ആനമറുതയുടേയും, ഈനാംപേച്ചിയുടേയും, തെണ്ടനും, കുട്ടിച്ചാത്തനും എന്നു വേണ്ട പണിക്കര്‍ മക്കള്‍ക്ക് പറഞ്ഞ കഥകള്‍ പലതാണ്. ഇവരെയൊക്കെ കണ്ടിട്ടുണ്ടെന്ന് തട്ടിവിട്ട പിതാവിനെ തന്നെ മുഖ്യ കഥാപാത്രമാക്കി മകന്‍ ഒരുക്കിയ പന്ത്രണ്ട് മിനിറ്റ് കാര്‍ട്ടൂണ്‍ അനിമേഷന്‍ സിനിമയാണ് ഇപ്പോഴത്തെ ഹൃസ്വ ചലചിത്ര രംഗത്തെയും, അനിമേഷന്‍ രംഗത്തേയും ചര്‍ച്ച 

തൃപ്പൂണിത്തുറ എസ്.എന്‍. ജംഗ്ഷന് സമീപമുള്ള എറിയാട്ട് തറവാട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് പി.എന്‍.കെ. പണിക്കരും ഭാര്യ ഇ. കമലാവതിയും. പണിക്കരുടെ കഥയെ അടിസ്ഥാനമാക്കി രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച കണ്ടിട്ടുണ്ട് എന്ന അനിമേഷന്‍ ചിത്രം ഇതിനകം 34 അന്തര്‍ദേശീയ മേളകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ബ്ലാക്ക് ആന്‍റ് വൈറ്റ് അനിമേഷനാണ് ഈ ചിത്രം എന്നത് കൊണ്ട് തന്നെ വേറിട്ട് നില്‍ക്കുന്നു എന്നത് എടുത്ത് പറയണം.

കണ്ടിട്ടുണ്ട് എന്ന ഹൃസ്വ അനിമേഷന്‍ ചിത്രത്തിന്‍റെ പിന്നണിയില്‍ ചില്ലറക്കാരല്ല എന്നത് കൊണ്ട് തന്നെ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്ത്വത്തിലാണ് ശമ്പ്ദ സംവിധാനം. കൂടെ വിജയകുമാറും ഉണ്ട്. സുരേഷ് എറിയാട്ട് ക്രിയേറ്റീവ് ഡയറക്ടറായ ചിത്രം സംവിധാനം ചെയ്തത് 24 വയസുള്ള മലയാളിയും എറണാകുളം ജില്ലയിലെ ആലുവ സ്വദേശിനിയുമായ  നവാഗതയായ അദിതി കൃഷ്ണദാസാണ്. സുരേഷിന്‍റെ ഭാര്യയും അനിമേറ്ററുമായ നീലിമ ഏറിയാട്ടാണ് എക്സിക്യൂട്ടീവ് പൊഡ്യൂസര്‍. സംഗീത സംവിധാനം നന്ദു കര്‍ത്തയാണ്. സുരേഷ് എറിയാട്ട് സംവിധാനം ചെയ്ത് ദേശിയ ചലചിത്ര അവാര്‍ഡ് നേടിയ ഫിഷര്‍വുമണ്‍ ടുക്ക് ടുക്ക്, ടോക്കിരി എന്നീ അനിമേഷന്‍ ചിത്രങ്ങള്‍ വന്‍ ശ്രദ്ധ പിടിച്ചു പറ്റിയവയായിരുന്നു.

മലയാളത്തില്‍ അടുത്ത കാലത്ത് പുറത്തിറങ്ങിയ മികച്ച മറ്റൊരു ഹൃസ്വ ചിത്രമാണ് പാപ്പന്‍ എന്ന തൂലിക നാമത്തില്‍ ഷാജി മാങ്കാപ്പാടം സംവിധാനം ചെയ്ത കുലസ്ത്രീ. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവനന്തപുരം ഏരിയസ് പ്ലസ് സിനിമാസില്‍ 16 മിനിറ്റുള്ള ഈ ഹ്യസ്വ ചിത്രം കാണുവാന്‍ ചലചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. വര്‍ത്തമാനകാല സാമൂഹ്യ വിഷയങ്ങള്‍ നാല് തലമുറകളിലൂടെ പതിനാറ് മിനിറ്റില്‍ അവതരിപ്പിച്ചത് ശ്രദ്ധേയമയി.

വര്‍ദ്ധിച്ചു വരുന്ന കപട സദാചാരവാദവും മൂല്ല്യച്യുതിയും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണ പ്രവണതയും പ്രമേയമാക്കി സ്റ്റോറി ഫാക്ടറി ഒരുക്കിയതാണ് കുലസ്ത്രീ എന്ന ഹ്രസ്വ ചിത്രം. ഡോക്ടര്‍ ഷാജു, ശ്രീലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുലസ്ത്രീയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ പാപ്പന്‍ ആണ്. ചിത്രത്തിന്‍റെ പിന്നണിയിലെ എല്ലാവരും നവാഗതരാണ്.

'കുലസ്ത്രീ' എന്ന പദത്തിനുള്ളില്‍ സ്ത്രീ സ്വാതന്ത്ര്യം തളച്ചിടാന്‍ ശ്രമിക്കുന്ന പാരമ്പര്യ വാദികള്‍ക്ക് ചരിത്രം എന്തായിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ഹ്രസ്വചിത്രം. സംബന്ധവും, ഒഴിമുറിയും, കുടുംബ സ്വത്തുമെല്ലാം സ്ത്രീകളുടെ അവകാശമായി നിലനിന്നിടത്തു നിന്നും സ്ത്രീ എങ്ങനെ ഉപഭോഗ വസ്തുവായി മാറിയെന്നും ദുരഭിമാനത്തിന്‍റെ പ്രതീകമായെന്നും ഈ ഹ്യസ്വ ചിത്രം ചര്‍ച്ച ചെയ്യുന്നു. 

സാമൂഹികവും സാംസ്കാരികവുമായി ഉന്നതിയില്‍ എത്തി നില്‍ക്കുന്നു എന്ന് സമൂഹം ഊറ്റം കൊള്ളുന്ന ഈ കാലഘട്ടത്തിലും ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പൊരുതി തോല്‍ക്കുന്ന പെണ്ണ് ഒരു നിത്യ സംഭവമായി മാറുന്നിടത്ത് പെണ്ണായിപ്പിറന്നാല്‍ ഇങ്ങനൊക്കെ ആയിരിക്കണം എന്ന് പറയുന്നവര്‍ക്കെതിരേയുള്ള ശബ്ദമാണ് 'കുലസ്ത്രീ'. ബന്ധങ്ങള്‍ എങ്ങനെ ആയിരിക്കണം എന്ന് വിശകലനം ചെയ്യേണ്ട ഉത്തരവാദിത്തം സമൂഹത്തിന് നല്‍കി കൊണ്ടാണ് ഈ ഹ്രസ്വ ചിത്രം അവസാനിക്കുന്നത്.

ഇത്തരത്തില്‍ മലയാളത്തില്‍ മാത്രം ആയിരക്കണക്കിന് ഹ്യസ്വ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. മികച്ച ഉള്ളടക്കമുള്ള പല ചിത്രങ്ങളും പൊതു സമൂഹത്തിന് മുന്നില്‍ എത്തുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ചില ചിത്രങ്ങള്‍ക്ക് സാങ്കേതിക മികവില്ലെങ്കില്‍, മറ്റ് ചിലതിന് അഭിനയ മികവില്ലാത്തതാണ് കാരണം. ചില ചിത്രങ്ങള്‍ ഏറെ പേരെ കാണിക്കുവാന്‍ സാധിക്കാതെ ഒതുങ്ങി പോകുന്നു. ഹൃസ്വ ചിത്രമേളകളില്‍ പോലും പങ്കെടുക്കാത്തത് പല ചിത്രങ്ങള്‍ വിസ്മൃതിയിലാകാന്‍ കാരണമാകുന്നുണ്ട്. 

ഹൃസ്വ ചിത്രങ്ങള്‍ കാണിക്കുന്ന യുട്യൂബ് ചാനലുകള്‍ ഇപ്പോള്‍ വ്യാപകമാണ്. ഒരു മിനിറ്റ് മുതല്‍ ഇരുപത് മിനിറ്റ് വരെയുള്ള രസകരമായ ചിത്രങ്ങള്‍ അവിടെ കാണാം. യുവ തലമുറ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഇത്തരം ഹൃസ്വ ചിത്രങ്ങളാന്നെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

കേരള ചലചിത്ര അക്കാദമി ഹൃസ്വ ചലചിത്ര മേള ഡിസംബര്‍ 9 മുതല്‍ 14 വരെ നടത്തുകയാണ്. തിരഞ്ഞെടുക്കപ്പെട്ട കുറേ ചിത്രങ്ങള്‍ ചലചിത്ര പ്രേമികള്‍ക്ക് അവിടെ ആസ്വദിക്കാന്‍ അവസരമുണ്ട്. കോവിഡ് കാലത്താണ് ഏറ്റവും കൂടുതല്‍ ഹൃസ്വ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. സാങ്കേതിക വിദ്യ വളര്‍ന്നതോടെ കുട്ടികള്‍ പോലും സ്വന്തം ക്കൈയിലെ മൊബൈലില്‍ ഹൃസ്വ ചിത്രങ്ങള്‍ ചിത്രീകരിക്കുന്ന കാലമാണ്. പുതു തലമുറയിലെ കുട്ടികള്‍ക്ക് നല്ല ആശയങ്ങളുണ്ട്. അവരത് വ്യത്യസ്ഥ രീതിയില്‍ അവതരിപ്പിക്കുന്നു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആറ് കുട്ടികള്‍ ചേര്‍ന്ന് രൂപം കൊടുത്ത അലങ്ക്രിത് പ്രൊഡക്ഷന്‍ ഹൃസ്വ ചിത്രങ്ങളും, ഡോക്കുമെന്‍ട്രികളും ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ കൂട്ടായ്മകള്‍ കേരളത്തിലും മറ്റ് പ്രദേശങ്ങളിലും ഉണ്ട്. അവര്‍ ഹൃസ്വ ചലച്ചിത്ര മേഖലയ്ക്ക് നല്‍കുന്ന സംഭാവനകള്‍ വിശേഷപ്പെട്ടതാണ്. ചലചിത്ര ലോകത്ത് ഹ്യസ്വ ചിത്രങ്ങളുടെ വേലിയേറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു.