കോവിഡ് മ്ലാനതയ്ക്ക് സാംസ്കാരിക വിപ്ലവം
വിജയ് ചൗക്ക് @ 116 @ മെട്രോ വാര്‍ത്ത: ഒക്ടോബര്‍ 23
സുധീര്‍നാഥ്
കോവിഡ് മഹാമാരി ലോകത്തെ വിറപ്പിച്ച കാലം കഴിഞ്ഞു. പക്ഷെ കൊറോണ വൈറസ് നമുക്കിടയിലുണ്ടെന്ന് തീര്‍ത്ത് പറയാം. 2022 വരെ വൈറസ് ഭീതി പരത്തി കൊണ്ടിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പാര്‍ക്കുന്ന പ്രദേശമാണ് ഇന്ത്യ ഇവിടെ 100 കോടി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കപ്പെട്ടു. കേരളം വാക്സിന്‍റെ കാര്യത്തില്‍ നൂറ് ശതമാനത്തിലേയ്ക്ക് എത്തുന്നു. വാക്സിന്‍ സ്വീകരിച്ചത് കൊണ്ട് മാത്രം കോവിഡിന്‍റെ ആഘാതത്തില്‍ നിന്ന് ജനങ്ങള്‍ മോചിതനാകുമോ ...?
കോവിഡ് മനുഷ്യരുടെ മാനസിക നില തെറ്റിച്ചിട്ടുണ്ട്. അവര്‍ ദൈനം ദിനം ചെയ്തുപോന്ന ശീലങ്ങള്‍ മാറിയിരിക്കുന്നു. പഴയതു പോലെ സാമൂഹ്യ ഇടപെടല്‍ ഭയപ്പെടുന്നു. ഒത്തു കൂടുന്നതില്‍ വലിയ കുറവ് വന്നിരിക്കുന്നു. കുടുന്നതില്‍ തന്നെ വലിയ അകല്‍ച്ച പ്രകടമാണ്. ആരും ആരേയും വിശ്വസിച്ച് ഹസ്തദാനം പോലും ചെയ്യാന്‍ മടിക്കുന്നു. ആരേയും അതിന് കുറ്റം പറയുവാന്‍ കഴിയില്ല. അനുഭവമല്ലേ പാഠം. അപ്രതീക്ഷിതമായി പിയപ്പെട്ടവരെ വിട്ടുപിരിഞ്ഞ എണ്ണം എല്ലാവരിലും ഉണ്ട്.
കാലങ്ങളെടുത്ത് നടക്കുന്ന പരിണാമം ഒറ്റ വര്‍ഷം കൊണ്ടാണ് സംഭവിച്ചത്. ലോകം തന്നെ എത്രവേഗം ഡിജിറ്റലായി എന്നതിന് തെളിവാണ് അതൊക്കെ. കുട്ടികള്‍ ക്ലാസ് മുറികളില്‍ നിന്ന് ഓണ്‍ ലൈന്‍ പഠനം തുടരുന്നത് രണ്ടാം വര്‍ഷത്തിലാണ് ... യോഗങ്ങള്‍, വെമ്പിനാറുകള്‍, തുടങ്ങി എത്ര എത്ര ചടങ്ങുകള്‍ നടന്നു. ഗാനമേളകളും, ഡാന്‍സുകളും ഓണ്‍ലൈനായി. എന്തിനേറെ രാജ്യത്ത് ഓണ്‍ലൈനായി സംഗീതവും, നൃത്തവും, ചിത്രകലയും പഠിപ്പിക്കുവാന്‍ തുടങ്ങിയിരിക്കുന്നു.
ഓണ്‍ ലൈന്‍ വിപണനം ഈ കാലയളവില്‍ വലിയ രീതിയിലാണ് വളര്‍ന്നത്. കോവിഡിന് മുന്‍പ് ഓണ്‍ ലൈന്‍ വ്യാപാരത്തില്‍ ശ്രദ്ധേയ സാനിധ്യമായവര്‍ കോവിഡ് കാലയളവില്‍ ശക്തിപ്രാപിച്ചു. ഓണ്‍ലൈന്‍ ദക്ഷണ വിതരണ കമ്പനികള്‍ കോവിഡ് ലോക് ഡൗണ്‍ കാലയളവ് മുതല്‍ വന്‍ വളര്‍ച്ച ഉണ്ടായി. ഫ്രഷ് ടു ഹോം എന്ന മത്സ്യ മാംസ ഓണ്‍ ലൈന്‍ വിതരണ കമ്പനി കോവിഡ് കാലം മുതല്‍ വന്‍ വളര്‍ച്ച ക്കൈ വരിച്ചു. രാജ്യത്ത് കൂടുതല്‍ വിതരണ കേന്ദ്രങ്ങള്‍ അവര്‍ക്ക് തുറക്കേണ്ടി വന്നു.
അച്ചടി മാധ്യമങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പത്രങ്ങള്‍ ഏറെ നാള്‍ വിതരണം ചെയ്യാന്‍ പോലും സാധിച്ചില്ല. പത്രങ്ങള്‍ക്ക് പരസ്യ വരുമാനം കുറഞ്ഞു. അതുകൊണ്ട് തന്നെ പേജുകളുടെ എണ്ണം ഗണ്യമായി കുറയുകയുണ്ടായി. വാരികകളും, മാസികകളും കോവിഡിന് ശേഷം പ്രസിദ്ധീകരിക്കപ്പെട്ടില്ല. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ ഒരു കണക്കിന് തുടരുന്നുണ്ട്. പക്ഷെ, പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ജനങ്ങള്‍ പി.ഡി.എഫ്. വായ്ക്കാന്‍ പഠിച്ചു. രാജ്യത്തെ മിക്ക പത്രങ്ങളും കോവിഡ് കാലത്ത് വ്യാപകമായി പത്രങ്ങളുടെ പി.ഡി.എഫ്. സൗജന്യമായി വിതരണം ചെയ്തു. പിന്നീട് പല സ്ഥാപനങ്ങളും അവരുടെ പ്രസിഡീകരണങ്ങള്‍ ഓണ്‍ലൈനില്‍ നിശ്ചിത നിരക്കില്‍ പി.ഡി.എഫ്. വായനക്കാര്‍ക്ക് നല്‍കി.
ഇത്തരത്തില്‍ ജീവിത രീതികള്‍ക്ക് വലിയ മാറ്റം വന്ന ജനങ്ങള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വന്നതോടെ സമാധാനിച്ചു. വാക്സിനുകള്‍ കൊണ്ട് മാത്രം ഒരു മനുഷ്യര്‍ പഴയതു പോലെ മാനസിക നിലയില്‍ എത്തില്ല. ജനങ്ങള്‍ക്ക് ഒന്നാകെ സാംസ്കാരികമായ ബോധവത്ക്കരണവും , മാനസിക കൗണ്‍സിലിങ്ങും നല്‍കേണ്ടതുണ്ട്. പൂര്‍ണ്ണമായും കോവിഡിന് മുന്‍പുള്ള സാഹചര്യത്തില്‍ സമൂഹത്തെ എത്തിക്കുവാന്‍ വളരെ പ്രയാസമാണ്.
ജനങ്ങളുടെ ഉള്ളിലുള്ള ഭീതി ഒഴിവാക്കേണ്ടതുണ്ട്. ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് പറയാറുണ്ടല്ലോ. വാക്സിന്‍ വന്നു എന്ന അറിവ് ജനങ്ങള്‍ക്കുണ്ട്. ചിലര്‍ രണ്ട് ഡോസും എടുത്തു. ചിലര്‍ ഒരു ഡോസ് മാത്രം. വളരെ കുറച്ച് പേര്‍ വാക്സിന്‍ എടുത്തിട്ടില്ല. വാക്സിന്‍ കൊണ്ടു മാത്രം കോവിഡില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞു. കോവിഡിനൊപ്പം ജീവിക്കാന്‍ എല്ലാവരും തയ്യാറായി കഴിഞ്ഞു.
സമൂഹത്തിന്‍റെ മടങ്ങി വരവ് നടക്കുവാന്‍ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. സംഗീതവും, നൃത്തവും, ചിത്രങ്ങളും മനുഷ്യന്‍റെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വലിയ ഒരു പരിധി വരെ ആശ്വാസമായിരിക്കും. കോവിഡ് വാക്സിനുകള്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചാലും ജനങ്ങളുടെ മാനസിക നിലവാരം മാറ്റുന്നതിന് സാംസ്കാരിക രംഗത്ത് വിപ്ലവകരമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പിനൊപ്പം സാംസ്കാരിക വകുപ്പും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയത്താണ് നമ്മളിപ്പോഴുള്ളത്.
നമ്മുടെ സമൂഹത്തെ സംരക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ കാലങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് അഭിനന്ദനാര്‍ഹമായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്തത്
പോലുള്ള പ്രവര്‍ത്തനം തന്നെയാണ് ഇനി സാംസ്കാരിക ലോകത്തിന് ചെയ്യുവാനുള്ളത്. അതിന് പിന്തുണ നല്‍കുക എന്ന ധര്‍മ്മമാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. കോവിഡിനൊപ്പം ജീവിക്കുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന സാംസ്ക്കാരിക അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കണം.