കോണ്‍ഗ്രസ് മുതല്‍ കോണ്‍ഗ്രസ് വരെ
വിജയ് ചൗക്ക് @ 113 @ മെട്രോ വാര്‍ത്ത: ഒക്ടോബര്‍ 05
സുധീര്‍നാഥ്
വര്‍ത്തമാന കാല രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രസക്തി ചര്‍ച്ച ചെയ്യേണ്ടത് തന്നെതാണ്. വിശേഷിച്ച് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പോലും നേത്യത്ത്വം കൊടുത്ത കോണ്‍ഗ്രസ്. 1885ല്‍ ഇന്ത്യന്‍ ജനതയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയില്‍ നിന്ന് സ്വതന്ത്ര്യം നേടിയെടുക്കു എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ദേശീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്. സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പിരിച്ച് വിടണമെന്ന അഭിപ്രായം മഹാത്മാ ഗാന്ധിക്ക് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, ഇന്ത്യയുടെ ഭരണം ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നേത്യത്ത്വത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. 1925ല്‍ തുടക്കം കുറിച്ച ആര്‍.എസ്.എസ്. വളര്‍ന്ന് ബി.ജെ.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനം വഴി ഇന്ന് രാജ്യം ഭരിക്കുകയാണ്. 1925ല്‍ തുടങ്ങിയ സി.പി.ഐ പിന്നീട് രണ്ടായെങ്കിലും ഇന്ന് ദേശിയ രാഷ്ട്രീയത്തില്‍ വലിയ സ്ഥാനം നേടാന്‍ സാധിക്കാതെ പോയി.
ഇന്ന് മറ്റേത് രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ രാജ്യമൊട്ടാകെ വേരോട്ടമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ വേരോട്ടമുണ്ട്. ഇന്ന് വേരുകള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത് എന്നത് മറ്റൊരു സത്യം. കോണ്‍ഗ്രസിന്‍റെ വേരുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടില്ല എന്നത് കോണ്‍ഗ്രസ് നേത്യത്ത്വം തിരിച്ചറിയുന്നുമില്ല. മികച്ച നേത്യത്ത്വത്തിന്‍റെ കുറവ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഉണ്ട്. അത് അംഗീകരിക്കാന്‍ നേത്യത്ത്വം ഇന്ന് തയ്യാറാകുന്നില്ല എന്നതാണ് കോണ്‍ഗ്രസിന്‍റെ പരാജയം. അതിനുള്ള ശ്രമം ഒരു വിഭാഗം നടത്തുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യവുമാണ്.
ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വേരോട്ടമുള്ള കോണ്‍ഗ്രസിന് ഒരു തിരിച്ച് വരവ് സാധിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. അതിന് നിലവിലെ നേത്യത്ത്വം അശക്തരാണ് എന്നും പറഞ്ഞുകൂടാ. പുതിയൊരു പ്രവര്‍ത്തന രീതി കൊണ്ടു വരണം. രാഹുല്‍ ഗാന്ധിയില്‍ നിന്നും, പ്രിയങ്ക ഗാന്ധിയില്‍ നിന്നും മാത്രമേ പുതിയ നേത്യത്തം ഉണ്ടാകണമെന്ന വാശി ആര്‍ക്കോ ഉള്ളത് കോണ്‍ഗ്രസിന്‍റെ ഭാവി മുരടിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ മികച്ച രാഷ്ട്രീയക്കാരനായി മാറിയിട്ടുണ്ട് എന്നത് സമ്മതിക്കണം. ജനങ്ങളോ, കോണ്‍ഗ്രസിലെ പല നേതാക്കളോ അത് ഇനിയും അംഗീകരിച്ചിട്ടില്ല. അതിന് അവര്‍ മാനസികമായി തയ്യാറാകുന്നില്ല. പ്രിയങ്ക വദ്ര മികച്ച നേതാവാണ്. അവരുടെ ഭര്‍ത്താവ് വദ്രയാണ് അവര്‍ക്ക് കരിനിഴല്‍. കര്‍ഷകരെ വണ്ടി കയറ്റി കൊല ചെയ്ത ഉത്തര്‍പ്രദേശിലെ ലംഖിംപുര്‍ ഖേടിയിലേയ്ക്ക് പ്രിയങ്ക പോയത് ദേശിയ ശ്രദ്ധ നേടി. അവിടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും, പോലീസിനേയും ചോദ്യം ചെയ്ത് കര്‍ഷകര്‍ക്ക് വേണ്ടി അവര്‍ നടത്തിയ പ്രകടനം രാഷ്ട്രീയമായി കോണ്‍ഗ്രസിന് ഗുണം ചെയ്യും. കാമരാജ് കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷനായിരുന്ന കാലത്ത് പാര്‍ട്ടി വളരുകയായിരുന്നു എന്നത് ചരിത്രമാണ്. അങ്ങനെ എത്രയോ പേര്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന നരസിംഹ റാവുവിന്‍റെ മ്യതശരീരം കോണ്‍ഗ്രസ് ആസ്ഥാനത്ത് കയറ്റിയില്ല. ഗേറ്റുകള്‍ അടച്ചതിനാല്‍ 24ാം നമ്പര്‍ അക്ബര്‍ റോഡില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കേണ്ടി വന്നു.
സ്തുതിപാടകര്‍ ഇപ്പോള്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ട്. കോണ്‍ഗ്രസ് അനുഭവിച്ചു കൊണ്ടിരിക്കുന്ന തകര്‍ച്ചയുടെ മുഖ്യ കാരണക്കാര്‍ ഈ പാര്‍ട്ടിയിലെ സ്തുതിപാടകരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പോലും സ്തുതിപാടകര്‍ക്ക് പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയില്‍ ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. പക്ഷെ അത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ എത്രയോ വട്ടം ചൂണ്ടി കാട്ടിയിരിക്കുന്നു. ബി.ജെ.പിയില്‍ വാര്‍ഡ് തലം തൊട്ട് മുകളിലേയ്ക്കുള്ള എല്ലാ തട്ടിലും സ്തുതിപാടകര്‍ക്ക് പ്രത്യേക സ്ഥാനം ലഭിച്ചിരുന്നു. വരാനിരിക്കുന്ന തിരിച്ചടിക്ക് അതായിരിക്കും കാരണമെന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനകം പറഞ്ഞ് കഴിഞ്ഞു.
കോണ്‍ഗ്രസില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്ന യുവനിര നേതാക്കള്‍ ഉണ്ടായിരുന്നു. ജ്യോതിരാധിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയവരായിരുന്നു അവര്‍. മൂവരും പ്രശസ്ത കോണ്‍ഗ്രസ് നേതാക്കളുടെ മക്കളാണ്. പക്ഷെ അവരെ കോണ്‍ഗ്രസില്‍ നിര്‍ത്താന്‍ നേത്യത്ത്വത്തിന് സാധിച്ചില്ല. സച്ചിന്‍ പൈലറ്റ് മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്. അതും കയ്യാലപ്പുറത്തെ... എന്ന പോലാണ്. ഒരവസരത്തില്‍ സച്ചിന്‍ കോണ്‍ഗ്രസ് വിട്ടു എന്ന ചര്‍ച്ച വ്യാപകമായി ഉണ്ടായിരുന്നു. അന്നത്തെ രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിന് ഒപ്പം നില്‍ക്കുന്നതായിരുന്നു. അവിചാരിതമായ ഹെലികോപ്റ്റര്‍ അപകടത്തില്‍ വൈ. എസ്. രാജശേഖര റെഡ്ഡി അന്തരിച്ചപ്പോള്‍, അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും ജനകീയനുമായ ജഗനെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര നേത്യത്ത്വം തയ്യാറായില്ല. മാധവ റാവു സിന്ധ്യയുടെ മകനായ ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് അര്‍ഹമായ പദവി നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിടില്ലായിരുന്നു.
പഞ്ചാബില്‍ ജനകീയനായ കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍റെ മുഖ്യമന്തി കസേരയില്‍ നിന്നുള്ള രാജിയും, തുടര്‍ന്നുള്ള നീക്കങ്ങളും നിരീക്ഷിക്കേണ്ടതാണ്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു എന്ന് പറയുന്ന അദ്ദേഹം ബി.ജെ.പിയിലേയ്ക്ക് പോകില്ല എന്ന് പ്രഖ്യാപിച്ചു. ശക്തമായ കര്‍ഷക സമരത്തിനൊപ്പം നിന്നില്ലെങ്കില്‍ ഭാവി രാഷ്ട്രീയ ജീവിതം എങ്ങിനെ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് നല്ലവണ്ണം അറിയാം. അതേസമയം തന്നെ കപില്‍ സിബല്‍, ഗുലം നബി അസാദ് തുടങ്ങിയവര്‍ ഡല്‍ഹിയിലും, ഉമ്മന്‍ ചാണ്ടി, സുധീരന്‍ തുടങ്ങിയവര്‍ കേരളത്തിലും അപ്രീയമായ പരാമര്‍ശങ്ങള്‍ നടത്തിയത് കോണ്‍ഗ്രസിന് ഗുണം ചെയ്തിട്ടില്ല. ഇത്തരത്തില്‍ രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നും അപസ്വരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഗോവയിലെ കോണ്‍ഗ്രസിന്‍റെ മുന്‍ മുഖ്യമന്ത്രി ലുസിന്‍ഹോ ഫലേയ്റോ ത്രിണമുലില്‍ ചേര്‍ന്നു. മേഘാലയയിലെ പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാഗ്മ ത്രിണമുലില്‍ ചേര്‍ന്നു. പ്രിയങ്ക ഗാന്ധി കഴിഞ്ഞ ആഴ്ച്ചയില്‍ ഉത്തര്‍ പ്രദേശില്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ പി.സി.സി. വൈസ് പ്രസിഡന്‍റ് ഗയദീന്‍ അധികാരിയും ഉണ്ടായിരുന്നു. പ്രിയങ്ക പോയതിന് പിന്നാലെ അദ്ദേഹം സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ചത്തീസ്ഗഡിലെ ഭരണം കോണ്‍ഗ്രസിന്‍റേതാണ്. അവിടെ പഞ്ചാബ് പോലെ പ്രതിസന്ധി ഉണ്ടായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ മാറ്റണമെന്നാണ് ഒരു കൂട്ടരുടെ ആവശ്യം.
വര്‍ത്തമാനകാല ഇന്ത്യന്‍ യുവത്ത്വത്തെ ആവേശം കൊള്ളിച്ച വ്യക്തികളാണ് കനയ്യകുമാര്‍, ജിഗ്നേഷ് മേവാനി, ഹാര്‍ദ്ദിക്ക് പട്ടേല്‍. ഇവര്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആവേശമായി മാറി എന്നത് നിഷേധിക്കാന്‍ സാധിക്കില്ല. ഈ സമയത്താണ് ജോതിരാധിത്യ സിന്ധ്യയും, ജഗന്‍ മോഹനും കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ചിന്ത വന്നുപോകുന്നത്. ജിഗ്നേഷ് മേവാനിയും, ഹാര്‍ദ്ദിക്ക് പട്ടേലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ നിന്നുള്ളവരാണ്. രണ്ടായ് നിന്നിരുന്നപ്പോള്‍ ഇരുവരും ബി.ജെ.പിക്ക് വലിയ ഭീഷണിയും, തിരിച്ചടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയത്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചാണ്. അവരോടൊപ്പമാണ് കനയ്യയും ചേരുന്നത്. രാഹുലും, പ്രിയങ്കയും യുവ തലമുറയുടെ പ്രതീകമാണ്. അവര്‍ ഇരുവരേയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുറച്ച് കാണുന്നത് മണ്ടത്തരമാണ്. ചുരുങ്ങിയ പക്ഷം കോണ്‍ഗ്രസിന്‍റെ തറവാട്ടില്‍ ജനിച്ചു വളര്‍ന്നവരാണെന്ന വിശേഷണവും അവര്‍ക്കുണ്ട്.
1970ല്‍ സി.പി.ഐയില്‍ നിന്ന് കോണ്‍ഗ്രസില്‍ മൂന്ന് പ്രമുഖ സഖാക്കള്‍ ചേര്‍ന്നിരുന്ന ചരിത്രം ഇപ്പോള്‍ ഓര്‍ത്തു പോകുന്നത് നന്നായിരിക്കും. അന്ന് സി.പി.ഐയുടെ മുതിര്‍ന്ന നേതാക്കളായ കുമാരമംഗലം, നന്ദിനി സത്പതി, കെ. ആര്‍. ഗണേഷ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കുമാരമംഗലവും, ഗണേഷും കേന്ദ്രമന്ത്രിമാരായി. നന്ദിനി സത്പതി ഒറീസയുടെ മുഖ്യമന്ത്രിയായി. കനയ്യകുമാറിനെ ബീഹാര്‍ മുഖ്യമന്ത്രി ആക്കാമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നാണ് സംസാരം. അത് ഒരുപക്ഷെ സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. കാരണം അവിടെ ലാലു പ്രസാദ് യാദവ് അടക്കമുള്ളവര്‍ മുഖ്യമന്ത്രിമാരായിട്ടുണ്ട്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും, അവരുടെ വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ക്കോ വളര്‍ത്തി വലുതാക്കാന്‍ സാധിക്കാത്ത രാഷ്ട്രീയവും നേതൃഗുണവും ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളില്‍ നിന്ന് ആര്‍ജിച്ച നിരവധിപേരെ കോണ്‍ഗ്രസ് പിന്നീട് ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തെ പ്രശസ്ത ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്ന് തന്നെ ഉണ്ട് നിരവധി. ഇടതു വിദ്യാര്‍ത്ഥി സംഘടനയിലൂടെ വളര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ആയി കോണ്‍ഗ്രസിലേക്ക് പോകുന്ന ആദ്യ വ്യക്തിയല്ല കനയ്യകുമാര്‍. ദേവി പ്രസാദ് ത്രിപാഠി (1975 76), ഷക്കീല്‍ അഹമ്മദ് ഖാന്‍ (1992 93), ബത്തിലാല്‍ ഭൈരവ (1996 97,97 98), സൈദ് നസീര്‍ ഹുസൈന്‍ (1999 2000), സന്ദീപ് സിങ് (2007 08) മോഹിത് പാണ്ഡെ(2016 17). ഇപ്പോള്‍ കനയ്യകുമാറും കോണ്‍ഗ്രസ് പാളയത്തിലെത്തിയപ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. ഇവരില്‍ ആരുടെയൊക്കെ പേരുകളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയം ഇന്ന് കേള്‍ക്കുന്നത്...?
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിന് വലിയ ശ്രമം നടക്കുന്നുണ്ട്. പക്ഷെ കോണ്‍ഗ്രസിന് അതില്‍ വലിയ പങ്ക് ലഭിക്കുന്നില്ല എന്നത് സത്യമാണ്. നിലവിലെ ദേശിയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ പങ്ക് ശക്തമല്ല. അത് തിരിച്ചറിഞ്ഞ് ശക്തരാകാതെ പ്രതിപക്ഷ കൂട്ടായ്മയില്‍ നിന്ന് അകന്ന് അത് തകര്‍ക്കുവാനുള്ള നടപടികളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. അടുത്തിടെ ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഒത്തുകൂടിയ അവസരത്തില്‍ സോണിയ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും ക്ഷണം ഉണ്ടായില്ല. പ്രതിപക്ഷ കൂട്ടായ്മയില്‍ തങ്ങള്‍ക്ക് താത്പര്യവും, വിശ്വാസവും ഇല്ലെന്ന് പറഞ്ഞതായാണ് പിന്നാമ്പുറ വര്‍ത്തമാനം. സ്വയം കുഴി തോണ്ടുന്നതിന് തുല്ല്യമാണ് ഇതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ബി.ജെ.പിക്ക് അല്‍പ്പം പ്രതീക്ഷ നല്‍കുന്നത് കോണ്‍ഗ്രസിന്‍റെ നിലപാടാണ് എന്ന് പറയുന്നതില്‍ തെറ്റില്ല.
