കര്‍ഷക ശക്തി തിരിച്ചറിയണം.

കര്‍ഷക ശക്തി തിരിച്ചറിയണം.

വിജയ് ചൗക്ക് @ 117 @ മെട്രോ വാര്‍ത്ത: ഒക്ടോബര്‍ 30

സുധീര്‍നാഥ് 


ഇന്ത്യയില്‍ കര്‍ഷക ശക്തി തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭരണപക്ഷത്ത് ഏറെ നാള്‍ ഇരിക്കേണ്ടി വരില്ല എന്ന മുന്നറിയിപ്പാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ നല്‍കുന്നത്. ഇന്ത്യയുടെ വടക്ക് പഞ്ചാബില്‍ നിന്ന് തെക്ക് കേരളത്തിലൂടെ തീവണ്ടിയിലോ, റോഡ് വഴിയോ യാത്ര ചെയ്താല്‍ മാത്രം മതി കര്‍ഷകരുടെ കരുത്ത് മനസിലാക്കാന്‍. 80% കര്‍ഷക ഭൂമിയിലൂടെയാണ് യാത്ര എന്നത് മാത്രം കണക്കാക്കിയാല്‍ കര്‍ഷകര്‍ ഇന്ത്യയില്‍ എത്രമാത്രം ശക്തരാണെന്ന് തിരിച്ചറിയാം. 

വടക്കേ ഇന്ത്യയിലെ പഞ്ചാബില്‍ നിന്ന് കേരളത്തിലേയ്ക്കും, കേരളത്തില്‍ നിന്ന് വടക്കേ ഇന്ത്യയിലേയ്ക്കും രാജ്യത്തിന്‍റെ കാര്‍ഷിക മേഖല കാണുവാന്‍ മാത്രം ഒരു തീവണ്ടി യാത്ര ലേഖകന്‍ നടത്തി. യാത്രയില്‍ കര്‍ഷക ഭൂമിയുടെ നടുവിലൂടെ തീവണ്ടി ചീറി പാഞ്ഞു പോയപ്പോള്‍ ഇന്ത്യന്‍ കര്‍ഷകരുടെ ശക്തി ലേഖകന്‍ സ്വയം തിരിച്ചറിഞ്ഞു. ചമ്പല്‍ കാടുകളില്‍ പോലും ആട്ടിടയന്‍മാരേയും, പശുക്കളെ മേയ്ക്കുന്നവരേയും കണ്ടു. വെയിലും, മഴയും വകവെയ്ക്കാതെ കര്‍ഷക വ്യത്തിയില്‍ മുഴുകിയിരിക്കുന്ന പതിനായിരകണക്കിന് കര്‍ഷകരെ തീവണ്ടിയുടെ ഒരു ഭാഗത്തെ ജനലിലൂടെ മാത്രം കണ്ടു.

യാത്രയില്‍ കൂട്ടായി ഡല്‍ഹി സ്വദേശിയായ ബംഗാളി ഉണ്ടായിരുന്നു. അയാളുമായി സംസാരിച്ചതില്‍ നിന്ന് മനസിലായത് കേരളത്തില്‍ വലിയ വരുമാനമാണ് ലഭിക്കുന്നത്. സ്വന്തം നാട്ടിലോ, ഡല്‍ഹിയിലോ, മറ്റ് സംസ്ഥാനങ്ങളിലോ ഇത്ര വരുമാനം ഉണ്ടാക്കാന്‍ സാധിക്കുകയില്ലെന്ന് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ അയാള്‍ പറഞ്ഞു. ബേപ്പൂരില്‍ മത്സ്യ വില്‍പ്പന മേഖലയിലാണ് അയാള്‍ പ്രവര്‍ത്തിക്കുന്നത്. മത്സ്യബന്ധനവും കര്‍ഷകരുടെ ഗണത്തിലാണെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം കര്‍ഷക സമരത്തിന്‍റെ ഭാഗമാകാന്‍ ബേപ്പൂരിലെ മലയാളികളുടെ കൂട്ടത്തില്‍ രണ്ട് തവണ ഡല്‍ഹിയിലെ സമരമുഖത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു. സമരം വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അയാള്‍. 

രാജ്യത്തെ കര്‍ഷകര്‍ വ്യത്യസ്ത മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. പഞ്ചാബിലെ കര്‍ഷകര്‍ ഹിമാചലിലെ കര്‍ഷകരില്‍ നിന്ന് വ്യത്യസ്തമായി ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. അങ്ങിനെ രാജ്യത്തെ വാവാധ കര്‍ഷകരുടെ വ്യത്യസ്ത ഉത്പന്നങ്ങളാണ് രാജ്യത്തിന്‍റെ നിലനില്‍പ്പ് തന്നെ. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാര്‍ഷിക രംഗം നല്‍കുന്ന വിഹിതം ചെറുതല്ല. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്നത് കര്‍ഷക മേഖലയില്‍ നിന്നു തന്നെ.

പഞ്ചാബില്‍ ഗോതബും, അരിയുമാണ് മുഖ്യമായും ക്യഷി ചെയ്യുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അരി ക്യഷി ചെയ്യപ്പെടുന്നു. ഓരോ സംസ്ഥാനത്തെ അരിയുടെ രുചിയും, ഗുണവും വ്യത്യസ്തമാണ്. ഉത്തര്‍പ്രദേശിലും, ഉത്തരാഖണ്ഡിലേയും കരിമ്പിന്‍ ക്യഷി പ്രശസ്തമാണ്. ഗുജറാത്തിലെ ക്ഷീര കര്‍ഷകര്‍ ലോക ശ്രദ്ധ നേടിയവരാണ്. അവരെ മാത്യകയാക്കി രാജ്യത്ത് ക്ഷീരവിപ്ലവം തന്നെ നടക്കുന്നുണ്ട്. വിവിധ ഇനം പച്ചക്കറികളും, മത്സ്യവും ക്യഷി ചെയ്യുന്നവരുമുണ്ട്. രാജ്യത്തെ 130 കോടി ജനങ്ങളില്‍ 100 കോടിയിലേറെ ക്യഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ ചരിത്രം ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്.

ഒരു ഉദാഹരണം മാത്രം സമകാലീന സമര രീതിയോട് വലിയ സാമ്യം ഉള്ളതാണ്. രാജീവ് ഗാന്ധി മ്യഗീയ ഭൂരിപക്ഷവുമായി പ്രധാനമന്ത്രി ആയിരുന്ന സമയത്ത് കര്‍ഷകര്‍ നടത്തിയ സമരം നടത്തിയിരുന്നു. 1988ല്‍ ഒക്ടോബര്‍ മാസം മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ നേത്യത്ത്വത്തിലാണ് സമരം നടന്നത്. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം നയിക്കുന്നത് മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ മകന്‍ രാജേഷ് സിംഗ് ടിക്കായത്താണ്. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ സിരാ കേന്ദ്രമായ ബോട്ട് ക്ലബില്‍ ട്രാക്ടറും, കാളവണ്ടിയും, സൈക്കിളുമായി എത്തി.  കര്‍ഷക വായ്പകള്‍ എഴുതി തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറയ്ക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയതില്‍ നടപടി, കാര്‍ഷിക വില നിര്‍ണയ കമ്മീഷനില്‍ കര്‍ഷക പ്രാതിനിധ്യം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. അന്ന് കര്‍ഷകര്‍ക്ക് പിന്തുണയുമായി നേരിട്ട് പങ്കെടുക്കാന്‍ എത്തിയ പ്രതിപക്ഷ നേതാക്കളില്‍ നാല് പേര്‍ പില്‍ക്കാലത്ത് പ്രധാനമന്ത്രിമാരായി. എ. ബി. വാജ്പേയ്, വി.പി. സിംഗ്, ചന്ദ്രശേഖര്‍, ഐ.കെ. ഗുജ്റാള്‍ എന്നിവരായിരുന്നു അവര്‍. ദേവിലാല്‍, മനേക ഗാന്ധി, ജോര്‍ജ് ഫര്‍ണാഡസ്, കന്‍ഷിറാം, ചൗട്ടാല തുടങ്ങി ഒട്ടേറെ പേര്‍ ദേശിയ രാഷ്ട്രീയത്തില്‍ പില്‍ക്കാലത്ത് ശ്രദ്ദേയരായി. സമരം പക്ഷെ കര്‍ഷകരുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. സമരം വിജയിച്ചു. 1984ല്‍ കോണ്‍ഗ്രസിന് 426 സീറ്റുകളാണ് ലോക്സഭയില്‍ ഉണ്ടായിരുന്നത്. കര്‍ഷക സമരത്തിന് ശേഷം നടന്ന 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു. രാജീവ് ഗാന്ധിക്ക് ഭരണം നഷ്ടപ്പെട്ടു. 

2020 സെപ്റ്റംബര്‍ മാസത്തില്‍ ഒരു ചര്‍ച്ചയ്ക്കും നില്‍ക്കാതെ ഏകപക്ഷീയമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ബി.ജെ.പി. സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ ഒരു വര്‍ഷത്തിലേറെയായി സമരത്തിലാണ്. ഇപ്പോള്‍ ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരം ഇന്ത്യന്‍ സമര ചരിത്രത്തിലെ വലിയ ഒരു അദ്ധ്യായയമായി മാറുകയാണ്. ഏകദേശം 50 ഓളം കര്‍ഷക സംഘടനകള്‍ നിലവില്‍ ഈ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. പല കര്‍ഷക യൂണിയനുകളും ഈ നടപടികളെ 'കര്‍ഷക വിരുദ്ധ നിയമങ്ങള്‍' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇത് കര്‍ഷകരെ 'കോര്‍പ്പറേറ്റുകളുടെ കാരുണ്യത്തില്‍' ഉപേക്ഷിക്കുമെന്ന് പ്രതിപക്ഷത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരും പറയുന്നു. 

അതേസമയം കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ചില സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു. മാത്രമല്ല തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വലിയ സ്വകാര്യകച്ചവടക്കാരുമായി നേരിട്ട് വില്‍ക്കുന്നതിന് ഈ നിയമങ്ങള്‍ അനായാസമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. 

ഇന്ത്യന്‍ ജനതയോട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടത്തിയ ക്രൂര പീഠനത്തേക്കാള്‍ ഭീകരമായ സാഹചര്യമാണ് ബി.ജെ.പി. സര്‍ക്കാര്‍ കര്‍ഷക സമരക്കാരോട് നടത്തുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സമരം ചെയ്യുന്ന കര്‍ഷകരെ വേട്ടയാടുന്ന കാടത്തകരമായ നടപടി തീക്കളിയാണെന്നും, അത് വിപരീത ഫലമാണ് ഉണ്ടാക്കുക എന്നും അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തില്‍ ബി.ജെ.പി. നേതാക്കളും ഉണ്ട് എന്നത് പരസ്യമാണ്. കര്‍ഷക സമരം രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റമുണ്ടാക്കിയതായി കാണുവാന്‍ സാധിക്കും.

മൂന്ന് കര്‍ഷക ബില്ലുകള്‍ നരേദ്ര മോദി പാസാക്കിയപ്പോള്‍ കര്‍ഷകരിലെ ചെറിയൊരു വിഭാഗമാണ് പ്രതിഷേധവുമായി വന്നത്. അത് നാള്‍ക്ക് നാള്‍ വളരുകയായിരുന്നു. സമരം രമ്യമായി പരിഹരിക്കാത്തത് വലിയ തെറ്റായി എന്ന് സംസാരം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ കര്‍ഷകര്‍ക്ക് രാഷ്ട്രീയമില്ല. അവരിപ്പാള്‍ ഒന്നായികൊണ്ടിരിക്കുന്നു. ഓരോ ദിവസവും കര്‍ഷകര്‍ ശക്തരാകുന്നത് ഭരണവര്‍ഗത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. അത് തിരിച്ചറിയാന്‍ വ്യാമയാന ഗതാഗതമല്ല മികച്ചത്. ഉപരിതല ഗതാഗതം തന്നെ പരീക്ഷിക്കണം. അപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും, രാജ്യത്തെ കര്‍ഷകരുടെ ശക്തി. വര്‍ഷങ്ങളായി അത് ഉപേക്ഷിച്ചതാണ് കര്‍ഷക സമരത്തെ നിസാരവത്ക്കരിക്കാന്‍ കാരണം.