ഭൂമി മലിനമാകുന്നു

ഭൂമി മലിനമാകുന്നു

വിജയ് ചൗക്ക് @ 119 @ മെട്രോ വാര്‍ത്ത: നവംബര്‍ 16

സുധീര്‍നാഥ് 


ലോകത്താകമാനം നാള്‍ക്കുനാള്‍ ഭൂമി മലിനമായി കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഫലമായാണ് കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത്. ലോകം മുഴുവന്‍ ഇത് ചര്‍ച്ച ചെയ്യുന്നു. രാജ്യങ്ങളുടെ തലവന്‍മാര്‍ കാലാവസ്ഥ വ്യതിയാനം ഗൗരവമായി എടുത്തിരിക്കുന്നത് കൊണ്ടാണല്ലോ പരിഹാരം തേടി യോഗങ്ങള്‍ ചേരുന്നത്. ലോകത്തെ നല്ലൊരു വിഭാഗം ജനങ്ങളും കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭീകരത മനസിലാക്കിയവരാണ്. ഇത് മനസിലാക്കിയവര്‍ തന്നെ പകുതിയിലേറെ പേര്‍ ഭൂമിയെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടോ...? ഇല്ലെന്നാണ് പല നടപടി ക്രമങ്ങളും പരിശോധിക്കുകയാണെങ്കില്‍ മനസിലാകുന്നത്. ഞാനൊരാള്‍ മാത്രം വിചാരിങ്ങാല്‍ പോരല്ലോ എന്ന ന്യായം പറഞ്ഞ് ഭൂമി മലിനമാക്കുന്നതില്‍ അവരും ഒപ്പം ചേരുന്നു.

മരം മുറിച്ചും, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറച്ചും, വിഷപ്പുക അന്തരീക്ഷത്തില്‍ നിറച്ചും മനുഷ്യര്‍ ഭൂമിയുടെ ആവാസ വ്യവസ്ഥയ്ക്ക് വിപരീത ഫലം ഉണ്ടാക്കി. ഇതിന്‍റെ പ്രത്യാഘാതം ലോക ജനത അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം ഭൂമിയിലെ ജീവികള്‍ക്കെല്ലാം ശക്തമായ താക്കീത് നല്‍കി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. താക്കീതിന്‍റെ ശക്തി നാള്‍ക്കുനാള്‍ കൂടി വരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതിന് തടയിടാന്‍ നടത്തുന്ന ശ്രമങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ത് കൊണ്ട് ഫലം കാണുന്നില്ല എന്നത് ചോദ്യം തന്നെയാണ്. അത് വളരെ ഗൗരവമായി ചര്‍ച്ചകള്‍ നടത്തി പരിഹരിച്ചില്ലെങ്കില്‍ അതി ഗുരുതരമായ സാഹചര്യത്തിലേയ്ക്ക് പോകുമെന്നതില്‍ ഒരു സംശയവുമില്ല.

നമുക്ക് നമ്മുടെ രാജ്യത്തു നടക്കുന്ന മാറ്റങ്ങള്‍ മാത്രം തത്ക്കാലം പരിശോധിക്കാം. ഭൂമി മലീമസമായി കൊണ്ടിരിക്കുന്നു എന്ന് വേവലാതിപെടുമ്പോള്‍ നമ്മുടെ രാജ്യവും അതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു എന്ന് മനസിലാക്കാം. മനുഷ്യന്‍ ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിന്‍റെ ഫലമായി ഭൂമി വ്യാപകമായി കോപിക്കുന്നു. മലയിടിച്ചിലും, മേഘവിസ്ഫോടനവും, ഉരുള്‍പ്പൊട്ടലും, വെള്ളപ്പൊക്കവും എല്ലാം മനുഷ്യരുടെ പ്രക്യതി വിരുദ്ധ നടപടികളുടെ പരിണിത ഫലം തന്നെയാണ്. ഡല്‍ഹി വായു മലിനീകരണത്തിന്‍റെ ഭീതിയിലും, കേരളം വെള്ളപ്പൊക്കത്തിന്‍റെ ഭീതിയിലുമാണ് ഉള്ളത് എന്നത് വര്‍ത്തമാന സംഭവങ്ങളാണ്.

നമുക്ക് ഭൂമിയെ തിരിച്ച് പിടിക്കണം. അതിനായി വ്യാപകമായി എടുക്കേണ്ട നടപടി ക്രമങ്ങളുണ്ട്. മരം മുറിക്കുന്നത് നമുക്ക് നിര്‍ത്താം. വനം നശിപ്പിക്കുന്നത് നമുക്ക് നിര്‍ത്താം. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ട് ഭൂമിയില്‍ വിഷം വിതയ്ക്കുന്നത് നമുക്ക് നിര്‍ത്താം. അന്തരീക്ഷ വായു മലിനമാക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ പുക ശാസ്ത്രീയമായി നിയന്ത്രിക്കുന്ന സംവിധാനങ്ങള്‍ സ്ഥാപിക്കാം. നമ്മുടെ നദികളും പുഴകളും മലിനമാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് നമുക്ക് പിന്തിരിയാം. 

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അതി രൂക്ഷവും അപകടകരവുമായ വായുവാണെന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ജനങ്ങള്‍ വീടിനുള്ളില്‍ പോലും മാസ്ക്ക് ധരിക്കേണ്ട അവസ്ഥയിലായിരിക്കുന്നു. ഡല്‍ഹിയില്‍ ജീവിക്കുന്നവര്‍ക്ക് അത് അത്ര തിരിച്ചറിയപ്പെടുന്നില്ല. ആരോഗ്യ രംഗത്തുള്ളവര്‍ ശ്വാസകോശ രോഗമുള്ളവരോട് ഡല്‍ഹിക്ക്  പുറത്ത് നാലു മാസമെങ്കിലും മാറി താമസിക്കാന്‍ ഉപദേശിക്കുന്നു. ഡല്‍ഹിയിലെ ആശുപത്രികളില്‍ ശ്വാസരോഗമുള്ളവരുടെ വരവ് കൂടുന്നു. വിഷപുക കാരണം കണ്ണുകള്‍ എരിയുന്നു എന്ന് ജനങ്ങള്‍ പരസ്പരം പറയുന്നു. പുറമെനിന്ന് ഡല്‍ഹിയില്‍ എത്തുന്നവരാണ് മാലിന്യത്തിന്‍റെ പ്രഹരം ഏറെ അനുഭവിക്കുന്നത്. 

ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണം കര്‍ഷകരാണെന്ന നിലപാടിനെ സുപ്രീം കോടതി വിമര്‍ശിച്ചു. കര്‍ഷകര്‍ ക്യഷിഭൂമിയില്‍ വൈക്കോലും, മുന്‍ ക്യഷിയുടെ അവശിഷ്ടവും കത്തിക്കുന്നത് വായു മലിനീകരണത്തിന്‍റെ ചെറിയൊരു കാരണം മാത്രമാണ്. വാഹനങ്ങളില്‍ നിന്നുള്ളതും, വ്യവസായ ശാലകളില്‍ നിന്നുള്ളതും, നിര്‍മ്മാണ മേഖലയില്‍ നിന്നുള്ളതും മറ്റുമായ മാലിന്യങ്ങളെ കുറിച്ച് മൗനം പാലിക്കുന്നത് തെറ്റാണ്. അതുകൊണ്ട് കര്‍ഷകരെ മാത്രം കുറ്റം പറയുന്നതില്‍ യോജിപ്പില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കര്‍ഷകരെ പഴിക്കുന്നത് ഇപ്പോള്‍ ഫാഷനായിരിക്കുകയാണെന്ന് സുപ്രീം കോടി നിരീക്ഷിച്ചു.

ശാസ്ത്രീയമായി വൈക്കോല്‍ സംസ്ക്കരിച്ചാല്‍ വായു മലിനീകരണം ഉണ്ടാകില്ല എന്നാണ് പറയുന്നത്. വൈക്കോല്‍ ശാസ്ത്രീയമായി സംസ്കരിക്കുന്ന യന്ത്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് വില. കര്‍ഷകര്‍ക്ക് ഇത് വാങ്ങി ഉപയോഗിക്കുക എന്നത് താങ്ങാവുന്ന ഒന്നല്ല. കര്‍ഷകനായ തനിക്കും, ചീഫ് ജസ്റ്റിസിനും, കര്‍ഷകരെ അറിയുന്നവര്‍ക്കെല്ലാം ഇത് അറിയാമെന്ന് വായുമലിനീകരണ കേസ് പരിഗണിക്കവെ സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. എന്തുകൊണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വൈക്കോല്‍ സംസ്ക്കരണ യന്ത്രങ്ങള്‍ വാങ്ങി സ്ഥാപിക്കുന്നില്ല എന്ന് സുപ്രീം കോടതി ചോദിച്ചത് പ്രസക്തമായ ചോദ്യമാണ്.

ഡല്‍ഹിയിലൂടെ ഒഴുകുന്ന യമുനയില്‍ നിറയെ പത പൊന്തിയിരിക്കുന്നത് കാണാം. യമുനാ നദിയിലെ മാലിന്യം വര്‍ദ്ധിച്ചതാണ് ഇത്തരത്തില്‍ പത ഉയരാന്‍ കാരണം. യമുനയിലെ മാലിന്യ നിക്ഷേപം കാരണം വെള്ളത്തിന്‍റെ ഒഴുക്കും തടസപ്പെട്ടിരിക്കുകയാണ്. വിഷപ്പത നീക്കം ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അടിയന്തിരമായ നടപടി സ്വീകരിക്കുന്നുണ്ട്. മാലിന്യ ജലം യമുനയിലേയ്ക്ക് ഒഴുക്കുന്നത് തടയുന്ന നടപടിയാണ് അടിയന്തരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കേണ്ടതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. 

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരാഴ്ച്ച സ്ക്കൂളുകളും, കോളേജുകളും, മറ്റ് വിദ്യഭ്യാസ സ്ഥാപനങ്ങളും ഒരാഴ്ച്ച അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 17 വരെ തത്ക്കാലം നിരോധിച്ചിരിക്കുകയാണ്. ഡീസല്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനവും, ഇഷ്ടിക ചൂളകളുടെ പ്രവര്‍ത്തനവും നിരോധിച്ചു. ഇവിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ രണ്ട് ദിവസം ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പരിഗണിച്ചുകൂടെ എന്ന് ഡല്‍ഹി സര്‍ക്കാരിരോട് സുപ്രീം കോടതി ചോദിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന അഭിപ്രായം ഗൗരവമായി പരിഗണിക്കുകയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.  

കോവിഡ് വന്നതോടെ ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ തുടങ്ങി. പൊതുവാഹനങ്ങള്‍ എണ്ണത്തില്‍ കുറഞ്ഞതും ഈ കാലയളവിലാണ്. മെട്രോ തീവണ്ടികള്‍ തലങ്ങും വിലങ്ങും ഡല്‍ഹിയില്‍ ഓടുന്നുണ്ട്. പക്ഷെ, കോവിഡിന്‍റെ മുന്‍പ് ഉണ്ടായ യാത്രക്കാരുടെ തിരക്ക് ഇപ്പോള്‍ ഇല്ല. ഡല്‍ഹി ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. ഓടുന്ന ബസുകളില്‍ മുന്‍പുണ്ടായ തിരക്ക് ഇല്ല. ഡല്‍ഹിയിലെ റോഡുകളില്‍ തിരക്ക് വര്‍ദ്ധിച്ചു. വാഹനങ്ങളില്‍ നിന്ന് പുറത്ത് വരുന്ന പുകയാണ് ഡല്‍ഹിയുടെ വലിയ ശതമാനം വായു മലിനീകരണത്തിന് കാരണമാകുന്നത്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമെങ്കിലും കുറയ്ക്കണമെന്ന് കേന്ദ്ര മലിനീകരണ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ അടിയന്തിരമായി വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വായുമലിനീകരണത്തിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തിര യോഗം വിളിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദീര്‍ഘകാല നടപടികളെ കുറിച്ച് പിന്നീട് ചര്‍ച്ച നടത്തിയാല്‍ മതിയെന്നും, അടിയന്തിരമായുള്ള നടപടികളാണ് ഇപ്പോള്‍ ആവശ്യമെന്നും ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു.  

കോവിഡ് ലോക്ക്ഡൗണിന്‍റെ കാലത്ത് വലിയ അളവില്‍ മലിനീകരണം ഉണ്ടായില്ല എന്നത് പഠന വിഷയമാക്കാവുന്നതാണ്. ശുദ്ധമായ അന്തരീക്ഷം കാരണം ചണ്ഡിഗഡില്‍ നിന്നാല്‍ ഹിമാലയ സാനുക്കള്‍ കാണാമായിരുന്നു. കുദ്ദ് മീനാറില്‍ നിന്ന് നോക്കിയാല്‍ ലോട്ടസ് ടെമ്പിള്‍ കാണുമായിരുന്നു. യമുനയിലെ വെള്ളത്തിന്‍റെ നിറം നീലയായി മാറിയിരുന്നു. കൊറോണ വൈറസുകളുടെ അക്രമണമില്ലാത്ത കാലത്തും ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുകയാണ് വേണ്ടത്. അതിന് സര്‍ക്കാരുകള്‍ മാത്രം മനസ് വെച്ചാല്‍ മതിയാകില്ല. ജനങ്ങള്‍ കൂടി മനസ് വെയ്ക്കേണ്ടതുണ്ട്. നമുക്ക് ഒരുമിച്ച് നിന്ന് ഭൂമിയെ രക്ഷിക്കേണ്ടതുണ്ട്. ഭാവി തലമുറയ്ക്ക് ജീവിക്കാന്‍ വേണ്ട അന്തരീക്ഷം ഉണ്ടാക്കി കൊടുക്കേണ്ടതുണ്ട്.