ഈ ചരിവരയില്‍ തെളിയുന്നു, രാഷ്ട്രീയ കേരളം...
സുധീര്‍ നാഥ്
കേരളത്തില്‍ കാര്‍ട്ടൂണ്‍ കലയെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച ഭീഷ്മാചാര്യനായിരുന്നു കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍. 1970തുകളുടെ അവസാനവും, എണ്‍പതുകളുടെ ആദ്യവും അദ്ദേഹത്തിന്‍റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ അസാധു, സാധു, കട്ട് കട്ട്, ടക്ക് ടക്ക് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചും, കാര്‍ട്ടൂണുകള്‍ മികച്ചതാക്കാന്‍ ഉപദേശം നല്‍കിയും ഒരു തലമുറയിലെ കാര്‍ട്ടൂണില്‍ അഭിരുചിയുള്ള യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കി. സ്വന്തം പ്രസിദ്ധീകരണം നഷ്ടത്തിലായപ്പോഴായിരുന്നു മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നത്. മലയാള മനോരമയില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന കാലത്താണ് യേശുദാസന്‍ പ്രശസ്തിയിലേയ്ക്കും, ജനപ്രീതിയിലേയ്ക്കും ഉയരുന്നത്. ലേഖകന്‍ അടക്കമുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ തലമുറ മലയാള മനോരമയിലെ യേശുദാസന്‍റെ കാര്‍ട്ടൂണുകളുടെ ശൈലി പിന്തുടര്‍ന്നാണ് രംഗപ്രവേശം ചെയ്യുന്നത്. യേശുദാസന്‍റെ ശൈലിയില്‍ വരയ്ക്കുന്ന യുവ കാര്‍ട്ടൂണിസ്റ്റുകളെ യേശുദാസന്‍റെ പ്രേതങ്ങള്‍ എന്ന് തമാശയായി മാധ്യമ രംഗത്ത് പറയുമായിരുന്നു. ഗുരുവിനെ നേരില്‍ കാണാതെ ഏകലവ്യന്‍മാരായി കാര്‍ട്ടൂണ്‍ രംഗത്ത് ശോഭിച്ചവര്‍ ഏറെയാണ്. പിന്നീട് എല്ലാവരും സ്വന്തം ശൈലി കണ്ടെത്തി.
കേരള രാഷ്ട്രീയ ചരിത്രത്തിന്‍റെ അറുപത് വര്‍ഷം യേശുദാസന്‍റെ കാര്‍ട്ടൂണുകള്‍ ക്രമത്തില്‍ നോക്കിയാല്‍ വായിച്ചെടുക്കാം. കേരള രാഷ്ട്രീയത്തില്‍ സംഭവിച്ച എല്ലാ പ്രധാന സംഭവങ്ങളും യേശദാസന്‍ തന്‍റെ കാര്‍ട്ടൂണില്‍ വിഷയമാക്കിയിട്ടുണ്ട്. നിലപാടുകളിലെ വ്യത്യസ്ഥത വളരെ വേഗം തിരിച്ചറിയാനും സാധിച്ചിരുന്നു എന്നത് മറ്റൊരു കാര്യം. ജനയുഗത്തില്‍ തുടങ്ങി, ശങ്കേഴ്സ് വീക്കിലിയിലും, പിന്നീട് വീണ്ടും ജനയുഗത്തിലും തുടര്‍ന്ന് അസാധു
അടക്കമുള്ള സ്വന്തം പ്രസിദ്ധീകരണങ്ങളില്‍ വരയ്ക്കുമ്പോള്‍ അദ്ദേഹം വരച്ചിരുന്ന കാര്‍ട്ടൂണുകള്‍ക്ക് മൂര്‍ച്ച കൂടുതലായിരുന്നതായും, നിഷ്പക്ഷത ഉണ്ടായിരുന്നതായും കലാ നിരൂപകരും, മാധ്യമ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്. മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി സേവനം അനുഷ്ടിച്ച ശേഷമാണ് മെട്രോ വാര്‍ത്തയിലും, പിന്നീട് ദേശാഭിമാനിയിലും, ജനയുഗത്തിലും അദ്ദേഹം കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനായിരുന്ന അദ്ദേഹം കേരള ലളിതകലാ അക്കാദമി ചെയര്‍മാനുമായിരുന്നു.പുരോഹിതനാകാന്‍ നല്‍കിയ പേര്...
വളര്‍ന്ന് ഒരു പുരോഹിതനാകുമെന്ന വിശ്വാസത്തിലാണ് യേശുദാസനെ വീട്ടുകാര്‍ കണ്ടത്. 1938 ജൂണ്‍ 12ന് മാവേലിക്കരയ്ക്കടുത്തുള്ള ഭരണിക്കാവില്‍ കുന്നേല്‍ ചക്കാലേത്ത് ജോണ്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി ജനനം. ചക്കാലേത്ത് ജോണ്‍ യേശുദാസന്‍ എന്നായിരുന്നു മുഴുവന്‍ പേര്. ഭരണിക്കാവ്, ഇടപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യഭ്യാസം. വളരെ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച യേശുദാസനില്‍ വന്ന മാറ്റം അപാരമാണ്. പള്ളിയിലച്ചനാക്കണമെന്നായിരുന്നു വീട്ടുകാരുടെ മോഹം. മാമോദീസ മുക്കാന്‍ ചെന്നപ്പോള്‍ പള്ളിയിലച്ചന്‍ കുട്ടിയെ യേശുദാസന്‍ എന്ന് വിളിച്ചു. നാല് മക്കളില്‍ മൂന്നാമനായിരുന്നു യേശുദാസന്‍. മൂത്തത് രണ്ടാണും ഏറ്റവും ഇളയത് പെണ്ണും.
അമ്മ ബഡ്ഷീറ്റുകളില്‍ ചിത്രപ്പണി നടത്തുന്നത് കണ്ടാണ് അതിലേയ്ക്ക് ആകര്‍ഷകത്വം തോന്നിയത്. പിതാവായ ജോണ്‍ മത്തായി വില്ലേജ് ഓഫീസറാകും മുന്‍പ് ഡ്രോയിങ്ങ് പരീക്ഷ പാസായിട്ടുണ്ട്. അതുകൊണ്ട് ചിത്രകലയോടുള്ള വാസന ജന്‍മനാ ഉണ്ടെന്ന് പറയാം. പ്രാഥമിക സ്കൂളില്‍ പഠിക്കുന്ന കാലത്ത് നിലത്തിരുന്ന് ചിത്രം വരയ്ക്കുമായിരുന്നു. മൂത്ത രണ്ട് ജ്യേഷ്ഠന്‍മാര്‍ക്കും ചിത്രകലയില്‍ വാസനയുണ്ടായിരുന്നു. മൂത്തയാള്‍ പില്‍ക്കാലത്ത് ഡ്രോയിങ് മാഷായി. ഇളയയാള്‍ കാന്‍വാസുകളില്‍ അക്രലിക്കും, ഓയില്‍ പെയിന്‍റിങ്ങും ചെയ്യുന്നത് യേശുദാസന്‍ കൗതുകത്തോടെ നോക്കി ഇരുന്നിട്ടുണ്ട്. വീട്ടിലെ ഈ അന്തരീക്ഷമാകാം യേശുദാസനെ വരകളുടെ ലോകത്തേയ്ക്ക് അടുപ്പിച്ചത്. കോട്ടയത്തെ അശോക പ്രോസസ് സ്റ്റുഡിയോ ഉടമ പൈലിച്ചേട്ടന്‍ പ്രസിദ്ധീകരിച്ചിരുന്ന 'അശോക' എന്ന ആക്ഷേപഹാസ്യ മാസികയുടെ പത്രാധിപര്‍ കവി പന്തളം കെ. പി. ആയിരുന്നു. ഈ അശോകയിലായിരുന്നു യേശുദാസന്‍റെ ആദ്യ കാര്‍ട്ടൂണ്‍ 1955ല്‍ അച്ചടിച്ചുവന്നത്. അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഡള്ളസ് ഒരു ആറ്റംബോംബിനൊപ്പം നൃത്തം ചെയ്യുന്നതായിരുന്നു കാര്‍ട്ടൂണ്‍. തുടര്‍ന്നും നിരവധി കാര്‍ട്ടൂണുകള്‍ അശോകയില്‍ യേശുദാസന്‍റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനയുഗത്തിലേയ്ക്കുള്ള വഴി
പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബി.എസ്.സി. പാസായ ശേഷം എന്‍ജിനീയര്‍ ആകണമെന്നായിരുന്നു ആഗ്രഹം. കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളജില്‍ പ്രവേശന അഭിമുഖത്തില്‍ പരാജയപ്പെട്ട് വീട്ടിലേയ്ക്ക് മടങ്ങും വഴി കടപ്പാക്കടയിലെ 'ജനയുഗ'ത്തിന്‍റെ ബോര്‍ഡ് കാണുകയും അവിടെ ബസില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. ക്കൈയ്യില്‍ കരുതിയിരുന്ന കാര്‍ട്ടൂണുകളുമായി നേരെ എത്തപ്പെട്ടത് കാമ്പിശേരിയുടെയും പത്രാധിപര്‍ എന്‍. ഗോപിനാഥന്‍നായരുടെയും മുന്നില്‍. പ്രിന്‍ററും പബ്ലിഷറുമായ ആര്‍. ഗോപിനാഥന്‍നായരും, ആര്‍. പ്രകാശവും അതിന് സാക്ഷി. കാമ്പിശേരിയുടെ നിര്‍ദ്ദേശപ്രകാരം തൊട്ടടുത്ത വീട്ടില്‍ വിശ്രമിക്കുകയായിരുന്ന വൈക്കം ചന്ദ്രശേഖരന്‍നായരെയും കണ്ടു. അങ്ങനെ ജനയുഗം വാരികയില്‍ ചന്തു എന്ന കാര്‍ട്ടൂണ്‍ പംക്തി തുടങ്ങി. പിന്നീട് കിട്ടൂമ്മാവന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ച് പത്രത്തിലും ഇടം നേടി. അതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ജനയുഗം പത്രത്തില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം കൊടുമ്പിരികൊണ്ട സമയമായിരുന്നു അന്ന്.
ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്
ജനയുഗത്തില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നതിനിടയില്‍ കാന്‍പൂരില്‍ എം.എസ്.സിക്ക് അഡ്മിഷന്‍ കിട്ടി. കാന്‍പൂരില്‍ പഠിക്കാന്‍ പോയപ്പോഴും ജനയുഗത്തില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് തുടര്‍ന്നു. കിട്ടുമ്മാവന്‍ വരച്ച് അയക്കും. കമന്‍റുകള്‍ എഡിറ്റോറിയല്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്ത് നല്‍കും. ഒരു വര്‍ഷം കഴിഞ്ഞ് 1962ല്‍ അവധിക്ക് വന്ന യേശുദാസന്‍ പിന്നെ തിരിച്ച് പോയില്ല. ജനയുഗത്തില്‍ അദ്ദേഹം തിരിച്ച് ജോലിയില്‍ പ്രവേശിച്ചു. ഇത്തവണ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായാണ് നിയമനം ലഭിച്ചത്. മലയാള മാധ്യമ ചരിത്രത്തില്‍ ആദ്യമായി ഒരു സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റിനെ നിയമിക്കുന്നത് ജനയുഗമാണ്. അക്കാലത്ത് വലിയ പത്രങ്ങള്‍ക്ക് പോലും സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റുകളില്ല.
ആദ്യത്തെ ഇടത്പക്ഷ കാര്‍ട്ടൂണിസ്റ്റ്
കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും, കാര്‍ട്ടൂണിസ്റ്റുകളും വലതുപക്ഷ ചിന്തയുള്ളവരായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് എതിരായുള്ള കാര്‍ട്ടൂണുകള്‍ മാത്രമേ പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂ. കേരളം രൂപം കൊണ്ട ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇ.എം.എസ്. സര്‍ക്കാര്‍ അധികാരത്തിലേറി. അന്ന് മിക്ക മാധ്യമങ്ങളും സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ശ്രമം തുടങ്ങി. വിമോചന സമരം തുടങ്ങി. എന്‍.എസ്.എസ്. പിന്തുണയോടെ പുറത്തിറങ്ങിയ സ്വരാജ് മോട്ടോഴ്സ് ഉടമ ശങ്കുണ്ണി പിള്ളയുടെ ദേശബന്ധുവില്‍ സര്‍ക്കാര്‍ വിരുദ്ധ കാര്‍ട്ടൂണുകളുടെ പ്രളമായിരുന്നു. കെ. എസ്. പിള്ള വരച്ച ഒരു കാര്‍ട്ടൂണ്‍ പോസ്റ്ററായി നാടു നീളെ പ്രദര്‍ശിപ്പിക്കപ്പെട്ടു. മന്നത്തിന്‍റെ കുതിര സെക്രട്ടേറിയറ്റില്‍ എന്നതായിരുന്നു കാര്‍ട്ടൂണ്‍. 'എന്‍റെ പടക്കുതിരയെ ഞാന്‍ ഇ.എം.എസിന്‍റെ മുമ്പില്‍ കൊണ്ടുപോയി കെട്ടും' എന്ന മന്നത്ത് പത്മനാഭന്‍റെ വാക്കുകളാണ് കെ. എസ്. പിള്ള കാര്‍ട്ടൂണിലാക്കിയത്. തൊട്ട് പിറ്റേന്ന് യേശുദാസന്‍ കുതിരയെ തന്നെ വിഷയമാക്കി ജനയുഗത്തില്‍ ' പടപ്പുറപ്പാട് ' എന്ന തലക്കെട്ടില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. മന്നം ഒരു മരക്കുതിരപ്പുറത്ത് നില്‍ക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. അത് ജനയുഗത്തിന്‍റെ ആദ്യപേജിലും മറ്റ് ഭാഷകളിലെ കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചുവന്നു. അത് വളരെയേറെ ചര്‍ച്ചാ വിഷയമായി. വിമോചനസമരകാലത്ത് ജാഥകളില്‍ 'കണ്ടോടാ കണ്ടോടാ മരക്കുതിരയെ കണ്ടോടാ' എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടു. വിമോചനസമരം കഴിഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ കോട്ടയത്ത് മന്നത്തിന് ഒരു വലിയ സ്വീകരണം സംഘടിപ്പിച്ചു. വിമോചന സമരത്തിന് പിന്തുണ നല്‍കിയ വ്യവസായിയായിരുന്ന എം. വി. ജോര്‍ജ്ജ് മന്നത്ത് പത്മനാഭന് നല്‍കിയത് ഒരു മരക്കുതിരയുടെ രൂപമായിരുന്നു.
കിട്ടുമ്മാവനും യേശുദാസനും
ദേശബന്ധു പത്രത്തില്‍ വിമോചന സമരത്തെ അനുകൂലിച്ച് കെ. എസ്. പിള്ള വേലുച്ചാര്‍ എന്ന പേരില്‍ ദിവസവും പോക്കറ്റ് കാര്‍ട്ടൂണും, വലിയ കാര്‍ട്ടൂണുകളും വരച്ചിരുന്നു. ചിത്രങ്ങള്‍ അച്ചടിക്കുന്നതിന് ബ്ളോക്കുകള്‍ ഉണ്ടാക്കുന്നത് അക്കാലത്ത് വലിയ പണച്ചിലവുള്ള കാര്യമായിരുന്നു. കാര്‍ട്ടൂണുകള്‍ വളരെ വേഗം ജനമനസുകളില്‍ ഇടം നേടുന്നതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരിച്ചറിഞ്ഞു. അക്കാലത്തെ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ അച്ചടിക്കുക എന്നത് അപൂര്‍വ്വമായി മാത്രം ഉണ്ടാകുന്ന ഒന്നായിരുന്നു. വേലുച്ചാര്‍ക്ക് മറപടി കൊടുക്കാന്‍ ജനയുഗം തീരുമാനിച്ചു. അതിനായി വിമോചന സമരക്കാലത്ത് ജനയുഗം പത്രാധിപ സമിതിയുടെ ആവശ്യപ്രകാരം څകിട്ടുമ്മാവന്‍چ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ 1959 ജൂലായ് 19 മുതല്‍ യേശുദാസന്‍ വരച്ച് തുടങ്ങി. ആര്‍. ഗോപിനാഥന്‍ നായരാണ് കിട്ടുമ്മാവന്‍ എന്ന പേര് നല്‍കിയത്. കിട്ടുമ്മാവന്‍റെ വരവറിയിച്ച് തൊട്ട് തലേ ദിവസം പത്രത്തില്‍ ഒരു പരസ്യവും ഉണ്ടായിരുന്നു. ഈ കാലത്തായിരുന്നു വിമോചന സമരം കൊടുമ്പിരി കൊണ്ടിരുന്നത്. വിമോചന സമരത്തേയും മന്നത്ത് പത്മനാഭനേയും സരസമായി അതിരൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടായിരുന്നു കിട്ടുമ്മാവന്‍റെ തുടക്കം. കിട്ടുമ്മാവന്‍റെ കമന്‍റുകള്‍ കൂട്ടായുള്ള എഡിറ്റോറിയല്‍ ചര്‍ച്ചയിലൂടെ രൂപം കൊണ്ടതാണ്.
കിട്ടുമ്മാവനെന്ന മുഖ്യ കഥാപാത്രത്തോടൊപ്പം പൈലി, കാര്‍ത്ത്യായനി, പാച്ചരന്‍ ഭാഗവതര്‍, ചെവിയന്‍ പപ്പു, കാഥികന്‍ കിണറ്റുകുഴി, അയല്‍ക്കാരന്‍ വേലുപിള്ള, ചായക്കടക്കാരന്‍ മമ്മൂഞ്ഞ്, മാത്തനേഡ് തുടങ്ങി പല കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇത്രയേറെ കഥാപാത്രങ്ങള്‍ ഒരു പോക്കറ്റ് കാര്‍ട്ടൂണില്‍ ഉണ്ടായിട്ടില്ല എന്നത് പ്രത്യേകതയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങളില്‍ കിട്ടുമ്മാവനായും, പൈലിയായും വേഷം ധരിച്ചെത്തുക ആരാധകരുടെ പതിവായി മാറി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയുടെ കാലമായിരുന്നതിനാല്‍, രാഷ്ട്രീയ ആശയങ്ങള്‍ നര്‍മ്മത്തോടെ സാധാരണ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് കിട്ടുമ്മാവന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വഹിച്ച പങ്ക് വിസ്മരിക്കാന്‍ പറ്റാത്തതാണ്.
മലയാളത്തില്‍ ഇറങ്ങിയിരുന്ന എല്ലാ പത്രങ്ങളും വിമോചന സമരത്തെ അനുകൂലിച്ച് വാര്‍ത്തകളും കാര്‍ട്ടൂണുകളും പ്രസിദ്ധീകരിച്ചു വരുന്ന സമയത്താണ് കിട്ടുമ്മാവന്‍റെ രംഗപ്രവേശം. അക്കാലമത്രയും പ്രസിദ്ധീകരിക്കപ്പെട്ട കാര്‍ട്ടൂണുകളെല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധമായ ആശയങ്ങള്‍ നിറഞ്ഞതായിരുന്നു. കമ്മ്യൂണിസ്റ്റ് അനുകൂല കാര്‍ട്ടൂണുകള്‍ ജനയുഗത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ജനങ്ങള്‍ സ്വീകരിച്ചു. സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്ന څകിട്ടുമ്മാവന്‍چ വായനക്കാര്‍ക്കിടയില്‍ പെട്ടെന്ന് ജനപ്രീതിയാര്‍ജ്ജിച്ചു. കാര്‍ട്ടൂണിസ്റ്റ് യേശുദാസിന്‍റെ വരയും, കമന്‍റുകള്‍ക്ക് നര്‍മ്മ ബോധമുള്ള പത്രാധിപരായ കാമ്പിശ്ശേരിയുടെയും മറ്റ് പത്രാധിപ സമിതിയിലേയും സഖാക്കളുടെ സംഭാവനകും ചേര്‍ന്നപ്പോള്‍ സി.പി.ഐയുടെ മുഖപത്രത്തിലെ കിട്ടുമ്മാവന്‍ സൂപ്പര്‍ ഹിറ്റായി. കിട്ടുമ്മാവന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.
ജനയുഗത്തില്‍ നിന്ന് ശങ്കേഴ്സ് വീക്ക്ലിയില്‍
1963ല്‍ കാര്‍ട്ടൂണിസ്റ്റ് ഒ. വി. വിജയന്‍ ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് പിരിഞ്ഞ് പേട്രിയറ്റില്‍ പോയ ഒഴിവിലാണ് യേശുദാസന് ശങ്കേഴ്സ് വീക്കിലിയില്‍ ജോലി ലഭിക്കുന്നത്. ഒ. വി. വിജയന്‍ രാജിവെയ്ക്കുന്ന വിവരം അറിഞ്ഞ് ശങ്കറിന്‍റെ സുഹ്യത്തായ വൈശനേയന്‍ നാരായണ പിള്ളയെ ചെന്ന് യേശുദാസന്‍ കണ്ടു. അദ്ദേഹം ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച യേശുദാസന്‍റെ കാര്‍ട്ടൂണുകളുടെ പേപ്പര്‍ കട്ടിങ്ങുകള്‍ ശങ്കറിന് അയച്ചു കൊടുത്തു. യേശുദാസനെ കാണണമെന്ന് ശങ്കര്‍ മറുപടി അയച്ചതോടെ യേശുദാസന്‍ ഡല്‍ഹിക്ക് വണ്ടി കയറി. ശങ്കേഴ്സ് വീക്കിലിയില്‍ ചേര്‍ന്ന ഉടനെ ശങ്കര്‍ നല്‍കിയ ഉപദേശം താന്‍ ഒ. വി. വിജയനെ പോലാകരുത് എന്നായിരുനെത്ര. കാര്‍ട്ടൂണുകള്‍ ലളിതമായിരിക്കണമെന്ന് ശങ്കറിന് നിര്‍ബന്ധമുണ്ടായിരുന്നു.
ഡല്‍ഹിയില്‍ ശങ്കറിന്‍റെ കൂടെ പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ ദേശിയ തലത്തില്‍ പല നേതാക്കളേയും നേരില്‍ കാണുവാന്‍ സാധിച്ചു. നെഹ്റുവിനേയും, മകള്‍ ഇന്ദിരയേയും അവരുടെ മക്കളായ രാജീവിനേയും, സഞ്ജയ് ഗാന്ധിയേയും കണ്ടതും, സംസാരിച്ചതും അദ്ദേഹം പറയുമായിരുന്നു. പാര്‍ലമെന്‍റ് സമ്മേളന സമയത്ത് പ്രസ് ഗ്യാലറിയില്‍ ഇരുന്ന് കണ്ട നേതാക്കളെ കുറിച്ച് യേശുദാസന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചിട്ടുണ്ട്. ശങ്കറിന്‍റെ ശീലങ്ങളോട് സമരസപ്പെട്ട് പോകുന്ന വ്യക്തിയായത്കൊണ്ട് യേശുദാസന്‍ ആറ് വര്‍ഷം ശങ്കേഴ്സ് വീക്കിലിയില്‍ ഉണ്ടായിരുന്നു.
ഡല്‍ഹിയിലേയ്ക്ക് വരുന്നതിന് മുന്‍പ് കൗമുദിയില്‍ സര്‍ക്കാര്‍ കുറുപ്പ് എന്ന കാര്‍ട്ടൂണ്‍ പംക്തി യേശുദാസന്‍ തുടങ്ങിയിരുന്നു. കൗമുദി ബാലക്യഷ്ണന്‍ നേരിട്ടെത്തി ആവശ്യപ്പെട്ടാണ് ഈ പംക്തി തുടങ്ങിയത്. ഡല്‍ഹിയില്‍ എത്തിയ ശേഷവും സര്‍ക്കാര്‍ കുറുപ്പ് എന്ന പംക്തി തുടര്‍ന്നിരുന്നു. തിരക്ക് കാരണം പംക്തി നിന്നു. കുങ്കുമം വാരികയിലും യേശുദാസന്‍ കുറച്ച് നാള്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നു. ശങ്കേഴ്സ് വീക്കിലിയില്‍ ഗുഹാമനുഷ്യന്‍ എന്ന പംക്തി യേശുദാസന്‍ വരച്ചിരുന്നു. 1969ല്‍ കേരളത്തിലെത്തിയപ്പോള്‍ ഗുഹാമനുഷ്യന്‍ എന്ന തന്‍റെ പംക്തി വരച്ചത് ദേശാഭിമാനി വാരികയിലാണ്. ശങ്കേഴ്സ് വീക്കിലിയില്‍ ബ്രഷുപയോഗിച്ച് വരച്ചിരുന്ന പംക്തി, ദേശാഭിമാനിയില്‍ തടിച്ച നിബ്ബുള്ള പേനകൊണ്ടായിരുന്നു വരച്ചിരുന്നത്.
പല പേരിലെ യേശുദാസന്‍
ശങ്കറിന്‍റെ ശിഷ്യനായി ഡല്‍ഹിയില്‍ നിന്ന് കാര്‍ട്ടൂണുകള്‍ വരച്ചപ്പോള്‍ പല പേരുകളില്‍ യേശുദാസന്‍ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. ശങ്കേഴ്സ് വീക്കിലിയില്‍ വരയ്ക്കുന്ന കാര്‍ട്ടൂണുകളില്‍ ദാസ് എന്നാണ് ഒപ്പിട്ടിരുന്നത്. ശങ്കര്‍ തന്നെയാണ് യേശുദാസന്‍ എന്ന പേരിലെ യേശുവിനെ വെട്ടി മാറ്റി ദാസ് എന്ന പേര് സ്വീകരിക്കാന്‍ ഉപദേശിച്ചത്. ദാസ് എന്ന പേര് ബംഗാളികള്‍ക്ക് ധാരാളമായി ഉണ്ടായിരുന്നു. ബംഗാളിലെ വായനക്കാര്‍ അവരുടെ കൂട്ടത്തില്‍ നിന്നും ഒരു കാര്‍ട്ടൂണിസ്റ്റ് എന്ന് വിശ്വസിക്കട്ടെ എന്ന് ശങ്കര്‍ പറഞ്ഞതായി യേശുദാസന്‍ പറഞ്ഞിട്ടുണ്ട്.
ദേശാഭിമാനിയിലും ഡല്‍ഹിയിലിരുന്ന് യേശുദാസന്‍ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. പക്ഷെ ദേശാഭിമാനിയിലെ പലര്‍ക്കും കാര്‍ട്ടൂണിസ്റ്റിനെ അറിയില്ലായിരുന്നു. ഡല്‍ഹിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനൊപ്പം ശങ്കേഴ്സ് വീക്കിലിയില്‍ ജോലി ചെയ്യുന്ന അവസരത്തിലായിരുന്നു ഇന്ത്യ ചൈന യുദ്ധം. അന്നായിരുന്നു ദേശാഭിമാനിയിലെ കാര്‍ട്ടൂണ്‍ രചനകള്‍. ചൈനീസ് എംബസിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു വളരെ രഹസ്യമായി വന്ന് കാര്‍ട്ടൂണുകള്‍ ഡല്‍ഹിലെ പട്ടേല്‍ നഗറിലെ വീട്ടില്‍ നിന്ന് കൊണ്ടു പോയിരുന്നതെന്ന് യേശുദാസന്‍ പറഞ്ഞത് ഓര്‍ക്കുകയാണ്. അന്ന് ദേശാഭിമാനിയില്‍ കെ. കെ. നായര്‍ എന്ന പേരിലായിരുന്നു കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്.
ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് രാജിവെച്ച് ജനയുഗത്തിന്‍റെ കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലയുഗത്തിന്‍റെ പത്രാധിപരായി എത്തി. പിന്നീടാണ് സ്വന്തം പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയത്. അത് ഒട്ടേറെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വളരുവാനുള്ള വഴിയായിരുന്നു. പക്ഷെ സാമ്പത്തികമായി വലിയ നഷ്ടം വന്നു. സാമ്പത്തിക ബുദ്ധിമുണ്ടുണ്ടായി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ട സമയത്ത് കോണ്‍ഗ്രസിന് വേണ്ടി പോസ്റ്ററുകള്‍ വരച്ച് നല്‍കിയിട്ടുണ്ട്. മലയാള മനോരമയില്‍ ഇതേ കാലത്ത് സണ്ണി എന്ന പേരില്‍ ഏറെ കാലം കാര്‍ട്ടൂണുകളും വരച്ചിരുന്നു. വി കെ ഭാര്‍ഗവന്‍ നായര്‍ക്ക് മലയാള മനോരമ പത്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന കാലത്താണ് സണ്ണിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. പിന്നീട് സ്വന്തം പേരില്‍ മനോരമയില്‍ കാര്‍ട്ടൂണുകള്‍ വരച്ചത് ചരിത്രം. ഗായകനായ യേശുദാസന്‍ പ്രശസ്തനായി വന്നിരുന്ന കാലത്ത്, ഹാസ്യ ലേഖനങ്ങളില്‍ പാടാത്ത യേശുദാസന്‍ എന്നായിരുന്നു അദ്ദേഹം നല്‍കിയിരുന്ന ബൈ ലൈന്‍.
യേശുദാസന്‍റെ ഗുരുക്കന്‍മാര്‍
കാര്‍ട്ടൂണ്‍ രംഗത്ത് തനിക്ക് മൂന്ന് ഗുരുക്കന്‍മാരാണ് ഉണ്ടായിരുന്നതെന്നാണ് യേശുദാസന്‍ പറഞ്ഞിട്ടുണ്ട്. കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ അറിയാത്ത കാമ്പിശേരിയും, കെ എം മാത്യുവും, മൂന്നാമത് കാര്‍ട്ടൂണിന്‍റെ കുലപതിയായ ശങ്കറും. കാര്‍ട്ടൂണ്‍ ലോകത്തിന്‍റെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു എന്ന് യേശുദാസന്‍ പല തവണ പറഞ്ഞിട്ടുണ്ട്. ജനയുഗം പത്രവും അതിന്‍റെ പത്രാധിപരായിരുന്ന കാമ്പിശേരി കരുണാകരനും ചേര്‍ന്നാണ് തന്‍റെ കാര്‍ട്ടൂണ്‍ രംഗത്തെ കഴിവ് കണ്ടെത്തിയതെന്ന് യേശുദാസന്‍ പറഞ്ഞിട്ടുണ്ട്. കാമ്പിശേരിയുടെ നര്‍മ്മ ബോധം യേശുദാസന്‍റെ ആദ്യകാല കാര്‍ട്ടൂണുകള്‍ പ്രശസ്തമാകാന്‍ കാരണമായിട്ടുണ്ട്. യേശുദാസന്‍റെ കാര്‍ട്ടൂണുകള്‍ മികച്ചതാക്കാന്‍ മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്യുന്ന അവസരത്തില്‍ കാമ്പിശേരിയെ പോലെ കെ. എം. മാത്യുവും സഹായിച്ചിട്ടുണ്ട്. ഇരുവരും പത്രാധിപര്‍ മാത്രമായിരുന്നു. കാര്‍ട്ടൂണിസ്റ്റായിരുന്നില്ല. ആശയങ്ങള്‍ വികസിപ്പിക്കുന്നതിന് ഇരുവരും നല്‍കിയ സംഭാവനയാണ് അവരെ ഗുരു സ്ഥാനത്ത് കാണുവാന്‍ കാരണമെന്ന് യേശുദാസന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കെ. എം. മാത്യു എന്ന പത്രാധിപരാണ് തന്നെ ജനപ്രീയ കാര്‍ട്ടൂണിസ്റ്റായി വാര്‍ത്തെടുത്തതെന്ന് യേശുദാസന്‍ പറഞ്ഞിട്ടുണ്ട്.
ശാസ്ത്രീയമായി ചിത്രരചന പഠിച്ച വ്യക്തിയല്ല യേശുദാസന്‍. കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ഗുരുവായിരുന്നു ശങ്കര്‍. ശങ്കര്‍ തന്നെ വരയ്ക്കാന്‍ പഠിപ്പിച്ചില്ല, പക്ഷെ എങ്ങിനെ കാര്‍ട്ടൂണ്‍ വരയ്ക്കണമെന്ന് പഠിപ്പിച്ചു. മണ്ണിലിറങ്ങിയ വര പഠിപ്പിച്ചത് ശങ്കറാണ് എന്ന് യേശുദാസന്‍ പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ ശങ്കറിന് കീഴില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തിലെ നിര്‍ണ്ണായക ദിനങ്ങളായിരുന്നു. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ കീഴില്‍ കാര്‍ട്ടൂണിന്‍റെ പതിനെട്ടടവും പഠിച്ചിറങ്ങിയ കാര്‍ട്ടൂണിസ്റ്റായിരുന്നു യേശുദാസന്‍. അത് യേശുദാസന്‍റെ വരകളുടെ ഭംഗി കൂട്ടുകയാണുണ്ടായത്. ആറ് വര്‍ഷം തുടര്‍ച്ചയായി ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ ശങ്കറിനോടൊപ്പം പ്രവര്‍ത്തിച്ചു.
നിരീക്ഷണത്തിലെ ശാഠ്യം
വരയ്ക്കുന്ന കാര്‍ട്ടൂണുകളില്‍ വരയ്ക്കപ്പെടുന്ന വ്യക്തി നിറഞ്ഞ് നില്‍ക്കണമെന്ന കണിശക്കാരനായിരുന്നു യേശുദാസന്‍. കാര്‍ട്ടൂണില്‍ കഥാപത്രമാകുന്നവരുടെ മുഖത്തെ മറുക് പോലും കാര്‍ട്ടൂണ്‍ രചനാ സമയത്ത് വരയ്ക്കണമെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എല്ലാ ശില്‍പ്പശാലകളിലും ആവര്‍ത്തിച്ച് പറയാറുണ്ട്. വളരെ ചെറു പ്രായം മുതല്‍ യേശുദാസന്‍റെ ശിക്ഷണത്തില്‍ കാര്‍ട്ടൂണ്‍ വര അഭ്യസിച്ച വ്യക്തിയെന്ന നിലയില്‍ ഒട്ടേറെ അനുഭവങ്ങളും പങ്കു വെയ്ക്കാനുണ്ട്. ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്യുന്ന അവസരത്തിലാണ് നിരീക്ഷണം ഒരു വിശേഷമായ സ്വഭാവമാകണമെന്ന് യേശുദാസന്‍ പഠിച്ചത്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ചുവന്ന തെരുവിലും, തിരക്കേറിയ മാര്‍ക്കറ്റുകളിലും, യേശുദാസനെ പറഞ്ഞ് വിടുമായിരുന്നു. കേന്ദ്ര മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളേയും സൂക്ഷമ നിരീക്ഷണം നടത്താന്‍ പാര്‍ലമെന്‍റിലും പത്ര സമ്മേളനങ്ങളിലും ശങ്കര്‍ തന്‍റെ ശിഷ്യനെ പറഞ്ഞു വിട്ടു. ഓരോ നേതാവിന്‍റെയും വേഷം, തൊപ്പി ധരിക്കുന്ന രീതി, ചെരുപ്പ് ഇടുന്നതിലെ പ്രത്യേകത, പ്രസംഗിക്കുമ്പോള്‍ കാട്ടുന്ന ചേഷ്ടകള്‍ അങ്ങനെയെല്ലാം കാര്‍ട്ടൂണില്‍ ഉണ്ടാകണമെന്നത് ശങ്കറിന്‍റെ നിര്‍ബന്ധമായിരുന്നു. വരയ്ക്കുന്ന സമയത്ത് തെറ്റുകള്‍ ചൂണ്ടി കാട്ടി. ശകാരിച്ചു. വരച്ച പേപ്പര്‍ കീറി കളഞ്ഞ് വീണ്ടും വരയ്ക്കാന്‍ പറഞ്ഞു. ശങ്കറിന്‍റെ കണിശമായ ശിക്ഷണത്തില്‍ യേശുദാസന്‍ മികച്ച കാര്‍ട്ടൂണിസ്റ്റായി മാറി.
ശങ്കര്‍ നല്‍കിയ ശിക്ഷണത്തിന്‍റെ ചെറിയ പതിപ്പ് കേരളത്തിലെത്തി സ്വന്തം ശിഷ്യരോടും അദ്ദേഹം കാണിച്ചു. നേതാക്കളെ നിരീക്ഷിക്കണമെന്നും അവരുടെ എല്ലാ പ്രത്യേകതകള്‍ മനസിലാക്കണമെന്നും അദ്ദേഹം എന്നേയും ഉപദേശിച്ചിട്ടുണ്ട്. പാര്‍ലമെന്‍റ്സമ്മേളനവും, നിയമസഭാ സമ്മേളനവും പങ്കെടുക്കുന്ന ശീലം യേശുദാസന് മലയാള മനോരമയില്‍ ഉണ്ടായിരുന്നപ്പോള്‍ പതിവയിരുന്നു. ഒന്നാം വര്‍ഷ പ്രീഡിഗ്രിക്ക് (ഇന്നത്തെ 11 ാം തരം) പഠിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് പഴയ നിയമസഭാ മന്ദിരത്തിലെ സമ്മേളനം കാണുവാന്‍ പറഞ്ഞു വിട്ടത് ഓര്‍ക്കുന്നു. അന്ന് പി.ആര്‍.ഡിയിലെ ഉദ്യോഗസ്ഥനായിരുന്ന കാര്‍ട്ടൂണിസ്റ്റ് പി. വി. ക്യഷ്ണന്‍ വഴി വിസിറ്റേഴ്സ് ഗ്യാലറിയില്‍ പാസ് ശരിയാക്കി തന്നത് യേശുദാസനായിരുന്നു. പഴയ നിയമസഭാ മന്ദിരത്തിലെ ഗ്യാലറിയില്‍ ഇരുന്ന് സഭാ നടപടികള്‍ വീക്ഷിച്ചത് മറക്കാത്ത ഓര്‍മ്മകളാണ്. മടങ്ങി എത്തിയപ്പോള്‍ കണ്ട കാര്യങ്ങള്‍, കണ്ട വ്യക്തികള്‍, അവരുടെ പ്രത്യേകതകള്‍ തുടങ്ങിയ ചോദ്യങ്ങള്‍ കൊണ്ട് അദ്ദേഹം വീര്‍പ്പുമുട്ടിച്ചത് എങ്ങിനെ മറക്കും.
നേതാക്കളെ സൂക്ഷമ നിരീക്ഷണം നടത്തി അവരുടെ പ്രത്യേകതകള്‍ കാര്‍ട്ടൂണില്‍ കൊണ്ടു വരുന്നത് യേശുദാസന്‍റെ പ്രത്യേകതയാണ്. കെ. കരുണാകരന്‍റേയും, കെ. എം. മാണിയുടേയും മുഖത്തെ മറുക്, ഇന്ദിരാ ഗാന്ധിയുടേയും, പിണറായുടേയും മുടിയുടെ നര, ബാലക്യഷ്ണ പിള്ളയുടേയും, പി. രാജീവിന്‍റേയും മൂക്ക്, ഉമ്മന്‍ ചാണ്ടിയുടേയും, കൊടിയേരി ബാലക്യഷ്ണന്‍റേയും മുടി, കടന്നപ്പള്ളി രാമചന്ദ്രന്‍റേയും, മുല്ലപ്പള്ള രാമചന്ദ്രന്‍റേയും ക്യതാവ്, പി. സി. ജോര്‍ജ്ജ്, ഇ. പി. ജയരാജന്‍ എന്നിവരുടെ തടി മുതലായവ കാര്‍ട്ടൂണ്‍ വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉയരം കുറഞ്ഞ സുഷമ്മാ സ്വരാജും, എ. കെ. ആന്‍റണിയും, വി. എസ്സ്. അച്ച്യുതാനന്ദനും ഉയരം കൂടിയ നരേന്ദ്ര മോദിക്കും, രാജ്നാഥ് സിംഗിനും, ഉമ്മന്‍ ചാണ്ടിക്കും, എം. എ. ബേബിയുടേയും, പ്രകാശ് കാരാട്ടിന്‍റേയും കൂടെ നില്‍ക്കുന്ന കാര്‍ട്ടൂണുകള്‍ വരയ്ക്കുമ്പോള്‍ കാര്‍ട്ടൂണുകളില്‍ ഉയരവും പ്രതേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന പാഠം പറഞ്ഞു തന്നത് മറ്റാരുമല്ല.
ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേയ്ക്ക്
മലയാള മനോരമ കുട്ടികള്‍ക്കായി ബാലരമ തുടങ്ങുന്നു എന്ന വിവരം കിട്ടിയപ്പോള്‍ ജനയുഗം ഒരു ബാലമാസിക ഒരുക്കുന്ന സമയമായിരുന്നു. ജനയുഗത്തിന്‍റെ ബാലയുഗം ആദ്യം പുറത്തിറങ്ങണം എന്ന് തീരുമാനിച്ചു. 1969ല്‍ രാജ്യസഭാംഗമായ സി. അച്യുതമേനോന്‍റെ ആവശ്യപ്രകാരം 1969 മുതല്‍ 'ബാലയുഗം' എന്ന കുട്ടികളുടെ മലയാളം മാസികയുടെ എഡിറ്ററായി ചുമതലയെടുക്കുകയും ചെയ്തു. അതേ സമയം ജനയുഗത്തിന് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും ചെയ്തു. കുട്ടികള്‍ക്കായി യേശുദാസന്‍ മയില്‍പ്പീലി എന്നൊരു പ്രസിദ്ധീകരണം നടത്തിയിരുന്നു. കുട്ടികള്‍ക്കായുള്ള ഒട്ടേറെ കാര്‍ട്ടൂണുകള്‍ ഈ കാലത്ത് യേശുദാസന്‍ വരച്ചിട്ടുണ്ട്.
ശങ്കേഴ്സ് വീക്കിലിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ചില്‍ഡ്രന്‍സ് വേള്‍ഡ് എന്ന ശങ്കറിന്‍റെ തന്നെ കുട്ടികളുടെ പ്രസിദ്ധീകരണത്തില്‍ യേശുദാസന്‍ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. സേതു എന്ന കുട്ടിയാന. നിശബ്ദ കാര്‍ട്ടൂണായിരുന്നു അത്. മകന് അങ്ങിനെ സേതു എന്ന് യേശുദാസന്‍ പേരിട്ടു. ബാലയുഗത്തിലും മ്യഗങ്ങളെ വെച്ച് ഒരു നിശബ്ദ കാര്‍ട്ടൂണ്‍ പംക്തി യേശുദാസന്‍ വരച്ചിരുന്നു. ബാലയുഗത്തില്‍ വരച്ച കാര്‍ട്ടൂണ്‍ പംക്തിയിലെ മുഖ്യ കഥാപാത്രം കണ്ടന്‍ കുറുനരിയായിരുന്നു. മറ്റ് കഥാപാത്രങ്ങള്‍ കൊക്കും, മുയലും, കുറുക്കന്‍, സിംഹം തുങ്ങെിയവര്‍...
അസാധു, സാധു, കട്ട് കട്ട്, ടക്ക് ടക്ക്
ശങ്കേഴ്സ് വീക്കിലിയുടെ ചുവട് പിടിച്ച് മലയാളത്തില്‍ അസാധു എന്ന കാര്‍ട്ടൂണ്‍ മാസിക കറ്റാനത്ത് നിന്ന് തുടങ്ങി. രാഷ്ട്രീയ വിഷയങ്ങള്‍, കാര്‍ട്ടൂണുകള്‍ എന്നിവ പലപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമുള്ളതല്ലായിരുന്നു. ജനയുഗത്തില്‍ നിന്ന് രാജിവെച്ച് അസാധു നടത്താന്‍ യേശുദാസന്‍ തീരുമാനിച്ചു. അടിയന്തിരാവസ്ഥ വന്നതോടെ ആകെ പ്രശ്നമായി. പരസ്യം നിന്നു. അസാധുവിന്‍റെ മാറ്ററുകളും, കാര്‍ട്ടൂണുകളുമായി തിരുവനന്തപുരത്ത് സെന്‍സറിങ്ങിന് പോകണം. അങ്ങിനെ കറ്റാനത്ത് നിന്നുള്ള അസാധു പ്രസിദ്ധീകരണം നിര്‍ത്തി.
അസാധുവിന്‍റെ രണ്ടാം വരവ് അടിയന്തിരാവസ്ഥയ്ക്ക് ശേഷമായിരുന്നു. പരസ്യവും മറ്റ് വിപണനവും കണക്കിലെടുത്ത് പ്രസിദ്ധീകരണം എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു. അസാധുവിന്‍റെ രണ്ടാംവരവ് ഉദ്ഘാടനം ചെയ്തത് ലീഡര്‍ കെ. കരുണാകരനായിരുന്നു. പുനര്‍പ്രസിദ്ധീകരിച്ച അസാധുവില്‍ അടിയന്തിരാവസ്ഥയുടെ നേട്ടങ്ങള്‍ എന്ന പരസ്യം ലീഡര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പോലീസ് കണ്‍ട്രോള്‍ റൂം വഴി അത്യാവശ്യ മരുന്നുകള്‍ ലഭിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്‍ട്ടൂണാണ്. ഒരു പോലീസുകാരന്‍ ഫോണില്‍ സംസാരിക്കുകയാണ്. അതേയതേ... ബോണ്‍ സ്പെഷലിസ്റ്റ് സ്പീക്കിങ്ങ് എന്നതായിരുന്നു കാര്‍ട്ടൂണ്‍. അസാധുവിന് പിന്നാലെ കട്ട്കട്ടും, ടക്ക് ടക്കും, സാധുവും അദ്ദേഹത്തിന്‍റെ നേത്യത്ത്വത്തില്‍ ഇറങ്ങിയ പ്രസിദ്ധീകരണങ്ങളാണ്. ഭാര്യയുടെ താലി വിറ്റ് ജനത്തെ ചരിപ്പിക്കേണ്ടതില്ല എന്ന് യേശുദാസന്‍ തീരുമാനിച്ചു. മറ്റൊരു പ്രസിദ്ധീകരണത്തില്‍ അറിയാവുന്ന കാര്‍ട്ടൂണ്‍ ജോലി ചെയ്ത് ജീവിക്കാന്‍ തീരുമാനിച്ചു.
അസാധുവിന്‍റെ പ്രദര്‍ശനവും, സ്പീക്കറുടെ റൂളിങ്ങും
സ്വന്തമായി നടത്തിയ څഅസാധുچ എന്ന വിനോദമാസികയുടെ പേരില്‍ അഖിലേന്ത്യാ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ആദ്യമായി സംഘടിപ്പിക്കുന്നത് 1974 കോഴിക്കോട്ടുവച്ചായിരുന്നു. ഏതാനും ആഴ്ചകള്‍ക്കകം ആ പ്രദര്‍ശനം തിരുവനന്തപുരത്തും അരങ്ങേറി. പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് ചിരിക്കാന്‍ മടി കാണിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോനായിരുന്നു. എന്നാല്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി, കാര്‍ട്ടൂണുകള്‍ക്ക് മുമ്പില്‍നിന്നു ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ പകര്‍ത്താന്‍ അവസരം ലഭിച്ചു. പ്രദര്‍ശനം നടന്നത് തിരുവനന്തപുരം വി.ജെ.ടി. ഹാളിലായിരുന്നു. ഒരു ഭാഗത്ത് എമ്മെല്ലേസ് ഗ്യാലറി എന്നൊരു വിഭാഗമുണ്ടായിരുന്നു. എമ്മെല്ലേമാരുടെയും മന്ത്രിമാരുടെയും കാരിക്കേച്ചറ് ഒരുക്കിയിരുന്ന സെക്ഷന്‍ ശ്രദ്ധപിടിച്ചുപറ്റി. നിയമസഭ കൂടുന്ന സമയമായിരുന്നു. ആറന്മുള എം.എല്‍.എ. ചന്ദ്രസേനന്‍ ഒരു ചോദ്യവുമായി ചാടിയെഴുന്നേറ്റു. സര്‍, എമ്മെല്ലേമാരായ ഞങ്ങളെ അവഹേളിക്കുന്ന തരത്തില്‍ വികൃതമായി ഞങ്ങളെ വരച്ചു പ്രദര്‍ശനം വി.ജെ.ടി. ഹാളില്‍ നടന്നുവരുന്ന വിവരം ബഹുമാനപ്പെട്ട സ്പീക്കറുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ആ പ്രദര്‍ശനം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമോ?
ചന്ദ്രസേനന്‍ എം.എല്‍.എ. നിയമസഭയില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ തൊടുത്തു വിടുന്ന ആളായിരുന്നു. ഉറ്റ സുഹൃത്തായ കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ കാര്‍ട്ടൂണുകളെ പറ്റി ചോദ്യങ്ങള്‍ ഉന്നയിച്ച് കാര്‍ട്ടൂണിന് പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കുക പതിവായിരുന്നു. സ്പീക്കറുടെ മറുപടി പെട്ടെന്നായിരുന്നു. ബഹുമാനപ്പെട്ട മെമ്പര്‍ ഉന്നയിച്ച ചോദ്യം ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. നിയമസഭയിലെ എല്ലാ അംഗങ്ങളോടും എനിക്കൊരു അപേക്ഷയുണ്ട്. എല്ലാ അംഗങ്ങളും ഈ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണണം.
മലയാള മനോരമയില്‍ 23 വര്‍ഷം
1985ലാണ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിക്കുന്നത്. കമ്മ്യൂണിസ്റ്റ് പത്രത്തില്‍ വരച്ച് പയറ്റി തിളങ്ങിയ യേശുദാസന്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകളും വരച്ച് തുടങ്ങി. മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായതോടെ അദ്ദേഹം കൂടുതല്‍ ജനകീയനായി മാറി. കമ്മ്യൂണിസ്റ്റ് പത്രത്തില്‍ നിന്ന് വരയുടെ ബാലപാഠം പഠിച്ച യേശുദാസന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കാര്‍ട്ടൂണുകള്‍ വരച്ചു. മനോരമയുടെ മാനേജ്മെന്‍റിനൊപ്പം നിന്ന യേശുദാസന്‍ പത്രത്തിന്‍റെ പ്രധാന വ്യക്താവായി. മനോരമയില്‍ യേശുദാസനും, മാത്യഭൂമിയില്‍ ബി. എം ഗഫൂറുമായിരുന്നു അക്കാലത്ത് ശ്രദ്ധേയമായ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്.
കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ മലയാള മനോരമയുടെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും യേശുദാസന്‍റെ കാര്‍ട്ടൂണ്‍ കോളങ്ങള്‍ ഉണ്ടായിരുന്നു. ഇത്രയേറെ കാര്‍ട്ടൂണ്‍ കോളങ്ങള്‍ ഒരേ സമയം വരച്ച മറ്റൊരു കാര്‍ട്ടൂണിസ്റ്റ് ഉണ്ടാകുമെന്ന് തോന്നുന്നില്ല. മലയാള മനോരമ പത്രത്തിലെ പൊന്നമ്മ സൂപ്രണ്ട്, വാരികയിലെ ജുബാ ചേട്ടന്‍, വനിതയിലെ മിസിസ്സ് നായര്‍, ദി വീക്കിലെ ഫിനിഷിങ്ങ് ലൈന്‍, വാരഫലം ഇങ്ങനെ പോകുന്നു പംക്തികള്‍. വ്യത്യസ്ഥ വിഷയങ്ങളില്‍ അദ്ദേഹം കാര്‍ട്ടൂണുകള്‍ വരച്ചത് അത്ഭുതമായി കാര്‍ട്ടൂണ്‍ ചരിത്രത്തിന്‍റെ താളുകളില്‍ ഉണ്ടാകും. പരന്ന വായനയും, എല്ലാ വിഷയങ്ങളിലുമുള്ള അറിവും മാത്രം കൊണ്ട് സാധിക്കുന്ന ഒരു കാര്യമാണ് അത്.
മലയാള മനോരമയും കാര്‍ട്ടൂണിസ്റ്റ് റ്റോംസും തമ്മില്‍ ബോബനും മോളിയും വിഷയത്തില്‍ കോടതി കയറിയപ്പോള്‍ സാക്ഷിയായി യേശുദാസന്‍ വന്നിരുന്നു. അന്ന് കാര്‍ട്ടൂണിസ്റ്റ് റ്റോംസിനെ കോടതിയില്‍ തള്ളി പറഞ്ഞ് മനോരമയുടെ ഭാഗമായി നിന്നു. കാര്‍ട്ടൂണിസ്റ്റ് യേശുദാസനെതിരെ വലിയ വിമര്‍ശനം ഉണ്ടായ സംഭവമായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങിനെ നിലപാടെടുത്തത് തെറ്റായി പോയി എന്ന് യേശുദാസന്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്.
വിവാദ കാര്‍ട്ടൂണുകള്‍
തന്‍റെ കാര്‍ട്ടൂണ്‍ ജീവിതത്തില്‍ ഒട്ടേറെ വിവാദ കാര്‍ട്ടൂണുകളും വരച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. അപ്രതീക്ഷിതമായി മനസില്‍ പോലും വിചാരിക്കാത്ത അര്‍ത്ഥങ്ങള്‍ കാര്‍ട്ടൂണുകള്‍ക്ക് പലപ്പോഴും വന്നു പെടാറുണ്ട്. അങ്ങിനെ മനസാ വാചാ കര്‍മ്മണാ അറിയാത്ത അര്‍ത്ഥം കാര്‍ട്ടൂണില്‍ വന്നത് ഏറെ ദുഖമുണ്ടാക്കിയിട്ടുള്ളത് അദ്ദേഹം പറയാറുണ്ട്. പക്ഷെ ഒരു വിഷയത്തില്‍ ശക്തമായ കാര്‍ട്ടൂണ്‍ വരച്ചത് വിചാരിച്ചതിലും മൂര്‍ച്ചയായി വിവാദമുണ്ടായ സംഭവങ്ങളും യേശുദാസനുണ്ട്.
കേരളത്തില്‍ സൂര്യനെല്ലി പെണ്‍വാണിഭ വാര്‍ത്ത വന്നുകൊണ്ടിരിക്കുന്ന കാലം. ദിവസവും ഓരോ പ്രമുഖരുടേയും പേരുകള്‍ ഈ കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നുകൊണ്ടിരുന്നു. കോണ്‍ഗ്രസ്സ് നേതാക്കളായിരുന്നു പ്രതിപട്ടികയില്‍ വന്നുകൊണ്ടിരുന്നത്. സൂര്യനെല്ലി വിഷയം ഇലക്ഷനില്‍ ഉയര്‍ത്തിപിടിക്കാന്‍ ഇടത്പക്ഷ മുന്നണി തീരുമാനിക്കുന്നു. മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. അക്കാലത്ത് ഇറങ്ങിയ ഒരു സിനിമയുടെ പേരിനെ ഓര്‍മ്മിപ്പിക്കുന്ന പേരായിരുന്നു കാര്‍ട്ടൂണിനും ഇട്ടത്. അഗ്നിപുത്രി. അതിശക്തമായ ഈ കാര്‍ട്ടൂണ്‍ വലിയ കോളിളക്കമുണ്ടാക്കി. കാര്‍ട്ടൂണിസ്റ്റിന്‍റെ വീട്ടിലെ ഫോണ്‍ എടുക്കാന്‍ പറ്റാത്ത സ്ഥിതി വരെ ഉണ്ടായി. 1976 ഒക്റ്റോബര്‍ ലക്കം അസാധുവിന്‍റെ കവര്‍ ചിത്രം വരച്ച യേശുദാസന്‍ അറിയാതെ പൊല്ലാപ്പിലായി. കെപിസിസി സസ്യഭേിജനശാലയില്‍ മദ്യം മാദക ഡാന്‍സുകാരിയായി ന്യത്തം ചെയ്യുന്നു. പക്ഷെ എ കെ ആന്‍റണിയും, കെ കരുണാകരനും പിന്തിരിഞ്ഞ് നില്‍ക്കുന്നു. കരുണാകരന്‍ ഒളികണ്ണിട്ട് നോക്കുന്നു. പക്ഷെ കരുണാകരന്‍റെ ക്കൈ നര്‍ത്തകിയെ തോണ്ടുന്നതായി ചിലര്‍ വ്യാഖ്യാനിച്ചതാണ് പ്രശ്നമായത്.
പ്രവചന കാര്‍ട്ടൂണുകള്‍
പല അവസരങ്ങളില്‍ വരയ്ക്കപ്പെട്ട കാര്‍ട്ടൂണുകള്‍ പ്രവചനം പോലെ സംഭവിക്കാറുണ്ട്. നല്ല രാഷ്ീയ്രെ നിരീക്ഷണമുള്ള ആര്‍ക്കും അത്തരം കാര്‍ട്ടൂണുകള്‍ വരയ്ക്കുവാന്‍ സാധിക്കുമെന്ന് യേശുദാസന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. പ്രവചന സ്വഭാവമുള്ള കാര്‍ട്ടൂണുകള്‍ പലതും വരച്ച യേശുദാസന്‍ തന്നെ അതില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്‍ട്ടൂണിനെ കുറിച്ച് പറയുകയുണ്ടായി. വി. പി. സിംഗിനെ കഥാപാത്രമാക്കി വരച്ചതായിരുന്നു അത്.
ڇ ഇതില്‍ ഒരാള്‍ എന്നെ ഒറ്റികൊടുക്കും, മറ്റൊരാള്‍ എന്നെ തള്ളി പറയും...ڈ 1990 ഏപ്രില്‍ 13ലെ ദുഃഖവെള്ളിയാഴ്ച്ച മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ വരച്ച കാര്‍ട്ടൂണിലെ സംഭാഷണമാണിത്. വി പി സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലം, അവസാന അത്താഴം വിഷയമാക്കിയാണ് ഈ കാര്‍ട്ടൂണ്‍. അത്താഴ മേശയില്‍ വി.പി. സിംഗ്, പിന്നിലെ ഇരു കര്‍ട്ടനുകള്‍ക്ക് പിന്നില്‍ ദേവിലാലും ചന്ദ്രശേഖറും. ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ ചൊല്ലി ഒട്ടേറെ വിവാദങ്ങളും ഉണ്ടായി. ദുഃഖവെള്ളിയാഴ്ച്ച ഇത്തരം കാര്‍ട്ടൂണുകള്‍ കൊടുത്തത് ശരിയായില്ല എന്നതായിരുന്നു പ്രധാന എതിര്‍പ്പ്. ഈ കാര്‍ട്ടൂണില്‍ പറയും പോലെ ഒരാള്‍ ഒറ്റികൊടുക്കുകയും, മറ്റൊരാള്‍ തള്ളി പറയുകയും ചെയ്തതോടെയാണ് കാര്‍ട്ടൂണ്‍ പ്രവചനമായി മാറിയത്.
ഒട്ടേറെ പ്രവചന കാര്‍ട്ടൂണുകളില്‍ ഒരു കാര്‍ട്ടൂണ്‍ കൂടി സൂചിപ്പിക്കാം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മൂന്ന് തവണ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് വാര്‍ത്ത വന്ന സമയം. പ്രതിമയായി നില്‍ക്കുന്ന ആന്‍റണി വരുന്ന ഓരോ കല്ലും സമര്‍ത്ഥമായി ഒഴിയുന്നു. ഒടുവിലത്തെ ഫ്രൈയിമില്‍ ജീവനുള്ള ആന്‍റണി വലിയ പ്രതിമ എടുത്ത് പറയുകയാണ് ഞാനിത് ഡല്‍ഹിയിലെങ്ങാനും വെച്ചോളാം എന്ന് പറഞ്ഞ് പോകുന്നതാണ്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എ. കെ. ആന്‍റണി കേന്ദ്രമന്ത്രിയായി ഡല്‍ഹിയിലേയ്ക്ക് പോയി.
ഞാനും ശിഷ്യനാകുന്നു
പഠനത്തേക്കാള്‍ വരയില്‍ താത്പര്യം ഉള്ളത് കൊണ്ട് സ്ക്കൂളിലെ പാഠപുസ്തകങ്ങളിലെല്ലാം കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. കുടുംബ സുഹ്യത്തായ എലിസബത്ത് ആന്‍റി ഒരിക്കല്‍ എന്‍റെ കണക്ക് പുസ്തകം മറിച്ച് നോക്കിയപ്പോള്‍ പകുതിയിലേറെ പേജിലും കാര്‍ട്ടൂണ്‍ വര. അവര്‍ വിവരങ്ങള്‍ അമ്മയോട് പറഞ്ഞു. തെളിച്ച വഴിയില്‍ (പഠിക്കുന്ന കാര്യം) പോയില്ലെങ്കില്‍ പോകുന്ന വഴിയെ (വരയ്ക്കുന്ന കാര്യം) തെളിക്കാമെന്ന് അമ്മ പരസ്യമായി പ്രഖ്യാപിച്ചു. വീട്ടില്‍ നിന്ന് ഏറെ ദൂരെയല്ലാത്ത ചങ്ങമ്പുഴ നഗറിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ വീട്ടിലേയ്ക്ക് ഒരു ദിവസം അമ്മ തന്നെ എന്നെ കൊണ്ടു പോയി. അമ്മയും യേശുദാസങ്കിളിന്‍റെ ഭാര്യ മേഴ്സിയും സുഹ്യത്തുക്കളാണ്. 1970 തുകളുടെ പകുതി മുതല്‍ വീടിന് ഏറെ ദൂരെയല്ലാത്ത ഒരു വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മകനില്‍ കാര്‍ട്ടൂണ്‍ വരപ്പിന്‍റെ അസ്ഥിരത കലശലായിട്ടുണ്ടെന്ന് അമ്മ തന്നെ ദാസങ്കിള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റിനോട് പറഞ്ഞു.
എന്‍റെ വരകള്‍ അമ്മ കാണിച്ചു. ഇടയ്ക്ക് ഒന്ന് പരിശോധിക്കണമെന്ന അഭ്യര്‍ത്ഥനയും അമ്മ നടത്തി. പിന്നീട് എല്ലാ ആഴ്ച്ചയിലും കാര്‍ട്ടൂണ്‍ പരിശോധന പതിവായി. ഓരോ ആഴ്ച്ചയിലും വരച്ച കാര്‍ട്ടൂണുമായി യേശുദാസന്‍ സാറിനെ രാവിലെ വീട്ടില്‍ കൊണ്ടു പോയി കാണിക്കും. ഒരിക്കലും അദ്ദേഹം ഒരു കാര്‍ട്ടൂണ്‍ പോലും നല്ലെത് എന്ന് പറഞ്ഞില്ല. മാത്രമല്ല എല്ലാ കാര്‍ട്ടൂണിലേയും കുറ്റം ചൂണ്ടി കാണിക്കും. കുറ്റമറ്റ ഒറ്റ കാര്‍ട്ടൂണും വരയ്ക്കാന്‍ സാധിച്ചില്ല. അതൊരു വാശിയായിരുന്നു. നല്ല കാര്‍ട്ടൂണ്‍ വരയ്ക്കുവാനുള്ള വാശി. അത് വരയുടെ പരിശീലനമായി മാറി. അന്ന് അദ്ദേഹം കാര്‍ട്ടൂണുകള്‍ കണ്ട് ഗംഭീരമായിരിക്കുന്നു എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കാര്‍ട്ടൂണിസ്റ്റ് ആകില്ലായിരുന്നു. വര അവിടെ വെച്ച് മുരടിച്ച് പോകുമായിരുന്നു. കാര്‍ട്ടൂണ്‍ ലോകത്ത് ആദ്യ പാഠങ്ങള്‍ യേശുദാസില്‍ നിന്നാണ് പഠിച്ചത്. എന്‍റെ കാര്‍ട്ടൂണ്‍ രംഗത്തെ ആദ്യ ഗുരുവാണ് അദ്ദേഹം.
കേരള കാര്‍ട്ടൂണ്‍ അക്കാദമി
1981ല്‍ എറണാകുളം നോര്‍ത്തിലെ മാസ് ഹോട്ടലിലെ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങുന്ന അസാധു ഓഫീസില്‍ ഒരു യോഗം ചേരുകയുണ്ടായി. കാര്‍ട്ടൂണ്‍ രംഗത്ത് വിപ്ലവം തന്നെ സ്യഷ്ടിച്ച കെ. എസ്. പിള്ള 59ാം വയസില്‍ മരണപ്പെട്ട അവസരത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരു സംഘടന പോലും ഉണ്ടായിരുന്നില്ല. അത് അന്ന് വളരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കട്ട് കട്ടിന്‍റെ പത്രാധിപരായി കോഴിക്കോട് നിന്ന് കൊച്ചിയിലേയ്ക്ക് വിളിച്ച് വരുത്തിയ ബി. എം. ഗഫൂറിനെ പുതുമോടി വിട്ടപ്പോള്‍ മാനേജ്മെന്‍റ് പുറത്താക്കാന്‍ പീഠനം തുടങ്ങി. ബി. എം. ഗഫൂര്‍ തന്‍റെ സങ്കടങ്ങള്‍, അസാധുവിന്‍റെ ഓഫീസില്‍ വെച്ച് യേശുദാസിനോട് പറഞ്ഞു. ഈ പീഠനങ്ങളെ കുറിച്ച് ചോദിക്കാനും പറയാനും ഒരു സംഘടന ആവശ്യമാണെന്ന തോന്നലുണ്ടായി. ഈ രണ്ട് വിഷയങ്ങളാണ് ഇന്ന് ഇന്ത്യന്‍ കാര്‍ട്ടൂണ്‍ സമൂഹത്തിന് അഭിമാനമായ കേരള കാര്‍ട്ടൂണ്‍ അക്കാദമി രൂപീകരിക്കുന്നതിനായുള്ള കാരണമായത്.
1981ല്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ രൂപീകരിക്കുന്നതിനുള്ള ആലോചന യോഗത്തില്‍ ബി. എം. ഗഫൂര്‍, എസ്. മോഹന്‍, രാജൂ നായര്‍, വൈ. എ. റഹീം എന്നിവരും ക്വോറം തികയ്ക്കാന്‍ ഹാസ്യ സാഹിത്യക്കാരനും ഡി.വൈ.എസ്.പിയും ഹാസ്യ സാഹിത്യകാരനുമായ പി. അബ്ദുള്‍ ഹമീദും പങ്കടുത്തു. 1981 നവംബര്‍ 29ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ കാര്‍ട്ടൂണിസ്റ്റ് ശിവറാമിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മറ്റൊരു യോഗം ഇന്നത്തെ കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് ഔദ്യോഗികമായി രൂപം കൊടുക്കുകയായിരുന്നു. പതിനാറ് കാര്‍ട്ടൂണിസ്റ്റുകളാണ് അന്ന് യോഗത്തില്‍ പങ്കെടുത്തത്. ചെയര്‍മാനായി കാര്‍ട്ടൂണിസ്റ്റ് യേശുദാസനേയും, സെക്രട്ടറിയായി ബി. എം. ഗഫൂറിനേയും യേഗം തിരഞ്ഞെടുത്തു. കാര്‍ട്ടൂണിസ്റ്റ് റ്റോംസായിരുന്നു വൈസ് ചെയര്‍മാന്‍. ഇവരെ കൂടാതെ കാര്‍ട്ടൂണിസ്റ്റുകളായ തോമസ്, ശിവറാം, നാഥന്‍, സീരി, ജോണ്‍ കാക്കനാട്, ശത്രു, കെ എസ് ഗോപാലന്‍(ഭഗവാന്‍), വേണുഗോപാലന്‍ (വേണു), ഡോ പി കമലാസന്‍, ബാലു, സി ഏ സോളമന്‍, രാജൂ നായര്‍, ശിവന്‍, ഗോപന്‍, എം എം മോനായി, ജോഷി ജോര്‍ജ്ജ്, പീറ്റര്‍ പനത്തറ, എം എന്‍ മുരളീധരന്‍ എന്നിവരും കേരള കാര്‍ട്ടൂണ്‍ അക്കാദമി രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.
1981 ല്‍ ആണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി രൂപീകരിക്കപ്പെട്ടണെങ്കിലും സൊസൈറ്റി ആക്റ്റ് പ്രകാരം കാര്‍ട്ടൂണ്‍ അക്കാദമി രജിസ്റ്റര്‍ ചെയ്തത് 1983ല്‍ മാത്രമാണ്. 1983 മാര്‍ച്ച് 9 ന് എറണാകുളം പ്രസ്സ് ക്ലബ് ഹാളില്‍ നിയമാവലിയുണ്ടാക്കിയ ശേഷമുള്ള ആദ്യ പൊതുയോഗം നടന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് ആദ്യ കമ്മറ്റിയുടെ നേത്യത്വത്തിലായിരുന്നു നിയമാവലി ഉണ്ടാക്കിയത്. യോഗം ചെയര്‍മാനായി യേശുദാസനേയും, സെക്രട്ടറിയായി ശിവറാമിനേയും തിരഞ്ഞെടുത്തു. യേശുദാസന്‍ കാര്‍ട്ടൂണ്‍ അക്കാദമിയുടെ ലോഗോ രൂപകല്‍പ്പന ചെയ്തു. പുതിയ കമ്മറ്റി കേരള കാര്‍ട്ടൂണ്‍ അക്കാദമിയെ എറണാകുളം രജിസ്റ്റാര്‍ ഓഫീസില്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നു. രജിസ്റ്റര്‍ നമ്പര്‍ ഋഞ 81/83.
1987ല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനായിരുന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ സഹായിയായിട്ടാണ് മറ്റ് കാര്‍ട്ടൂണിസ്റ്റുകള്‍ക്കിടയില്‍ ഞാന്‍ എത്തുന്നത്. കാര്‍ട്ടൂണ്‍ അക്കാദമിയുടെ വാര്‍ഷിക പൊതുയോഗത്തിന് സഹായിയായി എന്നെ ദാസങ്കിള്‍ കൊണ്ടുപോയി. എറണാകുളത്തെ ചിറ്റൂര്‍ റോഡിലെ ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്ക്കൂളിന് എതിര്‍വശമുള്ള മാനസാര ബില്‍ഡിംഗ്സിലെ കാര്‍ട്ടൂണിസ്റ്റ് ശിവറാമിന്‍റെ മകനും ആര്‍ക്കിടെക്റ്റുമായ സോമന്‍റെ ഓഫീസായിരുന്നു പൊതുയോഗ വേദി. വിരലിലെണ്ണാവുന്നവരേ അന്ന് യോഗത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. രാവിലെ 11 മണിയോടെ തുടങ്ങുന്ന വാര്‍ഷിക പൊതുയോഗം ഒരു മണിക്കൂര്‍ പോലും നീളില്ല. കേരളത്തിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ അവിടെ ഒത്തുകൂടും. അവര്‍ക്ക് കസേര ഇട്ടു കൊടുക്കുക, ചായ വരുത്തിക്കുക തുടങ്ങിയ ചില്ലറ സഹായം ചെയ്യണം. അക്കാദമി അംഗമല്ലാതെ അങ്ങിനെ അക്കാദമി വാര്‍ഷിക യോഗത്തില്‍ രണ്ട് വര്‍ഷം പങ്കെടുത്തു. അന്ന് ദാസങ്കിളിനൊപ്പം പോയതും മറ്റ് മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകളുമായി ഇടപഴകുവാന്‍ സാധിച്ചതുമാണ് ഒരു കാര്‍ട്ടൂണിസ്റ്റായി വളരാന്‍ എനിക്ക് സാധിച്ചത് എന്ന് തിരിച്ചറിയുന്നു.
യേശുദാസന്‍റെ ഡല്‍ഹി യാത്രകള്‍
1996 മുതല്‍ ഞാന്‍ ഡല്‍ഹിയില്‍ ഉണ്ട്. എല്ലാ വര്‍ഷവും കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ഡല്‍ഹി യാത്രയുണ്ടാകും. അന്നൊക്കെ അദ്ദേഹത്തിന്‍റെ മുഖ്യ സഹായി ലേഖകന്‍ തന്നെയായിരുന്നു. ഡല്‍ഹിയില്‍ അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകള്‍ മറക്കുവാന്‍ സാധിക്കുന്നതല്ല. മുന്‍പ് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനൊപ്പം ജോലി ചെയ്യുന്ന അവസരത്തില്‍ യേശുദാസന്‍ ഡല്‍ഹിയില്‍ ഏറെ കാലം താമസിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ അദ്ദേഹത്തോടൊപ്പം പല ഇടവഴികളിലൂടെ നടത്തിയ യാത്രകളും, ചരിത്രപരമായ വിശേഷങ്ങളും എത്രയോ കേട്ടിരിക്കുന്നു. ഓര്‍മ്മശക്തിയും, മൂര്‍ച്ചയേറിയ വാചകങ്ങളും അദ്ദേഹത്തിന്‍റെ മിക്ക കാര്‍ട്ടൂണ്ടുകളിലും കാണാം. കാര്‍ട്ടൂണില്‍ മാത്രമല്ല നിത്യ ജീവിതത്തിലും നര്‍മ്മത്തില്‍ പൊതിഞ്ഞ ഇരുതല മൂര്‍ച്ചയുള്ള വാചകങ്ങള്‍ പ്രയോഗിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്
ഡല്‍ഹിയിലെ ചരിത്ര സ്മാരകങ്ങള്‍, രാജീവ് ഗാന്ധിയുടെ ജീവിത വഴി തുടങ്ങി പല പല വിഷയങ്ങള്‍ വരയ്ക്കുന്നതിന് വന്നിരുന്ന അവസരത്തില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. എല്ലാ യാത്രകളിലും കാണുന്ന പ്രദേശത്തിന്‍റെ സവിശേഷതകള്‍ അദ്ദേഹം പറഞ്ഞു തരുമായിരുന്നു. ഡല്‍ഹിയില്‍ താമസിച്ചിരുന്ന സമയത്ത് മുടി വെട്ടിയിരുന്ന കട ഓര്‍ത്തെടുത്ത് അതേ കടയില്‍ പോയി മുടി മുറിക്കാന്‍ ഇരുന്ന ദാസങ്കിള്‍. ഡല്‍ഹിയിലെ ടിമ്പറ്റിന്‍ കോളനിയില്‍ എന്നേയും കൂട്ടി പോയത്. മകന്‍ സേതു ദാസ് ഫ്രണ്‍ഡ്സ് ഓഫ് ടിമ്പറ്റ് കോ ഓഡിനേറ്ററായത് കൊണ്ട് അവിടെ അവരുടെ പ്രവര്‍ത്തകരുണ്ടായിരുന്നു. ആദ്യമായിട്ടാണ് ഡല്‍ഹിയിലെ ടിമ്പറ്റിന്‍ കോളനിയും, മാര്‍ക്കറ്റും കണ്ടത്. ടിമ്പറ്റിന്‍ രുചി അറിഞ്ഞത്. പിന്നീട് എത്രയോ തവണ അവിടെ പോയിരിക്കുന്നു.
അരിവാള്‍ ചുറ്റിക നക്ഷത്രം
യു.ഡി.എഫിനോട് ഒപ്പമായിരുന്ന പി. ജെ. ജോസഫ് 1978ല്‍ എ കെ ആന്‍റണി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ ജോസഫിന്‍റെ ചലനങ്ങളില്‍ ചിലര്‍ക്കെല്ലാം സംശയമായി. ദൈവദോഷം കാണിക്കുമോയെന്ന ഭയം. കടുത്ത കതോലിക്ക മതവിശ്വാസിയായ ജോസഫ് അന്ധവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാരോട് കൂട്ടുകൂടുമോ? അരിവാള്‍ ചുറ്റിക നക്ഷത്രത്തെ പുണരുമോ? റസ്റ്റ് ഹൗസുകളില്‍ മാറി മാറി ചില രഹസ്യചര്‍ച്ചകളും നടന്നെന്ന വാര്‍ത്ത പുറത്തുവന്നു. അവസാനം ഈ ചലനങ്ങളില്‍ ചില്ലറ സത്യങ്ങള്‍ ഉണ്ടെന്നു തോന്നത്തക്ക രീതിയില്‍ ഒരു പത്രപ്രസ്താവന ഇ.എം.എസിന്‍റേതായി പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പി.ജെ. ജോസഫിനു ശക്തിയുണ്ടെന്ന് തെളിയിച്ചാല്‍ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം ആലോചിക്കാം.
കാര്‍ട്ടൂണിന് പറ്റിയ നല്ല ഒരു വിഷയം. ഏറെ ചിന്തിക്കേണ്ടി വന്നില്ല. അരമണിക്കൂര്‍ കൊണ്ട് ഒരു കാര്‍ട്ടൂണ്‍ വരച്ചുതീര്‍ത്തു. 1989 നവംബര്‍ ഒമ്പത് മനോരമയില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണില്‍ പി ജെ ജോസഫ് വലതു കൈയില്‍ മസില്‍ പിടിച്ചുയര്‍ത്തുന്ന രംഗം. അരിവാളും ചുറ്റികയും മസിലിന്‍റെ രൂപത്തില്‍ കൈയില്‍ പൊങ്ങിവരുന്നു. കാര്‍ട്ടൂണ്‍ വരച്ച് താഴെ വച്ചപ്പോള്‍ വീണ്ടും ചിന്ത. അല്‍പ്പം കൂടി കാര്‍ട്ടൂണ്‍ വിപുലപ്പെടുത്തിയാലോ? രണ്ടാം ചിന്തയില്‍ അതു ബലപ്പെട്ടു വന്നു. ഇ എം.എസ്സിനെ കൂടി വരച്ചു ചേര്‍ത്തു. മടങ്ങി നില്‍ക്കുന്ന കൈത്തണ്ടയില്‍ ഇ എം.എസ് മസിലിന് ബലമുണ്ടോ എന്ന് തൊട്ടു നോക്കുന്നതാണ് രംഗം. അദ്ദേഹം പറയുന്ന വാചകവും ശ്രദ്ധേയം ڇപോരാ നക്ഷത്രം കൂടി വരണംڈ അതിന് ഇരട്ടി അര്‍ത്ഥം -അരിവാള്‍ ചുറ്റികയോടൊപ്പമുള്ള നക്ഷത്രം തെളിയണം. -രണ്ടാമത്തെ അര്‍ത്ഥം സ്വന്തം സ്റ്റാര്‍ തെളിയണം.
ഈ കാര്‍ട്ടൂണ്‍ അടുത്ത ദിവസം വളരെയേറെ ശ്രദ്ധിക്കപ്പെടുന്നതായി മാറി. അങ്ങനെ പി. ജെ. ജോസഫിനെ വരയ്ക്കാമായിരുന്നോയെന്ന് കടുത്ത ദൈവവിശ്വാസികള്‍ക്കു സംശയമുണ്ടായി. തിരഞ്ഞെടപ്പ് കാലം! വോട്ടുകള്‍ ചോരുമോ? പി. ജെ. ജോസഫിന്‍റെ പത്നി ഡോ. ശാന്തയോടൊപ്പം ജോലി ചെയ്തിരുന്ന യേശുദാസന്‍റെ ബന്ധു കൂടിയായ ഡോ. ഉമ്മന്‍ ഫിലിപ് ഒരു ദിവസം തൊടുപുഴയില്‍ നിന്ന് ഫോണ്‍ ചെയ്തു. അല്‍പ്പം കട്ടിയായിപ്പോയി. ജോസഫ് സാര്‍ ഉറങ്ങിയിട്ട് മൂന്നു ദിവസമായി. ആകെ കുഴപ്പത്തിലാണ്. സുഹൃത്തായ പി ജെ ജോസഫിനു കൂടി രസിക്കുമെന്ന് വിചാരിച്ച് വരച്ച കാര്‍ട്ടൂണ്‍ വേദനിക്കുന്നതായി മാറിയല്ലോ എന്നാ ദു:ഖം യേശുദാസനും ഉണ്ടായതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇടുക്കി തിരഞ്ഞെടുപ്പ് ഫലം വന്നു. പി. ജെ. ജോസഫ് തോറ്റു. പാല കെ. എം. മാത്യു ജയിച്ചു. മാസങ്ങള്‍ക്കു ശേഷം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍വച്ച് പി. ജെ. ജോസഫിനെ യേശുദാസന്‍ കണ്ടു. എന്നാല്‍ പി. ജെ. ജോസഫ് മുഖം തിരിച്ചു നടന്നതായി യേശുദാസന്‍ തന്നെ എഴുതിയിട്ടുണ്ട്.
മലയാള സിനിമയും യേശുദാസനും
കട്ട് കട്ട്, ടക്ക് ടക്ക് എന്നീ പ്രസിദ്ധീകരണങ്ങള്‍ മലയാള സിനിമയെ ചുറ്റി പറ്റിയാണ് നടന്നിരുന്നത്. സിനിമാ ലോകത്തെ പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍ ആക്ഷേപ ഹാസ്യ രൂപത്തില്‍ യേശുദാസന്‍ അണിയിച്ചൊരുക്കിയത് വലിയ ജനപ്രീയമായി. സിനിമാ മേഖലയിലെ പലരുമായി സൗഹ്യദത്തിലായി. അത് പിന്നീട് രണ്ട് മലയാള സിനിമയുടെ ഭാഗമാകാന്‍ യേശുദാസന് അവസരവും ലഭിച്ചു. 1984ല്‍ കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത വേളൂര്‍ ക്യഷ്ണന്‍ കുട്ടിയുടെ കഥ പഞ്ചവടിപ്പാലത്തിന് സംഭാഷണം എഴുതിയത് യേശുദാസനായിരുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ആക്ഷേപഹാസ്യത്തിന്‍റെ ഒന്നാം നിരയില്‍ ഇപ്പോഴും പഞ്ചവടിപ്പാലമുണ്ട്. 1992ല്‍ എ. ടി അബു സംവിധാനം ചെയ്ത എന്‍റെ പൊന്നുതമ്പുരാന്‍ എന്ന സിനിമയുടെ തിരക്കഥയും യേശുദാസന്‍ എഴുതി.
കട്ട് കട്ടിലൂടെ മമ്മൂട്ടി
ചെറുകാടിന്‍റെ ദേവലോകം എന്ന നോവല്‍ എം.ടി സിനിമയാക്കിയപ്പോള്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്‍റെ സിനിമയിലെ അരങ്ങേറ്റം കുറിച്ചിരുന്നു. നിര്‍മ്മാതാവുമായുള്ള അഭിപ്രായ വ്യത്യാസം കാരണം സിനിമ ഇറങ്ങിയില്ല. കെ. ജി. ജോര്‍ജിന്‍റെ തമ്പ് എന്ന സിനിമയില്‍ സര്‍ക്കസിലെ ബൈക്ക് ജംബറായി വേഷമിട്ടു. മമ്മുട്ടിയുടെ ശബ്ദം മോശമാണെന്നും മറ്റൊരാള്‍ ഡബ് ചെയ്യുമെന്ന് കെ. ജി. ജോര്‍ജ് മുഖത്ത് നോക്കി പറഞ്ഞതും മമ്മുട്ടിയെ നിരാശനാക്കി. മമ്മുട്ടി ആകെ അസ്വസ്ഥമായി. സുഹ്യത്തുക്കളായ കെ. ജി വിശ്വംബരന്‍, പി. സി മുരളി, ആര്‍. നാരായണന്‍ എന്നവരുമായി വിവാഹത്തിന് മുന്നേയുള്ള കുമ്പസാരം കഴിഞ്ഞിറങ്ങുന്ന എം. പി. കോശിയെ കണ്ടു. മുരളിയും, കോശിയും മഹാരാജാസില്‍ സുവോളജിക്ക് ഒരുമിച്ച് പഠിച്ചതാണ്. ത്യക്കാക്കര സ്വദേശിയായ കോശിയുടെ അയല്‍വാസിയായ കട്ട് കട്ട് പത്രാധിപര്‍ യേശുദാസനെ സ്വാധീനിക്കുക എന്നതാണ് ലക്ഷ്യം. എല്ലാവരും മറേന്‍ ഡ്രൈവിലെ ഹക്കോബ ഹോട്ടലില്‍ ഒരു മണിക്കൂറിലേറെ ചര്‍ച്ച ചെയ്തു. കോശിയുടെ വിവാഹ ദിനമായ 1980 മെയ് 25ന് നേരത്തെ എത്തുക. കോശി അയല്‍വാസിയായ യേശുദാസനെ പരിചയപ്പെടുത്തും.
വിവാഹ ദിവസം വളരെ നേരത്തെ കൊച്ചിക്കാരനായ ആര്‍. നാരായണന്‍റെ കാറില്‍ മമ്മുട്ടി സുഹ്യത്തുക്കളായ മുരളി, വിശ്വംബരന്‍ എന്നിവരോടൊപ്പം എത്തി. കോശി പറഞ്ഞ പ്രകാരം തന്നെ യേശുദാസനെ പരിചയപ്പെടുത്തി. അവര്‍ യേശുദാസനുമായി ഒരു മണിക്കൂറിലേറെ സംസാരിച്ചു. തൊട്ടടുത്ത ലക്കം മലയാളത്തിലെ വളര്‍ന്ന് വരുന്ന നായകന്‍ എന്ന തലക്കെട്ടില്‍ മമ്മുട്ടിയുടെ വലിയ ഒരു ഫോട്ടോയോടെ കട്ട് കട്ടിന്‍റെ നടുക്കത്തെ പേജില്‍ ഒരു ലേഖനം വന്നു. സിനിമാ ലോകം സൂക്ഷമതയോടെ നോക്കുന്ന കട്ട് കട്ടിലെ ലേഖനം ഗുണം ചെയ്തു. ഐ. വി. ശശിയുടെ ത്യഷ്ണയില്‍ നായകനായി അവസരം ലഭിച്ചു. പിന്നീട് ഒട്ടേറെ നല്ല അവസരങ്ങള്‍. യേശുദാസന്‍റെ കട്ട് കട്ടിന്‍റെ ബലത്തില്‍ മമ്മുട്ടി സിനിമാ ലോകത്ത് പറന്നുയര്‍ന്ന് മെഗാ സ്റ്റാറായി.
വരയിലെ നായനാര്‍
മുത്ത മകന്‍ സാനു ദാസിന്‍റെ വിവാഹം ക്ഷണിക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന നായനാരുടെ അടുത്ത് പോയ സംഭവം കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പല ആവര്‍ത്തി പറയുന്നത് കേട്ടിട്ടുണ്ട്. പതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോള്‍ മുറ്റത്ത് നിറയെ ആളുകള്‍. എല്ലാവരേയും സഖാവ് നായനാര്‍ പിടിച്ച് നിര്‍ത്തിയിരിക്കയാണ്. കൊച്ചുമക്കളടക്കമുള്ളവരെ സ്ക്കൂളില്‍ വിടാതെ നിര്‍ത്തിയിരിക്കുകയാണ്. കാര്‍ട്ടൂണില്‍ തന്നെ വരച്ച് കളിയാക്കുന്ന യേശുദാസന്‍ വരുന്നുണ്ട്, കണ്ടിട്ട് പോയാല്‍ മതി എന്ന് അദ്ദേഹം പറഞ്ഞത്രെ. എന്തായാലും യേശുദാസനെ എല്ലാവരേയും പരിചയപ്പെടുത്തിയ ശേഷം അകത്തേയ്ക്ക് കൂട്ടി കൊണ്ടുപോയി ഭാര്യ ശാരദ ടീച്ചറോട് പുസ്തകം എടുത്ത് കൊണ്ടു വരാന്‍ പറഞ്ഞു. ടീച്ചര്‍ കൊണ്ടു വന്ന പുസ്തകത്തില്‍ നിറയെ യേശുദാസന്‍ വരച്ച നായനാര്‍ കാര്‍ട്ടൂണുകള്‍. കാര്‍ട്ടൂണ്‍ വെട്ടി സൂക്ഷിക്കുന്ന ചുമതല ടീച്ചര്‍ക്കാണെന്ന് നായനാര്‍ പറഞ്ഞു.
ഈ ഒരു സംഭവമാണ് വരയിലെ നായനാര്‍ എന്ന കാര്‍ട്ടൂണ്‍ സമാഹാരം ഇറക്കുന്നതിനായി തീരുമാനിച്ചത്. അതിന്‍റെ ഏകോപന ചുമതല എന്നെയാണ് യേശുദാസന്‍ സാര്‍ ഏല്‍പ്പിച്ചത്. നൂറ് കണക്കിന് നായനാര്‍ കാര്‍ട്ടൂണുകള്‍ അദ്ദേഹം എനിക്ക് തിരഞ്ഞെടുക്കാന്‍ തന്നു. അതില്‍ ഒഴിച്ചുകൂടാനാകാത്ത നായനാര്‍ കാര്‍ട്ടൂണുകള്‍ തിരഞ്ഞെടുത്തത് ഒരു കൂട്ടം കാര്‍ട്ടൂണ്‍ സ്നേഹികളായിരുന്നു. ഡോക്ടര്‍ സെബാസ്റ്റിന്‍ പോള്‍, ഡി. വിജയമോഹന്‍, പി. വി. തോമസ്, ആര്‍. എസ് ബാബു, പി. സുധാകരന്‍ പിന്നെ ലേഖകനും. പുസ്തകരൂപത്തിലാക്കുമ്പോള്‍ സഖാവ് നായനാര്‍ ജീവിച്ചിരിക്കുന്നുണ്ട്. തിരഞ്ഞെടുത്ത കാര്‍ട്ടൂണുകള്‍ അദ്ദേഹം കണ്ടതുമാണ്. സുകുമാര്‍ അഴിക്കോടിന്‍റെ അവതാരികയോടെ പുസ്തകം അച്ചടിക്കും മുന്‍പ് നായനാര്‍ അന്തരിച്ചു.
ഒന്നാം യു.പി.എ. സര്‍ക്കാരിന്‍റെ മുഖ്യ ശില്‍പ്പി സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തായിരുന്നു. പ്രധാനമന്ത്രി ഡോക്ടര്‍ മന്‍ മോഹന്‍ സിംഗ് ചുമതല ഏറ്റതിന്‍റെ ആഴ്ച്ചകള്‍ക്ക് ശേഷമായിരുന്ന പ്രകാശന ചടങ്ങ്. പ്രധാനമന്ത്രിയുടെ വീട്ടിലെ ഹാളില്‍ വെച്ച് പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങ് നടന്നത്. ആദ്യ കോപ്പി ഹര്‍ക്കിഷന്‍ സുര്‍ജിത്ത് പ്രധാനമന്ത്രിയില്‍ നിന്ന് ഏറ്റ് വാങ്ങി. പി. കെ വാസുദേവന്‍ നായര്‍, പി. എം. സെയ്ത്, പ്രൊഫസര്‍ കെ. വി. തോമസ് അടക്കം കേരളത്തില്‍ നിന്നുള്ള ഒട്ടുമിക്ക മലയാളികളായ പാര്‍ലമെന്‍റ് അംഗങ്ങളും, വി. കെ. മാധവന്‍കുട്ടിയും, ടി.വി.ആര്‍ ഷേണായും അടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് യേശുദാസന് ലഭിച്ച മികച്ച അംഗീകാരമായിരുന്നു. അന്ന് ചടങ്ങിന് നന്ദി പറഞ്ഞത് ലേഖകനായിരുന്നു എന്നത് വ്യക്തിപരമായ ഭാഗ്യമായി തന്നെ കരുതട്ടെ.
വരയിലെ ലീഡര്‍
വരയിലെ നായനാര്‍ എന്ന നായനാര്‍ കാര്‍ട്ടൂണുകളുടെ സമാഹാരം ഇറങ്ങിയപ്പോഴാണ് ലീഡര്‍ കെ. കരുണാകരന്‍റെ കാര്‍ട്ടൂണുകളും സമാനമായ രീതിയില്‍ ഇറക്കണമെന്ന് യേശുദാസന് തോന്നിയത്. ചിത്രകാരന്‍ കൂടിയായ കെ. കരുണാകരന്‍റെ മുവായിരത്തിലേറെ കാര്‍ട്ടൂണുകളില്‍ നിന്ന് തിരഞ്ഞെടുത്ത മുന്നൂറ് കാര്‍ട്ടൂണുകള്‍ 2012ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കരുണാകരന്‍റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ കാര്‍ട്ടൂണുകളില്‍ യേശുദാസന്‍ പലപ്പോഴായി വരച്ചത് ഒരു ജീവിത കഥപോലെ വായിച്ചെടുക്കാം.
വരയിലെ ലീഡര്‍ പ്രകാശന ചടങ്ങലേയ്ക്ക് അന്നത്തെ മഹാരാഷ്ട്രാ ഗവര്‍ണറും യേശുദാസന്‍റെ സുഹ്യത്തുമായ ശങ്കരനാരായണനെയാണ് മകന്‍ ാനേു ദാസ് ക്ഷണിച്ചത്. ആദ്യ കോപ്പി സ്വീകരിക്കാന്‍ ലീഡറുടെ മകന്‍ കെ. മുരളീധരനെ യേശുദാസനും ക്ഷണിച്ചു. ചടങ്ങ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യ കാരണങ്ങള്‍ കൊണ്ട് ശങ്കരനാരായണന്‍ പരിപാടി റദ്ദാക്കി. തൊട്ടു പിന്നാലെ കെ. മുരളീധരനും വരുന്നില്ല എന്ന അറിയിപ്പ് നല്‍കി. ഒടുവില്‍ പി. പി തങ്കച്ചന്‍ പകരക്കാരനായി പ്രകാശന ചടങ്ങ് നടത്തി.
കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ ഇ.എം.എസിനേയും, നായനാരേയും, ലീഡറേയും ഏറെ ഇഷ്ടപ്പട്ടിരുന്ന യേശുദാസന്‍ ഇ.എം.എസിന്‍റെ കാര്‍ട്ടൂണ്‍ സമാഹാരം മാത്രം ഇറക്കിയില്ല. താന്‍ വരയ്ക്കുന്ന ഇ.എം.എസ് യഥാര്‍ത്ഥ ഇ.എം.എസിന്‍റെ മുഖവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് യേശുദാസന്‍ പറയുമായിരുന്നു. കെട്ട്വെള്ളം പോലെ ഇലയുള്ള യേശുദാസന്‍റെ ഇ.എം.എസ്. കാര്‍ട്ടൂണ്‍ രൂപം വായനക്കാര്‍ അംഗീകരിച്ചു. യേശുദാസന്‍ വരച്ച ഇ.എം.എസിന്‍റെ രൂപം അതേപോലെ പല യുവ കാര്‍ട്ടൂണിസ്റ്റുകള്‍ അനുകരിച്ചു.
മനോരമയില്‍ നിന്ന് പുറത്തേയ്ക്ക്
റിട്ടയര്‍ ചെയ്ത ശേഷവും മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി യേശുദാസന്‍ തുടരുകയായിരുന്നു. കാലം മാറിയതോടെ ഒപ്പം സഞ്ചരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നോ എന്നത് ചോദ്യമായി നില്‍ക്കട്ടെ. മുന്‍പൊക്കെ അതാത് ദിവസത്തെ പത്രങ്ങളിലെ വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തിയാണ് കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. ഈ കാര്‍ട്ടൂണുകള്‍ പിറ്റേന്നുള്ള പത്രത്തില്‍ പ്രസിദ്ധീകരിക്കുകയാണ് പതിവ്. വിവരസാങ്കേതിക വിദ്യ വികസിച്ചപ്പോള്‍ വാര്‍ത്തയും പ്രതികരണവും വേഗത്തിലായി. യേശുദാസന്‍റെ ഒട്ടേറെ കാര്‍ട്ടൂണുകള്‍ മാറ്റി വെയ്ക്കപ്പെട്ടു.
ഒരു കാലത്ത് രാഷ്ട്രീയ കാര്‍ട്ടൂണെന്നാല്‍ യേശുദാസനും, ബി. എം. ഗഫൂറും ആയിരുന്നു. ബി. എം. ഗഫൂര്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് മലയാള മനോരമ പ്രസിദ്ധീകരണമായ ദി വീക്കിലെ ഫിനിഷിങ്ങ് ലൈന്‍ എന്ന പംക്തി വരച്ചതിന് ലഭിച്ചു. അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ദി വീക്കിലെ പംക്തി നിര്‍ത്തലാക്കി. അവാര്‍ഡ് വാര്‍ത്ത തയ്യാറാക്കിയത് കൊടുത്തില്ല എന്നായിരുന്നു യേശുദാസന്‍ പരിഭവം രേഖപ്പെടുത്തിയത്. പിന്നീട് തന്‍റെ പരിഭവം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കാനും തുടങ്ങി. കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസിന്‍റെ ജെ. ബി. ജംഗ്ഷനില്‍ യേശുദാസന്‍ തുറന്ന് പറച്ചില്‍ നടത്തി. പക്ഷെ മലയാള മനോരമ മാനേജ്മെന്‍റ് ഒരു അച്ചടക്ക നടപടിയും സ്വീകരിച്ചില്ല. പക്ഷെ യേശുദാസിന് ലഭിച്ചിരുന്ന സ്വാതന്ത്ര്യം കുറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ വീര്‍പ്പ് മുട്ടി അദ്ദേഹം മനോരമയില്‍ നിന്ന് സ്വയം പടിയിറങ്ങി.
മാനസികമായ അകല്‍ച്ച കാരണം മലയാള മനോരമയില്‍ നിന്ന് പിരിഞ്ഞതിന് ശേഷമാണ് ഫാരീസ് അബൂബക്കറിന്‍റെ മെട്രോ വാര്‍ത്തയില്‍ കാര്‍ട്ടൂണിസ്റ്റായി ചേരുന്നത്. മലയാള മനോരമയിലെ പോലെ അവിടേയും അസ്വാരസ്യങ്ങള്‍ ഉണ്ടായി. മെട്രോ വാര്‍ത്തയില്‍ നിന്ന് പിരിഞ്ഞതും സുഖകരമായിട്ടായിരുന്നില്ല. ഒരു വര്‍ഷം മാത്രമേ അദ്ദേഹം അവിടെ സേവനമനുഷ്ടിച്ചുള്ളൂ.
വരാത്ത വരകള്‍
മലയാള മനോരമയില്‍ ജോലി ചെയ്തിരുന്ന സമയത്ത് വരച്ചതും പ്രസിദ്ധീകരിക്കാത്തതുമായ നാന്നൂറ്റി അന്‍പതോളം കാര്‍ട്ടൂണുകള്‍ യേശുദാസന്‍ സൂക്ഷിച്ചിട്ടുണ്ട്. അതിലൊരു കാര്‍ട്ടൂണ്‍ ഇങ്ങനെയായിരുന്നു. മദ്രാസ് മെഡിക്കല്‍ മിഷനില്‍ സഖാവ് നായനാര്‍ സ്ഥിരമായി ചികിത്സയ്ക്ക് എത്തുമായിരുന്ന കാലം. എം.എം.എം. എന്നാണ് മദ്രാസ് മെഡിക്കല്‍ മിഷന്‍റെ ലോഗോ. യേശുദാസന്‍ വരച്ച കാര്‍ട്ടൂണില്‍ മദ്രാസിന് പകരം മാക്സിസ്റ്റ് മെഡിക്കല്‍ മിഷന്‍ എന്നാക്കി. ഒപ്പം നായനാരോട് പാര്‍ട്ടി സെക്രട്ടറി വി. എസ്. അച്ച്യുതാനന്ദന്‍റെ ചോദ്യം. സഖാവെന്തിനാ ചികിത്സയ്ക്കായി മദ്രാസില്‍ പോകുന്നേ... പാര്‍ട്ടിയില്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്ന കാലമായിരുന്നു അത്. കാര്‍ട്ടൂണ്‍ മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ചില്ലെങ്കിലും ഡോക്ടര്‍ കെ. എം. ചെറിയാന്‍ ഈ കാര്‍ട്ടൂണ്‍ മദ്രാസ് മെഡിക്കല്‍ മിഷനില്‍ ഫ്രയിം ചെയ്ത് വെച്ചിരുന്നു.
തന്‍റെ പ്രസിദ്ധീകരിക്കാത്ത കാര്‍ട്ടൂണുകളുടെ ഒരു സമാഹാരം അദ്ദേഹത്തിന് ഇറക്കണമെന്നുണ്ടായിരുന്നു. അതിന് അദ്ദേഹം പേരും ഇട്ടു. വരാത്ത വരകള്‍. വരാത്ത വരകള്‍ പോലെ തന്നെയായിരുന്നു യേശുദാസന്‍റെ ആത്മകഥയും. മമ്മുട്ടിയാണ് അവതാരിക എഴുതിയത്. വൈസ് പ്രസിഡന്‍റിന്‍റെ ഒരു കുറിപ്പും അദ്ദേഹം സംഘടിപ്പിച്ച് വെച്ചിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് യേശുദാസന്‍ കാത്തു നിന്നില്ല. പ്രഥമദ്യഷ്ടി, പോസ്റ്റ്മോര്‍ട്ടം, അണിയറ, വരയിലെ നായനാര്‍, വരയിലെ ലീഡര്‍, 9 പുരാണ ക്വിലാ റോഡ്, താഴോട്ടിറങ്ങി വരുന്ന ഴ എന്നീ പുസ്തകങ്ങള്‍ യേശുദാസന്‍റെയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യേശുദാസന്‍റെ ശീലങ്ങള്‍
രാവിലെ കിട്ടാവുന്ന പത്രങ്ങളൊക്കെ വായിക്കണമെന്ന ശീലം യേശുദാസനുണ്ട്. രാവിലെ മണിക്കൂറുകളോളം പത്രവായനയില്‍ മുഴുകും. താത്പര്യം തോന്നുന്ന വാര്‍ത്തകള്‍ പേനകൊണ്ട് കുറിച്ചിടും. ഒടുവില്‍ കത്രിക കൊണ്ട് വാര്‍ത്തകള്‍ വെട്ടിയെടുക്കും. പത്രപാരായണം കഴിഞ്ഞാല്‍ കാര്‍ട്ടൂണിന് വിഷയമാക്കാവുന്ന പേപ്പര്‍ കട്ടിങ്ങുകള്‍ കൊണ്ടാണ് ഓഫീസില്‍ പോയിരുന്നത്. അതുപോലെ തന്നെ നേതാക്കളുടെ വ്യത്യസ്ഥ പോസുകളിലുള്ള ചിത്രങ്ങള്‍ ലഭിച്ചാലും വെട്ടിയെടുത്ത് സൂക്ഷിക്കും. ഓരോ നേതാക്കള്‍ക്കായി ആല്‍ബങ്ങള്‍ ഉണ്ടാക്കിയിരുന്നു യേശുദാസന്‍. ഓരോ നേതാക്കളുടെയും കിട്ടാവുന്ന വിവരണങ്ങളും ആല്‍ബത്തില്‍ കുറിച്ച് വെയ്ക്കുമായിരുന്നു.
കാര്‍ട്ടൂണിസ്റ്റിന് രാഷ്ട്രീയം പാടില്ല
കാര്‍ട്ടൂണിസ്റ്റുകള്‍ ഒരിക്കലും കക്ഷി രാഷ്ട്രീയത്തിന്‍റെ ഭാഗമാകാന്‍ പാടില്ലെന്ന് യേശുദാസന്‍ പറയുമായിരുന്നു. ജനയുഗത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്ത്വമില്ലാത്ത ഒരേ ഒരാള്‍ യേശുദാസനായിരുന്നു. ജനയുഗത്തിന്‍റെ പത്രാധിപ സമിതിയില്‍ അംഗമായിട്ടുള്ള യേശുദാസന്‍ പാര്‍ട്ടിയുടെ പല ഉന്നതതല ചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്. യേശുദാസന്‍ പലപ്പോഴും പറയുന്ന ഒരു സംഭവമുണ്ട്. ഡെമോക്രാറ്റിക്ക് സോഷിലിസത്തേക്കുറിച്ച് ശങ്കര്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു ഗോളവും, അതില്‍ ചെറിയൊരു ചതുര ദ്വാരവും. ദ്വാരത്തിലൂടെ ഗോളം പോകണം. നെഹ്റുവിന് ശങ്കറിന്‍റെ കളിയാക്കിയുള്ള കാര്‍ട്ടൂണ്‍ ഇഷ്ടപ്പെട്ടില്ല. സുഹ്യത്തുക്കളായ അവര്‍ തമ്മില്‍ വഴക്കായി. ഞാനൊരു കോണ്‍ഗ്രസുകാരനാകണമോ എന്ന് ശങ്കര്‍ ചോദിച്ചു. അതു പാടില്ല. എങ്കില്‍ നിങ്ങളൊരു കാര്‍ട്ടൂണിസ്റ്റല്ല എന്നാണ് നെഹ്റു പറഞ്ഞ മറുപടി. യേശുദാസന്‍ പറഞ്ഞത് അദ്ദേഹം ഇതിന് സാക്ഷിയായിരുന്നു എന്നാണ്.
കുട്ടിത്തമുള്ള യേശുദാസന്‍
വമ്പന്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ കൂരമ്പുകള്‍ തന്‍റെ കാര്‍ട്ടൂണിലൂടെ വര്‍ഷിക്കുന്ന യേശുദാസന് കുട്ടികളുടെ സ്വഭാവമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? കുട്ടികളെപ്പോലെ പിണങ്ങും. മുഖം വാടും. വേദനിപ്പിക്കുന്ന ഒരു വാക്കുമതി അതിനൊക്കെ. വിമര്‍ശനം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ചോദ്യം ചെയ്യലും അദ്ദേഹത്തിന് ഇഷ്ടമല്ല. കുട്ടികളെ പോലെ നഖം കടിക്കുന്ന ദുശീലവും യേശുദാസനുണ്ട്. കാര്‍ട്ടൂണിന് ആശയം കിട്ടിയില്ലെങ്കില്‍ നഖം കടിക്കല്‍ കൂടും. അങ്ങിനെ നഖം കടിച്ച് ഒട്ടേറെ നല്ല കാര്‍ട്ടൂണുകള്‍ പിറവി കൊണ്ടിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യം.
മറ്റുള്ളവരെ കണക്കിന് വിമര്‍ശിക്കുന്ന പലരും സ്വയം വിമര്‍ശനം ഇഷ്ടപ്പെടാത്തവരാണ്. യേശുദാസനും അങ്ങിനെ തന്നെയായിരുന്നു. അതൊക്കെ കൊണ്ടാണോയെന്നറിയില്ല അദ്ദേഹം കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പിലും കുട്ടിത്തമുണ്ടായിരുന്നു. കുട്ടികള്‍ക്കായി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി പുറത്തിറക്കുന്ന ബേബി സോപ്പാണ് അദ്ദേഹത്തിന്‍റെ ഫേവറേറ്റ്.!! ജോണ്‍സണ്‍ ബേബി പൗഡര്‍, ക്രീം, സോപ്പ് എന്നിവ കൊച്ചു കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി പ്രതേകം നിര്‍മ്മിക്കുന്നതാണ്. ആയുര്‍വേദ ചികിത്സയുടെ ഭാഗമായി വളരെ വൈകി ഈ ശീലം മാറ്റേണ്ടി വന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷെ കുട്ടികളുടെ സോപ്പും ക്രീമും തന്നെ യാണ് പ്രിയമെന്ന് പറയാനും അദ്ദേഹം മടി കാണിച്ചില്ല. അതു കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന് കുട്ടികളുടെ സ്വഭാവം കാര്യമായി ഉള്ളത്...?
യേശുദാസന്‍റെ പുരസ്ക്കാരങ്ങള്‍
അവാര്‍ഡുകളും പുരസ്ക്കാരങ്ങളുടേയും കണക്ക് നിരത്താന്‍ ഏറെ പ്രയാസമാണ് അത്ര കണ്ട് അംഗീകാരങ്ങള്‍ യേശുദാസന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മാധ്യമ അവാര്‍ഡിന്‍റെ ഭാഗമായ മികച്ച കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ് പലതവണ നേടിയ വ്യക്തിയാണ് യേശുദാസന്‍. ബി. എം. ഗഫൂര്‍ സ്മാരക കാര്‍ട്ടൂണ്‍ അവാര്‍ഡ്, സ്വദേശാഭിമാനി കേസരി പുരസ്ക്കാരം, ശിവറാം അവാര്‍ഡ്, എം.വി. പൈലി അവാര്‍ഡ്, പി.ആര്‍. ഫ്രാന്‍സിസ് അവര്‍ഡ്, ദുബായ് മീഡിയ ട്രസ്റ്റ് അവാര്‍ഡ്, മാത്യൂസ് ദ്വിതീയന്‍ അവാര്‍ഡ്, സെന്‍റ് ജോര്‍ജ് അവാര്‍ഡ്, കല അവാര്‍ഡ് തുടങ്ങി അദ്ദേഹത്തിന് ലഭിച്ച പുരസ്ക്കാരങ്ങള്‍ പലത്...
അവസാന നാളുകളിലെ യേശുദാസന്‍
ഭാര്യ മേഴ്സിയോടൊപ്പം എറണാകുളം ജില്ലയില്‍ കളമശ്ശേരി ചങ്ങമ്പുഴ പാര്‍ക്കിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചിരുന്ന അദ്ദേഹം കാര്‍ട്ടൂണ്‍ രംഗത്തും സാംസ്കാരിക രംഗത്തും സജീവമായിരുന്നു. മൂന്ന് മക്കളുണ്ട് ഇവര്‍ക്ക്. ഇളയമകനും ആര്‍ക്കിടെക്കുമായ സുകു ദാസും കുടുംബത്തോടൊപ്പമായിരുന്നു അവര്‍ കളമശ്ശേരിയില്‍ താമസിച്ചിരുന്നത്. മൂത്ത മകന്‍ സാനു വൈ ദാസ് ഡല്‍ഹിയില്‍. രണ്ടാമത്തെ മകന്‍ സേതു വൈ ദാസ് ഫ്രണ്‍ഡ്സ് ഓഫ് ടിബറ്റിന്‍റെ കോ ഓഡിനേറ്ററാണ്. ആരോഗ്യകരമായ പ്രശ്നങ്ങള്‍ ഭാര്യയെ അലട്ടിയപ്പോള്‍ യേശുദാസന്‍ ഏറെ വേദനിച്ചു. എപ്പോഴും ഭാര്യയുടെ സമീപം തന്നെ ഇരിക്കുന്ന കാഴ്ച്ച പല തവണ കണ്ടിട്ടുണ്ട്. കോവിഡ് വന്നപ്പോള്‍ എല്ലായിടത്തു നിന്നും അകന്ന് നിന്നു. ആരേയും കണ്ടില്ല. ആരേയും കാണാതെ ഫോണിലൂടെ മാത്രം ബന്ധം നിലനിര്‍ത്തിയതിലെ ദുഖം അദ്ദേഹം പങ്കുവെച്ചിരുന്നു. 2021 ഏപ്രില്‍ മാസം അവസാനം ഇലക്ഷന്‍ കാലത്ത് അദ്ദേഹത്തെ നേരില്‍ കണ്ടു. പിന്നീട് മൂന്ന് തവണ വന്നപ്പോഴും പതിവ് പോലെ അദ്ദേഹത്തിന്‍റെ വീടിന്‍റെ മുന്നില്‍ പോയി എന്നു മാത്രം. മൂന്ന് തവണയും നേരില്‍ കണ്ടില്ല. ഫോണിലൂടെ ഒരിക്കല്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. വീടിന് ചുറ്റും കോവിഡാണ്. ഇപ്പോള്‍ ആരും പുറത്ത് പറയാറു പോലുമില്ല. അപകടമാണ് അത്. ജാഗ്രതകുറവ് ഉണ്ടായാല്‍ അപകടമാണ്.
അദ്ദേഹത്തിന് ഓരോ തവണയും ഓരോ സമ്മാനങ്ങള്‍ വീട്ടുകാരെ ഏല്‍പ്പിച്ചു. ഒടുവില്‍ 2021 ആഗസ്റ്റ് ഒന്നിന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജീവിത കഥ മരുമകള്‍ വഴി അദ്ദേഹത്തിന് സമ്മാനിച്ചു. കോവിഡ് കാലമായതിനാര്‍ ഒരു ദിവസം കഴിഞ്ഞേ എടുക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. അത്രയ്ക്ക് കരുതലായിരുന്നു അദ്ദേഹത്തിന്. 2021 സെപ്തംബര്‍ 13ന് തൂലിക എന്ന സിനിമയുടെ പ്രവര്‍ത്തകര്‍ ക്യാമറയും മറ്റുമായി എത്തി. സിനിമയുടെ പോസ്റ്റര്‍ പ്രകാശനം നടത്തി. അദ്ദേഹത്തിന്‍റെ ആശംസകള്‍ ചിത്രീകരിച്ചു. അതായിരുന്നു അവസാനത്തെ പരിപാടി. സെപ്തംബര്‍ 14ന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായ ശേഷം 17ാം തിയതി വരെ അദ്ദേഹം ജനയുഗത്തിലെ കിട്ടുമ്മാവന്‍ എന്ന കാര്‍ട്ടൂണ്‍ വരച്ചിരുന്നു. ഒടുവില്‍ കിട്ടുമ്മാവനെ വരച്ചു കൊണ്ട് തന്നെ വരയുടെ പൊന്നു തമ്പുരാന്‍ വരയവസാനിപ്പിച്ചു. ന്യുമോണിയയുടെ തുടക്കമാണെന്ന് തിരിച്ചറിഞ്ഞ 19ന് ആശുപത്രിയിലായി. 23ന് തീവ്രപരിചരണ ചികിത്സയിലേയ്ക്ക്... സെപ്തംബര്‍ 29ന് കോവിഡ് നെഗറ്റീവായി. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയതിനാല്‍ ആശുപത്രിയിലെ ഐ.സി.യുവില്‍ തന്നെ തുടര്‍ന്നു. ഒക്ടോബര്‍ 6ന് പുലര്‍ച്ചെ അന്തരിച്ചു. ശുദ്ധമായ വരകളില്‍ വിമര്‍ശനം നര്‍മ്മത്തില്‍ ചാലിച്ച് മലയാളികള്‍ക്ക് സമ്മാനിച്ച കാര്‍ട്ടൂണിന്‍റെ പൊന്നുതമ്പുരാന് വിട...