കര്‍ഷക സമരത്തിന്‍റെ ശക്തിയും, രാഷ്ട്രീയവും...
വിജയ് ചൗക്ക് @ 120 @ മെട്രോ വാര്‍ത്ത: നവംബര്‍ 20
സുധീര്‍നാഥ്
ലോകം കൊറോണയുടെ ഭീതിയില്‍ സ്വയം ഉള്‍വലിഞ്ഞ 2020. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 26ന് കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ല് ചര്‍ച്ചകളില്ലാതെ പാസാക്കുന്നു. രാജ്യവ്യാപകമായി കര്‍ഷകര്‍ സമരം തുടങ്ങിയത് അന്നുമുതലാണ്. പഞ്ചാബിലെ കര്‍ഷകര്‍, ബില്ല് പാസായതിന് പിന്നാലെ 2020 ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങിയ സമരമാണ് റെയില്‍ റുക്കോ (തീവണ്ടി തടയല്‍ സമരം). സമരം റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ ശംബു റെയില്‍വേ സ്റ്റേഷനിലാണ് ശക്തമായ സമരം നടന്ന ഒരു പ്രധാന കേന്ദ്രം. അതിന് കാരണവുമുണ്ട്. ശംബു റെയില്‍വേ സ്റ്റേഷന്‍ കടന്നല്ലാതെ തീവണ്ടികള്‍ക്ക് വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലേയ്ക്ക് പോകുവാന്‍ സാധിക്കില്ല.
സമരം വളരെ ചെറിയ രീതിയിലാണ് തുടങ്ങിയത്. സമരത്തിന്‍റെ ശക്തി ഓരോ ദിവസം ചെല്ലും തോറും കൂടി വന്നു. എരിഞ്ഞടങ്ങുന്ന സമരം എന്ന് സ്വകാര്യം പറഞ്ഞവര്‍ പിന്നീട് കണ്ട സമരം കണ്ട് ഞെട്ടി. ഡല്‍ഹി ചലോ സമരം തുടങ്ങിയപ്പോള്‍ അതിര്‍ത്തികള്‍ അടച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തു. ഡല്‍ഹിക്ക് ചുറ്റിനുമുള്ള അതിര്‍ത്തികള്‍ അടയ്ക്കപ്പെട്ടു. സമരവുമായി ഡല്‍ഹി ലക്ഷ്യം വെച്ച് വരുന്ന കര്‍ഷക സമരക്കാരെ തടയാന്‍ യുദ്ധ സന്നാഹമാണ് ഒരുക്കിയത്. ഡല്‍ഹി അതിര്‍ത്തികളില്‍ യന്ത്രത്തോക്കുകളുമായി പട്ടാളം നിറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഡല്‍ഹി പോലീസും അതിര്‍ത്തികളില്‍ എത്തി. റോഡുകള്‍ മണ്ണുകള്‍ ഇട്ട് അതിര്‍ത്തികളിലുള്ള ഗതാഗതം തടയാന്‍ ശ്രമം നടത്തി. വലിയ ബാരിക്കേഡുകള്‍ വച്ചു. മുള്ളു കമ്പികള്‍ ചുറ്റിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിരത്തി.
സമരം എരിഞ്ഞെരിഞ്ഞ് കത്തി കയറുകയായിരുന്നു. വളരെ ആസൂത്രിതമായ സമര രീതി കര്‍ഷകര്‍ നടപ്പിലാക്കി. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയോ, നേതാക്കളെയോ സമര വേദിയിലേയ്ക്ക് കയറ്റിയില്ല. ഡല്‍ഹിയിലെ അഞ്ച് പ്രധാന അതിര്‍ത്തികളില്‍ പൂര്‍ണ്ണമായുള്ള കര്‍ഷക സമരമായി അത് മാറി. 2021 ജനുവരി 26ന് ലക്ഷകണക്കിന് ട്രാക്റ്ററുകളുമായി കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തി കടന്ന് മുന്നേറിയത് ചരിത്ര സംഭവമായി. തുടര്‍ന്നുള്ള ദിനങ്ങള്‍ സമരം ശക്തമാകുകയായിരുന്നു. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കര്‍ഷക നേതാക്കള്‍ വിളിച്ച കൂട്ടായ്മയില്‍ പതിനായിരങ്ങള്‍ ഒത്തുകൂടി. ശക്തമായ സമരം ഒടുവില്‍ വിജയത്തിലെത്തി നില്‍ക്കുന്നു.
നവംബര്‍ 19ന് പഞ്ചാബിലെ ഭൂരിപക്ഷമുള്ള സിഖ് സമുദായത്തിന്‍റെ ഗുരുവായ ഗുരു നാനാക്കിന്‍റെ ജന്‍മദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഒരു വര്‍ഷത്തിലേറെയായി നടന്നു വരുന്ന സമരം മൂന്ന് കര്‍ഷക നിയമങ്ങളെ മുഖ്യമായും കേന്ദ്രീകരിച്ചായിരുന്നു. മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒരു ബില്ല് പാര്‍ലമെന്‍റില്‍ പാസാക്കി കഴിഞ്ഞാല്‍ അത് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കില്ല. ബില്ല് പാസായി രാഷ്ട്രപതി ഒപ്പിട്ടാല്‍ അത് നിയമമായി. നിയമം റദ്ദാക്കുന്നതിന് സര്‍ക്കാരിന് സാധിക്കും. നിയമം റദ്ദാക്കുന്നതിന് പാര്‍ലമെന്‍റില്‍ ചില നടപടി ക്രമങ്ങളുണ്ട്.
കര്‍ഷക ബില്ല് പാസാക്കി നിയമമാക്കുന്നതിന് എടുത്ത സമാനമായ നടപടി ക്രമങ്ങള്‍ റദ്ദാക്കുന്നതിനും വേണ്ടി വരും. നവംബര്‍ 29ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് ശൈത്യകാല സമ്മേളനത്തില്‍ മൂന്ന് കര്‍ഷക നിയമങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള ബില്ല് അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് കര്‍ഷക നിയമങ്ങളും പാസാക്കിയെങ്കിലും നടപ്പിലാക്കിയിട്ടില്ല. മൂന്ന് നിയമങ്ങള്‍ റദ്ദാക്കുന്നതിന് ഒരു ബില്ല് അവതരിപ്പിച്ചാല്‍ മതിയാകും. ഇരു സഭകളിലും കര്‍ഷക നിയമം റദ്ദാക്കല്‍ ബല്ല് പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാല്‍ മാത്രമേ മൂന്ന് കര്‍ഷക നിയമങ്ങളും റദ്ദാകൂ.
കര്‍ഷകര്‍ രാജ്യത്തിന്‍റെ നട്ടെല്ലാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്നതിന് വേണ്ടിയായിരുന്നു ബില്ലുകള്‍ കൊണ്ടു വന്നത് എന്ന് പറഞ്ഞു. പക്ഷെ, പല കര്‍ഷകര്‍ക്കും അത് മനസിലായില്ല. സര്‍ക്കാരിന് അത് ബോധ്യപ്പെടുത്താനും സാധിച്ചില്ല. രാജ്യത്തോടും കര്‍ഷകരോടും ക്ഷമ ചോദിച്ച ശേഷമാണ് മൂന്ന് ബില്ലുകള്‍ നിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കര്‍ഷകര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സമരം പിന്‍വലിക്കാന്‍ തയ്യാറായില്ല. മൂന്ന് കര്‍ഷക നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ ബില്ലവതരിപ്പിച്ച് റദ്ദാക്കുന്നതിനായി കര്‍ഷകര്‍ കാത്തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വാക്ക് തങ്ങള്‍ പൂര്‍ണ്ണമായി വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നാണ് കര്‍ഷക നേതാവ് രാജേഷ് ടിക്കായത്ത് പറഞ്ഞത്.
ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന സമരത്തില്‍ 700 ലേറെപേര്‍ മരണമടയുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് സമരത്തിലുള്ള കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. പഞ്ചാബ് സര്‍ക്കാര്‍ സമരത്തില്‍ പങ്കെടുത്ത് മരണമടഞ്ഞ കര്‍ഷകരുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി വഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്ന് കര്‍ഷക നിയമങ്ങളും ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ മുട്ട് മടക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്നത്. തൊട്ട് മുന്‍പ് നടന്ന ഉപ തിരഞ്ഞെടുപ്പുകളില്‍ വന്‍ പരാജയമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.ക്ക് ഉണ്ടായത്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വന്‍ തിരിച്ചടി നേരിടുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞത് മുഖ്യ കാരണമാകാം.
സമരമുഖത്തുള്ള കര്‍ഷകരെ ആള്‍ ഇന്ത്യ കിസാന്‍ സഭയടക്കമുള്ള സമര മുഖത്തുള്ള കര്‍ഷക സംഘടനകള്‍ അഭിനന്ദിക്കുകയുണ്ടായി. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില പ്രഷ്യാപിക്കണമെന്ന ആവശ്യം ബാക്കി നില്‍ക്കുകയാണ്. കര്‍ഷക സമരത്തില്‍ ഏര്‍പ്പെട്ടവരെ രാജ്യദ്രോഹികളായി മുദ്രകുത്തിയത് ബി.ജെ.പി.യുടെ നേതാക്കളായിരുന്നു. സമരത്തില്‍ ഏര്‍പ്പെട്ടവരെ അവഹേളിക്കുകയും, അധിക്ഷേപിക്കുകയും ചെയ്തതിന് മാപ്പ് പറയണമെന്ന ആവശ്യവും ഇതിനിടയില്‍ കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്.
ഇന്ത്യന്‍ ജനതയോട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടത്തിയ ക്രൂര പീഠനത്തേക്കാള്‍ ഭീകരമായ സാഹചര്യമാണ് ബി.ജെ.പി. സര്‍ക്കാര്‍ കര്‍ഷക സമരക്കാരോട് നടത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. സമരം ചെയ്യുന്ന കര്‍ഷകരെ വേട്ടയാടുന്ന കാടത്തകരമായ നടപടി തീക്കളിയാണെന്നും, അത് വിപരീത ഫലമാണ് ഉണ്ടാക്കുക എന്നും അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തില്‍ ബി.ജെ.പി. നേതാക്കളും ഉണ്ട് എന്നത് പരസ്യമാണ്. കര്‍ഷക സമരം രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റമുണ്ടാക്കിയതായി ബി.ജെ.പി. നേതാ1ള്‍ തന്നെ മുന്നറിയിപ്പ് നല്‍കി. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള രാജ്നാഥ് സിംഗ് അടക്കമുള്ള ഒട്ടേറെ ബി.ജെ.പി. നേതാക്കള്‍ പാര്‍ട്ടിയില്‍ തന്നെ വിമത ശബ്ദം ഉയര്‍ത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ മൂന്ന് കര്‍ഷക നിയമങ്ങള്‍ കൊണ്ടു വന്ന നാള്‍ മുതല്‍ വടക്കേ ഇന്ത്യയിലെ കര്‍ഷകര്‍ സമരം തുടങ്ങിയിരുന്നു. സമരം 35 ദിവസം കടന്നപ്പോള്‍ കേരള നിയമ സഭ ഒറ്റക്കെട്ടായി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത് ചരിത്രമാണ്. ബി.ജെ.പി. അംഗമായിരുന്ന ഒ. രാജഗോപാല്‍ പോലും പ്രമേയത്തെ എതിര്‍ത്തില്ല. കര്‍ഷകര്‍ക്കൊപ്പം എന്ന നിലപാടെടുത്ത കേരളത്തിനുള്ള അംഗീകാരം കൂടിയാണ് മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കേരളത്തെ പിന്തുടര്‍ന്ന് മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന്‍റെ കര്‍ഷക നിയമത്തിനെതിരെ പ്രമേയങ്ങള്‍ പാസാക്കി.
കാര്‍ഷിക ബില്ലുകള്‍ രണ്ട് തരത്തില്‍ വിലയിരുത്താം. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരെ അത് കാര്യമായി ബാധിക്കുന്നില്ല. കേരളത്തിലെ കര്‍ഷകര്‍ അവരുടെ വിളകള്‍ നേരിട്ട് തന്നെയാണ് കച്ചവടം നടത്തുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ ഇടനിലക്കാരുള്ളൂ. ഇപ്പോള്‍ റദ്ദാക്കുന്ന നിയമപ്രകാരം അത് ബാധിക്കുക വടക്കേ ഇന്ത്യയിലെ കര്‍ഷകരെയാണ്. കര്‍ഷകര്‍ക്ക് ഗുണമാണെന്ന് വാദിക്കുന്ന സര്‍ക്കാരിന്‍റെ നീക്കം ഏറ്റവും ഗുണം ചെയ്യുക കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണം ഏറ്റെടുത്ത കോര്‍പ്പറേറ്റുകള്‍ക്കാണ്. റിലയന്‍സ്, അദാനി, ബിര്‍ള ഗ്രൂപ്പുകള്‍ക്ക് വന്‍ നേട്ടമാണ് റദ്ദാക്കുവാന്‍ പോകുന്ന നിയമങ്ങള്‍ സമ്മാനിക്കുമായിരുന്നത്.
എന്തൊക്കെയാണ് മൂന്ന് നിയമങ്ങള്‍ എന്ന് നോക്കാം. കാര്‍ഷികോത്പന്ന വാണിജ്യ ബില്ല് വഴി വടക്കേ ഇന്ത്യയിലെ മൊത്ത വ്യാപാര മേഖലയുടെ കുത്തക ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. എവിടെ വേണമെങ്കിലും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഈ നിയമം പരിരക്ഷ നല്‍കും. കര്‍ഷക ഉത്പന്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു നികുതിയും ഈടാക്കാന്‍ സാധിക്കില്ല. ഇത് വാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രെെസ് (എം.എസ്.പി) മുന്‍പ് ഉണ്ടായിരുന്നത് ആശ്വാസമായിരുന്നു. പുതിയ നിയമത്തില്‍ എം.എസ്.പിയെ കുറിച്ച് പരാമര്‍ശമില്ല.
കാര്‍ഷിക ശാക്തീകരണ സംരക്ഷ നിയമമാണ് രണ്ടാമത്തേത്. മോദി സര്‍ക്കാര്‍ വളരെ മുമ്പുതന്നെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുന്നു എന്നുള്ള ആക്ഷേപം നേരിടുന്ന സാഹചര്യം നിലവിലുണ്ട്. ഇങ്ങനെയുള്ള സാഹചര്യം നിലനില്‍ക്കെയാണ് കാര്‍ഷിക ശാക്തീകരണ സംരക്ഷ നിയമം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കര്‍ഷകര്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വാങ്ങുന്നവരുമായി ഒരു കാര്‍ഷിക സീസണ്‍ മുതല്‍ അഞ്ച് വര്‍ഷം വരെ കരാറില്‍ ഒപ്പിടാം എന്ന് നിയമം നിഷ്കര്‍ഷിക്കുന്നു. വന്‍കിടക്കാര്‍ ആവശ്യപ്പെടുന്ന ഉത്പന്നം അവര്‍ പറയുന്ന രീതിയില്‍, അവര്‍ പറയുന്ന അളവില്‍ കരാറില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ ഉത്പാദിപ്പിച്ച് നല്‍കണം.
മൂന്നാമത്തേത് അവശ്യസാധന ഭേദഗതി നിയമമാണ്. പെട്ടന്ന് നശിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 50 ശതമാനവും, അല്ലാത്തത് 100 ശതമാനവും വിലവര്‍ദ്ധനവ് ഉണ്ടായാല്‍ മാത്രമമേ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കൂ എന്നതാണ് ബില്ലിലെ വ്യവസ്ഥ. വല വര്‍ദ്ധനവ് ഉണ്ടായാലും സര്‍ക്കാര്‍ ഇടപെടണമെങ്കില്‍ നിയമത്തിലെ വ്യവസ്ഥയിലുള്ള ശതമാനം വരെ എത്തണം. വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നിയമപരമായി നിയന്ത്രിക്കുക വഴി പ്രയാസത്തിലാകുന്നത് ഉപഭോക്താക്കളാണ്. ഇത് കേരളത്തേയും വല്ലാതെ ബാധിക്കും.
വടക്കേ ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് കര്‍ഷക സമരത്തില്‍ ആദ്യം മുന്നിലുണ്ടായത്. വടക്കേ ഇന്ത്യയില്‍ നിന്ന് കര്‍ഷകര്‍ തുടങ്ങിയ സമരം രാജ്യത്തിന്‍റെ എല്ലാ പ്രദേശങ്ങളിലേയ്ക്കും പടര്‍ന്ന് കയറിയിരിക്കുന്നു. പൗരത്ത്വ ബില്ലിനെതിരെയുള്ള സമരത്തേക്കാള്‍ ശക്തമായി കര്‍ഷക സമരം മാറി. രാജീവ് ഗാന്ധി മ്യഗീയ ഭൂരിപക്ഷവുമായി പ്രധാനമന്ത്രി ആയിരുന്ന സമയത്ത് കര്‍ഷകര്‍ സമരം നടത്തിയിരുന്നു. 1988ല്‍ ഒക്ടോബര്‍ മാസം മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ നേത്യത്ത്വത്തിലാണ് സമരം നടന്നത്. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം നയിക്കുന്നത് മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ മകന്‍ രാജേഷ് സിംഗ് ടിക്കായത്താണ്. രാജീവ് ഗാന്ധി തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. മുന്‍ കാലങ്ങളിലെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത്തരത്തില്‍ കര്‍ഷക സമരം പല അധികാരങ്ങളും തെറിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തില്‍ രാഷ്ട്രീയമുണ്ട്.
ഫോട്ടോ: വിനായക് ബാബു