ചര്‍ച്ച ചെയ്യാന്‍ എത്രയെത്ര വിഷയങ്ങള്‍.

ചര്‍ച്ച ചെയ്യാന്‍ എത്രയെത്ര വിഷയങ്ങള്‍.

വിജയ് ചൗക്ക് @ 115 @ മെട്രോ വാര്‍ത്ത: ഒക്ടോബര്‍ 18

സുധീര്‍നാഥ് 

ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ച ചെയ്യാന്‍ വിഷയങ്ങള്‍ക്ക് ഒരു ദാരിദ്രവുമില്ല. എല്ലാ വിഭാഗം ആളുകള്‍ക്കും ചര്‍ച്ച നടത്താന്‍ ഒന്നിലേറെ വിഷയങ്ങളുണ്ട്. വിലക്കയറ്റവും, കൊറോണയും, വിവിധ ഇനത്തിലുള്ള ജിഹാദ് മുതല്‍ പ്രണയ കൊലയും, കര്‍ഷക സമരവും, വില്‍ക്കലും, വാങ്ങലും, വാക്സിനും, മുതല്‍ ചര്‍ച്ച ചെയ്യാന്‍ എത്രയോ വിഷയങ്ങള്‍. ഇതിനിടയില്‍ പല മേഖലയിലും സമഗ്ര സംഭാവന നല്‍കിയവര്‍ കാലയവനികയിലേയ്ക്ക് മറഞ്ഞത്... കൊച്ചു കുട്ടികള്‍ പോലും നെറ്റ് വര്‍ക്കുകളെ കുറിച്ചും, പുതിയ ആപ്പുകളെ കുറിച്ചും ചര്‍ച്ച നടത്തുന്ന കാലമാണ്. ഓണ്‍ ലൈന്‍ വഴി ഇപ്പോള്‍ ഡാന്‍സും, പാട്ടും, വരയും പുതു തലമുറ പഠിക്കുന്നു. വിദ്യരംഭത്തിന് തലനരച്ച ഗുരുക്കന്‍മാര്‍ ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള ശിഷ്യന്‍മാര്‍ക്ക് വേണ്ടി വിശ്രമമില്ലാതെ ചടങ്ങില്‍ പങ്കു കൊണ്ടു. ദക്ഷിണ ഓണ്‍ ലൈനായി മാത്രം...!

വിലക്കയറ്റമാണ് രാജ്യത്തെ എല്ലാ കുടുംബങ്ങളിലും ചര്‍ച്ചാ വിഷയം. കോവിഡിന് മുന്‍പ് നൂറ് രൂപയ്ക്ക് പാചക എണ്ണ (വാതകമല്ല) ലഭിച്ചിരുന്നത് ഒരു വര്‍ഷം കൊണ്ട് ഇരട്ടിയിലതികമായി. പാചക വാതകത്തിന്‍റെ വില പറഞ്ഞ് കുടുംബ വഴക്ക് പതിവായതായാണ് വീട്ടമ്മമാര്‍ പറയുന്നത്. പെട്രോളം ഡീസലും നൂറ് കടന്നപ്പോള്‍ പ്രക്യതി വാതകമായ സി.എന്‍.ജിയില്‍ ആശ്വാസം കണ്ടവര്‍ക്കും നെറ്റി ചുളിഞ്ഞു തുടങ്ങി. സി.എന്‍.ജിക്ക് മാത്രമല്ല, പൈപ്പ് വഴി വിതരണം ചെയ്യുന്ന പി.എന്‍.ജിയുടെ വിലയും കൂടി തുടങ്ങിയിരിക്കുന്നു. 

രാജ്നാഥ് സിംഗാണ് കഴിഞ്ഞ ആഴ്ച്ചയിലെ ദേശിയ ചര്‍ച്ചാ താരം എന്ന് പറയാം. കാരണം മഹാത്മാഗാന്ധി പറഞ്ഞത് കൊണ്ടാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പെഴുതി കൊടുത്തത് ജയില്‍ മോചിതനായത് എന്നാണ്. 1915ല്‍ മഹാത്മാഗാന്ധി ആഫ്രിക്കയില്‍ നിന്ന് മടങ്ങി എത്തുന്നതിന് മുന്‍പ് രണ്ട് തവണ സവര്‍ക്കര്‍ മാപ്പെഴുതി കൊടുത്തതായി രേഖകള്‍ ഉണ്ട്. അക്കാലത്ത് ഇന്നത്തെ പോലെ ആശയവിനിമയത്തിന് സാങ്കേതിക വളര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് ശാസ്ത്ര ചരിത്രം വ്യക്തമാക്കുന്നത്. ഇതിനിടയില്‍ ആരോ ആള്‍ക്കൂട്ടത്തില്‍ നിന്ന് ചോദിച്ചെന്ന് സംസാരമുണ്ട്. മഹാത്മാഗാന്ധി പറഞ്ഞിട്ടാണ് ഗോഡ്സെ വെടിവെച്ചത് എന്നും രാജ്നാഥ് സിംഗ് പറഞ്ഞോ എന്ന്. സംഗതി ചര്‍ച്ചയായപ്പോള്‍ സായുധ സേനയിലെ സ്ത്രീകള്‍ എന്ന വെബിനാറില്‍ രാജ്നാഥ് സിംഗ് ഒന്നു കൂടി പറഞ്ഞു. ഇന്ദിരാ ഗാന്ധി വര്‍ഷങ്ങളോളം ഇന്ത്യയെ നയിക്കുക മാത്രമല്ല, യുദ്ധ സമയത്ത് ധീരതയോടെ മുന്നില്‍ നിന്നു നയിച്ചു. സംഗതി എന്തായാലും ബി.ജെ.പിക്കുള്ളില്‍ തന്നെ ചര്‍ച്ചയായി. കര്‍ഷകരെ പിന്തുണച്ച് എ. ബി. വാജ്പയ് നടത്തിയ പ്രസംഗം വരുണ്‍ ഗാന്ധി ട്വിറ്റ് ചെയ്തതും ബി.ജെ.പിക്കുള്ളിലെ മറ്റൊരു ചര്‍ച്ചാ വിഷയമാണ്.

കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറേ മാസങ്ങളായി പുതിയ അദ്ധ്യക്ഷന് വേണ്ടിയുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. അവധി നല്‍കാതെ പുരോഗമിക്കുന്ന ഈ ചര്‍ച്ച ഒരു പക്ഷെ ലോക റക്കോഡായിരിക്കുമെന്ന സംസാരവും ഇല്ലാതില്ല. കോണ്‍ഗ്രസില്‍ നിന്ന് മറ്റ് പല പാര്‍ട്ടികളിലേയ്ക്ക് പോകുന്ന നേതാക്കളെ കുറിച്ചും, കോണ്‍ഗ്രസിലേയ്ക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെ കുറിച്ചും നടക്കുന്ന ചര്‍ച്ചകള്‍ രസകരം തന്നെ. മുന്‍പ് കോണ്‍ഗ്രസ് വിട്ടവരുടെ ഇപ്പോഴത്തെ ഗതിയും, മുന്‍പ് കോണ്‍ഗ്രസിലേയ്ക്ക് വന്ന നേതാക്കളുടെ ഗതിയും ചര്‍ച്ചയാണ്.

കര്‍ഷക സമരമാണ് രാജ്യമാകെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം. സമരത്തിന്‍റെ ശക്തി കുറഞ്ഞ് കുറഞ്ഞ് വീര്യം മുഴുവന്‍ പോകുമെന്ന് കരുതിയവര്‍ക്ക് കണക്ക് തെറ്റി. രാഷ്ട്രീയ നേതാക്കളെ വേദി പങ്കിടാന്‍ അനുവദിക്കാതെ കര്‍ഷകര്‍ നടത്തുന്ന സമരം ചരിത്രമായി മാറി കഴിഞ്ഞു. ഹരിയാനയില്‍ പോലീസ് കര്‍ഷകരുടെ തലയ്ക്കടിച്ചതും, ഉത്തര്‍പ്രദേശില്‍ കേന്ദ്ര അഭ്യന്തിര മന്ത്രിയുടെ മകന്‍റെ നേത്യത്ത്വത്തില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനമോടിച്ച് കയറ്റിയതും ചര്‍ച്ചയാണ്.

കോവിഡിന്‍റെ വരവും, തുടര്‍ന്ന് സമൂഹത്തില്‍ വന്ന മാറ്റങ്ങളും ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നു. കോവിഡ് മരണങ്ങളും, ചികിത്സയും, സര്‍ക്കാര്‍ നടപടികളും വിഷയമാണ്. കോവിഡിനെ വേണ്ട രീതിയിലാണോ ആരോഗ്യ രംഗത്തുള്ളവര്‍ ക്കൈകാര്യം ചെയ്തതെന്ന് സംശയമുള്ളവരുണ്ട്. കോവിഡ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടപ്പോഴുള്ള ജനങ്ങളുടെ ഭയം പോയതായി വേണം കരുതാന്‍. വാക്സിന്‍ വന്നത് മാത്രമല്ല ഭയം പോകാന്‍ കാരണമെന്നും ചര്‍ച്ചാവിഷയമായിട്ടുണ്ട്. കോവിഡിന് വാക്സിനുകള്‍ വന്നതും, അതിന്‍റെ ഗുണ നിലവാരവും പ്രായം മറന്ന് ചര്‍ച്ച നടക്കുന്നു. കുട്ടികള്‍ക്കുള്ള വാക്സിന് അംഗീകാരം ഇന്ത്യയില്‍ ലഭിച്ചതും ചര്‍ച്ചയാണ്. കോവിഡ് വന്നതിനെ തുടര്‍ന്ന് അടയ്ക്കപ്പെട്ട വിദ്യാലയങ്ങളുടെ വാതിലുകള്‍ തുറന്നത് എല്ലാവരുടേയും ചര്‍ച്ചയുടെ ഭാഗമായിരുന്നു. 

വിനോദയാത്ര ശൂന്യാകാശത്ത് തുടങ്ങിയതും, ശൂന്യാകാശത്ത് ഷൂട്ടിങ്ങ് നടത്തിയതും അടുത്തിടെയായിരുന്നു. ഭൗമശാസ്ത്രത്തില്‍ സാധാരക്കാര്‍ വരെ അടുത്ത കാലത്ത് ചര്‍ച്ച നടത്തുന്നത് കണ്ടിട്ടുണ്ട്. വിദേശ യാത്രയ്ക്ക് നിയന്ത്രങ്ങള്‍ വന്നത് മറ്റൊരു വിഷയമാണ്. സര്‍ക്കാരിനെ വിശ്വസിച്ച് കോവാക്സിന്‍ സ്വീകരിച്ചവരെ ചില രാജ്യങ്ങള്‍ വിലക്കിയിരിക്കയാണ്. അംഗീകാരമുള്ള വാക്സിന്‍ എടുക്കാന്‍ ഇനി സാധിക്കുകയുമില്ല എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. എന്തായാലും പ്രശ്നം രമ്യമായി പരിശ്രമിക്കുന്നുണ്ട് എന്ന വിദേശകാര്യ മന്ത്രാലയത്തിന്‍റെ ആശ്വാസ വാക്കുകള്‍ ചര്‍ച്ചയാകാതിരിക്കുമോ...? 

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നത് നോക്കി ഇരിക്കാനേ രാജ്യത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നുള്ളൂ. ദിവസവും ഓരോ പൊതുമേഖലാ സ്ഥാപനങ്ങളാണ് വിറ്റഴിക്കുന്നത്. ഇതേ കുറിച്ച് ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ വില്‍പ്പന അറിയുന്നത്. ടാറ്റ വിറ്റ വിമാന കമ്പനി ടാറ്റ തന്നെ വാങ്ങിയതായി പിന്നെ നടന്ന ചര്‍ച്ചകള്‍.

ജിഹാദ് എന്ന വാക്കിന് നല്ല മാര്‍ക്കറ്റുണ്ട്. ലൗ ജിഹാദില്‍ തുടങ്ങി മാര്‍ക്ക് ജിഹാദില്‍ എത്തി നില്‍ക്കുകയാണ്. കുട്ടികള്‍ മാര്‍ക്കുകള്‍ വാരി കൂട്ടുകയാണ്. ഡല്‍ഹി സര്‍വ്വകലാശാലയിലെ ആദ്യ കട്ടോഫ് നൂറ് ശതമാനമാണ്. എന്നു വെച്ചാല്‍ പെര്‍ഫക്റ്റ് ഒ.ക്കെ. മലയാളികളായ കുട്ടികളാണ് കൂടുതല്‍ മാര്‍ക്ക് വാങ്ങി സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ നേടിയത്. മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മലയാളി കുട്ടികള്‍ നേട്ടം കൊയ്തത് ആശയ വിതരണത്തിനാണെന്നും, അതുകൊണ്ട് അത് മാര്‍ക്ക് ജിഹാദാണെന്നും ഒരു അദ്ധ്യാപക നേതാവ് തട്ടിവിട്ട് ചര്‍ച്ചയാക്കി.

രാജ്യത്തെ പല പ്രമുഖരും വിദേശത്തുള്ള രഹസ്യ നിക്ഷേപ കണക്കുകള്‍ പുറത്ത് വന്നത് അടുത്തിടെയാണ്. പാന്‍ഡോറ രേഖകള്‍ പ്രകാരം ഭാരത രത്നം നല്‍കി ആദരിച്ച സച്ചിന്‍ ടെന്‍റുല്‍ക്കര്‍ പോലും ലിസ്റ്റിലുള്ള് രാജ്യത്തിന് തന്നെ നാണക്കേടായി. രാജ്യത്തിന് ലഭിക്കേണ്ട നികുതിയാണ് ഭാരതരത്നം വെട്ടിച്ചതെന്ന ചര്‍ച്ച ഗൗരവമുള്ളതാണ്. രാജ്യത്ത് നികുതി അടച്ച് താമസിക്കുന്ന അനില്‍ അംബാനിയടക്കമുള്ള പ്രമുഖര്‍ ലിസ്റ്റിലുണ്ട്. എന്തിനേറെ മുന്‍ ആദായ നികുതി ചീഫ് കമ്മിഷ്ണര്‍ വരെ ലിസ്റ്റിലെ പ്രമുഖനാണ്. ഇന്ത്യയ്ക്ക് ലഭിക്കേണ്ട കോടികളുടെ നികുതി ഇപ്രകാരം നഷ്ടപ്പെടുന്നതിന് രാജ്യത്തെ രാഷ്ട്രീയ പ്രമുഖരുടെ പിന്തുണയുണ്ടെന്നതും ചര്‍ച്ചയാണ്. 

കല്‍ക്കരി ക്ഷാമം രാജ്യത്ത് ഉണ്ടെന്ന വാര്‍ത്ത പവര്‍ കട്ടിലേയ്ക്ക് ചര്‍ച്ച നയിച്ചു. എന്തു കൊണ്ട് കല്‍ക്കരി ക്ഷാമം ഉണ്ടായി എന്ന ജനങ്ങളുടെ ചോദ്യത്തിന് യഥാര്‍ത്ഥ ഉത്തരം ഇനിയും ലഭ്യമായിട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പവര്‍ കട്ട് പ്രതീക്ഷിക്കുന്നതായി തന്നെ പ്രസ്ഥാവനകള്‍ ഇറക്കി കഴിഞ്ഞു. 

അടുത്ത രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആരാണെന്നുള്ള ചര്‍ച്ചകള്‍ ജനങ്ങള്‍ തന്നെ തുടങ്ങി കഴിഞ്ഞു. ഉപരാഷ്ട്രപതി രാഷ്ട്രപതി ആകുമെന്നും ആകില്ലെന്നും രണ്ട് പക്ഷമുണ്ട്. ഈ വിഷയത്തില്‍ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ എല്ലാവരും ചര്‍ച്ച നടത്തുന്നുണ്ട്. അങ്ങിനെ ചര്‍ച്ച ചെയ്യുന്ന നൂറ് നൂറ് വിഷയങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇന്നത്തെ ഇന്ത്യ.