പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2021 ഒക്ടോബര്‍ 15 


റീ രജിസ്ട്രേഷന് എട്ടിരട്ടി

15 വര്‍ഷം പൂര്‍ത്തീകരിച്ച പെട്രോള്‍ വാഹനവും 10 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഡീസല്‍ വാഹനവും ഇനി നിരത്തുകളില്‍ ഓടാന്‍ റീ രജിസ്ട്രേഷന്‍ നടത്തണം. 2022 ഏപ്രില്‍ മുതല്‍ റീ രജിസ്ട്രേഷന് എട്ടിരട്ടിയാണ് ഫീസ്. കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം ഇത്സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു. ഒരു കാറ് റീ രജിസ്റ്റര്‍ചെയ്യാന്‍ നിലവിലെ 600 രൂപയ്ക്ക് പകരം 5000 രൂപ നല്‍കണം. മോട്ടോര്‍ ബൈക്കുകള്‍ക്ക് 300 രൂപയ്ക്ക് പകരം 1000 രൂപ നല്‍കണം. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ റീ രജിസ്ട്രേഷനും ഇല്ല എന്നാണ് മറ്റൊരു ഉത്തരവ്. രൂക്ഷമായ അന്തരീക്ഷ മലിനീകരണമാണ് അങ്ങിനെ സംഭവിക്കാന്‍ കാരണം. ഡല്‍ഹിയിലെ മുനിസിപ്പാലിറ്റികള്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ പഴയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിടത്ത് എത്തി നോട്ടീസ് പതിക്കും. ഒരാഴ്ച്ച കഴിഞ്ഞാല്‍ വാഹനം എടുത്ത് കൊണ്ടുപോകും. പഴയ വാഹനങ്ങള്‍ ഓടിക്കുന്നത് കണ്ടാല്‍ വലിയ പിഴ ചുമത്താനും, വാഹനം പിടിച്ചെടുക്കാനും ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. കാലാവധി കഴിഞ്ഞ ലക്ഷകണക്കിന് വലുതും ചെറുതുമായ വാഹനങ്ങള്‍ ഡല്‍ഹിയുടെ പലയിടത്തായി പാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതൊക്കെ നീക്കം ചെയ്യുന്ന നടപടികള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് വ്യാപകമായി ഇലക്ട്രിക്ക് വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ഇരുചക്ര വാഹനത്തില്‍ കുടപിടിച്ച് യാത്ര ചെയ്താല്‍ പിഴ അടയ്ക്കേണ്ടിയും വരും.

കല്‍ക്കരി ക്ഷാമവും, പവര്‍ കട്ടും

ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ വൈദ്യുതി വകുപ്പുകള്‍ പവര്‍ കട്ട് പ്രതീക്ഷിക്കുന്നു എന്ന് ഉപഭോക്താക്കളെ അറിയിച്ച് കഴിഞ്ഞു. അതുകൊണ്ട് ഇരുട്ടടിയാവില്ല പവര്‍ കട്ട് വാര്‍ത്ത എന്ന് സമാധാനിക്കാം. രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് കാരണം. രാജ്യം ഇരുട്ടിലേക്ക് നീങ്ങുന്ന സൂചന നല്‍കുന്ന കല്‍ക്കരി ക്ഷാമം എല്ലാ വിഭാഗം ആളുകളും മുന്‍കൂട്ടി കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. കഴിഞ്ഞ വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ കോള്‍ ഇന്ത്യ ലിമിറ്റഡ് എന്ന കല്‍ക്കരി ഖനന കമ്പനിയുടെ ഇന്നത്തെ അവസ്ഥ എന്താണ്...? രാജ്യത്തെ വികസനത്തിലേക്കും ഊര്‍ജ സ്വയംപര്യാപ്തതയിലേക്കും നയിക്കാനായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കണ്ണായ 41 കല്‍ക്കരി ഖനികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വളരെ താഴ്ന്ന വിലയ്ക്ക് കൈമാറി. സര്‍ക്കാര്‍ ന്യായീകരണം കോള്‍ ഇന്ത്യക്കു കോളിയേറികളില്‍ അടിസ്ഥാന സൗകര്യങ്ങളില്‍  നിക്ഷേപിക്കാനുള്ള 6 ബില്യണ്‍ ഡോളര്‍ ഇല്ല എന്നായിരുന്നു. അത് കല്ല് വെച്ച നുണയായിരുന്നു. വര്‍ഷത്തില്‍ 10000 കോടിക്ക് മേലെ ലാഭവും 30000 കോടി റിസേര്‍വും ഉള്ള കോള്‍ ഇന്ത്യക്കണോ 6 ബില്യണ്‍ കാപ്പെക്സ് ബുദ്ധിമുട്ട് എന്നൊന്നും പണ്ഡിതര്‍ ആരും ചോദിച്ചില്ല. കൂടാതെ പബ്ലിക് സെക്ടറില്‍ ഏറ്റവും മികച്ച രീതിയില്‍ പരിമിതികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന കോള്‍ ഇന്ത്യ ശരാശരി 3 മാസത്തെ സ്റ്റോക് എന്ന നെഹ്രുവിന്‍റെ കാലം മുതലുള്ള പോളിസി വെച്ച് ഇന്‍വെന്‍ററി 2015 വരെ നിലനിര്‍ത്തുമായിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് ആഞ്ഞടിച്ചപ്പോള്‍ ഡിമാന്‍ഡ് കുറയുന്നത് കണ്ട് അത് 45 ദിവസമാക്കി. പക്ഷെ ഊര്‍ജരംഗത്തെ മച്ചമ്പിയും ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയുമായ അദാനിയുടെ ലാഭം ഉയര്‍ത്താന്‍ കോള്‍ ഇന്ത്യയുടെ സ്റ്റോക് കുറച്ചു കുറച്ച് ഇപ്പോള്‍ വെറും മൂന്ന് ദിവസത്തിലെത്തിച്ചു. ഇത് മൂലം രാജ്യത്തെ വൈദ്യുതിനിലയങ്ങള്‍ മുഴുവന്‍ കടുത്ത പ്രതിസന്ധിയിലായി. ആരെങ്കിലും ഇടപെട്ടില്ലെങ്കില്‍ വൈദ്യുതി സ്തംഭനം ഉറപ്പാണ്. മികച്ച പ്രൊഡക്ഷന്‍ ഉണ്ടാക്കാന്‍ സ്വകാര്യ വൈദ്യുതമേഖലയ്ക്ക് കൈമാറിയ കോള്‍ ബ്ലോക്കില്‍ നിന്നും അവര്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നില്ല. കാരണം അങ്ങനെ ഉണ്ടാക്കാവുന്ന ലാഭത്തിനേക്കാള്‍ കൂടുതല്‍ ചൈന കല്‍ക്കരി വാങ്ങുമ്പോള്‍ കിട്ടുന്നു. വെറുതെ കുഴിച്ചു വിറ്റാല്‍ മതി.

മാര്‍ക്ക് ജിഹാദ്...

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പ്രശസ്തമായ ഡല്‍ഹി സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയത് മാര്‍ക്ക് ജിഹാദ് മൂലമെന്ന പരാമര്‍ശം വിവാദമായി. ഡല്‍ഹി സര്‍വ്വകലാശാലയ്ക്ക് കീഴിലെ നോര്‍ത്ത് ക്യാമ്പസിലെ കരോരിമല്‍ കോളേജിലെ ഫിസിക്സ് വിഭാഗം അദ്ധ്യാപകനും സംഘപരിവാര്‍ സംഘടനയായ നാഷ്ണല്‍ ഡെമോക്രാറ്റിക്ക് ടീച്ചേഴ്സ് ഫ്രണ്‍ഡ് മുന്‍ അദ്ധ്യക്ഷനുമായ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയാണ് വിവാദ പരാമര്‍ശം നടത്തിയത്. മതം പ്രചരിപ്പിക്കാന്‍ പ്രണയം ഉപയോഗപ്പെടുത്തുന്നതാണ് ലൗ ജിഹാദ്. ആശയം പ്രചരിപ്പിക്കാന്‍ മാര്‍ക്ക് നല്‍കുന്നതാണ് മാര്‍ക്ക് ജിഹാദ്. അദ്ധ്യാപകന്‍റെ പ്രസ്ഥാവന വ്യാപക പ്രതിഷേധമാണ് ഉണ്ടാക്കിയത്. കേരളം ഇടത് കേന്ദ്രമാണെന്നും, ജെ.എന്‍.യുവിന്‍റെ ഇടത് നിയന്ത്രണം നഷ്ടമായപ്പോള്‍ ഡി.യുവിലേയ്ക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുകയാണ് ഇടത് പക്ഷ അനുഭാവികള്‍ എന്നും ഈ അദ്ധ്യാപകന്‍ കുറ്റപ്പെടുത്തുന്നുമുണ്ട്. ആദ്യ ഘട്ട കട്ടോഫ് ലിസറ്റിന് നൂറ് ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കായിരുന്നു പ്രവേശനം. ഇതിനകം 2500 മലയാളികളായ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ വിവിധ കോളേജുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഹിന്ദു കോളേജില്‍ മാത്രം അഞ്ഞൂറോളം മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചതാണ് അദ്ധ്യാപകനെ പ്രകോപിപ്പിച്ചത്. മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് കേന്ദ്ര സര്‍വ്വകലാശാലയായ ഡി.യുവില്‍ പ്രവേശനം നല്‍കുന്നതെന്ന് രജിസ്റ്റാര്‍ വ്യക്തമാക്കി. യാതൊരു തരത്തിലുള്ള വിവേചനവും കാണിച്ചില്ല. എല്ലാ സംസ്ഥാനങ്ങളേയും തുല്ല്യമായിട്ടാണ് പരിഗണിച്ചിട്ടുള്ളത് എന്നും രജിസ്റ്റാര്‍ പ്രസ്ഥാവിച്ചു.  


സി.എന്‍.ജിയുടേയും പി.എന്‍ജിയുടേയും വില ഉയരുന്നു

ഇന്ത്യയില്‍ പെട്രോളിനും, ഡീസലിനും എല്ലാ ദിവസവു വില ഉയരുന്നത് പതിവായിരിക്കുന്നു. രണ്ടിനും നൂറ് രൂപ ലിറ്ററിന് ശടന്നു. തൊട്ടടുത്ത നേപ്പാളിലേയ്ക്കുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്നാണ് പക്ഷെ അവിടെ ഇന്ത്യയേക്കാള്‍ വളരെ കുറഞ്ഞ വിലയാണ്. ഇപ്പോള്‍ പ്രക്യതി വാതക വിലയും ഉയരാന്‍ തുങ്ങെിയിരിക്കുന്നു. അന്തരീക്ഷ മാലിന്യം കുറയ്ക്കുന്നതിന് സി.എന്‍.ജി. വാഹനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിട്ട് ഏറെ നന്നായിട്ടില്ല. പൈപ്പ് ലൈന്‍ വഴി പാചക വാതകമായ പി.എന്‍.ജി.  വിതരണവും സമാനമായി പ്രോത്സാഹിപ്പിച്ചു. പക്ഷെ ഇപ്പോള്‍ ഇത് രണ്ടിനും വില വര്‍ദ്ധിപ്പിച്ചു തുടങ്ങിയിരിക്കുന്നു. പെട്രോളം, ഡീസലും, പാചക വാതകത്തിനും വില കൂടിയപ്പോള്‍ ആശ്വാസമായിരുന്നതാണ് സി.എന്‍ജിയും, പി.എന്‍.ജിയും. ജനങ്ങള്‍ ജീവിത വഴി മുട്ടിയ അവസ്ഥയിലായെന്ന് ഉറപ്പിക്കാം.

പെണ്‍ പെരുമയും, പെണ്‍ ഒരുമയും.

പെണ്‍ കുട്ടികളുടെ നീതിക്കുവേണ്ടി ഇന്ത്യന്‍ ഭരണഘടനയുമായി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങിയ അഞ്ച് സ്ത്രീകളേയും, അവര്‍ക്ക് വേണ്ടി വാദിച്ച വനിതാ വക്കീലിനേയും അഭിനന്ദിച്ചേ മതിയാകൂ. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം സ്ത്രീ പുരുഷ സമത്ത്വം വേണമെന്ന ആവശ്യപ്പെട്ടാണ് കോടതിയില്‍ സമീപിച്ചത്. കമാന്‍റര്‍ പ്രസന്ന എടയേഡത്ത്, കമാന്‍റര്‍ പൂജ ചമ്പ്ര, കമാന്‍റര്‍ പ്രസന്ന ആര്‍, കമാന്‍റര്‍ സുമിതാ ബലോനി, കമാന്‍റര്‍ സരോജ് എന്നിവരായിരുന്നു അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍. വനിതകള്‍ക്ക് വേണ്ടി വനിതാ അഭിഭാഷകയായ പൂജ ദര്‍ ഹാജരായി നീണ്ട പത്ത് വര്‍ഷം വാദിച്ചു. 14 വര്‍ഷം നാവിക സേനയില്‍ ജോലി ചെയ്ത് 37ാം വയസില്‍ സ്ത്രീയായത് കൊണ്ട് മാത്രം വിരമിക്കേണ്ടി വന്നപ്പോള്‍ തുടര്‍ന്ന് ജോലി ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. സ്ത്രീകള്‍ക്ക് സേനയില്‍ ഷോര്‍ട്ട് സര്‍വ്വീസ് മാത്രമാണ് ഇക്കാലമത്രയും അനുവധിച്ചിരുന്നത്. സ്ത്രീകള്‍ക്കും സേനയില്‍ പുരുഷന്‍മാരെ പോലെ സര്‍വ്വീസ് നല്‍കണമെന്ന് കോടതി വിധിച്ചു. വിധി വന്നപ്പോള്‍ മറ്റൊന്ന് കൂടി ഉണ്ടായത് എടുത്ത് പറയേണ്ടതാണ്. ആണ്‍ കുട്ടികളെ പോലെ സൈനിക സ്ക്കൂളിലും, നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികളെ പോലെ പ്രവേശനം നല്‍കണമെന്നായിരുന്നു സുപ്രീം കോടതി എഴുതി ചേര്‍ത്തത്. 35വര്‍ഷം കഴിഞ്ഞാല്‍ ഒരു പക്ഷെ ഇന്ത്യന്‍ സുരക്ഷാ സേനയുടെ ഏതെങ്കിലും ഒന്നിന്‍റെ തലപ്പത്ത് സ്ത്രീയുണ്ടാകാനുള്ള സാധ്യതയാണ് തെളിഞ്ഞത്. അത് സാധ്യമാക്കുന്ന വിധിയാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്. അഞ്ച് റിട്ടയേഡ് വനതാ മിലിറ്ററി ഉദ്യോഗസ്ഥരാണ് സുപ്രീം കോടതിയില്‍ എത്തിയത്. 

സുധീര്‍ നാഥ്