കേരള പവലിയന്‍ കേരളത്തിന്‍റെ പരിഛേദം
പാര്‍ലമെന്‍റ് സ്ട്രീറ്റ് / കേരള ശബ്ദം
സുധീര്‍ നാഥ്
2021 നവംബര്‍ 22
കോവിഡ് മൂലം ഒരു വര്‍ഷം മുടങ്ങിയ അന്ത്രാരാഷ്ട്ര വ്യാപാര മേള ഇത്തവണ ഡല്‍ഹിയില്‍ നടന്നു. മുന്‍പ് ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ഥ കെട്ടിടങ്ങളിലാണ് പവലിയന്‍ ഒരുക്കിയിരുന്നത്. ഓരോ സംസ്ഥാനം സന്ദര്‍ശിക്കുന്ന അനുഭവം അന്നുണ്ടായിരുന്നു. ഇന്ന് ഈ കെട്ടിടങ്ങള്‍ ഇടിച്ച് നിരത്തപ്പെട്ടിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിലെ ഹാളുകളിലാണ് പ്രദര്‍ശനം. അന്താരാഷ്ട്ര വ്യാപാര മേളയിലൊരുക്കിയ കേരള പവലിയന്‍ സംസ്ഥാനം സ്വാശ്രയത്തിലൂടെ കൈവരിച്ച നേട്ടങ്ങളുടെ നേര്‍ചിത്രമാണെന്ന് കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യ്ത് രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഡല്‍ഹിയിലുള്ളവര്‍ കേരളത്തെയും കേരളത്തിലെ മാറ്റങ്ങളെയും നേരിട്ടറിയുന്നതിന് വ്യാപാര മേള അവസരമൊരുക്കുന്നതായും അദ്ദേഹം പറഞ്ഞു. അന്ത്രാരാഷ്ട്ര വ്യാപാര മേളയിലെ കേരള പവലിയന്‍ കേരളത്തിന്‍റെ പരിഛേദമാണെന്നു വ്യവസായ മന്ത്രി പി.രാജീവ്. സ്റ്റാള്‍ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇത് അനുഭവിക്കുവാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഒരു വിഞാന അധിഷ്ഠിത സമൂഹവും വിഞാന അധിഷ്ഠിത സമ്പദ്ഘടനയും എന്ന നിലയ്ക്കാണ് കേരളം ഇപ്പോള്‍ വികസിച്ചിരിക്കുന്നത്. ഇത് പ്രതിഫലിക്കുന്ന ഒരു രീതിയിലാണ് കേരള പവലിയന്‍ സജ്ജീകരിച്ചിട്ടുള്ളത്. വിഞാന സമൂഹത്തിലേക്കുള്ള പ്രയാണം വളരെ മനോഹരമായി കേരള പവലിയനില്‍ ദൃശ്യവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബിസിനസ് റ്റു ബിസിനസ് ബന്ധം വളര്‍ത്താന്‍ വേണ്ടി ഇതര സംസ്ഥാനങ്ങളിലെ വ്യവസായങ്ങള്‍ കേരളത്തിലെത്തിക്കുന്നതിന് അന്താരാഷ്ട്ര വ്യാപരമേളയിലെ ബി റ്റു ബി ദിനങ്ങള്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്ന് കേരള സര്‍ക്കാരിന്‍റെ ഒ.എസ്.ഡി അംബാസഡര്‍ വേണു രാജാമണി ഐ.ഫ്.എസ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ ബിസിനസുകളെ കേരളത്തിലുള്ള വ്യവസായങ്ങളുമായി ബന്ധപ്പെടുത്തി അവ ശക്തപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെടുക്കാന്‍ ഇത്തരം മേളകള്‍ ഉപയോഗപ്പെടുത്തണം. വരും വര്‍ഷങ്ങില്‍ ഡല്‍ഹിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും അന്താരാഷ്ട്ര വ്യാപാര സമൂഹത്തെയും കേരളത്തില്‍ എത്തിക്കുവാന്‍ സാധിക്കണമെന്ന് വേണു രാജാമണി പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ ക്യഷി വകുപ്പ് ഒരുക്കിയ സെല്‍ഫി പോയിന്‍റ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു. ഉദ്ഘാടകന്‍ മുതല്‍ പിന്നീടെത്തിയ എല്ലാ അതിഥികളും ക്യഷി ഉത്പന്നങ്ങളുമായി തുഴയുന്ന വഞ്ചിയില്‍ ഇരുന്ന് ചിത്രങ്ങള്‍ പകര്‍ത്തി. എല്ലാ പവലിയനിലും ഇത്തരത്തില്‍ മേളയിലെത്തുന്ന ജനങ്ങളെ ആകര്‍ഷിക്കാന്‍ വ്യത്യസ്ഥ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ അവരുടെ കലാരൂപം അവതരിപ്പിക്കും. ഇന്‍കം ടാക്സ് പവലിയനില്‍ അവരുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മലയാളിയായ സജ്ജീവ് ബാലക്യഷ്ണന്‍ സന്ദര്‍ശകരുടെ കാരിക്കേച്ചറുകള്‍ വരച്ചു നല്‍കുന്നു. നികുതിയില്ലാതെ സൗജന്യമായാണ് കാരിക്കേച്ചര്‍ നല്‍കുന്നത്.