കാര്‍ട്ടൂണിസ്റ്റ് ദാസങ്കിള്‍...
സുധീര്‍ നാഥ്
കാര്‍ട്ടൂണ്‍ രംഗത്തെ ഒരു തലമുറയെ കേരളത്തില്‍ വളര്‍ത്തി ഈ കലയെ ജനകീയമാക്കി മാറ്റിയ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു. വ്യക്തിയുടെ രൂപസാദ്യശ്യം കൊണ്ട് അത്ഭുതം സ്യഷ്ടിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു അദ്ദേഹം. കാര്‍ട്ടൂണില്‍ കഥാപത്രമാകുന്നവരുടെ മുഖത്തെ മറുക് പോലും കാര്‍ട്ടൂണ്‍ രചനാ സമയത്ത് വരയ്ക്കണമെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എല്ലാ ശില്‍പ്പശാലകളിലും ആവര്‍ത്തിച്ച് പറയാറുണ്ട്. നേതാക്കളെ സൂക്ഷമ നിരീക്ഷണം നടത്തി അവരുടെ പ്രത്യേകതകള്‍ കാര്‍ട്ടൂണില്‍ കൊണ്ടു വരുന്നത് യേശുദാസന്‍റെ പ്രത്യേകതയാണ്. കെ കരുണാകരന്‍റേയും, കെ എം മാണിയുടേയും മുഖത്തെ മറുക്, ഇന്ദിരാ ഗാന്ധിയുടേയും, പിണറായുടേയും മുടിയുടെ നര, ബാലക്യഷ്ണ പിള്ളയുടേയും, പി രാജീവിന്‍റേയും മൂക്ക്, ഉമ്മന്‍ ചാണ്ടിയുടേയും, കൊടിയേരി ബാലക്യഷ്ണന്‍റേയും മുടി, കടന്നപ്പള്ളി രാമചന്ദ്രന്‍റേയും, മുല്ലപ്പള്ള രാമചന്ദ്രന്‍റേയും ക്യതാവ്, പി സി ജോര്‍ജ്ജ്, ഇ പി ജയരാജന്‍ എന്നിവരുടെ തടി മുതലായവ കാര്‍ട്ടൂണ്‍ വരയ്ക്കുന്നവര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഉയരം കുറഞ്ഞ സുഷമ്മാ സ്വരാജും, എ കെ ആന്‍റണിയും, വി എസ്സ് അച്ച്യുതാനന്ദനും ഉയരം കൂടിയ നരേന്ദ്ര മോദിക്കും, രാജ്നാഥ് സിംഗിനും, ഉമ്മന്‍ ചാണ്ടിക്കും, എം എ ബേബിയുടേയും, പ്രകാശ് കാരാട്ടിന്‍റേയും കൂടെ നില്‍ക്കുന്ന കാര്‍ട്ടൂണുകള്‍ വരയ്ക്കുമ്പോള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ പ്രതേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു ശരാശരിയില്‍ താഴെ വിദ്യാര്‍ത്ഥിയായ എനിക്ക് പഠനത്തേക്കാള്‍ വരയിലായിരുന്നു താത്പര്യം. കുടുംബ സുഹ്യത്തായ എലിസബത്ത് ആന്‍റി ഒരിക്കല്‍ എന്‍റെ കണക്ക് പുസ്തകം മറിച്ച് നോക്കിയപ്പോള്‍ പകുതിയിലേറെ പേജിലും കാര്‍ട്ടൂണ്‍ വര. അവരത് അമ്മയോട് പറഞ്ഞു. വരപ്പ് രോഗം കൂടുതലാണ്, നന്നായി വരയ്ക്കുന്നുണ്ട്, ദാസങ്കിളിനെ ഒന്ന് കാണിക്കണം എന്ന് അമ്മയോട് അവര്‍ പറഞ്ഞു. തെളിച്ച വഴിയില്‍ (പഠിക്കുന്ന കാര്യം) പോയില്ലെങ്കില്‍ പോകുന്ന വഴിയെ (വരയ്ക്കുന്ന കാര്യം) തെളിക്കാമെന്ന് അമ്മ പരസ്യമായി പ്രഖ്യാപിച്ചു. മറ്റൊരു കുടുംബ സുഹ്യത്തും അയല്‍ക്കാരനുമായ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ വീട്ടിലേയ്ക്ക് ഒരു ദിവസം അമ്മ തന്നെ എന്നെ കൊണ്ടു പോയി. അമ്മയും യേശുദാസങ്കിളിന്‍റെ ഭാര്യ മേഴ്സിയും സുഹ്യത്തുക്കളാണ്. ഇരുവരും ടെലിഫോണ്‍സ് ഡിപ്പാര്‍ട്ട് മെന്‍റില്‍ ജോലി ചെയ്തവരാണ്. മാത്രവുമല്ല, 1970 തില്‍ വീടിന് ഏറെ ദൂരെയല്ലാത്ത ഒരു വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മകനില്‍ കാര്‍ട്ടൂണ്‍ വരപ്പിന്‍റെ അസ്ഥിരത കലശലായിട്ടുണ്ടെന്ന് അമ്മ തന്നെ ദാസങ്കിള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റിനോട് പറഞ്ഞു.
എന്‍റെ വരകള്‍ അമ്മ കാണിച്ചു. ഇടയ്ക്ക് ഒന്ന് പരിശോധിക്കണമെന്ന അഭ്യര്‍ത്ഥനയും അമ്മ നടത്തി. പിന്നീട് എല്ലാ ആഴ്ച്ചയിലും കാര്‍ട്ടൂണ്‍ പരിശോധന പതിവായി. ഓരോ ആഴ്ച്ചയിലും വരച്ച കാര്‍ട്ടൂണുമായി യേശുദാസന്‍ സാറിനെ രാവിലെ വീട്ടില്‍ കൊണ്ടു പോയി കാണിക്കും. ഒരിക്കലും അദ്ദേഹം ഒരു കാര്‍ട്ടൂണ്‍ പോലും നല്ലെത് എന്ന് പറഞ്ഞില്ല. മാത്രമല്ല എല്ലാ കാര്‍ട്ടൂണിലേയും കുറ്റം ചൂണ്ടി കാണിക്കും. കുറ്റമറ്റ ഒറ്റ കാര്‍ട്ടൂണും വരയ്ക്കാന്‍ സാധിച്ചില്ല. അതൊരു വാശിയായിരുന്നു. നല്ല കാര്‍ട്ടൂണ്‍ വരയ്ക്കുവാനുള്ള വാശി. അത് വരയുടെ പരിശീലനമായി മാറി. അന്ന് അദ്ദേഹം കാര്‍ട്ടൂണുകള്‍ കണ്ട് ഗംഭീരമായിരിക്കുന്നു എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കാര്‍ട്ടൂണിസ്റ്റാകില്ലായിരുന്നു. വര അവിടെ വെച്ച് മുരടിച്ച് പോകുമായിരുന്നു. കാര്‍ട്ടൂണ്‍ ലോകത്ത് ആദ്യ പാഠങ്ങള്‍ യേശുദാസില്‍ നിന്നാണ് പഠിച്ചത്. എന്‍റെ കാര്‍ട്ടൂണ്‍ രംഗത്തെ ആദ്യ ഗുരുവാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ അനുകരിച്ചാണ് എന്‍റെ തലമുറയിലെ ഒട്ടുമിക്ക കാര്‍ട്ടൂണിസ്റ്റുകളും രംഗപ്രവേശം ചെയ്യുന്നത്. ഞങ്ങളുടെ മുന്‍ തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകളെ അസാധു, സാധു, കട്ട് കട്ട്, ടക് ടക്ക് എന്നീ സ്വന്തം പ്രസിദ്ധീകരണം വഴി കാര്‍ട്ടൂണ്‍ രംഗത്ത് വളര്‍ത്തുകയുണ്ടായി.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ സഹായിയായിട്ടാണ് മറ്റ് കാര്‍ട്ടൂണിസ്റ്റുകള്‍ക്കിടയില്‍ ഞാന്‍ എത്തുന്നത്. കാര്‍ട്ടൂണ്‍ അക്കാദമിയുടെ വാര്‍ഷിക പൊതുയോഗത്തിന് സഹായിയായി എന്നെ ദാസങ്കിള്‍ കൊണ്ടുപോയി. എറണാകുളത്തെ ചിറ്റൂര്‍ റോഡിലെ ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്ക്കൂളിന് എതിര്‍വശമുള്ള മാനസാര ബില്‍ഡിംഗ്സിലെ കാര്‍ട്ടൂണിസ്റ്റ് ശിവറാമിന്‍റെ മകനും ആര്‍ക്കിടെക്റ്റുമായ സോമന്‍റെ ഓഫീസായിരുന്നു പൊതുയോഗ വേദി. വിരലിലെണ്ണാവുന്നവരേ അന്ന് യോഗത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. രാവിലെ 11 മണിയോടെ തുടങ്ങുന്ന വാര്‍ഷിക പൊതുയോഗം ഒരു മണിക്കൂര്‍ പോലും നീളില്ല. കേരളത്തിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ അവിടെ ഒത്തുകൂടും. അവര്‍ക്ക് കസേര ഇട്ടു കൊടുക്കുക, ചായ വരുത്തിക്കുക തുടങ്ങിയ ചില്ലറ സഹായം ചെയ്യണം. അക്കാദമി അംഗമല്ലാതെ അങ്ങിനെ അക്കാദമി വാര്‍ഷിക യോഗത്തില്‍ രണ്ട് വര്‍ഷം പങ്കെടുത്തു. അന്ന് ദാസങ്കിളിനൊപ്പം പോയതും മറ്റ് മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകളുമായി ഇടപഴകുവാന്‍ സാധിച്ചതുമാണ് ഒരു കാര്‍ട്ടൂണിസ്റ്റായി വളരാന്‍ എനിക്ക് സാധിച്ചത് എന്ന് തിരിച്ചറിയുന്നു.
വമ്പന്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ കൂരമ്പുകള്‍ തന്‍റെ കാര്‍ട്ടൂണിലൂടെ വര്‍ഷിക്കുന്ന യേശുദാസന് കുട്ടികളുടെ സ്വഭാവമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? കുട്ടികളെപ്പോലെ പിണങ്ങും. മുഖം വാടും. വേദനിപ്പിക്കുന്ന ഒരു വാക്കുമതി അതിനൊക്കെ. വിമര്‍ശനം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ചോദ്യം ചെയ്യലും അദ്ദേഹത്തിന് ഇഷ്ടമല്ല. അതൊക്കെ കൊണ്ടാണോയെന്നറിയില്ല അദ്ദേഹം കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പിലും കുട്ടിത്തമുണ്ടായിരുന്നു. കുട്ടികള്‍ക്കായി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി പുറത്തിറക്കുന്ന ബേബി സോപ്പാണ് അദ്ദേഹത്തിന്‍റെ ഫേവറേറ്റ്.!! ജോണ്‍സണ്‍ ബേബി പൗഡര്‍, ക്രീം, സോപ്പ് എന്നിവ കൊച്ചു കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി പ്രതേകം നിര്‍മ്മിക്കുന്നതാണ്. എന്നാല്‍ വയസ് എണ്‍പത്തിമൂന്ന് കഴിഞ്ഞ യേശുദാസന്‍ ഉപയോഗിക്കുന്നതും കൊച്ചു കുട്ടികള്‍ക്കായി ഉപയോഗിക്കുന്ന ഇത്തരം സാധനങ്ങളായിരുന്നു. അതു കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന് കുട്ടികളുടെ സ്വഭാവം കാര്യമായി ഉള്ളത്...?
കാര്‍ട്ടൂണിസ്റ്റ് കെ.കെ.നായരെ ഓര്‍ക്കുന്നുണ്ടോ? ചൈന യുദ്ധകാലത്ത് ദേശാഭിമാനിയില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്ന കെ.കെ.നായര്‍!! അധികനാളൊന്നും അദ്ദേഹം ദേശാഭിമാനിയില്‍ വരച്ചിരുന്നില്ല. അക്കാലത്ത് പത്തോ പന്ത്രണ്ടോ കാര്‍ട്ടൂണ്‍. പിന്നീട് നായരുടെ കാര്‍ട്ടൂണ്‍ കണ്ടിട്ടേയില്ല. യേശുദാസന്‍ എന്ന പേരില്‍ തന്നെ അടുത്ത കാലം വരെ അദ്ദേഹം ദേശാഭിമാനിയില്‍ പിന്നീട് വരച്ചിരുന്നു. കാര്‍ട്ടൂണിസ്റ്റ് സണ്ണിയെ അറിയുമോ? മലയാള മനോരമയില്‍ ഒരു കാലത്ത് സണ്ണിയുടെ എത്ര കാര്‍ട്ടൂണുകളാണ് വന്നിട്ടുള്ളത്. വി കെ ഭാര്‍ഗവന്‍ നായര്‍ക്ക് മലയാള മനോരമ പത്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന കാലത്താണ് സണ്ണിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. പിന്നീട് നായരെപ്പോലെ സണ്ണിയും വര നിര്‍ത്തി. മലയാള മനോരമയിലും പിന്നീട് ഏറെ കാലം യേശുദാസന്‍ സ്വന്തം പേരില്‍ കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. യേശുദാസനും, കെ.കെ.നായരും സണ്ണിയും ഒരാള്‍ തന്നെ. ദില്ലിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനൊപ്പം യേശുദാസന്‍ ശങ്കേഴ്സ് വീക്കിലിയില്‍ ജോലി ചെയ്യുന്ന അവസരത്തിലായിരുന്നു ഇന്ത്യ ചൈന യുദ്ധം. അന്നായിരുന്നു ദേശാഭിമാനിയിലെ കാര്‍ട്ടൂണ്‍ രചനകള്‍. ചൈനീസ് എംബസിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു വളരെ രഹസ്യമായി വന്ന് കാര്‍ട്ടൂണുകള്‍ ഡല്‍ഹിലെ പട്ടേല്‍ നഗറിലെ വീട്ടില്‍ നിന്ന് കൊണ്ടു പോയിരുന്നതെന്ന് യേശുദാസന്‍ ഓര്‍ക്കുന്നു.
മലയാള മനോരമയില്‍ 1985 ല്‍ കാര്‍ട്ടൂണിസ്റ്റായി ജോലിക്ക് ചേരുന്നതിന് വളരെ മുന്‍പ് തന്നെ യേശുദാസന്‍ അവിടെ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. അന്ന് സണ്ണി എന്ന പേരിലായിരുന്നു രചനകളൊക്കെ. ഡോക്ടര്‍ ജോര്‍ജ്ജ് തോമസിന്‍റെ നേത്യത്വത്തിലുള്ള കേരളധ്വനിയില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന കാലത്താണ് വി കെ ഭാര്‍ഗവന്‍ നായര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സണ്ണി എന്ന പേരില്‍ കാര്‍ട്ടൂണ്‍ വരച്ചത്. കള്ളപ്പേരില്‍ താന്‍ വരച്ച കാര്‍ട്ടൂണുകള്‍ അദ്ദേഹം പലതവണ കാണിച്ചു തന്നത് ഓര്‍ക്കുന്നു.
കാര്‍ട്ടൂണ്‍ ലോകത്തിന്‍റെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു എന്ന് യേശുദാസന്‍ പല തവണ പറഞ്ഞിട്ടുണ്ട്. ജനയുഗം പത്രവും അതിന്‍റെ പത്രാധിപരായിരുന്ന കാമ്പിശേരി കരുണാകരനും. കാമ്പിശേരിയുടെ കണ്ടെത്തലാണ് യേശുദാസനെങ്കില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ കീഴില്‍ കാര്‍ട്ടൂണിന്‍റെ പതിനെട്ടടവും പഠിച്ചിറങ്ങിയ കാര്‍ട്ടൂണിസ്റ്റായിരുന്നു യേശുദാസന്‍. കാര്‍ട്ടൂണ്‍ രംഗത്ത് തനിക്ക് മൂന്ന് ഗുരുക്കന്‍മാരാണ് ഉണ്ടായിരുന്നതെന്നാണ് യേശുദാസന്‍ പറഞ്ഞിട്ടുണ്ട്. കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ അറിയാത്ത കാമ്പിശേരിയും, കെ എം മാത്യുവും, മൂന്നാമത് കാര്‍ട്ടൂണിന്‍റെ കുലപതിയായ ശങ്കറും.
1960ല്‍ കൊല്ലം ടികെഎം കോളേജില്‍ എന്‍ജിനിയറിങ്ങ് അഡ്മിഷനായി ഇന്‍റര്‍വ്യൂവിന് കൊല്ലത്തേയ്ക്ക് ബസ്സില്‍ പോകുന്ന അവസരത്തില്‍ ചുവന്ന പ്രതലത്തില്‍ വെള്ള അക്ഷരത്തിലെഴുതിയ ജനയുഗം എന്ന ബോര്‍ഡ് കണ്ടു. എന്‍ജിനിയറിങ്ങ് അഡ്മിഷന്‍ ലഭിക്കാതെ നിരാശയോടെ മടങ്ങിയ യേശുദാസന്‍ ജനയുഗത്തിന്‍റെ ഓഫീസില്‍ കയറി. അവിടെ ജനയുഗം പത്രാധിപരായ എന്‍ ഗോപിനാഥന്‍ നായര്‍ (ജനയുഗം ഗോപി), കാമ്പിശേരി കരുണാകരന്‍, തെങ്ങമനം ബാലക്യഷ്ണപിള്ള എന്നിവര്‍ ഉണ്ടായിരുന്നു. കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ താത്പര്യമുണ്ടെന്ന് അവരോട് പറഞ്ഞു. വരച്ച കാര്‍ട്ടൂണുകള്‍ ചിലത് കാണിച്ചു. എല്ലാവര്‍ക്കം വര ഇഷ്പ്പെട്ടു. കുറച്ച് കാര്‍ട്ടൂണുകള്‍ വരച്ച് അയക്കുവാന്‍ അവര്‍ ആവശ്യപ്പെട്ടു. പോകുന്നതിന് മുന്‍പ് അന്ന് സുഖമില്ലാതെ തൊട്ടടുത്ത കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായരെ കണ്ടിട്ട് പോകാന്‍ ഉപദേശവും കിട്ടി. അങ്ങനെ ജനയുഗം വാരികയില്‍ ചന്തു എന്ന കാര്‍ട്ടൂണ്‍ പംക്തി തുടങ്ങി. പിന്നീട് കിട്ടൂമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ച് പത്രത്തിലും ഇടം നേടി.
1963ല്‍ കാര്‍ട്ടൂണിസ്റ്റ് ഒ വി വിജയന്‍ ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് പിരിഞ്ഞ് പേട്രിയറ്റില്‍ പോയ ഒഴിവിലാണ് യേശുദാസന് ശങ്കേഴ്സ് വീക്കിലിയില്‍ ജോലി ലഭിക്കുന്നത്. ശങ്കേഴ്സ് വീക്കിലിയില്‍ വന്നപ്പോള്‍ ശങ്കര്‍ കാര്‍ട്ടൂണുകള്‍ പലവട്ടം വെട്ടുകയും, മാറ്റി വരപ്പിക്കുകയും ചെയ്യിപ്പിച്ചത് അന്ന് വേദനയും ദേഷ്യവുമാണ് യേശുദാസനില്‍ ഉണ്ടാക്കിയത്. തന്‍റെ വര മികച്ചതാക്കിയത് അവിടുത്തെ പരിശീലനമായിരുന്നു എന്ന് നന്ദിയോടെ ഇന്ന് യേശുദാസന്‍ ഓര്‍ക്കുന്നു. വരകള്‍ മാത്രമല്ല ശങ്കര്‍ വെട്ടിയത്, യേശുദാസന്‍റെ പേരിലെ യേശുവും വെട്ടി മാറ്റി. ദാസ് എന്ന പേരിലായിരുന്നു ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. ദാസ് എന്ന പേരില്‍ വരച്ചാല്‍ ബംഗാളിയാണെന്ന് വായനക്കാര്‍ കരുതിക്കൊള്ളും എന്നായിരുന്നു ശങ്കറിന്‍റെ ന്യായീകരണം. ആറ് വര്‍ഷം തുടര്‍ച്ചയായി ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ ശങ്കറിനോടൊപ്പം പ്രവര്‍ത്തിച്ചു.
ഡല്‍ഹിയില്‍ നിന്ന് മടങ്ങി കേരളത്തിലെത്തി ജനയുഗത്തിന്‍റെ കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലയുഗത്തിന്‍റെ പത്രാധിപരായി. രാജ്യസഭാ അംഗമായിരുന്ന അച്ച്യുതമേനോന്‍റെ നിര്‍ബന്ധമായിരുന്നു അങ്ങിനെ ഒരു തീരുമാനം എടുക്കാന്‍ കാരണം. പിന്നീട് ശങ്കേഴ്സ് വീക്കിലിയുടെ ചുവട് പിടിച്ച് സ്വന്തമായി അസാധു, കട്ട് കട്ട്, ടക്ക് ടക്ക് തുടങ്ങിയ കാര്‍ട്ടൂണ്‍ ഹാസ്യ പ്രസിദ്ധീകരണങ്ങള്‍ സ്വന്തമായി നടത്തി. ഭാര്യയുടെ താലി വിറ്റ് ജനത്തെ ചരിപ്പിക്കേണ്ടതില്ല എന്ന് യേശുദാസന്‍ തീരുമാനിച്ചു. മറ്റൊരു പ്രസിദ്ധീകരണത്തില്‍ അറിയാവുന്ന കാര്‍ട്ടൂണ്‍ ജോലി ചെയ്ത് ജീവിക്കാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ കയറി മലയാളികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റായി മാറിയത്. കെ എം മാത്യു എന്ന പത്രാധിപരാണ് തന്നെ ജനപ്രീയ കാര്‍ട്ടൂണിസ്റ്റായി വാര്‍ത്തെടുത്തതെന്ന് യേശുദാസന്‍ പറഞ്ഞിട്ടുണ്ട്. മാനസികമായ അകല്‍ച്ച കാരണം മലയാള മനോരമയില്‍ നിന്ന് പിരിഞ്ഞ് മെട്രോ വാര്‍ത്തയില്‍ കാര്‍ട്ടൂണുകള്‍ വരച്ചു. പിന്നീട് ദേശാഭിമാനിയിലും, ജനയുഗത്തിലും കാര്‍ട്ടൂണ്‍ വരച്ച് തുടങ്ങി. ഒടുവില്‍ ജനയുഗത്തിലെ കിട്ടുമ്മാവന്‍ വരച്ചു കൊണ്ട് തന്നെ വരയുടെ പൊന്നു തമ്പുരാന്‍ വരയവസാനിപ്പിച്ചു.
ഭാര്യ മേഴ്സിയോടൊപ്പം എറണാകുളം ജില്ലയില്‍ കളമശ്ശേരി ചങ്ങമ്പുഴ പാര്‍ക്കിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചിരുന്ന അദ്ദേഹം കാര്‍ട്ടൂണ്‍ രംഗത്തും സാംസ്കാരിക രംഗത്തും സജീവമായിരുന്നു. കോവിഡ് വന്നപ്പോള്‍ എല്ലായിടത്തു നിന്നും അകന്ന് നിന്നു. ആരേയും കണ്ടില്ല. 2021 ഏപ്രില്‍ മാസം അവസാനം ഇലക്ഷന്‍ കാലത്ത് അദ്ദേഹത്തെ നേരില്‍ കണ്ടു. പിന്നീട് മൂന്ന് തവണ വന്നപ്പോഴും പതിവ് പോലെ അദ്ദേഹത്തിന്‍റെ വീടിന്‍റെ മുന്നില്‍ പോയി. അദ്ദേഹത്തിന് ഓരോ തവണയും ഓരോ സമ്മാനങ്ങള്‍ വീട്ടുകാരെ ഏല്‍പ്പിച്ചു. ഒടുവില്‍ 2021 ആഗസ്റ്റ് ഒന്നിന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജീവിത കഥ മരുമകള്‍ വഴി അദ്ദേഹത്തിന് സമ്മാനിച്ചു. മൂന്ന് തവണയും നേരില്‍ കണ്ടില്ല. ചുറ്റിനും കോവിഡുണ്ട്, ആരും പറയാത്തതാണെന്ന് അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു. 2021 സെപ്തംബര്‍ 13ന് തൂലിക എന്ന സിനിമയുടെ പ്രവര്‍ത്തകര്‍ ക്യാമറയും മറ്റുമായി എത്തി. പോസ്റ്റര്‍ പ്രകാശനം നടത്തി. അദ്ദേഹത്തിന്‍റെ ആശംസകള്‍ ചിത്രീകരിച്ചു. അതായിരുന്നു അവസാനത്തെ പരിപാടി. സെപ്തംബര്‍ 14ന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായ ശേഷം 17ാം തിയതി വരെ അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചിരുന്നു. ന്യുമോണിയയുടെ തുടക്കമാണെന്ന് തിരിച്ചറിഞ്ഞ 19ന് ആശുപത്രിയിലായി. 23ന് തീവ്രപരിചരണ ചികിത്സയിലേയ്ക്ക്... ഒക്ടോബര്‍ 6ന് പുലര്‍ച്ചെ അന്തരിച്ചു.