കാർട്ടൂണിന്റെ പൊന്നുതമ്പുരാൻ

കാർട്ടൂണിന്റെ പൊന്നുതമ്പുരാൻ
സുധീർ നാഥ്.

കാർട്ടൂണിസ്റ്റ്, മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ, ചലചിത്ര പ്രവർത്തകൻ ... വിശേഷണങ്ങൾ പലതാണ് 
കാർട്ടൂണിസ്റ്റ് യേശുദാസന് . ഒരു ചിത്രകാരനോ കാർട്ടൂണിസ്റ്റോ ആയിരുന്നില്ല വ്യക്തിപരമായി അദ്ദേഹം എനിക്ക്. ഓർമ്മ വെച്ച നാൾ മുതൽ അദ്ദേഹത്തിന്റെ രൂപം എന്നിലുണ്ട്. അയൽവാസി ആയതിനാലും, സമപ്രായക്കാരായ മക്കൾ കളിക്കൂട്ടുകാരായതിനാലും അടുപ്പമുണ്ടായിരുന്നു. വരയുടെ ലോകത്ത് വന്നപ്പോൾ അദ്ദേഹം ഗുരുസ്ഥാനിയനായി.   

ഒരു ശരാശരി വിദ്യാർത്ഥിയായ ഞാൻ വരയിൽ കൂടുതൽ ശ്രദ്ധ കാണിച്ചതു കൊണ്ട് യേശുദാസന്റെ അടുത്ത് എത്തപ്പെടുകയായിരുന്നു.  കുടുംബ സുഹ്യത്തായ എലിസബത്ത് ആന്‍റി ഒരിക്കല്‍ എന്‍റെ കണക്ക് പുസ്തകം മറിച്ച് നോക്കിയപ്പോള്‍ പകുതിയിലേറെ പേജിലും കാര്‍ട്ടൂണ്‍ വര. അവരത് അമ്മയോട് പറഞ്ഞു. വരപ്പ് രോഗം കൂടുതലാണ്, നന്നായി വരയ്ക്കുന്നുണ്ട്, ദാസങ്കിളിനെ ഒന്ന് കാണിക്കണം എന്ന് അമ്മയോട് അവര്‍ പറഞ്ഞു. തെളിച്ച വഴിയില്‍ (പഠിക്കുന്ന കാര്യം) പോയില്ലെങ്കില്‍ പോകുന്ന വഴിയെ (വരയ്ക്കുന്ന കാര്യം) തെളിക്കാമെന്ന് അമ്മ പരസ്യമായി പ്രഖ്യാപിച്ചു. മറ്റൊരു കുടുംബ സുഹ്യത്തും അയല്‍ക്കാരനുമായ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ വീട്ടിലേയ്ക്ക് ഒരു ദിവസം അമ്മ തന്നെ എന്നെ കൊണ്ടു പോയി. അമ്മയും യേശുദാസങ്കിളിന്‍റെ ഭാര്യ മേഴ്സിയും സുഹ്യത്തുക്കളാണ്. ഇരുവരും ടെലിഫോണ്‍സ് ഡിപ്പാര്‍ട്ട് മെന്‍റില്‍ ജോലി ചെയ്തവരാണ്. മാത്രവുമല്ല, 1970 തില്‍ വീടിന് ഏറെ ദൂരെയല്ലാത്ത ഒരു വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മകനില്‍ കാര്‍ട്ടൂണ്‍ വരപ്പിന്‍റെ അസ്ഥിരത കലശലായിട്ടുണ്ടെന്ന് അമ്മ തന്നെ ദാസങ്കിള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റിനോട് പറഞ്ഞു.  

എന്‍റെ വരകള്‍ അമ്മ കാണിച്ചു. ഇടയ്ക്ക് ഒന്ന് പരിശോധിക്കണമെന്ന അഭ്യര്‍ത്ഥനയും അമ്മ നടത്തി. പിന്നീട് എല്ലാ ആഴ്ച്ചയിലും കാര്‍ട്ടൂണ്‍

പരിശോധന പതിവായി. ഓരോ ആഴ്ച്ചയിലും വരച്ച കാര്‍ട്ടൂണുമായി യേശുദാസന്‍ സാറിനെ രാവിലെ വീട്ടില്‍ കൊണ്ടു പോയി കാണിക്കും. ഒരിക്കലും അദ്ദേഹം ഒരു കാര്‍ട്ടൂണ്‍ പോലും നല്ലെത് എന്ന് പറഞ്ഞില്ല. മാത്രമല്ല എല്ലാ കാര്‍ട്ടൂണിലേയും കുറ്റം ചൂണ്ടി കാണിക്കും. കുറ്റമറ്റ ഒറ്റ കാര്‍ട്ടൂണും വരയ്ക്കാന്‍ സാധിച്ചില്ല. അതൊരു വാശിയായിരുന്നു. നല്ല കാര്‍ട്ടൂണ്‍ വരയ്ക്കുവാനുള്ള വാശി. അത് വരയുടെ പരിശീലനമായി മാറി. അന്ന് അദ്ദേഹം കാര്‍ട്ടൂണുകള്‍ കണ്ട് ഗംഭീരമായിരിക്കുന്നു എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കാര്‍ട്ടൂണിസ്റ്റാകില്ലായിരുന്നു. വര അവിടെ വെച്ച് മുരടിച്ച് പോകുമായിരുന്നു. കാര്‍ട്ടൂണ്‍ ലോകത്ത് ആദ്യ പാഠങ്ങള്‍ യേശുദാസനിൽ നിന്നാണ് പഠിച്ചത്.

കുട്ടികളുടെ സ്വഭാവമായിരുന്നു യേശുദാസൻ അങ്കിളിന് എന്ന് ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. ഫോൺ വിളിച്ചില്ലെങ്കിൽ പിണങ്ങും. മുൻപ് കത്ത് എഴുതിയില്ലങ്കിൽ പിണങ്ങുമായിരുന്നു. അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത നടപടി സ്വീകരിച്ചാൽ പിണങ്ങും. വിമർശിച്ചാൽ പിണങ്ങും. സ്വഭാവത്തിൽ മാത്രമല്ല, ജീവിതചര്യകളിലും കുട്ടിത്തം സൂക്ഷിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. കാർട്ടൂണിസ്റ്റ് യേശുദാസൻ എൺപത്തിമൂന്നാം വയസിലും കുട്ടികൾക്കായുള്ള സോപ്പും പൗഡറുമായിരുന്നു ഉപയോഗിച്ചിരുന്നത്. 

കാർട്ടൂൺ രചനയിൽ തുടക്കം കുറിച്ച ആദ്യ നാളുകൾ മുതൽ കാർട്ടൂണിസ്റ്റ് യേശുദാസനെ എല്ലാ ആഴ്ച്ചയിലും കാണുമായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം നടത്തിയ പല യാത്രകളും ഓരോ പാഠങ്ങളായിരുന്നു. യേശുദാസന്റെ ഓരോ കാർട്ടൂണുകളും പാഠ്യ വിഷയങ്ങളാണ്. ചരിത്രം പറയുന്ന കാർട്ടൂണുകളാണ് പലതും.

കേരള കാർട്ടൂൺ അക്കാദമി വേദിയിൽ സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കെ തന്നെ

അദ്ദേഹത്തോടൊപ്പം പോയി. അക്കാദമി ചെയർമാനായിരുന്ന അദ്ദേഹം എന്നിൽ കൂടുതൽ വിശ്വാസം അർപ്പിച്ചിരുന്നു. അന്ന് ഒരു സഹായിയായിട്ടാണ് പോയിരുന്നത്. അവിടെ കൂടിയിരുന്ന പ്രശസ്തരുമായി ഇടപഴകാൻ സാധിച്ചത് വരയുടെ ലോകത്തെ വളർച്ചയ്ക്ക് കാരണമായി. അങ്ങിനെ ചെറു പ്രായത്തിൽ തന്നെ കാർട്ടൂൺ അക്കാദമി അംഗമായി. അവസരങ്ങൾ കൂടുതൽ ലഭിച്ചു. 

ഡൽഹിയിൽ അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകൾ മറക്കുവാൻ സാധിക്കുന്നതല്ല. മുൻപ് കാർട്ടൂണിസ്റ്റ് ശങ്കറിനൊപ്പം ജോലി ചെയ്യുന്ന അവസരത്തിൽ യേശുദാസൻ ഡൽഹിയിൽ ഏറെ കാലം താമസിച്ചിട്ടുണ്ട്. ഡൽഹിയിൽ അദ്ദേഹത്തോെടാപ്പം പല ഇടവഴികളിലൂടെ നടത്തിയ യാത്രകളും, ചരിത്രപരമായ വിശേഷങ്ങളും എത്രയോ കേട്ടിരിക്കുന്നു. ഓർമ്മശക്തിയും, മൂർച്ചയേറിയ വാചകങ്ങളും അദ്ദേഹത്തിന്റെ മിക്ക കാർട്ടൂണ്ടുകളിലും കാണാം. കാർട്ടൂണിൽ മാത്രമല്ല നിത്യ ജീവിതത്തിലും നർമ്മത്തിൽ പൊതിഞ്ഞ ഇരുതല മൂർച്ചയുള്ള വാചകങ്ങൾ പ്രയോഗിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. 

കാർട്ടൂണിസ്റ്റ് യേശുദാസൻ ഏറ്റവും കൂടുതൽ വരച്ചിരുന്നത് ഇ.എം.എസി നെയാണ്. ഇ.എം.എസിനെ വരയ്ക്കാൻ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. നായനാരേയും, പിന്നെ കെ. കരുണാകരനേയും ആയിരുന്നു കൂടുതൽ വരച്ചിട്ടുള്ളത്. രണ്ട് പേരെ കുറിച്ചുള്ള കാർട്ടൂണുകളുടെ സമാഹാരം അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങൾ വളരെ വിശേഷപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ അത്തരം ബന്ധങ്ങളുടെ കഥകൾ പറയുന്നതാണ്. ആത്മകഥ പൂർത്തീകരിച്ച ശേഷമാണ് കാർട്ടൂണിസ്റ്റ്‌ യേശുദാസൻ വിട പറയുന്നത്. ആത്മകഥയിൽ പറയാത്ത പല കഥകളും ഉണ്ടന്ന് പല തവണ അദ്ദേഹം പറഞ്ഞിട്ടുണ്ട്. വരയുടെ പൊന്നുതമ്പുരാന്റെ വിയോഗം കേരളത്തിന്റെ നഷ്ടമാണ്.


https://www.manoramaonline.com/news/latest-news/2021/10/06/remembering-the-life-and-works-of-renowned-cartoonist-cj-yesudasan-who-passed-away-today.html